ആരാണ് ഭീകരവാദികൾ?
അബ്ദുല്ല അൻസാരി
2025 മെയ് 17, 1446 ദുൽഖഅദ് 19

ഒന്നാം ലോകമഹായുദ്ധവും ലോകമഹായുദ്ധവും നടന്നതിനു പിന്നിൽ മുസ്‌ലിംകളായിരുന്നില്ല. ഇരുപത് മില്യൺ പ്രാക്തന ആസ്‌ത്രേലിയക്കാരെ കൊന്നത് മുസ്‌ലിംകളായിരുന്നില്ല. വടക്കൻ അമേരിക്കയിൽ നൂറ് മില്യൺ അമേരിക്കൻ ആദിമ ജനതയെ കൊന്നൊടുക്കിയതും മുസ്‌ലിംകളായിരുന്നില്ല. തെക്കേ അമേരിക്കയിൽ 50 മില്യൺ റെഡ് ഇന്ത്യൻസിനെ കൊന്നൊടുക്കിയതും 180 മില്യൺ ആഫ്രിക്കൻ റൂമികളെ അടിമകളാക്കിയതും തുടർന്ന് മില്യൺ കണക്കിന് കറുത്ത വർഗക്കാരെ ബന്ധനസ്ഥരാക്കി യൂറോപ്പിലെ അടിമച്ചന്തയിൽ വില്പനയ്ക്കുവച്ച്; ലോകത്തുടനീളമുണ്ടായിരുന്ന, കൈയൂക്കിലൂടെയും ചതിയിലൂടെയും കയ്യടക്കിയ തോട്ടങ്ങളിലും വൻവ്യവസായശാലകളിലും യൂറോപ്യന്മാരുടെ അടുക്കളകളിലും അടിമപ്പണി ചെയ്യിച്ച് അവരുടെ ചോരയും നീരും ഊറ്റികുടിച്ചത് മുസ്‌ലിംകളായിരുന്നില്ല. അറ്റ്‌ലാനറിക്കയിലെ 88% ജനങ്ങളെ കൊന്നത് മുസ്‌ലിംകളായിരുന്നില്ല.
കോടിക്കണക്കിന് മനുഷ്യരെ നിഷ്ഠൂരം കൊന്നൊടുക്കിയ ലെനിനും ജോസഫ് സ്റ്റാലിനും പോൾപോട്ടും മുസ്‌ലിംകളായിരുന്നില്ല. ഹിറ്റ്‌ലറും മുസ്സോളിനിയും മുസ്‌ലിംകളായിരുന്നില്ല. കിംവദന്തികളിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും ഒരു സഹസ്രാബ്ദത്തോളം യൂറോപ്പിലുടനീളം ജൂതന്മാരെ കൊന്നൊടുക്കിയത് മുസ്‌ലിംകളായിരുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റ രാത്രികൊണ്ട് കൊന്നൊടുക്കിയതും മുസ്‌ലിംകളായിരുന്നില്ല...
ഇതെല്ലാം ചെയ്തുകൂട്ടിയത് ‘കാസ’യുടെയും ‘ദീപിക’യുടെയും പൂർവികരും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും കപടവക്താക്കളായ സഭാമേധാവികളും ചേർന്നായിരുന്നു എന്നത് ചരിത്ര രേഖകളാണ്.
കീഴടങ്ങാൻ തയ്യാറാകാത്ത ആത്മാഭിമാനികളായ ചൈനക്കാരുടെ ആത്മവീര്യം ചോർത്താനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിൽ വ്യാപകമായി ലഹരി മരുന്നുകൾ ഉല്പാദിപ്പിച്ച് അവിടേക്ക് ഒളിച്ചുകടത്തി അവരെ ഷണ്ഡീകരിച്ച് കീഴ്‌പ്പെടുത്തിയത് കാസയുടെ മുൻഗാമികളാണ്. ‘ഓപിയം വാർ’ എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച ഈ ക്രൂരവിനോദത്തിന് നേതൃത്വം നൽകിയത് ക്രിസ്ത്യൻ മിഷണറിമാരായിരുന്നു. ഇത്തരത്തിൽ, തങ്ങൾ പണ്ട് ചെയ്തുകൂട്ടിയ കൊടുംക്രൂരതകൾ മറ്റുള്ളവരും ചെയ്തിട്ടുണ്ട് എന്ന് വരുത്തി ആത്മസായൂജ്യമടയുന്നവർ മറ്റൊരു രൂപത്തിൽ ഭീകരത വീണ്ടും ആവർത്തിക്കുകയാണ്. തങ്ങളിൽ ഇല്ലാത്ത മൂല്യങ്ങളെ കുറിച്ചും ഉള്ള തിന്മകൾക്കെതിരെയുമായിരിക്കും ഒരാൾ കൂടുതൽ വാചാലനാവുക എന്നത് ഒരു മനഃശാസ്ത്ര സത്യമാണ്. കടന്നുവന്നവനാണ് ഇതരന്റെ ദേശക്കൂറ് ചോദ്യം ചെയ്യുക. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നവരാണ് ഇടയ്ക്കിടെ ‘ദൈവങ്ങളെ’ കൂട്ടുപിടിച്ച് സത്യം ചെയ്യുന്നത്. കെട്ടതോ തകർന്നതോ ആയ തറവാടിന്റെ പ്രതിനിധിയാണ് തറവാട്ടു മഹിമയിൽ ഊറ്റം കൊള്ളുക. ചെത്തിമിനുക്കിയ മൊഞ്ചുള്ള പദപ്രയോഗങ്ങളിലൂടെ വിപണനം ചെയ്യപ്പെടുന്ന ഉത്പന്നത്തിലാണ് വഞ്ചന ഒളിഞ്ഞിരിക്കുന്നത്. സ്‌നേഹത്തിനും സമാധാനത്തിനുമെതിരെ പുറംതിരിഞ്ഞു നിന്നവനാണ് അവയെക്കുറിച്ച് ഏറെ വാചാലമാവുക.

ജനാധിപത്യവും മനുഷ്യാവകാശ സങ്കല്പങ്ങളും വികാസം പ്രാപിച്ചുവെന്ന് അവകാശപ്പെടുന്ന ആധുനിക യുഗത്തിലും തീവ്ര ഇവാഞ്ചലിസ്റ്റ് ഉള്ളടക്കമുള്ള അമേരിക്കൻ ഭരണകൂടം 80ൽ അധികം രാഷ്ട്രങ്ങളിൽ അധിനിവേശം തുടരുന്നുവെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ സ്റ്റെഫാനി സാവെൽ (Stephanie Savell) വസ്തുനിഷ്ഠമായ ഡേറ്റകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘കോസ്റ്റ്‌സ് ഓഫ് വാർ’ പ്രോജക്ട് ഡയറക്ടറാണ് അവർ. ഭീകരതക്കെതിരെയുള്ള പോരാട്ടം എന്ന പേരിലാണ് ഇക്കൂട്ടർ ഇത്രയധികം രാഷ്ട്രങ്ങളിൽ അധിനിവേശം നടത്തി ഭീകര പ്രവർത്തനം നടത്തുന്നതും തദ്ദേശീയരെ കൊന്നൊടുക്കുന്നതും. ലക്ഷ്യം സാമ്പത്തിക, സാമ്രാജ്യത്വ, ആധിപത്യ, മിഷണറി താൽപര്യങ്ങൾ സ്ഥാപിച്ചെടുക്കുക എന്നതും.
സമൃദ്ധമായ പ്രൊപ്പഗണ്ടയിലൂടെ ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും പിന്നീട് തല്ലിക്കൊല്ലാനും പണ്ടേ സാമർഥമുള്ളവരാണ് സഭാ മേധാവികളും മിഷണറി അജണ്ട ഉള്ളിലൊളിപ്പിച്ച പാശ്ചാത്യൻ കൊളോണിയലിസവും. ആദ്യം ഇരകളിൽ ഭിന്നിപ്പ് സൃഷ്ടിച്ച്, ഒരു വിഭാഗത്തെ മോഹന വാഗ്ദാനങ്ങൾ നൽകി ഒപ്പം നിറുത്തി, സമർഥമായി ഉപയോഗപ്പെടുത്തി ഇതരവിഭാഗത്തെ ഇല്ലാതാക്കും. കാര്യം സാധിച്ചുകഴിഞ്ഞാൽ ഒപ്പം നിന്നവന്റെയും കാലുവാരി കഥ കഴിക്കും. ലോകത്തുടനീളം സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത് ഏകധ്രുവലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നതും ഇതേ കുതന്ത്രങ്ങൾ ഉപയോഗിച്ചാണ്.

