ഭിന്നതയെ സൂക്ഷിക്കുക; ഒറ്റപ്പെടാതിരിക്കുക!

ശമീർ മദീനി

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

(പിശാചിന്റെ ചതിക്കുഴികൾ 3)

ഭിന്നത ഗുണകരമല്ല. ഐക്യവും ഒരുമയുമാണ് നന്മയുടെ അടയാളങ്ങൾ. അതുകൊണ്ട് ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങളാണ് വിശുദ്ധ ക്വുർആൻ നൽകുന്നത്. അല്ലാഹു പറയുന്നത് കാണുക:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാൻമാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക’’ (9:119).

“സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾതന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’’(49:10).

ഉമർ(റ) പറയുന്നു: “ജാബിയ എന്ന സ്ഥലത്തുവെച്ച് നബി ﷺ ഒരു പ്രഭാഷണം നിർവഹിച്ചുകൊണ്ട് പറഞ്ഞു: ‘സ്വർഗത്തിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം നിങ്ങളിൽ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ സംഘത്തോടൊപ്പം നിന്നുകൊള്ളട്ടെ, തീർച്ചയായും പിശാച് ഒറ്റപ്പെട്ടവന്റെ കൂടെയായിരിക്കും ഉണ്ടാവുക. രണ്ടാളുകളിൽ

(സംഘത്തിൽ)നിന്ന് അവൻ വിദൂരത്ത് ആയിരിക്കുകയും ചെയ്യും’’ (തിർമുദി, നസാഈ, ഇബ്‌നു ഹിബ്ബാൻ, ഹാകിം).

ഇതേ ആശയത്തിലുള്ള കുറേ റിപ്പോർട്ടുകൾ ഇബ്‌നുൽ ജൗസി(റഹ്) തന്റെ ‘തൽ ബീസു ഇബ്‌ലീ സ്’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്.

നബിﷺ പറഞ്ഞു: “അല്ലാഹുവിന്റെ കൈകൾ (സഹായം) സംഘത്തോടൊപ്പമാണ്. ആ സംഘത്തിനോട് വേർപിരിഞ്ഞ് കഴിയുന്നവരോടൊപ്പമാണ് പിശാചുള്ളത്’’ (നസാഈ, ത്വബ്‌റാനി).

‘ആട്ടിൻകൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട ആടുകളെ ചെന്നായ്ക്കൾ റാഞ്ചിയെടുക്കുന്നതു പോലെ സംഘത്തിൽനിന്ന് വേറിട്ട് നിൽക്കുന്നവരെ പിശാച് റാഞ്ചിയെടുക്കും’ എന്നും ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട് (തൽബീസു ഇബ്‌ലീസ് പേജ് 19).

ഐക്യവും സാഹോദര്യവും സത്യവിശ്വാസത്തിന്റെ താൽപര്യങ്ങളാണ്. അത് ഊട്ടിയുറപ്പിക്കുവാൻ ആവശ്യമായ പല ഉപദേശനിർദേശങ്ങളും പ്രവാചകാധ്യാപനങ്ങളിൽ കാണാം. വിശ്വാസികൾ പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയൽ, രോഗിയായാൽ സന്ദർശിക്കൽ, തുമ്മിയാൽ അവർക്ക് വേണ്ടി പ്രാർഥിക്കൽ തുടങ്ങി പരസ്പരമുള്ള ഒട്ടേറെ ബാധ്യതകൾ പ്രവാചകൻﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

എന്നാൽ പ്രസ്തുത ഈമാനിക സാഹോദര്യത്തിന്റെ ഇഴകൾ ഉടക്കുവാനുള്ള ഏത് കാര്യവും പിശാച് ചെയ്യിക്കും. അതിനാൽ ജാഗ്രത പുലർത്താനും നബിﷺ ആവർത്തിച്ച് ഉണർത്തിയിട്ടുണ്ട്.

നബിﷺ പറഞ്ഞു: ‘നിങ്ങൾ ഊഹാപോഹങ്ങളെ സൂക്ഷിക്കുക. അത് തീർച്ചയായും സംസാരങ്ങളിൽവെച്ച് ഏറ്റവും വ്യാജമായതാണ്. നിങ്ങൾ രഹസ്യങ്ങൾ ചികഞ്ഞന്വേഷിക്കുകയോ ചാരവൃത്തി നടത്തുകയോ ചെയ്യരുത്. നിങ്ങൾ പരസ്പരം അസൂയ വെച്ചുപുലർത്തുകയും ചെയ്യരുത്. നിങ്ങൾ പരസ്പരം വഴക്കടിച്ച് വേർപിരിഞ്ഞുപോവുകയും പരസ്പരം ശത്രുത പുലർത്തുകയും ചെയ്യരുത്. മറിച്ച് അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ ഏകോദര സഹോദരങ്ങളായി കഴിയുക’ (ബുഖാരി, മുസ്‌ലിം).

ആദർശബന്ധങ്ങളും നല്ല സുഹൃദ്ബന്ധങ്ങളും നശിപ്പിച്ചുകളയാൻ പിശാച് ബോധപൂർവം ശ്രമിക്കുമെന്ന് നബിﷺ ഉണർത്തിയിട്ടുണ്ട്. കാരണം അത്തരം നല്ല ബന്ധങ്ങളിലൂടെ നിരവധി നന്മകൾ നടക്കുമ്പോൾ വ്യക്തികൾക്കും സമൂഹത്തിനും അതിലൂടെ ഒട്ടേറെ ഗുണങ്ങൾ ലഭിക്കും. അതാകട്ടെ പിശാചിന് അസഹ്യമാണ് താനും. അതിനാൽ അതു മുടക്കുന്നതിനു വേണ്ടി പലതരത്തിലുള്ള ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും അസൂയയും കുശുമ്പുമൊക്കെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച് അവർക്കിടയിൽ ശത്രുതയും ഭിന്നതയുമുണ്ടാക്കാൻ പിശാച് ശ്രമിക്കും. ഒരാൾ വിലപറഞ്ഞ വസ്തുവിന് മേൽ മറ്റൊരാൾ വിലപറയുന്നതും ഒരാൾ വിവാഹം അന്വേഷിച്ച സ്ത്രീയെ അയാൾ അത് ഒഴിവാക്കുന്നത് വരേക്കും മറ്റൊരാൾ വിവാഹം ആലോചിക്കുന്നതുമെല്ലാം നബിﷺ വിലക്കിയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള, പിശാചിന്റെ കെണികളിൽ വീഴാതെ ഈമാനിന്റെ ഇഴയടുപ്പം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് അത്തരം മാർഗനിർദേശങ്ങൾ. അതോടൊപ്പം പിശാചിൽനിന്ന് സദാസമയവും പടച്ചവനിൽ രക്ഷതേടാനും അല്ലാഹു പഠിപ്പിക്കുന്നുണ്ട്.

“നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽനിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോട് രക്ഷതേടുന്നു’’(23:97,98).

ഭിന്നതയും ശത്രുതയുമുണ്ടാക്കി പരസ്പരം തെറ്റിച്ച് നന്മകൾ മുടക്കുക എന്നതാണ് പിശാചിന്റെ കാര്യമായ പണികളിൽ പെട്ടതാണ്.

നബിﷺ പറയുന്നു: ‘തീർച്ചയായും പിശാച് അറേബ്യൻ ഉപദ്വീപിൽ ആരാധിക്കപ്പെടുന്നതിനെപ്പറ്റി നിരാശയിലാണ്. എന്നാൽ നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും അവൻ ഉണ്ടാക്കിക്കൊണ്ടിരിക്കും’ (മുസ്‌ലിം).

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും അവരെ പരസ്പരം തെറ്റിക്കുവാനും അതുവഴി കുടുംബം എന്ന മഹത്തായ സ്ഥാപനത്തെ തകർക്കുവാനും പിശാച് എത്രമേൽ തൽപരനാണ് എന്നുള്ള കാര്യം വ്യക്തമാക്കുന്ന പ്രവാചക വചനങ്ങൾ കാണാവുന്നതാണ്.

നബിﷺ പറഞ്ഞു: “തീർച്ചയായും പിശാച് തന്റെ സിംഹാസനം നാട്ടുകയും ശേഷം അവന്റെ സംഘങ്ങളെ നിയോഗിച്ചയക്കുകയും ചെയ്യും. എന്നിട്ട് അവരിൽ ഏറ്റവും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയവർക്കായിരിക്കും അവന്റെ അടുക്കൽ ഏറ്റവും സ്ഥാനവും പരിഗണനയും. അങ്ങനെ ഓരോരുത്തരും അവർ ചെയ്ത പ്രവർത്തനങ്ങളുമായി അവന്റെ അടുക്കൽ തിരിച്ചെത്തി റിപ്പോർട്ടുകൾ ബോധിപ്പിക്കും. അങ്ങനെ ഓരോരുത്തരും ഞാൻ ഇന്നയിന്ന കാര്യങ്ങൾ ചെയ്തു എന്ന് പറയുമ്പോൾ ‘നീ ഒന്നും ചെയ്തിട്ടില്ല’ എന്ന് ഇബ്‌ലീസ് പറയുമത്രെ. അങ്ങനെ അവരിൽ ഒരാൾ വന്നുകൊണ്ട് പറയും: ‘ഞാൻ ഒരാളെയും അയാളുടെ ഭാര്യയെയും തമ്മിൽ വേർപിരിക്കുകയും ശത്രുതയിലാക്കുകയും ചെയ്തിട്ടുണ്ട്.’ അങ്ങനെ ഇബിലീസ് അവനെ അടുത്തേക്ക് വിളിക്കുകയും ആദരിക്കുകയും പ്രശംസിക്കുകയും ചെയ്യും’’(മുസ്‌ലിം).

പിശാചിന്റെ ഇത്തരം ചതികളിൽ അകപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം വിശുദ്ധ ക്വുർആൻ ഉണർത്തിയതുപോലെ തെളിവുകളും ന്യായങ്ങളും ഏതു വിഷയത്തിലും നമുക്ക് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കുവാനുള്ള മനസ്സും സത്യസന്ധതയും ഉണ്ടാവുക എന്നതാണ്. അതിൽനിന്ന് പിന്തിരിപ്പിക്കുന്ന ഈഗോകളെയെല്ലാം ആത്യന്തികമായി നമ്മെ നാശത്തിലേക്ക് എത്തിക്കുന്ന പിശാചിന്റെ ചതിക്കുഴികളായി തിരിച്ചറിയാനും അവ കൈയൊഴിക്കുവാനും സാധിക്കണം.

ക്വുർആൻ പറയുന്നു: “നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതിൽനിന്ന് നിങ്ങളെ അവൻ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചുതരുന്നു; നിങ്ങൾ നേർമാർഗം പ്രാപിക്കുവാൻ വേണ്ടി’’ (3:103).

തെളിവുകൾ വ്യക്തമായിട്ടും അത് പിൻപറ്റാത്തവരുടെ മാർഗം സ്വീകരിക്കരുത് എന്ന് ക്വുർആൻ പ്രത്യേകം ഓർമിപ്പിക്കുന്നുമുണ്ട്: “വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്’’(3:105).

കുടുംബത്തിലാണെങ്കിലും പുറത്താണെങ്കിലും നല്ല ബന്ധങ്ങൾ തകരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു സംഗതി പ്രവാചകൻﷺ ഉണർത്തുന്നത് കാണുക:

“ഒരു സത്യവിശ്വാസി ഒരു സത്യവിശ്വാസിനിയെ (ഭാര്യ ഭർത്താവിനെ) പൂർണമായി വെറുക്കുകയോ പിണങ്ങുകയോ ഇല്ല; അവളുടെ ഒരു സ്വഭാവം അവൻ വെറുത്താലും മറ്റു പല സ്വഭാവങ്ങളും അവനെ തൃപ്തിപ്പെടുത്തുന്നതായി ഉണ്ടാകും’’ (മുസ്‌ലിം).

വ്യക്തികളുടെ കുറവുകൾക്ക് നേരെ കണ്ണടക്കുവാനും അവരുടെ നന്മകൾ കാണുവാനും നമുക്ക് സാധിച്ചാൽ ബന്ധങ്ങൾ ഒരു പരിധിവരെ തകരാതെ സൂക്ഷിക്കാൻ സാധിക്കും. അതിനാൽ പിശാചിന്റെ കെണികളെ സംബന്ധിച്ച് ജാഗ്രത പാലിക്കുക.