സിഹ്ർ ചെയ്യുന്നതും സിഹ്‌റിനെ നിഷേധിക്കുന്നതും കുഫ്ർ!
അൻവർ അബൂബക്കർ
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

ഇസ്‌ലാമിൽ ‘സിഹ്ർ’ അഥവാ ‘മാരണം’ ഗുരുതരമായ കുറ്റകൃത്യമാണ്, അവിശ്വാസത്തിന്റെ (കുഫ്‌റിന്റെ) ഇനങ്ങളിൽ ഒന്നുമാണത്. മുഹമ്മദ് നബിﷺക്ക് മുമ്പുളള ജാഹിലിയ്യാ കാലത്തും അതിനുശേഷം നാളിതുവരെയും പല സമൂഹങ്ങളും ഈ വിഷയത്തിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ അറിവില്ലായ്മ വർധിക്കുകയും ശരിയായ വിശ്വാസവും മതപരമായ അവബോധവും പാടെ നഷ്ടപ്പെടുകയും ചെയ്യുന്നത് കൈമുതലാക്കിയാണ് സിഹ്‌റും മറ്റു അനുബന്ധ കുതന്ത്രങ്ങളും പ്രയോഗിക്കുന്നവർ സാധാരണക്കാരെ ശരിക്കും ചൂഷണത്തിന് വിധേയമാക്കുന്നത്. അറിവ് പ്രബലമാവുകയും വിശ്വാസം വർധിക്കുകയും ഇസ്‌ലാമിക പണ്ഡിതൻമാരുടെ ശക്തമായ പ്രബോധനം നിലനിൽക്കുകയും ചെയ്താൽ, ഈ ദുഷ്ടന്മാരുടെ ചെയ്തികളിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താൻ സാധിച്ചേക്കും. തദടിസ്ഥാനത്തിൽ, ഈ വിഷയം ക്വുർആനും സുന്നത്തും ആധാരമാക്കി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
സിഹ്‌റിന്റെ മാർഗങ്ങൾ മറഞ്ഞിരിക്കുന്നതോ രഹസ്യമായതോ ആയതിനാൽ, സിഹ്‌റിന്റെ വിദഗ്ധൻ ആളുകളെ ആശയക്കുഴപ്പത്തിലാക്കാനും അവരുടെ കണ്ണുകളെ വഞ്ചിക്കാനും അവരെ ദ്രോഹിക്കാനും അവരുടെ പണം അപഹരിക്കാനും ഇടവരുത്താറുണ്ട്. പൊതുവിൽ ആർക്കും മനസ്സിലാകാത്തവിധം രഹസ്യമായ രീതി യിലാണ് അതിന്റെ പ്രവർത്തനങ്ങൾ മുഴുവനും. അതുകൊണ്ടാണത്രെ അറബി ഭാഷയിൽ ലോലവും ഗുപ്തവുമായ കാരണമുളളത് എന്ന അടിസ്ഥാനത്തിൽ ‘സിഹ്ർ’ എന്ന് ഈ ക്ഷുദ്രപ്രവർത്തത്തെ വിളിക്കപ്പെടുന്നത്. രാത്രിയുടെ അവസാന ഭാഗത്തെ ‘സഹർ’ എന്ന് വിശേഷിപ്പിക്കുന്നു. കാരണം രാത്രിയുടെ അവസാന നേരത്ത് നടക്കുന്ന പ്രവൃത്തി ഗോപ്യവും ആളുകൾക്കത്ര അവബോധമില്ലാത്തവയുമാണ്. ശ്വാസകോശം ശരീരത്തിനുളളി
ൽ മറഞ്ഞിരിക്കുന്നതിനാൽ അതിനെയും ‘സഹർ’ എന്നു വിളിക്കുന്നു. മറഞ്ഞ അവസ്ഥയുടെ കാരണംകൊണ്ടത്രെ ഇങ്ങനെ ഭാഷയിൽ ഉപയോഗിക്കുന്നത്. മതപരമായിട്ടുളള വിശദീകരണം അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതൻമാർ നൽകിയത് ആദ്യകാല മുജാഹിദ് പണ്ഡിതൻമാർ മലയാളത്തിൽ ഹ്രസ്വമായും വിശദമായും വിവരിച്ചിട്ടുണ്ട്.
അമാനി മൗലവി(റഹി) തന്റെ ക്വുർആൻ വിവരണത്തിൽ എഴുതി: “ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കൺകെട്ട്, മാരണം എന്നീ അർത്ഥങ്ങളിലെല്ലാം മൊത്തത്തിൽ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ർ. കാര്യകാരണബന്ധം മനസ്സിലാക്കുവാൻ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങൾക്കും സിഹ്ർ എന്നു പറയാം’’ (സൂറഃ അൽബക്വറഃ 102ന്റെ വ്യാഖ്യാനം).
അമാനി മൗലവി(റഹി) മറ്റൊരിടത്ത് എഴുതി: “...(കെട്ടുകളിൽ മന്ത്രിച്ച് ഊതുന്നവരുടെ കെടുതലിൽ നിന്നും) മന്ത്രവാദം നടത്തുന്നവരും, ‘സിഹ്ർ’ (മാരണം, ജാലവിദ്യ മുതലായവ) നടത്തുന്നവരുമാണ് കെട്ടുകളിൽ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം. (നഫ്ഥ്) എന്ന മൂല പദത്തിൽ നിന്നുള്ളതാണ് നഫ്ഫാഥാത്ത് എന്ന വാക്ക്, അൽപം തുപ്പുനീർ തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിന്നാണ് അത് ഉപയോഗിക്കാറുള്ളത്. ഇത് മന്ത്രതന്ത്രങ്ങൾ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതിൽ ഊതലും അത്തരക്കാർ ചെയ്യുന്നു. അത് കൊണ്ടാണ് മിക്ക മുഫസ്സിറുകളും -മുൻഗാമികൾ വിശേഷിച്ചും- അങ്ങനെ വിവക്ഷ നൽകുവാൻ കാരണം. മന്ത്രക്കാരും ‘സിഹ്‌റു’കാരും വരുത്തിത്തീർക്കുന്ന വിനകൾ ഭയങ്കരവും ദുർഗ്രാഹ്യവു മായിരിക്കുന്നതുകൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്...’’
“...കെട്ടുകളിൽ ഊതുന്നവർ’ എന്ന് പറഞ്ഞതിന്റെ താൽപര്യം പുരുഷന്മാരുടെ മനോദൃഢതയെ ഏതെങ്കിലും തരത്തിലുള്ള മയക്കുപ്രയോഗങ്ങൾ വഴി മാറ്റിമറിക്കുന്ന സ്ത്രീകളാണെന്നും ഒരു അഭിപ്രായമുണ്ട്... ഏഷണി പ്രവർത്തനങ്ങൾ നടത്തുന്ന ആളുകളാണ് കെട്ടുകളിൽ ഊതുന്നവരെ കൊണ്ട് വിവക്ഷ എന്നു വേറെയും ഒരഭി പ്രായമുണ്ട് . ഇത് പിൻഗാമികളായ ചില വ്യാഖ്യാതാക്കൾ സ്വീകരിച്ചതാണ്.... ഒടുവിലത്തെ രണ്ടഭിപ്രായങ്ങളും ആ വാക്ക് ഒരു അലങ്കാര പ്രയോഗമാണെന്നുളള അടിസ്ഥാനത്തിലാണ്. സാക്ഷാൽ അർത്ഥം കൽപിക്കുന്നതിന് തടസ്സമില്ലാത്തപ്പോൾ അലങ്കാരാർത്ഥം സ്വീകരിക്കുന്നതിനു ന്യായീകരണമില്ല.’’
സിഹ്‌റുകാരെക്കൊണ്ടും മന്ത്രവാദക്കാരെക്കൊണ്ടുമുണ്ടാകുന്ന ദോഷങ്ങളും, അവർ നടത്തുന്ന പൈശാചിക പ്രവർത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറ്റുവാൻ, ഭാഗ്യം സിദ്ധിക്കുവാൻ, അന്യനു ആപത്തു നേരിടുവാൻ, തമ്മിൽ പിണക്കമുണ്ടാക്കുവാൻ -അങ്ങനെ പലതിന്റെ പേരിലും-ഹോമം, ജപം, മുട്ടറുക്കൽ, ഉറുക്ക്, മന്ത്രം, ജ്യോത്സ്യം എന്നിങ്ങനെ പലതും നടത്തി അവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ‘അസ്മാഇന്റെ പണിക്കാർ,’ ‘ത്വൽസമാത്തുകാർ’ എന്നിങ്ങനെയുള്ള അറബിപ്പേരുകളിൽ അറിയപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നവർ തന്നെ. ഇവർ തങ്ങളുടെ മന്ത്രതന്ത്രങ്ങളിൽ ചില ഖുർആൻ വചനങ്ങളും ദിക്‌റുകൾ മുതലായവയും കൂട്ടിക്കലർത്തുന്നതുകൊണ്ട് ഇതിൽ നിന്നു ഒഴിവാകുന്നതല്ല. വേണമെങ്കിൽ, ഈ സൂറത്തു തന്നെയും ഓതിക്കൊണ്ട് കെട്ടുകളിൽ മന്ത്രിക്കുന്നു. അവരുടെ കെടുതലിൽ നിന്നുതന്നെ-അവരറിയാതെ-അവർ അല്ലാഹുവിൽ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്ന അതേരൂപത്തിൽ തന്നെ അവർക്ക് പോലും അജ്ഞാതമായ ഏതോ ചില പേരുകൾ വിളിച്ചു പ്രാർത്ഥിക്കലും, അർത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകൾ ഉരുവിടലും അവരുടെ പതിവാണ്. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളായ അവിശ്വാസികൾ തങ്ങളുടെ പൂജാകർമ്മങ്ങളിൽ ചിലപ്പോൾ സൂറത്തു യാസീൻ പോലെയുള്ള ഖുർആന്റെ ഭാഗങ്ങളും തൗഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നും വരും. പാമരന്മാരെ വഞ്ചിക്കുവാൻ വേണ്ടി പിശാച് ആസൂത്രണം ചെയ്യുന്ന അതിസമർത്ഥമായ പകിട്ടു വിദ്യകളത്രെ ഇതെല്ലാം...’’
സിഹ്‌റിനു യാഥാർത്ഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തിൽ ഒരു സിഹ്‌റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകൾക്ക് മാത്രമുള്ള പേരാണ് സിഹ്ർ എന്നിങ്ങനെ ചില അഭിപ്രായങ്ങൾ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്തസില വിഭാഗക്കാരിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. വിശദാംശങ്ങളിൽ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തിൽ ഈ അഭിപ്രായം ഖുർആനും നബിവചനങ്ങൾക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് ‘കെട്ടുകളിൽ ഊതുന്നവർ’ എന്നതിന്റെ വിവക്ഷ എഷണിക്കാരാണെന്നും പുരുഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളിൽ ഉദ്ധരിച്ച വ്യാഖ്യാനങ്ങൾ വാസ്തവത്തിൽ ഉടലെടുത്തിരിക്കുന്നത്. ഇതിനെ പറ്റി ഇവിടെ കൂടുതൽ സംസാരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. മർഹൂം അല്ലാമാ സയ്യിദ് ഖുതുബിന്റെ ഒരു പ്രസ്താവന കൊണ്ട് തൽക്കാലം മതിയാക്കാം അതിങ്ങനെ സംഗ്രഹിക്കവുന്നതാണ്:
‘കെട്ടുകളിൽ ഊതുന്നവർ’ എന്ന് വെച്ചാൽ, ബാഹ്യേന്ദ്രിയങ്ങളെയും ആന്തരേന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവർത്തനങ്ങൾ നടത്തുന്ന സിഹ്‌റുകാരാകുന്നു. വല്ല നൂലിലോ ഉറുമാലിലോ കെട്ടിട്ടുകൊണ്ട് അവർ അതിൽ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയിൽ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാർത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ർ. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്‌റിന്റെ കർത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തിൽ അത് കബളിപ്പിച്ചേക്കും. ഇതാണ് മൂസാ നബി(അ) യുടെ കഥയിൽ ഖുർആൻ വിവരിച്ച സിഹ്ർ. സിഹ്‌റുകാരുടെ കയറുകളും വടികളും അവരുടെ സിഹ്ർ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാൽ അദ്ദേഹത്തിനു മനസ്സിൽ ഭയം തോന്നിയിരുന്നുവെന്നും ‘ഭയപ്പെടേണ്ടതില്ല താൻ തന്നെയാണ് ഉന്നതൻ’ എന്നു അല്ലാഹു പറഞ്ഞുവെന്നും സൂറത്തു ത്വാഹായിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോൾ, അവരുടെ കയറും വടിയുമൊന്നും സർപ്പമായി മാറിയിട്ടില്ല, മൂസാ നബി(അ)ക്കും ജനങ്ങൾക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥൈര്യം നൽകിയതോടുകൂടി ഭയം നീങ്ങി. പിന്നീട് യഥാർത്ഥം തുറന്നുകാണുകയും ചെയ്തു. ഇതാണ് സിഹ്‌റിന്റെ സ്വഭാവ പ്രകൃതി. ഇതു നാം സമ്മതിച്ചു സീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ർ മനുഷ്യരിൽ ചില മാറ്റമുണ്ടാക്കുകയും, സിഹ്‌റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങൾ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളിൽ അവൻ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതൽ തന്നെയാണിത്. സിഹ്‌റിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഈ അതിർത്തിയിൽ നിലയുറപ്പിക്കുക...’’
“വസ്തുക്കളുടെ പ്രകൃതിയിൽ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കൾക്ക് യാഥാർത്ഥ്യം നൽകുകയോ സിഹ്ർ കൊണ്ടു സാധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച്ച, കേൾവി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യുവാൻ സിഹ്ർ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം. ജനങ്ങൾക്കിടയിൽ പിണക്കും വഴക്കും ഉണ്ടാക്കുക, ചില മനുഷ്യപ്പിശാചുക്കളിൽ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അത്‌കൊണ്ടുണ്ടായിത്തീരുന്നു. ഇന്ദ്രജാലം, ആഭിചാരം, മായവിദ്യ, ജാലം, കൺകെട്ട്, ചെപ്പിടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്‌റിന്റെ ഇനങ്ങളിൽ പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ലു സ്വർണ്ണമാക്കി മാറ്റുക പോലെയുള്ള കഴിവുകൾ സിഹ്‌റിനുണ്ടെന്ന ധാരണ തികച്ചും മൗഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു. പക്ഷേ, അതുകൊണ്ട് സിഹ്‌റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാൻ സാധ്യമല്ല. നേരെമറിച്ച് സിഹ്‌റിന്റെ ഇനത്തിൽ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാർത്ഥ്യവുമില്ലെന്ന ധാരണയും ശരിയല്ല. ഇതാണ് വാസ്തവം’’ (സൂറഃ അൽഫലക്വിന്റെ വ്യാഖ്യാനം).
മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും പ്രമുഖ സലഫി പണ്ഡിതനുമായ കെ. എം. മൗലവി(റഹി) എഴുതി: “റുക്‌യതു, റുക്‌യാ, അസീമ എന്നീ പേരുകൾ പറയുന്ന മന്ത്രം ഇവസ, തമീമ, തഅ്‌വീൻ എന്നീ പേരുകൾ പറയുന്ന ഉറുക്ക് തദ്ഖീൻ എന്ന ഹോമം, തിവല എന്ന വശീകരണ മന്ത്രം ഇവയെല്ലാം സാഹിറുകൾ (ആഭിചാരകൻമാർ) ചെയ്തുവരാറുളള പ്രവൃത്തികളിൽ പെട്ടവയാകുന്നു. ഹോമമാകുന്ന തദ്ഖീൻ മന്ത്രം ജപിച്ച് പിശാചുക്കളെ സ്വാധീനപ്പെടുത്തികൊണ്ടാകുന്നു ചെയ്യാറുളളത്. മേൽപറഞ്ഞവയിൽ എല്ലാം അല്ലാഹുവിൽ നിന്നല്ലാതെ സൃഷ്ടികളിൽനിന്ന് ഉപകാരങ്ങളെ നൽകുവാനോ, ഉപദ്രവങ്ങളെ തടുക്കുവാനോ അപേക്ഷിക്കൽ ഉണ്ടാകുന്നപക്ഷം ഇവയെല്ലാം ശിർക്കാകുന്നു. ഇത് പ്രകാരം തന്നെ മേൽ പറഞ്ഞ പ്രവൃത്തികളിൽ ഏതെങ്കിലും ഒന്നുകൊണ്ട് ആർക്കെങ്കിലും വല്ല ഉപദ്രവമോ വഞ്ചനയോ ഉണ്ടാകുന്നപക്ഷം അത് തനിച്ച സിഹ്‌റാകുന്നു’’ (കെ. എം. മൗലവി ഫത്‌വകൾ, യുവത ബുക്ഹൗസ് പ്രസിദ്ധീകരണം, പേജ് 19).
വിശ്വാസി സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത നീചവും ദുഷിച്ചതുമായ ഈ ഒരു ഏർപ്പാടിനെയാണ് യഹൂദികളും മറ്റും സുലൈമാൻ നബി(അ)യിലേക്ക് ചേർത്തു പറഞ്ഞത്. അവർ അപകീർത്തികരമായി പ്രചരിപ്പിച്ച അപവാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കൾ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി). ‘ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത്’ എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാൽ, മനുഷ്യന്റെയും അവന്റെ ഇണയുടെയും ഇടയിൽ ഭിന്നിപ്പിക്കുന്ന കാര്യം അവർ ആ രണ്ടാളിൽനിന്നും പഠിച്ചിരുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാൾക്കും തന്നെ അതുകൊണ്ട് അവർ ഉപദ്രവം വരുത്തുന്നവരല്ലതാനും. അവർക്ക് ഉപദ്രവം വരുത്തുകയും അവർക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവർ പഠിക്കുകയും ചെയ്യും. തീർച്ചയായും അവർ അറിഞ്ഞിട്ടുണ്ട്; അതിനെ ആർ വാങ്ങിയോ അവന് പരലോകത്തിൽ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവർ തങ്ങളുടെ സ്വന്തങ്ങളെ വിറ്റുവോ അത് വളരെ ചീത്തതന്നെ! അവർ അറിഞ്ഞിരുന്നുവെങ്കിൽ!’’ (അൽബക്വറഃ 102).
“പിശാചിനെ തൃപ്തിപ്പെടുത്തുന്ന ചില ആരാധനകളുടെ അടിസ്ഥാനത്തിലാണ് സിഹ്ർ. അതുകൊണ്ട് സിഹ്ർ ചെയ്യുന്നവൻ കാഫിറാകുന്നു’’ എന്നാണ് കെ. ഉമർ മൗലവി(റഹി) സിഹ്‌റിന്റെ അപകടത്തെകുറിച്ച് ചുരുക്കി വിവരിച്ചത്. (തർജുമാനുൽ ക്വുർആൻ, ഭാഗം 1, അൽബക്വറഃ 102ന്റെ വ്യാഖ്യാനം).
എന്നാൽ ഈ വസ്തുതകളെയെല്ലാം നിഷേധിക്കുന്നവരും വലിയ അപകടത്തിൽ തന്നെയാണ് അകപ്പെടുന്നത്. പ്രമുഖ മുഫസ്സിറായ ഇമാം അബൂ അബ്ദില്ലാഹ് അൽക്വുർത്വുബി(റഹി)യുടെ ഗുരുനാഥനായ, ഹിജ്‌റ 656ൽ മരണപ്പട്ട അൽഇമാമുൽ ഹാഫിദ് അബുൽ അബ്ബാസ് അൽക്വുർത്വുബി(റഹി) സിഹ്‌റിനെ കളവാക്കുന്നവരെ കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്:
“ചുരുക്കത്തിൽ, സർവശക്തനായ അല്ലാഹുവും അവന്റെ പ്രവാചകനുംﷺ അതിന്റെ (സിഹ്‌റിന്റെ) ഉൺമയെകുറിച്ചും സംഭവ്യതയെയും കുറിച്ച് ഖണ്ഡിതമായി അറിയിച്ചുതന്നിട്ടുണ്ട്. ആയതിനാൽ അതിനെ അസത്യമാക്കുന്നവൻ കാഫിറും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും കളവാക്കിയവനുമാകുന്നു. താൻ കണ്ടതിനെയും സാക്ഷ്യപ്പെടുത്തിയതിനെയും നിഷേധിച്ചവൻ കൂടിയാകുന്നു. ഇനി, അവൻ നിഷേധിക്കുന്നത് പരോക്ഷമായിട്ടാണെങ്കിൽ അവൻ സിൻദീക്വും, പ്രത്യക്ഷത്തിലാണെങ്കിൽ അവൻ മുർതദ്ദുമാണ് (മതപരിത്യാഗിയാണ്)’’ (അബുൽ അബ്ബാസ് അൽഖുർത്വുബി(റഹി), അൽമുഫ്ഹിമു ലിമാ അശ്കല മിൻ തൽഖീസി കിതാബി മുസ്‌ലിമിൻ).
സിഹ്ർ എന്ന വിഷയം പ്രമാണബദ്ധമായി മനസ്സിലാക്കിയിട്ടില്ല എങ്കിൽ എന്തുമാത്രം അപകടത്തിലേക്കാണ് അത് മനുഷ്യനെ ചാടിക്കുന്നത് എന്ന കാര്യമാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്. സിഹ്ർ ചെയ്യുന്നതും കുഫ്‌റ്, സിഹ്‌റിനെ കളവാക്കുന്നതും കുഫ്‌റ്! (തുടരും)

