ഒരുങ്ങുക, അവസാന യാത്രയ്ക്കായി
റോഷൻ പുനലൂർ (ജാമിഅഃ അൽഹിന്ദ്)
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

മഹാനായ സ്വഹാബി ഇംറാനുൽ ഖയാത്ത്(റ) പറഞ്ഞു: “ഒരിക്കൽ ഞങ്ങൾ ഇബ്‌റാഹീം നഖ്ഇയെ സന്ദർശിക്കുകയുണ്ടായി. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ ചോദിച്ചു: ‘എന്താണ് താങ്കളെ കരയിപ്പിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘ഞാൻ മരണത്തിന്റെ മലക്കിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ആ മലക്ക് സ്വർഗത്തെക്കുറിച്ചാണോ നരകത്തെക്കുറിച്ചാണോ സന്തോഷ വാർത്ത നൽകുക എന്ന് ചിന്തിച്ചാണ് ഞാൻ കരയുന്നത്.’’
രാജാക്കന്മാരുടെ രാജാധിപത്യം നഷ്ടമാകുന്ന നിമിഷമാണത്. ധനികനും ദരിദ്രനുമിടയിൽ അന്ന് ഏറ്റവ്യത്യാസമില്ല. അമീറുൽ മുഅ്മിനീൻ മഅ്മൂൻ തന്റെ മരണ വെപ്രാളവേളയിലാണ്. തനിക്കുവേണ്ടിയൊരുക്കിയ വിരിപ്പിൽ അദ്ദേഹം കിടക്കുകയാണ്. തലയിൽ ചാരമെടുത്തിട്ടു കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: ‘ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നാഥാ! ആധിപത്യം നിങ്ങിപ്പോകുന്ന ഈയുള്ളവനോട് ഇന്നു നീ കരുണ ചെയ്താലും.’ എല്ലാ വലിയവരും ചെറുതാക്കപ്പെടുന്ന നിമിഷമാണത്. എല്ലാ സമ്പന്നരും ദരിദ്രരാക്കപ്പെടുന്ന നിമിഷം. എല്ലാ സുന്ദരന്മാരും വിരൂപരാക്കപ്പെടുന്ന നിമിഷം. എല്ലാ പ്രതാപികളും നിസ്സാരരാക്കപ്പെടുന്ന നിമിഷം. അന്ന് വാക്കുകളും കർമങ്ങളും മുറിഞ്ഞുപോകും. എല്ലാ ആഗ്രഹങ്ങളും മാഞ്ഞുപോകും.
ഭയാനകരമായ ആ നിമിഷം; അത് സത്യസന്ധമായ ഒരു നിമിഷം തന്നെയാണ്. നുണയല്ല, സംശയമോ അതിശയോക്തിയോ ഒന്നുമല്ല. ജീവിതത്തിന്റെ എല്ലാ മാധുര്യങ്ങളും ആസ്വാദനങ്ങളും മാഞ്ഞുപോകുന്ന നിമിഷം. കടന്നുപോയ ജീവിതത്തിന്റെ ചിത്രങ്ങൾ മുഴുമനും മനുഷ്യന്റെ ചിന്തയിലേക്ക് തെളിഞ്ഞുവരുന്ന നിമിഷം. താൻ ഈ ദുനിയാവിൽ അനുഭവിച്ചുകൂട്ടിയ ആസ്വാദനങ്ങൾ നിലയ്ക്കുകയാണെന്ന യാഥാർഥ്യം തിരിച്ചറിയുന്ന നിമിഷം. ദുനിയാവിലെ ജീവിതം വെറും നൈമിഷികമാണെന്ന യാഥാർഥ്യം ആ നിമിഷത്തിലാണ് തിരിച്ചറിയുക.
അത് മരണത്തിന്റെ നിമിഷമാണ്. മരണത്തെപ്പറ്റി, മരണനിമിഷത്തെപ്പറ്റി എന്തറിയാം നമുക്ക്? ജീവിതത്തിലുടനീളം താൻ സമ്പാദിച്ചുക്കൂട്ടിയ സമ്പത്ത് തനിക്ക് ഉപകരിക്കാത്ത നിമിഷമാണത്. ജീവന് തുല്യം സ്‌നേഹിച്ച മക്കൾ നിസ്സഹായരായി മാറുന്ന നിമിഷം. ഏത് പ്രയാസഘട്ടത്തിലും സാമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തണൽവിരിക്കുന്ന ഇണകളുടെ നിലവിളികൾ ഉപകാരപ്പെടാത്ത ആ നിമിഷം. തോളിൽ കയ്യിട്ട് പല തിന്മകൾക്കും തനിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാർ കൈമലർത്തുന്ന ആ നിമിഷം. ഈ ദുനിയാവിൽ താൻ പടുത്തുയർത്തിയ സ്ഥാനമാനങ്ങളും അധികാരങ്ങളും നഷ്ടപ്പെടുന്ന നിമിഷം. ആരുടെയും മുന്നിൽ ഇടറാതെ നിന്ന കാൽപാദങ്ങൾ ഇടറുന്ന നിമിഷം. തീർച്ച; അത് മരണത്തിന്റെ നിമിഷമാണ്.
അന്ന് മരണവേദന പുതഞ്ഞുമൂടുകതന്നെ തന്നെ ചെയ്യും. നാഡിഞരമ്പുകൾ വലിഞ്ഞുമുറുകും. കൈകാലുകൾ തളർന്നുപോകും. തൊണ്ട വറ്റിവരളും. ഒരിറ്റ് വെള്ളത്തിനായി കൊതിക്കും. ചുറ്റും കൂടിയവരെ നോക്കി രക്ഷിക്കണേ എന്ന് അലറിവിളിക്കാൻ ശ്രമിക്കും. ശബ്ദം ഇടറും. പതുക്കെ ബോധം നശിക്കും. ശ്വാസം നിലയ്ക്കും.
എല്ലാം അവസാനിച്ചു. വിളിപ്പേരുകൾക്കോ സ്ഥാനപ്പേരുകൾക്കോ പിന്നീട് അവിടെ പ്രസക്തിയില്ല. വിളിച്ചിരുന്ന പേര് മാറുകയാണ്. മക്കൾ ചോദിക്കില്ല എന്റെ വാപ്പ എവിടെ എന്ന്. ഭാര്യ ചോദിക്കില്ല എന്റെ ഭർത്താവ് എവിടെ എന്ന്. ഉമ്മ ചോദിക്കില്ല എന്റെ മോൻ എവിടെ എന്ന്. എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചോദിക്കില്ല എന്റെ ചങ്ങാതി എവിടെ എന്ന്. ഓടിക്കൂടിയ നാട്ടുകാരോ വിവരമറിഞ്ഞറിത്തിയ കുടുംബക്കാരോ ചോദിക്കില്ല ഇന്ന ആൾ എവിടെ എന്ന്. എല്ലാവരും ചോദിക്കുക ഒന്ന് മാത്രമാണ്; ‘മയ്യിത്ത് എവിടെ?’ എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രമാണ്; എപ്പോഴാണ് പള്ളിയിലേക്ക് കൊണ്ടുപോകുന്നത്.
പ്രിയപ്പെട്ടവരേ, ഈ ഒരു നിമിഷത്തേക്ക് വേണ്ടി നാം ഒരുങ്ങിയിട്ടുണ്ടോ? മനുഷ്യന്റെ ഈ ദുനിയാവിലെ ജീവിതം ഇതോടുകൂടി അവസാനിക്കുകയാണ്. ഉടുത്തിരുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റി കുളിപ്പിച്ച് മൂന്ന് കഷ്ണം വെള്ളത്തുണികൊണ്ട് പുതപ്പിച്ച് അവിടെ തടിച്ചുകൂടിയവർക്ക് അവസാനമായി ഒരുനോക്ക് കാണുവാൻ വേണ്ടി നമ്മെ വീടിന്റെ ഹാളിൽ കൊണ്ടുവന്ന് കിടത്തും. അവിടെ നമുക്ക് ചുറ്റും നമ്മുടെ ഉറ്റവരും ഉടയവരും ഉണ്ടാകും. നാട്ടുകാരും കുടുംബക്കാരും എന്നുവേണ്ടാ നമ്മെ പരിചയമുള്ള, നമ്മളുമായി സഹവസിച്ചിട്ടുള്ള പലരും അവിടെയുണ്ടാകും. തേങ്ങുന്ന മനസ്സോടെ നമ്മെ ഒന്ന് നോക്കി, മുറിഞ്ഞുപോകുന്ന വാക്കുകളോടെ നമ്മുടെ കുടുംബത്തെ ഒന്ന് ആശ്വസിപ്പിച്ചുകൊണ്ട് വന്നവരെല്ലാം മാറിനിൽക്കും. കുറച്ചുകഴിയുമ്പോൾ അധികാരപ്പെട്ട ആരെങ്കിലും ചോദിക്കും ‘കൊണ്ടുപോകാൻ സമയമായില്ലേ’ എന്ന്. താൻ ലക്ഷങ്ങളും കോടികളും മുടക്കി പടുത്തുയർത്തിയ തന്റെ മണിമാളിക, സ്വരുക്കൂട്ടിയ സമ്പത്ത്, ദുനിയാവിലെ മറ്റു വിഭവങ്ങൾ എല്ലാം വിട്ടേച്ചുപോകുകയാണ്.
നമ്മെ പത്തുമാസം ചുമന്ന് നൊന്തുപ്രസവിച്ച ഉമ്മയുണ്ടാകും അവിടെ. ഏത് വിഷമാവസ്ഥയിലും താങ്ങും തണലുമായി ഉണ്ടായിരുന്ന ഭാര്യയുണ്ടാകും അവിടെ. ജീവനുതുല്യം സ്‌നേഹിച്ച മക്കളുണ്ടാകും അവിടെ. അവരാരും പറയില്ല ‘എന്റെ മകനെ,’ ‘എന്റെ ഭർത്താവിനെ,’ ‘എന്റെ ഉപ്പയെ’ കൊണ്ടുപോകല്ലേ എന്ന്. മയ്യിത്തു കട്ടിലിൽ നാലോ ആറോ ആളുകളുടെ ചുമലിലായി നമ്മൾ പോകുന്നതും നോക്കി പൊട്ടിക്കരഞ്ഞ്, നിസ്സഹായതയോടെ നോക്കിനിൽക്കാനല്ലാതെ അവർക്കാർക്കും യാതൊന്നും ചെയ്യാൻ കഴിയില്ല. അങ്ങനെ പള്ളിയിലെത്തി നമസ്‌കാരം കഴിഞ്ഞാൽ ആറടി മണ്ണിലേക്ക് ഇറക്കിവെക്കും. മണ്ണിട്ടു മൂടും. തസ്ബീത്ത് ചൊല്ലൽ മതിയാക്കി ഓരോരുത്തരം മടങ്ങും. ഏറ്റവും അവസാനം സ്വന്തക്കാരും തിരിച്ചുപോകും. ഒരു ഉപ്പയും ചിന്തിക്കില്ല എന്റെ മകൻ തനിച്ചേയുള്ളൂ, അവന് പേടിയാകും എന്ന്. ഒരു മകനും പറയില്ല, എന്റെ ഉപ്പാക്ക് ഞാൻ കൂട്ടിരിക്കാം എന്ന്. നമ്മൾ അവിടെ തനിച്ചാണ്. ആലോചിക്കുക; ഈ ഒരു നിമിഷത്തേക്ക് വേണ്ടി നാം ഒരുങ്ങിയിട്ടുണ്ടോ?
തെറ്റുകളിൽനിന്ന് പശ്ചാത്തപിച്ചു മടങ്ങണമെന്നും ഒരുപാട് സൽകർമങ്ങൾ ചെയ്യണമെന്നും ആഗ്രഹിക്കുകയും എന്നാൽ, ഇനിയും സമയമുണ്ടല്ലൊ, പിന്നീട് ഞാൻ ചെയ്‌തോളാം എന്നു കരുതി അതെല്ലാം നീട്ടിവെക്കുന്നവരുമായ മനുഷ്യരുണ്ട്.
കഷ്ടം തന്നെ! മരിക്കാൻ ഇഷ്ടമില്ല, സൽകർമങ്ങൾ ചെയ്യാനും ഒരുക്കമല്ല. അല്ലാഹുവിന്നായുള്ള കർമങ്ങൾ പിന്നേക്കു വെക്കുന്ന മനുഷ്യൻ ദുനിയാവിന്റെ ഒരു പ്രവൃത്തിയും മാറ്റിവെക്കുന്നതേയില്ല. മുഴുവൻ മനുഷ്യർക്കും അല്ലാഹു നിർണയിച്ച് തന്നിട്ടുള്ള ആ ഉറപ്പുള്ള നിമിഷത്തിൽനിന്ന് അശ്രദ്ധമായി ജീവിക്കാൻ നമുക്ക് എങ്ങനെയാണ് കഴിയുന്നത്?
മഹാനായ സ്വഹാബിവര്യൻ അംറുബ്‌നുൽ ആസ്വ്(റ) മരണാസന്നനായ വെളിയിൽ അദ്ദേഹത്തോട് മകൻ ചോദിച്ചു: ‘പിതാവേ, താങ്കൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘മരണത്തെ വിശദീകരിക്കാനാകില്ല മോനേ. എന്റെ കഴുത്തിൽ റദ്‌വാ പർവതത്തിന്റെ ഭാരമനുഭവപ്പെടുന്നു. എന്റെ വയറിനുള്ളിൽ മുൾമുനകളുടെ വേദന തിങ്ങിനിറയുന്നു. ഇടുങ്ങിയ സൂചിക്കഴയിലൂടെയെന്നപോലെ എന്റെ ആത്മാവ് പുറത്തേക്ക് പോകുന്നു...’
വിശദീകരണങ്ങളുടെയോ തർക്കത്തിന്റേയോ ആവശ്യമില്ലാത്ത വസ്തുതകളിലൊന്നാണ് മനുഷ്യൻ തന്റെ ജീവിതത്തിൽ മരണത്തെക്കാൾ മറ്റൊന്നിനെയും ഭയപ്പെടുന്നില്ല എന്നത്. ‘മരണം’ എന്ന വാക്കിനെ പോലും എല്ലാവരും വെറുക്കുന്നു. തങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരും തമ്മിലുള്ള വേർപിരിയലായാണ് പലരും മരണത്തെ കാണുന്നത്. അതിനുശേഷം ഇവിടെ ഒരു പുനഃസമാഗമമില്ല. മരണം എല്ലായ്‌പ്പോഴും ഒരു കയ്‌പ്പേറിയ തിരിച്ചറിവാണ്. ഒരു വലിയ ഓർമപ്പെടുത്തലും ആവർത്തിച്ചുള്ള ഭയാനകമായ ചിന്തയുമാണ് മരണം. അതുകൊണ്ടുതന്നെ മരണവഴിയിൽനിന്ന് മാറി നടക്കാനാണ് നാം ശ്രമിക്കുന്നത്. അതിനെക്കുറിച്ചുള്ള ഓർമയിൽനിന്നു പോലും ഓടിയൊളിക്കുകയാണ് നാം. മരണത്തെ നാം മറന്നാൽ മരണം നമ്മെയും മറക്കും എന്ന വ്യാമോഹത്തിലാണ് എല്ലാവരും. മരണത്തെ മറന്നും അവഗണിച്ചും ജീവിച്ചാൽ അല്ലാഹു നമുക്കായി നിശ്ചയിച്ചു വച്ചിട്ടുള്ള മരണസമയത്തിൽനിന്നും നാം രക്ഷപ്പെടുമോ? സത്യത്തിൽ, മരണം നമ്മുടെ നടവഴിയിൽ തന്നെയുണ്ട്. അത് നമ്മെ കണ്ടുമുട്ടുവാനുള്ള സമയത്തിനായി കാത്തുനിൽക്കുകയാണ്. അതായത്, ആകാശഭൂമികളുടെ നാഥൻ നിശ്ചയിച്ചു നൽകിയ ആ സമയത്തിന് വേണ്ടി! ജീവിതത്തിലെ ഏതു നിമിഷത്തിലും അനുവാദം ചോദിക്കാതെ കടന്നുവരുന്ന ഒരു അതിഥിയാണ് മരണം. അത് എപ്പോൾ വരുമെന്നോ എങ്ങനെ വരുമെന്നോ ഒരാൾക്കും നിർണയിച്ച് പറയാൻ കഴിയില്ല. ചിന്തിക്കുക, നാം ആ ഒരു നിമിഷത്തിനു വേണ്ടി ഒരുങ്ങിയിട്ടുണ്ടോ എന്ന്.
ശ്രദ്ധയും അതീവ ജാഗ്രതയും വേണ്ട നിമിഷമാണത്. മരണവെപ്രാളത്തിലെത്തിയാൽ മനുഷ്യൻ ചിന്തിച്ചുപോകാൻ സാധ്യതയുള്ള ചില വേവലാതികളുണ്ട്: അല്ലാഹുവേ ഈ ആയുസ്സ് അവസാനിച്ചുവെന്നോ? ഈ ജീവിതമുപേക്ഷിച്ച് ഞാനിതാ പോകുന്നുവെന്നോ? പിന്നേക്കുവച്ച ഒന്നിനെയും പ്രാപിക്കാനാകാത്ത വിധം അവസരങ്ങളെല്ലാം നിലച്ചുപോയെന്നോ? കുടുംബവും സമ്പത്തും ഇനി എന്തായിത്തീരും? മക്കൾക്കും സമ്പത്തിനുമൊക്കെ ഇനി എന്തു സംഭവിക്കും? ഉദ്യോഗങ്ങളും ഉത്തരവാദിത്തങ്ങളും ഇനി എങ്ങനെയായിത്തീരും? പശ്ചാത്തപിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും ഇതുവരേയും ഞാൻ സമയം കാത്തിരിക്കുകയായിരുന്നു. ക്വുർആൻ പഠിക്കാനും പാരായണം ചെയ്യാനും അവസരങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അല്ലാഹുവിന് ധാരാളം ദിക്‌റുകൾ ചൊല്ലാനുള്ള സാഹചര്യത്തിനായി നോക്കിയിരിക്കുകയായിരുന്നു. സത്യമായും യാത്രയ്ക്കുള്ള സമയമായെന്നോ?
മരണം വന്നെത്തുന്നതിന് മുമ്പേ വേണ്ടതായിരുന്നു ഈ ചിന്തകളെല്ലാം. നല്ലവണ്ണം സൽകർമങ്ങളിൽ അധ്വാനിച്ചവൻ ഖേദിക്കുന്നത്, ഇതിലും കൂടുതൽ സമ്പാദിക്കാൻ കഴിയാതെപോയല്ലൊ എന്നായിരിക്കും. സൽകർമങ്ങളിൽ വീഴ്ചകൾ വരുത്തിയവൻ ഖേദിക്കുന്നത്, മുമ്പേ ഞാനിതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ലല്ലൊ എന്നാകും. അതെ, ഖേദത്തിന്റെ നിമിഷമാണത്.
(അവസാനിച്ചില്ല)

