പ്രബോധകന്റെ മനസ്സ്
ഹാഷിം
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറെ ഉത്തമരാണ് മനുഷ്യർ. ആ മനുഷ്യരിൽ ഏറ്റവും ഉത്തമ സമുദായം എന്ന് ക്വുർആൻ വിശേഷിപ്പിച്ചവരാണ് മുസ്‌ലിംകൾ. മനുഷ്യർക്കാകമാനം നേർമാർഗം കാണിച്ചുകൊ ടുക്കുവാൻ അല്ലാഹു മുസ്‌ലിം സമുദായത്തിന് ഏൽപിച്ചു കൊടുത്ത ഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ.
“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’ (ക്വുർആൻ 3:110).
ക്വുർആനിന്റെ ആളുകളായ നമ്മുടെ ഉത്തരവാദിത്തം എന്താണെന്ന് ഈ സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നു. എങ്ങനെയാണ് നാം ഈ ഉത്തരവാദിത്തം നിർവഹിക്കേണ്ടത്? മുൻകഴിഞ്ഞ പ്രവാചകന്മാരുടെയും മുഹമ്മദ് നബിﷺയുടെയും ജീവിതത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ നാം തയ്യാറായാൽ നമുക്ക് മേൽപറഞ്ഞ ഉത്തരവാദിത്തം അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിയും.
നബിﷺയുടെ സ്വഭാവം എങ്ങനെയായിരുന്നുയിരുന്നുവെന്ന് വിശുദ്ധ ക്വുർആൻ നമ്മെ ഉണർത്തുന്നു: “തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു’’ (68:4).
പ്രബോധന വിഷയത്തിൽ നബിﷺ എത്രമാത്രം ആത്മാർഥത കാണിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ക്വുർആൻ സൂക്തം കാണുക: “അതിനാൽ ഈ സന്ദേശത്തിൽ അവർ വിശ്വസിച്ചില്ലെങ്കിൽ അവർ പിന്തിരിഞ്ഞ് പോയതിനെത്തുടർന്ന് (അതിലുള്ള) ദുഃഖത്താൽ നീ ജീവനൊടുക്കുന്നവനായേക്കാം’’ (18:6).
പ്രബോധന ദൗത്യം എങ്ങനെ നിർവഹിക്കണം എന്നത് ഈ ആയത്തുകളുടെയൊക്കെ വിശദീകരണത്തിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. നന്മ കൽപിക്കുക, തിന്മ വിരോധിക്കുക, പ്രാബോധിത സമൂഹത്തോടുള്ള ഗുണകാംക്ഷ എന്നിവയാണ് പ്രബോധന ദൗത്യത്തിന്റെ കാതലായ വശങ്ങൾ.
നബിﷺയുടെ സ്വഭാവം എങ്ങനെയായിരുന്നു എന്ന് പ്രിയ പത്‌നി ആഇശ(റ) വ്യക്തമാക്കുന്നു: “അദ്ദേഹത്തിന്റെ സ്വഭാവം ക്വുർആൻ ആയിരുന്നു.’’
മുൻകഴിഞ്ഞ പ്രവാചകന്മാരെല്ലാം ഇത്തരത്തിൽ ഉദാത്തമായ ഗുണവിശേഷണങ്ങളുള്ളവരും പ്രബോധിതരോട് സൗമ്യമായി പെരുമാറിയിരുന്നവരും അതിന് കൽപിക്കപ്പെട്ടവരുമായിരുന്നു.
മൂസാ നബി(അ)യെയും ഹാറൂൺ നബി(അ)യെയും ഫിർഔനിന്റെ അടുക്കലേക്ക് നിയോഗിക്കുമ്പോൾ അല്ലാഹു പറഞ്ഞു: “നിങ്ങൾ രണ്ടുപേരും ഫിർഔനിന്റെ അടുത്തേക്ക് പോകുക. തീർച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയുക. അവൻ ഒരുവേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന് വരാം’’ (20:43,44).
മൂസാ നബി(അ)യെ ഫിർഔനിന്റെ അടുക്കലേക്ക് സത്യപ്രബോധാനവുമായി പറഞ്ഞയച്ച സന്ദർഭത്തിൽ മൂസാ(അ) അല്ലാഹുവോട് പ്രാർഥിച്ച കാര്യം പ്രാബോധകന്റെ ജീവിതത്തിൽ നിത്യവും ഉണ്ടാകേണ്ട ഒന്നാണ്.
“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ച് തരേണമേ; ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേതിന്’’(20:25-28).
മൂസാ നബി(അ)ക്ക് അല്ലാഹു, അദ്ദേഹം ചോദിച്ച കാര്യങ്ങൾ നൽകുകയും ഫിർൗനിന്റെ അടുക്കൽ ചെന്ന് അദ്ദേഹം പ്രബോധനം നടത്തുകയും ചെയ്തു. മായാജാലക്കാരെക്കൊണ്ട് അവരെ തോൽപിക്കാൻ ഫിർഔൻ ശ്രമിച്ചെങ്കിലും അല്ലാഹു അവന്റെ ദൂതന്മാർക്ക് വിജയം നൽകുകയുണ്ടായി. മൂസാ നബി(അ)ക്ക് നൽകപ്പെട്ടതുപോലെ ഹൃദയവിശാലതയും വാക്ചാതുരിയും മുഹമ്മദ് നബിﷺക്കും നൽകപ്പെട്ടു. അല്ലാഹു പറയുന്നു: “നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? നിന്നിൽനിന്ന് നിന്റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു. നിന്റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ(ഭാരം). നിനക്ക് നിന്റെ കീർത്തി നാം ഉയർത്തിത്തരികയും ചെയ്തിരിക്കുന്നു’’ (94:14).
നബിﷺ പ്രബോധിത സമൂഹത്തോട് പെരുമാറിയത് സൗമ്യതയോടെയും ഗുണകാംക്ഷയോടെയുമാണ്. അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെട്ടത്. അല്ലാഹു പറയുന്നു:
“(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്’’ (3:159).
ഈ ആയത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്:
1. ഉൽകൃഷ്ടമായ സ്വഭാവമുള്ളവനായി മാറുക എന്നത് അല്ലാഹു നൽകുന്ന കാരുണ്യമാണ്. അതുകൊണ്ട് എക്കാലത്തുമുള്ള ഇസ്‌ലാമിക പ്രബോധകർ ഉൽകൃഷ്ട സ്വഭാവം എന്ന അനുഗ്രഹത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കണം.
“അല്ലാഹുവേ, എന്റെ സൃഷ്ടിപ്പിനെ നന്നാക്കിയതുപോലെ എന്റെ സ്വഭാവത്തെ നീ നന്നാക്കേണമേ’’ എന്ന പ്രാർഥന നബിﷺ നമ്മെ പഠിപ്പിച്ചിട്ടുള്ളത് ഓർക്കുക.
2. കഠിന ഹൃദയമുള്ളവനായിരുന്നെങ്കിൽ പ്രബോധിതസമൂഹം നബിﷺയിൽ നിന്നും പിന്തിരിഞ്ഞു പോകുമായിരുന്നു. ഇത് നമ്മുടെ ജീവിതത്തിലും ഉണ്ടാകുന്ന കാര്യം തന്നെയാണ്. മറ്റുള്ളവരോട് സൗമ്യമായി പെരുമാറുവാൻ തയ്യാറില്ലാത്തവർക്ക് നല്ല പ്രബോധകനാകാൻ സാധ്യമല്ല.
വർഷങ്ങളോളം നബിﷺക്ക് സേവനം ചെയ്ത അനസ്(റ) പറഞ്ഞത് അവിടുന്ന് ഒരിക്കൽ പോലും ദേഷ്യത്തോടെ ഒരു വാക്ക് പോലും തന്നോട് പറഞ്ഞിട്ടില്ല എന്നാണ്. നാം നമ്മെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക.
3. സഹജീവികളുടെ മാനുഷികമായ വീഴ്ചകൾ പൊറുത്തു കൊടുക്കുക. അത് വളരെ വലിയ ഒരു ഒരു ഗുണമാണ്. എന്നാൽ അത് പ്രാവർത്തികമാക്കാൻ കഴിയുന്നവർ വളരെ കുറവാണ്.
4. നമ്മോട് തെറ്റുകൾ ചെയ്തവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുവാൻ അല്ലാഹുവിനോട് പ്രാർഥിക്കുക. നമ്മിൽ എത്ര പേർക്ക് ഇതിന് കഴിയും?
“...അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു’’ (59:10).
നബിﷺയുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന, വിട്ടുവീഴ്ചയുടെ മഹനീയ മാതൃക വെളിവാക്കുന്ന ഒന്നാണ് ത്വാഇഫിലെ സംഭവം. സ്വന്തം കുടുംബത്തിൽപെട്ട ആളുകളടങ്ങുന്ന ജനതയിലേക്ക് പ്രബോധനവുമായി ചെന്നപ്പോൾ അവർ കുട്ടികളെപ്പോലും ഉപയോഗിച്ച് റസൂലിനെ എറിഞ്ഞാട്ടി. ഈ സമയത്ത് അവരെ നശിപ്പിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് മലക്കുകൾ വന്നപ്പോൾ നബിﷺ പറഞ്ഞ മറുപടി ‘അല്ലാഹുവേ, അവർക്കു നീ പൊറുത്തു കൊടുക്കണേ. നിശ്ചയമായും അവർ അറിവില്ലാത്ത ജനതയാകുന്നു’ എന്നായിരുന്നു. പിൽക്കാലത്ത് ഈ ജനത ഇസ്‌ലാമിലേക്ക് കടന്നുവന്ന ചരിത്രവും നമുക്ക് മുമ്പിലുണ്ട്
5. അവരോട് ഭൗതിക കാര്യങ്ങളിൽ കൂടിയാലോചന നടത്തുക. മതവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ലൗകികമായ കാര്യങ്ങളിൽ അവരുമായി കൂടിയാലോചന നടത്താവുന്നതാണ്. ഇതിന്റെ വിശദീകരണമായി അമാനി മൗലവി എഴുതിയത് കാണുക:
“കാര്യങ്ങളിൽ അവരുമായി കൂടിയാലോചന നടത്തണമെന്ന്, ഒരു വിഷയത്തിൽ ഒരാൾ മറ്റൊരാളുമായി കൂടിയാലോചന നടത്തുമ്പോൾ, അക്കാര്യത്തിൽ അയാളുടെ അഭിപ്രായംകൂടി അറിയുവാൻ സാധിക്കുന്നതിന് പുറമെ, അയാൾക്കൊരു മാന്യസ്ഥാനം കൽപിക്കൽകൂടി അതുമുഖേന ഉണ്ടായിത്തീരുന്നു. ആ സ്ഥിതിക്ക് റസൂൽﷺ അവരോട് കൂടിയാലോചിക്കുന്നത് അവരുടെ മനസ്സിന് കൂടുതൽ അടുപ്പവും ഇണക്കവും അനുസരണ സന്നദ്ധതയും ഉളവാക്കുമല്ലോ. യുദ്ധം പോലെയുളള പൊതുകാര്യങ്ങൾ, നയതന്ത്രപരമായ കാര്യങ്ങൾ, ഭരണകാര്യങ്ങൾ, ലൗകിക വിഷയങ്ങൾ മുതലായ കാര്യങ്ങളാണ് ഇവിടെ ഉദ്ദേശ്യം. അഥവാ, മതകാര്യങ്ങളിൽ-അവ എങ്ങനെ വേണമെന്നതിൽ-ആരുടെയും അഭിപ്രായം ആരായേണ്ടതില്ല. അതിൽ അല്ലാഹുവും അവന്റെ റസൂലും എടുക്കുന്ന തീരുമാനത്തിന് മാത്രമെ സ്ഥാനമുളളു. അതുപോലെതന്നെ, മൽസൂചിപ്പിച്ച ഏതെങ്കിലും ഒരു വിഷയത്തിൽ അത് ഇന്നപോലെ ആയിരിക്കണമെന്ന് നബിﷺക്ക് വഹ്‌യു ലഭിച്ചു കഴിഞ്ഞാൽ, ആ കാര്യതത്തിലും പിന്നെ അന്യരുടെ അഭിപ്രായം ആരായുവാനില്ല.’’
6. കൂടിയാലോചന നടത്തി ഒരു തീരുമാനമെടുത്താൽ പിന്നെ അല്ലാഹുവിൽ ഭരമേൽപിച്ച് മുന്നോട്ടു പോകുക.
7. അല്ലാഹുവിൽ ഭരമേൽപിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു. മഹാനായ ഇബ്‌റാഹീം നബി(അ)യെ തീയിൽ എറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ‘എനിക്ക് അല്ലാഹു മതി’ എന്നാണ്. ഈ തവക്കുൽ മനഃസ്ഥിതികൊണ്ടാണ് ഇബ്‌റാഹീം നബി(അ)ക്ക് എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞത്.
ഇസ്‌ലാമിക പ്രമാണങ്ങൾ പഠിച്ചറിഞ്ഞ് അവ പ്രാവർത്തികമാക്കി ജീവിക്കുന്നവർക്കാണ് പ്രബോധനജീവിതത്തിൽ വിജയിക്കാൻ കഴിയുക. അവരാണ് യഥാർഥ പ്രബോധകന്മാർ.

