ഇസ്‌ലാമിനു വേണ്ടി ഒരിറ്റു കണ്ണുനീർ - 2

മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

ഒരാൾ അറിയാതെ തന്നെ തന്റെ മനസ്സിൽ ചില കാര്യങ്ങൾ ഒളിപ്പിച്ചു വെക്കാറുണ്ട്. അതുപോലെ തന്റെ മനസ്സിൽ ഒരു വിശ്വാസം നിലനിർത്താറുമുണ്ട്. ക്വബ്‌റിൽ കിടക്കുന്ന ആളുകളോട് തങ്ങളുടെ ആവശ്യങ്ങൾക്കായി അഭയം തേടുകയും ആരാധിക്കപ്പെടുന്ന ദൈവത്തോട് യാചിക്കുന്നതുപോലെ അവരോട് യാചിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെക്കാൾ ഇതിന് മറ്റൊരു ഉദാഹരണം ഞാൻ കാണുന്നില്ല. എന്നിട്ട് ആരെങ്കിലും അവരെ കുറ്റപ്പെടുത്തിയാൽ അവർ പറയും: ‘ഞങ്ങൾ അവരെ ആരാധിക്കുന്നില്ല, അല്ലാഹുവിലേക്ക് ഒരു ഇടയാളനെ മാത്രമായിട്ടാണ് അവരെ കാണുന്നത്.’ എന്നാൽ അവർ ചെയ്യുന്ന പ്രവൃത്തിയാണ് യഥാർഥത്തിൽ ആരാധനയെന്നും ആരാധിക്കപ്പെടുന്ന ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിലൊന്നാണ് അവന്റെ അടിമകൾ അവർക്കു മുന്നിൽ താഴ്മയോടെ നിൽക്കുകയും അവന്റെ സഹായവും പിന്തുണയും തേടുകയും ചെയ്യുക എന്നതെന്നും അവർ അറിയുന്നില്ല. അതിനാൽ അവർ യഥാർഥത്തിൽ, അറിയാതെതന്നെ ആ മരിച്ചവരെ ആരാധിക്കുന്നവരാണ്.

ഇസ്‌ലാം ഏകദൈവവിശ്വാസവുമായി കടന്നുവന്നത് മുസ്‌ലിംകളുടെ ആത്മാവിനെ ഉയർത്താനും അവരുടെ ഹൃദയങ്ങളിൽ അന്തസ്സും അഭിമാനവും ആത്മാഭിമാനവും നട്ടുപിടിപ്പിക്കാനുമാണ്. അവരുടെ കഴുത്തുകളെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാനുമാണ്. അതിനാൽ അവരിൽ ചെറിയവർ വലിയവരുടെ മുന്നിൽ തല കുനിക്കില്ല, ദുർബലർ ശക്തരെ ഭയപ്പെടില്ല, അധികാരിക്ക് നീതിയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ അധികാരം ഉണ്ടാകില്ല. ഏകദൈവവിശ്വാസത്തിന്റെ രഹസ്യം കാരണം ഇസ്‌ലാം ആദ്യകാല മുസ്‌ലിംകളുടെ മനസ്സിൽ നല്ല സ്വാധീനം ചെലുത്തി. അവർക്ക് അന്തസ്സും അഭിമാനവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അതിക്രമം കാണിച്ചാൽ അക്രമിയുടെ കൈകളിൽ അവർ പ്രഹരിച്ചിരുന്നു. ഒരു ഭരണാധികാരി അതിരുകടന്നാൽ അവനോട് അവർ പറയും: ‘നിങ്ങളുടെ സ്വന്തം സ്ഥാനത്തെ അതിരുകടന്ന് കാണരുത്, നിങ്ങളുടെ പരിധിയിൽ നിന്ന് പുറത്തുപോകരുത്. നിങ്ങൾ ഒരു അടിമയും സൃഷ്ടിയുമാണ്, ആരാധിക്കപ്പെടുന്ന ഒരു ദൈവമല്ല, അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് നിങ്ങൾ അറിയുക.’

ഇതായിരുന്നു ഏകദൈവവിശ്വാസത്തിന്റെ കാലഘട്ടത്തിലെ മുസ്‌ലിംകളുടെ ആത്മാവിന്റെ ഒരു ചിത്രം. എന്നാൽ ഇന്ന്, അവരുടെ വിശ്വാസത്തിൽ ചിലപ്പോൾ പ്രകടമായും ചിലപ്പോൾ രഹസ്യമായും ശിർക്ക് കടന്നുകൂടിയിരിക്കുന്നു. അവരുടെ കഴുത്തുകൾ കീഴടങ്ങി, തലകൾ കുനിഞ്ഞു, ആത്മാക്കൾ ദുർബലമായി, അവരുടെ ആത്മാഭിമാനം നശിച്ചു, അവർ അപമാനത്തിന്റെ പാതയിൽ സംതൃപ്തരായി, താഴ്ന്ന നിലയിലേക്ക് അവർ ഒതുങ്ങി. അതുവഴി അവരുടെ ശത്രുക്കൾ അവരിലേക്ക് വഴികൾ കണ്ടെത്തി, അവരുടെ മാർഗങ്ങളെ കീഴടക്കി, അവരുടെ ആത്മാക്കളെയും സ്വത്തുക്കളെയും രാജ്യങ്ങളെയും ഭവനങ്ങളെയും അവർ സ്വന്തമാക്കി. അങ്ങനെ അവർ തികച്ചും നഷ്ടക്കാരായി മാറി.

അല്ലാഹുവാണെ, മുസ്‌ലിംകൾ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കില്ല. തങ്ങൾക്കു വേണ്ടി അവർ ആഗ്രഹിക്കുന്ന ജീവിതത്തിലെ സന്തോഷവും സമാധാനവും അവർക്ക് ലഭിക്കില്ല. അതിനുമുമ്പ് അവർ നഷ്ടപ്പെടുത്തിയ ഏകദൈവവിശ്വാസം അവർ തിരികെ കൊണ്ടുവന്നാൽ മാത്രമെ അത് സാധ്യമാകൂ. സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കുന്നതിനെക്കാളും, നദി അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് തിരികെ ഒഴുകിപ്പോകുന്നതിനെക്കാളും ഏറ്റവും എളുപ്പമാണത്. മുസ്‌ലിംകൾ അല്ലാഹുവിന്റെ മുന്നിൽ നിൽക്കുന്നതുപോലെ ജീലാനിയുടെ മുന്നിൽ നിൽക്കുകയും അല്ലാഹുവിനെ വിളിക്കുന്നതുപോലെ അദ്ദേഹത്തെ വിളിച്ച് ‘നീയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവൻ, നീയാണ് ഭൂമികളുടെയും ആകാശങ്ങളുടെയും നേതാവ്’ എന്ന് പറയുകയും ചെയ്യുന്ന കാലത്തോളം ഇസ്‌ലാമിന് അതിന്റെ പഴയ പ്രതാപം ഒരിക്കലും തിരിച്ചുപിടിക്കാൻ സാധിക്കില്ല.

അല്ലാഹുവിനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു ജനതയെ സഹായിക്കാൻ അല്ലാഹുവിന് അവന്റെ സ്വന്തം കാര്യത്തിൽ കൂടുതൽ രോഷമുണ്ട്. അവർക്ക് എന്തെങ്കിലും വിപത്ത് വന്നാൽ, അവനെ ഓർക്കുന്നതിന് മുമ്പ് കല്ലിനെയും ക്വബ്‌റിനെയും വിഗ്രഹങ്ങളെയും ഓർക്കുന്നവർ, അവനെ വിളിക്കുന്നതിന് മുമ്പ് മരത്തടിയെ വിളിക്കുന്നവർ!

രോഗം വന്നാൽ ഞാൻ ആരോടാണ് സഹായം തേടേണ്ടത്? ഈ വിപത്തിനെതിരെ ഞാൻ ആരെയാണ് വിളിക്കേണ്ടത്? പള്ളിപ്പെരുന്നാൾ ദിനങ്ങളിൽ പാനീയങ്ങളിലേക്ക് ഈച്ചകൾ പറന്നുവന്നു പൊതിയുന്നതുപോലെ പോലെ പാറിനടക്കുന്ന ഈജിപ്തിലെ പണ്ഡിതന്മാരെയാണോ ഞാൻ വിളിക്കേണ്ടത്, അതോ ഇസ്‌ലാമിന്റെ തത്ത്വചിന്തകനായിരുന്ന ജമാലുദ്ദീൻ അഫ്ഗാനിയെ കൊന്നവരും രിഫാഇയ്യഃ ത്വരീഖത്തിന്റെ ശൈഖായ അബുൽ ഹുദാ അസ്സയ്യാദിയെ ‘പുനർജീവിപ്പിച്ച’വരുമായ ഇസ്താംബൂളിലെ പണ്ഡിതന്മാരെയാണോ? അതോ, പരിശുദ്ധ കഅ്ബയിലേക്ക് ഹജ്ജ് ചെയ്യുന്നതുപോലെ ഇമാമിന്റെ ക്വബ്‌റിലേക്ക് ഹജ്ജ് ചെയ്യുന്ന ഇറാനിയൻ പണ്ഡിതന്മാരെയാണോ, അതോ ആ പുസ്തകത്തിന്റെ എഴുത്തുകാരനെപ്പോലുള്ള ഇന്ത്യയിലെ പണ്ഡിതന്മാരെയാണോ?

ഓ, മുസ്‌ലിം ഉമ്മത്തിന്റെ നേതാക്കന്മാരേ, ഭരണാധികാരികളേ, സാധാരണക്കാരുടെ ശിർക്കിനെയും അവരുടെ തെറ്റായ വിശ്വാസങ്ങളെയും ഞങ്ങൾ ക്ഷമിക്കുന്നു. ഞങ്ങൾ പറയും: ‘സാധാരണക്കാർക്ക് അറിവും വിവരവും വളരെ കുറവാണ്, ദൈവികതയെ വിഗ്രഹങ്ങളിലും പ്രതിമകളിലും ക്വബ്‌റുകളിലും അല്ലാതെ അവർക്ക് മനസ്സിലാക്കാൻ കഴിയില്ല.’

എന്നാൽ നിങ്ങൾക്കോ? നിങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവന്റെ വിശേഷണങ്ങൾ വായിക്കുകയും ചെയ്യുന്നവരാണ്. ‘ആകാശഭൂമികളിലുള്ളവരിൽ അല്ലാഹുവിനല്ലാതെ അദൃശ്യം അറിയാൻ കഴിയില്ല’ എന്ന അവന്റെ ക്വുർആൻ വചനത്തിന്റെയും, തന്റെ പ്രവാചകനോട് ‘നന്മയോ ദോഷമോ വരുത്താൻ എനിക്ക് എന്റെ സ്വന്തം കാര്യത്തിൽ പോലും കഴിയില്ല’ എന്ന് പറയാൻ ആവശ്യപ്പെട്ട അവന്റെ വചനത്തിന്റെയും, ‘നീ എറിഞ്ഞപ്പോൾ നീ എറിഞ്ഞില്ല, അല്ലാഹുവാണ് എറിഞ്ഞത്’ എന്ന അവന്റെ വചനത്തിന്റെയും അർഥം നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ?

നിങ്ങൾ രാവിലെയും വൈകുന്നേരവും യാത്ര ചെയ്യുമ്പോഴും എപ്പോഴും പറയാറുണ്ട്: ‘എല്ലാ നന്മയും മുൻഗാമികളെ പിന്തുടരുന്നതിലാണ്, എല്ലാ തിന്മയും പിൻഗാമികളുടെ പുതിയ ആചാര കാര്യങ്ങളിലുമാണ്.’ മുൻഗാമികളിൽ ആരെങ്കിലും ഒരു ക്വബ്ർ കുമ്മായം തേച്ചതായോ ഒരു ക്വബ്‌റിടത്തെ ഇടയാളനായി കണ്ടതായോ നിങ്ങൾക്ക് അറിയാമോ? പ്രവാചകനോടോ അദ്ദേഹത്തിന്റെ അനുയായികളോടോ കുടുംബാംഗങ്ങളോടോ ആരെങ്കിലും ഒരു ആവശ്യം സാധിക്കാനോ ഒരു ദുരിതം നീക്കാനോ വേണ്ടി അവരുടെ ക്വബ്‌റിനരികിൽ നിന്ന് ആവശ്യപ്പെട്ടതായി നിങ്ങൾക്ക് അറിയാമോ?

രിഫാഇ, ദസൂഖി, ജീലാനി, ബദവി എന്നിവർക്ക് അല്ലാഹുവിന്റെ അടുക്കൽ പ്രവാചകന്മാരെക്കാളും റസൂലുമാരെക്കാളും സ്വഹാബികളെക്കാളും താബിഉകളെക്കാളും കൂടുതൽ ബഹുമാനവും ഇടയാള പദവിയുമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പ്രവാചകൻﷺ ചിത്രങ്ങളും പ്രതിമകളും ഉണ്ടാക്കുന്നത് വിലക്കിയത് വെറുതെയാണോ? മുസ്‌ലിംകൾ അവരുടെ ആദ്യകാല ജാഹിലിയ്യത്തിലേക്ക് തിരികെ പോകാതിരിക്കാൻ വേണ്ടിയാണതെന്ന് നിങ്ങൾക്ക് അറിയുമോ? ചിത്രങ്ങളും പ്രതിമകളും ക്വബ്‌റിടങ്ങളും തമ്മിൽ എന്താണ് വ്യത്യാസം; അവയെല്ലാം ശിർക്കിലേക്ക് നയിക്കുകയും ഏകദൈവവിശ്വാസത്തെ നശിപ്പിക്കുകയും ചെയ്യുമ്പോൾ?

അല്ലാഹുവാണെ, ഇതൊന്നും നിങ്ങൾക്ക് അറിയാത്തതല്ല. പക്ഷേ, നിങ്ങൾ ദുൻയാവിനെ ആഖിറത്തിനെക്കാൾ തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹു നിങ്ങളെ അവന്റെ അനുഗ്രഹങ്ങൾ എടുത്തുകളഞ്ഞുകൊണ്ട് ശിക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ കാര്യങ്ങൾ അവൻ ദുർബലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ശത്രുക്കൾക്ക നിങ്ങളുടെമേൽ അവൻ അധികാരം നൽകിയിരിക്കുന്നു. അവർ നിങ്ങളുടെ രാജ്യങ്ങൾ പിടിച്ചെടുക്കുന്നു, നിങ്ങളുടെ പിരടികളെ അടിമകളാക്കുന്നു, നിങ്ങളുടെ ഭവനങ്ങളെ നശിപ്പിക്കുന്നു. അല്ലാഹു അതികഠിനമായി ശിക്ഷിക്കുന്നവനാകുന്നു.