മൂല്യങ്ങൾക്കൊപ്പം മുന്നോട്ട്
നുബ്‌ല എം
2025 ജൂലൈ 12, 1447 മുഹറം 16

ശാരീരികക്ഷമതയും ആരോഗ്യപരമായ ഉണർവും വിദ്യാർഥികൾക്ക് അത്യന്താപേക്ഷിതമാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ആ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന മാർഗങ്ങളിൽ ധാർമികതയ്ക്കും മൂല്യങ്ങൾക്കും ശോഷണം സംഭവിക്കുന്ന എന്തെങ്കിലുമുണ്ടോ എന്നു കൂടി പരിശോധിക്കുകയും അവയിൽ വിയോജിപ്പുണ്ടെങ്കിൽ അത് രേഖപ്പെടുത്തുകയും ചെയ്യുക സ്വാഭാവികമല്ലേ?
സൂംബ ഡാൻസ് സ്‌കൂളുകളിലേക്ക് എത്തുന്നത് വിദ്യാർഥികൾക്കിടയിൽ പാശ്ചാത്യ സംസ്‌കാരം അറിഞ്ഞോ അറിയാതെയോ വളരാൻ കാരണമാകുമെന്ന് നിസ്സംശയം പറയാനാവും. ഇത്തരം പുതിയ പദ്ധതികൾ നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ അക്കാദമിക രംഗത്തെ വിദഗ്ധരുമായോ അധ്യാപക-വിദ്യാർഥി സംഘടനകളുമായോ ഒന്നും ചർച്ച ചെയ്യുന്നില്ലെന്ന് മാത്രമല്ല, വളരെ ലാഘവത്തോടെ നമ്മുടെ പാഠപുസ്തകങ്ങളിൽ വരെ ഉൾപ്പെടുത്തുന്നു എന്നത് സാക്ഷരകേരളത്തിന് ഒട്ടും ഭൂഷണമല്ല.
മുമ്പ് ജെൻഡർ ന്യൂട്രൽ ആശയങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ വേണ്ടി നടത്തിയ ശ്രമങ്ങൾ വിമർശന വിധേയമായപ്പോൾ, സർക്കാർ പൊതുജനാഭിപ്രായം തേടുവാനെന്ന പേരിൽ ജനകീയ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അന്ന് നടത്തിയ ചർച്ചകളുടെ കൃത്യമായ ഫലം പുറത്തുവിടാൻ തയ്യാറായുമില്ല. അത്തരം അപകടകരമായ ആശയങ്ങൾ പിന്നീട് നമ്മുടെ പാഠപുസ്തകങ്ങളിൽ അച്ചടിച്ചു വരുന്ന കാഴ്ചയാണ് നാം കണ്ടത്. ഇതിന്റെ തുടർച്ചയെന്നോണമാണ്, ഈ അധ്യയന വർഷം തന്നെ എട്ടാം ക്ലാസ്സിലെ കലാവിദ്യഭ്യാസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സൂംബ വിഷയത്തെയും നാം കാണുന്നത്.
പൊതുവിദ്യാലയങ്ങളിൽ എന്ത് പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരുമ്പോഴും തീർച്ചയായും പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താൻ ഇവിടെ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളിലെ പോരായ്മകൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ, അവയോട് പുറംതിരിഞ്ഞു നിൽക്കുന്നതും എതിർസ്വരങ്ങൾക്ക് വർഗീയ ചാപ്പ നൽകുന്നതുമെല്ലാം ജനാധിപത്യത്തിന്റെ കടക്കൽ കത്തിവയ്ക്കുന്നതും പൊതുവിദ്യാലയങ്ങളുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്.
സൂംബ കൊണ്ടുവരുന്നതിലൂടെ വിദ്യാർഥികളുടെ കായികക്ഷമത വളർത്തലാണ് ലക്ഷ്യമെങ്കിൽ, നിലവിലുള്ള പി.ഇ.ടിയും ഡ്രില്ലുകളും ഉൾപ്പടെയുള്ളവ കാര്യക്ഷമമായി നടപ്പിൽ വരുത്തുകയല്ലേ ചെയ്യേണ്ടത്? വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനത്തെ ചെറുക്കലാണ് ലക്ഷ്യമെങ്കിൽ അതിന് ദീർഘവീക്ഷണത്തോടെയുള്ള ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണ് വേണ്ടത്. ലക്ഷ്യമെന്താണെന്ന് അത് കൊണ്ടുവന്നവർ തന്നെയാണ് വ്യക്തമാക്കേണ്ടത്.
സൂംബ ഡാൻസ് എന്നത് പലർക്കും ഒരു ഫിറ്റ്‌നസ് എക്‌സർസൈസായി മാത്രം തോന്നാം. പക്ഷേ, പെൺകുട്ടികളെ പലപ്പോഴും ഉപഭോഗവസ്തുക്കൾ മാത്രമായി കാണുന്ന, ആധുനിക ‘പുരോഗമന’ സംസ്‌കാരത്തെ പറ്റി ധാരണയുള്ള, ധാർമിക ബോധത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഏതൊരു പെൺകുട്ടിക്കും അതിൽ തന്റെതായ ആശങ്കയും ഉത്കണ്ഠയും ഉണ്ടാവുക സ്വാഭാവികം. ഞാനൊരു മുസ്‌ലിമാണ്, എന്റെ ശരീരം എനിക്ക് വലിയൊരു ഉത്തരവാദിത്തമാണ് എന്ന ബോധത്തിൽ വളരുന്ന ഒരു പെൺകുട്ടിക്ക്, പൊതുവേദികളിൽ മോശമായി വ്യാഖ്യാനിക്കപ്പെടാനിടയുള്ള ശരീരചലനങ്ങൾക്ക് പോകേണ്ടതില്ലെന്ന ബോധ്യം അവളുടെ പേഴ്‌സണൽ ചോയ്‌സാണ്. അവളുടെ മതാധ്യാപനങ്ങളും സദാചാര മൂല്യങ്ങളും അവൾക്ക് പകർന്നു നൽകിയ വിശ്വാസത്തിൽ അടിയുറച്ച തിരിച്ചറിവാണത്.
വിദ്യാഭ്യാസം എന്നത് ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആത്മാവിനെയും സ്ഫുടം ചെയ്‌തെടുക്കേണ്ട ഒന്നാണ്. ‘പുരോഗമന’മെന്ന പേരിൽ ഇന്ന് സമൂഹത്തിൽ, പ്രത്യേകിച്ചും വിദ്യാർഥി വിദ്യാർഥിനികൾക്കിടയിൽ ലിബറലുകൾ സൃഷ്ടിച്ച ലഹരിയുടെയും സ്വതന്ത്രചിന്തയുടെയും ലൈംഗിക ആഭാസങ്ങളുടെയും സ്‌ക്രീനിനോടും സെലിബ്രിറ്റികളോടും സൗന്ദര്യവർധക വസ്തുക്കളോടുള്ള അമിതമായ ഭ്രമത്തിന്റെയുമെല്ലാം നീരാളിപ്പിടുത്തത്തിൽനിന്ന് അവരെ മോചിപ്പിക്കേണ്ടതുണ്ട്. അതിന് കൃത്യമായ ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ശേഷം ആവിഷ്‌കരിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളിലൂടെയേ ഫലമുണ്ടാവൂ.
ഞങ്ങൾ ആധുനികതയ്ക്കെതിരല്ല. ഞങ്ങൾ നല്ല ആരോഗ്യം കൈവരിക്കണമെന്ന ആഗ്രഹത്തിനുമെതിരല്ല. പക്ഷേ, അതിനായി ഞങ്ങളുടെ വിശ്വാസത്തെ, സംസ്‌കാരത്തെ, ആത്മാഭിമാനത്തെ ത്യജിക്കേണ്ടിവരുന്ന വഴികളിലൂടെ നടക്കാൻ ഞങ്ങൾ തയ്യാറല്ല. ലഹരിപോലെ സർവരാലും എതിർക്കപ്പെടുന്ന വിപത്തുകളെ നേരിടുവാൻ പുകമറകൾക്കപ്പുറം, സർക്കാർ തന്നെ മുൻകൈയെടുത്ത് ജനാധിപത്യ വിശ്വാസികളായ എല്ലാവരെയും ചേർത്ത് നിർത്തുന്ന, കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തുവാൻ, സൂംബയുമായി ബന്ധപ്പെട്ട ഈ ചർച്ചകൾ സഹായകമാകുമെന്ന് പ്രത്യാശിക്കാം.
