വിജയത്തിലേക്ക് നയിക്കുന്ന ചില ഗുണങ്ങൾ
മുനവ്വർ ഫൈറൂസ്
2025 ജൂലൈ 05, 1447 മുഹറം 09

വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്ന, വിജയികൾക്കുണ്ടാകേണ്ട 31 ഗുണങ്ങളാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
നരക മോചനവും സ്വർഗ പ്രവേശവുമാണ് യഥാർഥ വിജയം
“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185).
“നരകാവകാശികളും സ്വർഗാവകാശികളും സമമാകുകയില്ല. സ്വർഗാവകാശികൾ തന്നെയാകുന്നു വിജയം നേടിയവർ’’(ക്വുർആൻ 59:20).
1. മറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കൽ.
2. നമസ്‌കാരം മുറപ്രകാരം നിർവഹിക്കൽ.
3. സകാത്ത് നൽകൽ.
4. വിശുദ്ധ ക്വുർആനിലും മുൻ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കൽ.
5. പരലോകത്തിൽ ദൃഢമായി വിശ്വസിക്കൽ.
“അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും, പ്രാർഥന അഥവാ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും, നാം നൽകിയ സമ്പത്തിൽനിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ). അവരുടെ നാഥൻ കാണിച്ച നേർവഴിയിലാകുന്നു അവർ. അവർതന്നെയാകുന്നു സാക്ഷാൽ വിജയികൾ’’ (ക്വുർആൻ 2:3-5).
“നമസ്‌കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് നൽകുകയും പരലോകത്തിൽ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവർക്ക്. തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള മാർഗദർശനമനുസരിച്ച് നിലകൊള്ളുന്നവരത്രെ അവർ. അവർ തന്നെയാണ് വിജയികൾ’’(ക്വുർആൻ 31:4, 5).
6. നന്മയിലേക്ക് ക്ഷണിക്കൽ.
7. സദാചാരം കൽപിക്കൽ.
8. ദുരാചാരം വിലക്കൽ.
“നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (ക്വുർആൻ 3:104).
9. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കൽ.
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാർഗം തേടുകയും അവന്റെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുകയും ചെയ്യുക. നിങ്ങൾക്ക് (അതുവഴി) വിജയം പ്രാപിക്കാം’’ (ക്വുർആൻ 5:35).
“...അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം’’ (2:189, 3:130, 3:200).
“പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വർധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’(5:100).
10. സമ്പത്തുകൊണ്ടും ശരീരംകൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ ധർമ സമരം ചെയ്യൽ.
“പക്ഷേ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും സമരം ചെയ്തു. അവർക്കാണ് നൻമകളുള്ളത്. അവർതന്നെയാണ് വിജയം പ്രാപിച്ചവർ’’ (9:88).
11. മുഹമ്മദ് നബിﷺയിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിക്കപ്പെട്ട വിശുദ്ധ ക്വുർആനാകുന്ന പ്രകാശത്തെ പിൻപറ്റുകയും ചെയ്യൽ.
“അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ’’ (7:157).
12. പരലോകത്ത് മീസാനിൽ (തുലാസിൽ) നന്മകളുടെ തട്ട് ഘനം തൂങ്ങൽ.
“അന്നത്തെ ദിവസം (കർമങ്ങൾ) തൂക്കിക്കണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോൾ ആരുടെ തുലാസുകൾ കനം തൂങ്ങിയോ അവരാണ് വിജയികൾ’’ (7:8).
“അപ്പോൾ ആരുടെ (സൽകർമങ്ങളുടെ) തൂക്കങ്ങൾ കനമുള്ളതായോ അവർതന്നെയാണ് വിജയികൾ’’ (23:102).
13. അല്ലാഹുവിന്റെയും റസൂലിﷺന്റെയും കൽപനകൾ കേട്ടനുസരിക്കൽ.
“തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പു കൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർ തന്നെയാണ് വിജയികൾ’’(24:41).
“അല്ലാഹുവെയും അവന്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു’’ (33:71).
14. അല്ലാഹുവിനെ ഭയപ്പെടൽ.
“അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ് വിജയം നേടിയവർ’’ (24:52).
15. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അടുത്ത ബന്ധുക്കൾക്കും അഗതികൾക്കും വഴിപോക്കർക്കും വേണ്ടി സമ്പത്ത് ചെലവഴിക്കൽ.
“ആകയാൽ കുടുംബബന്ധമുള്ളവന് നീ അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നൽകുക). അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവർക്ക് അതാണുത്തമം. അവർ തന്നെയാണ് വിജയികളും’’(30:38).
16. അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളോട് ആത്മ ബന്ധം പുലർത്താതിരിക്കൽ.
“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തു നിൽക്കുന്നവരുമായി സ്‌നേഹബന്ധം പുലർത്തുന്നത് നീ കണ്ടെത്തുകയില്ല. അവർ (എതിർപ്പുകാർ) അവരുടെ പിതാക്കളോ പുത്രൻമാരോ സഹോദരൻമാരോ ബന്ധുക്കളോ ആയിരുന്നാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കൽ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവൻ അവർക്ക് പിൻബലം നൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീർച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവർ’’ (58:22).
17. പിശുക്കിൽനിന്ന് മുക്തരാവൽ.
“...തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും. ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽനിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ’’ (59:9).
“അതിനാൽ നിങ്ങൾക്ക് സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്കു തന്നെ ഗുണകരമായ നിലയിൽ ചെലവഴിക്കുകയും ചെയ്യുക. ആർ മനസ്സിന്റെ പിശുക്കിൽനിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവർ തന്നെയാകുന്നു വിജയം പ്രാപിച്ചവർ’’ (64:16).
18. നമസ്‌ക്കാരത്തിൽ ഭയഭക്തിയുണ്ടാകൽ.
19. അനാവശ്യ കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കൽ.
20. രഹസ്യാവയവം കാത്തുസൂക്ഷിക്കൽ.
21. കരാറുകളും അനാമത്തുകളും പാലിക്കൽ.
22. നമസ്‌കാരം കൃത്യമായി അനുഷ്ഠിച്ചുപോരൽ
“സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തിൽ ഭക്തിയുള്ളവരായ,അനാവശ്യകാര്യത്തിൽനിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് നിർവഹിക്കുന്നവരുമായ. തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ’’ (23:1-5).
“തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരും തങ്ങളുടെ നമസ്‌കാരങ്ങൾ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികൾ). അവർ തന്നെയാകുന്നു അനന്തരാവകാശികൾ. അതായത് ഉന്നതമായ സ്വർഗം അനന്തരാവകാശമായി നേടുന്നവർ. അവരതിൽ നിത്യവാസികളായിരിക്കും’’ (23:8-11).
23. അല്ലാഹുവിനെ ധാരാളമായി സ്മരിക്കൽ.
“അല്ലാഹുവെ അധികമായി ഓർമിക്കുകയും ചെയ്യുക; നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’(8:45, 62:10).
24. അല്ലാഹുവിന്റെ അനുഗ്രങ്ങൾ ഓർക്കൽ.
“അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ ഓർമിക്കുക; നിങ്ങൾക്ക് വിജയം പ്രാപിക്കാം’’ (7:69).
25. നന്മ ചെയ്യൽ.
“സത്യവിശ്വാസികളേ, നിങ്ങൾ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’(22:77).
26. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങൽ.
“സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’(24:31)
27. ക്ഷമിക്കൽ.
“സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (3:200).
28. ആത്മാവിനെ വിശുദ്ധമാക്കൽ.
“തീർച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു’’(91:9).
“തീർച്ചയായും പരിശുദ്ധി നേ
ടിയവൻ വിജയം പ്രാപിച്ചു’’ (87:14).
29. പ്രതിരോധ സന്നദ്ധരാകലും ശത്രു സംഘത്തെ കണ്ടുമുട്ടിയാൽ പതറാതെ ഉറച്ചുനിൽക്കലും.
“സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (3:200)
“സത്യവിശ്വാസികളേ, നിങ്ങൾ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാൽ ഉറച്ചുനിൽക്കുകയും അല്ലാഹുവെ അധികമായി ഓർമിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. 8:45)
30. പലിശ മുതൽ തിന്നാതിരിക്കൽ.
“സത്യവിശ്വാസികളേ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം’’ (3:130).
31. മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും ഉപേക്ഷിക്കൽ.
“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം’’ (5:90).
