സൂംബാ ഡാൻസിനെ എന്തിന് എതിർക്കണം?
സമീർ മുണ്ടേരി
2025 ജൂലൈ 12, 1447 മുഹറം 16

ഇസ്‌ലാമിനെ എതിർക്കാനും ഇല്ലാതാക്കാനും എല്ലാ കാലത്തും ശത്രുക്കൾ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്‌ലാം തളരാത്തതിന്റെ കാരണം അത് ദൈവിക മതമാണ് എന്നതാണ്. ഈ ദൈവിക മതമാകുന്ന പ്രകാശത്തെ ആരെല്ലാം ഊതിക്കെടുത്താൻ ശ്രമിച്ചാലും അത് വൃഥാവിലാകും എന്നാണ് അല്ലാഹുവിന്റെ പ്രഖ്യാപനം. അല്ലാഹു പറയുന്നത് നോക്കൂ: “അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂർണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും’’ (ക്വുർആൻ 9:32).
എന്താണ് നമ്മുടെ റോൾ?
ഇഹലോകത്ത് ജീവിക്കാൻ അല്ലാഹു നമുക്ക് അവസരം നൽകിയത് അവന്റെ കൽപനകൾ പാലിച്ചു ജീവിക്കാനാണ്. അല്ലാഹു പറയുന്നു: “നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (ക്വുർആൻ 67: 2).
എങ്ങനെ ജീവിക്കണം എന്നു നമുക്ക് കാണിച്ചുതരാനും പഠിപ്പിക്കാനുമായി അല്ലാഹു നമ്മിലേക്ക് നിയോഗിച്ച പ്രവാചകനാണ് മുഹമ്മദ്ﷺ. 23 വർഷത്തെ പ്രവാചകത്വ ജീവിതത്തിലുടെ പരിശുദ്ധ മതം അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദ്ദേഹം പൂർത്തീകരിച്ചു. വിശ്വാസകാര്യങ്ങളും അനുഷ്ഠാന കാര്യങ്ങളും പെരുമാറ്റ മര്യാദകളുമെല്ലാം അവിടുന്ന് കൃത്യമായി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ക്വുർആനിലൂടെയും സുന്നത്തിലൂടെയും സലഫുകൾ നമുക്ക് കൈമാറിയ ദീൻ അനുസരിച്ച് കഴിവിന്റെ പരമാവധി ഭക്തിയോടെ ജീവിക്കുക എന്നതാണ് നമ്മുടെ കടമ.
പരീക്ഷണങ്ങളും പ്രതിസന്ധികളും കൂടെയുണ്ടാകും
സ്വർഗം വെറുതെ ലഭിക്കില്ലെന്ന് ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടി വരും. പതറാതെ പിടിച്ചു നിൽക്കാൻ വിശ്വാസിക്ക് സാധിക്കണം. അവസാനകാലം വരുമ്പോൾ വിശ്വാസത്തോടെ ജീവിക്കുന്നവർക്ക് തീക്കനൽ കൈയിൽ പിടിച്ച അവസ്ഥയായിരിക്കുമെന്ന് നബി ﷺ പറഞ്ഞത് അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാമുള്ളത്. മുസ്‌ലിമായി ജിവിക്കാൻ നമുക്ക് പ്രയാസമില്ലെങ്കിലും പരിഹാസങ്ങളും വെല്ലുവിളികളും ചുറ്റിൽനിന്നും നാം കേൾക്കുന്നുണ്ട്.
വളർന്നുവരുന്ന തലമുറയെ ധാർമിക-സദാചാര മാർഗത്തിൽനിന്ന് അകറ്റുക, ലിബറൽ ചിന്തയുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജെന്റർ ന്യൂട്രാലിറ്റി വിഷയം ഭരണകൂടം കൊണ്ടുവന്നത് നമുക്കറിയാം. മുസ്‌ലിം നേതൃത്വം ഒരുമിച്ചുനിന്ന് അതിനെതിരെ ആശയ പോരാട്ടം നടത്തിയതിന് കേരളം സാക്ഷ്യം വഹിച്ചു. ഇരുട്ടിലേക്ക് സമൂഹത്തെ കൊണ്ടുപോകാനുളള ശ്രമത്തിനു നേരെ ഒരുമിച്ച് നാം ശബ്ദ മുയർത്തിയത് സുന്ദര മാതൃകയാണ്. പല മേഖലകളിലും ആശയപരമായ അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും മുസ്‌ലിം ഉമ്മത്തിനെ ബാധിക്കുന്ന പൊതു തിന്മക്കെതിരെ ഒരുമിച്ചു നിൽക്കാൻ സാധിച്ചത് ജെന്റർ പൊളിറ്റിക്‌സ് എന്താണ് എന്ന് കൃത്യമായി പഠിച്ചു എന്നതിനു തെളിവാണ്.
സൂംബാ ഡാൻസ്
കുട്ടികളുടെ സ്‌ട്രെസ്സ് കുറക്കുക, ലഹരി വസ്തുക്കളിൽ നിന്നും അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണത്രെ സൂംബ ഡാൻസ് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നത്. കൃത്യമായ പഠനങ്ങളോ കൂടിയാലോചനകളോ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമോ ഇല്ലാതെയാണ് ഇത് നടപ്പിലാക്കിയതെന്ന് എല്ലാവർക്കുമറിയാം. അതിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെയാണ് സമുദായ നേതാക്കളിൽ പലരും അതിനെ അനുകൂലിച്ച് പ്രസ്താവനയിറക്കിയത്. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഇത് എന്ന് മനസ്സിലാക്കിയ, ഇതര മതസ്ഥരും ഇതിനെതിരെ നിലപാട് വ്യക്തമാക്കിയത് നാം കണ്ടു.
മക്കളെ തിരുത്തണം
വളർന്നുവരുന്ന നമ്മുടെ കുട്ടികൾ; തിന്മയുടെ കൂത്തരങ്ങുകളാണ് അവരുടെ ചുറ്റുമുളളത്. അവർക്ക് നന്മയേതാണ് തിന്മയേതാണ് എന്നു പഠിപ്പിക്കേണ്ടത് നമ്മളാണ്. ലിബറലുകളുടെ ലക്ഷ്യം നമ്മുടെ മക്കളാണ് എന്നത് നാം മറക്കരുത്. ഇന്ന് തിന്മയെ തിന്മയെന്നു വിളിച്ചു പറയാൻ കുറച്ചു പേരുണ്ട് എന്നത് സത്യമാണ്. എന്നാൽ നാളെയോ? നമ്മുടെ മക്കളെ ധാർമികമായി വളർത്തിയില്ലെങ്കിൽ വരും തലമുറയോട് നാം കാണിക്കുന്ന ഏറ്റവും വലിയ അനീതി അതായിരിക്കും. അതുകൊണ്ട് മക്കളെ നാം തിരുത്തണം. അവർ കലാലയങ്ങളിൽ പോകുന്നത് അറിവും വിവേകവും നേടി സമൂഹത്തിനും കുടുംബത്തിനും നാടിനും ഉപകാരപ്പെടുന്നവരാകാൻ വേണ്ടിയാണ്. ഇത്തരം ഡാൻസും പാട്ടുമൊക്കെ ഡിജെ പാർട്ടിയിലേക്കും ലഹരിയിലേക്കുമാണ് നയിക്കുക എന്ന തിരിച്ചറിവ് നമുക്കു വേണം.
പ്രവാചകന്റെ പള്ളിയിൽ നിന്നും സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞയുടൻ ഒരാൾ എഴുന്നേറ്റ് പോകുന്നു. കാര്യമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ‘എന്റെ അയൽവാസിയുടെ വീട്ടിലെ ഈത്തപ്പഴം എന്റെ മുറ്റത്തേക്ക് വീഴാറുണ്ട്. മക്കൾ എഴുന്നേറ്റുവന്ന് അത് അറിയാതെ കഴിക്കുന്നതിനു മുമ്പ് അയൽവാസിയുടെ പറമ്പിലേക്ക് അത് എടുത്തുവെക്കാനാണ് ഞാൻ വേഗം പോകുന്നത്’ എന്നായിരുന്നു. മക്കളുടെ വിഷയത്തിൽ എത്രമാത്രമാണ് മുൻഗാമികൾ ശ്രദ്ധിച്ചത് എന്നു മനസ്സിലാക്കാൻ ഇതിനെക്കാൾ മറ്റൊരു ഉദാഹരണം ആവശ്യമില്ല.
വിശുദ്ധ ക്വുർആനിലെ ഒരു അധ്യായത്തിന്റെ പേര് ‘ലുക്മാൻ’ എന്നാണ്. ലുക്മാനുൽ ഹകീം തന്റെ മകന് നൽകുന്ന ധാരാളം ഉപദേശങ്ങൾ ആ അധ്യായത്തിൽ നമുക്ക് വായിക്കാൻ സാധിക്കും. ആരെ ആരാധിക്കണം, ആരാധനകളോടുളള സമീപനം എങ്ങനെയാകണം, മറ്റുള്ളവരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണം എന്നിങ്ങനെ ഒരുപാട് ഉപദേശങ്ങൾ അദ്ദേഹം മകന് പകർന്നുകൊടുക്കുന്നത് കാണാം. ഇതായിരിക്കണം നമ്മുടെയും വഴി.
എന്തിന് എതിർക്കുന്നു?
എന്തിന് നിങ്ങൾ സൂംബെയ എതിർക്കുന്നു, അതൊരു ഡാൻസല്ലേ, പാട്ടല്ലേ, വ്യായാമമല്ലേ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. കുട്ടികൾ കുറച്ചുസമയം ആടിപ്പാടിയാൽ എന്താണ് പ്രശ്‌നം എന്നാണ് ചിലർ ചിന്തിക്കുന്നത്. അല്ലാഹുവിനെയും റസൂലിനെയും അംഗീകരിച്ച് ജീവിക്കുന്ന മുസ്‌ലിമിന് എങ്ങനെയാണ് മതത്തിന്റെ ശാസനകളെ അവഗണിച്ച് ജീവിക്കാൻ സാധിക്കുക? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പുറത്തുവന്ന വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചാൽ തന്നെ അതിലുളള അനിസ്‌ലാമികത നമുക്ക് മനസ്സിലാക്കാൻ കഴിയും. അതാണ് കുട്ടികൾക്ക് പഠിക്കാനായി നൽകിയത്. യൂനിഫോം ധരിച്ചാണല്ലോ കുട്ടികളുടെ ഡാൻസ് എന്ന ന്യായീകരണം അപ്രസക്തമാണ്. ലഹരിക്കെതിരെ എന്ന പേരിൽ സംഗീതത്തിന്റെ അകമ്പടിയോടെ ദിവസേന ഡാൻസ് ചെയ്താൽ ഡാൻസും സംഗീതവും ഒരു ലഹരിയായി മാറും, അത് വളർന്ന് ഡിജെ പാർട്ടിയിലേക്കെത്തും, അവിടെയെത്തിയാൽ ലഹരിയില്ലാതെ എന്ത് കളി?
പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യതിരിക്തമാക്കുന്ന വിശിഷ്ട ഗുണമാണ് ലജ്ജ എന്നത്. തിന്മകളിൽനിന്ന് മാറി നിൽക്കാൻ മനുഷ്യന് പ്രേരണ നൽകുന്നതിൽ ലജ്ജാശീലത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് പ്രവാചകന്മാർ ലജ്ജയെക്കുറിച്ച് തങ്ങളുടെ സമൂഹത്തെ ബോധവത്ക്കരിച്ചത്..
അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം, നബിﷺ പറഞ്ഞു: “പ്രവാചകൻമാരുടെ ആദ്യകാല അധ്യാപനങ്ങളിൽ ഒന്ന് ഇതാണ്: ‘നിങ്ങൾക്ക് ലജ്ജയില്ലെങ്കിൽ നിങ്ങൾക്ക് തോന്നുംപോലെ പ്രവർത്തിച്ചുകൊള്ളുക’’(ബുഖാരി).
നബിﷺ പറഞ്ഞു: “എല്ലാ ദീനിനും ഒരു സ്വഭാവമുണ്ട്. ഇസ്‌ലാമിന്റെ സ്വഭാവം ലജ്ജയാണ്.’’ മറ്റൊരു ഹദീസ് ഇപ്രകാരമാണ്: “നബിﷺയുടെ അടുക്കൽ ലജ്ജയെ കുറിച്ച് പറയപ്പെട്ടു. അപ്പോൾ സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ലജ്ജ ദീനിൽ പെട്ടതാണോ?’ അപ്പോൾ നബിﷺ പറഞ്ഞു: ‘അതെ, ദീൻ മുഴുവൻ അതാണ് (ലജ്ജയാണ്).’’
ലജ്ജ നശിച്ചാൽ നശിക്കുന്നത് നമ്മുടെ ഈമാനാണ് (വിശ്വാസമാണ്). ഇബ്‌നു ഉമറിൽ(റ)നിന്ന് നിവേദനം, നബിﷺ പറഞ്ഞു: “തീർച്ചയായും ലജ്ജയും ഈമാനും പരസ്പരം ബന്ധിക്കപ്പെട്ടതാണ്. രണ്ടിൽ (ഏതെങ്കിലും) ഒന്ന് ഉയർന്നാൽ മറ്റേതും ഉയരും’’ (അദബുൽ മുഫ്‌റദ്).
നമ്മുടെ റബ്ബിന് ഇഷ്ടമുളള സ്വഭാവ ഗുണമാണ് ലജ്ജ എന്ന് ഹദീസുകളിൽ കാണാം. ഇബ്‌നു അബ്ബാസിൽ(റ)നിന്ന് നിവേദനം: “അഷജ്ജിൽ അസ്വരിയ്യോട് നബിﷺ പറഞ്ഞു: ‘തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവം നിന്നിലുണ്ട്. സഹനവും ലജ്ജയുമാണത്’’ (ഇബ്‌നുമാജ).
ഇസ്‌ലാമിന്റെ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്ന നമ്മുടെ മക്കൾ പരസ്യമായി ഡാൻസിലും സംഗീതത്തിലും പങ്കുചേരുന്നത് അവരുടെ ലജ്ജ നശിക്കാൻ കാരണമാണ് എന്നു പറയേണ്ടതില്ലല്ലോ. കാരണം അതെല്ലാം മതം തിന്മയാണ് എന്നു പഠിപ്പിച്ചതാണ്. തിന്മയാണ് എന്ന തിരിച്ചറിവാണ് അത്തരം കാര്യങ്ങളിൽനിന്നും അകന്നു നിൽക്കാൻ നമുക്ക് ശക്തി നൽകുക എന്നത് പ്രത്യേകം വിശ്വാസി മനസ്സിലാക്കണം.
സൂംബയും സംഗീതവും
അധൂനിക പഠനങ്ങൾ പ്രകാരം മനുഷ്യരെ അവർ ചിന്തിക്കാത്ത രീതിയിൽ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സംഗീതം. ഇസ്‌ലാം സംഗീതത്തെക്കുറിച്ച് പഠിപ്പിക്കുന്നത് നിഷിദ്ധം (ഹറാം) എന്നുതന്നെയാണ്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ അതിൽ ഇജ്മാഅ് രേഖപ്പെടുത്തിയതും കാണാം. സംഗീതം നിഷിദ്ധം എന്നു പറയുമ്പോൾ കേവലം പാട്ടു പാടുന്നതിനെ പോലും എതിർക്കുന്ന മതമാണ് ഇസ്‌ലാം എന്നു തെറ്റിദ്ധരിക്കരുത്. നബിﷺയുടെ സ്വഹാബികളും കവിതകൾ ആസ്വദിച്ചത് ചരിത്രം വായിക്കുമ്പോൾ മനസ്സിലാകും. ഹസ്സാൻ ഇബ്‌നു സാബിത്(റ), ആമിർ ഇബ്‌നു അക്‌വഅ്(റ), അൻജഷ(റ) പോലുള്ളവരുടെ ഒറ്റക്കുള്ള ആലാപനങ്ങളുണ്ടായിരുന്നു.
അനസ്(റ) പറയുന്നു: “അല്ലാഹുവിന്റെ റസൂൽﷺ ഖന്ദക്വിലേക്ക് പുറപ്പെട്ടു. അപ്പോൾ തണുപ്പുള്ള പ്രഭാതത്തിൽ മുഹാജിറുകളും അൻസ്വാറുകളും കിടങ്ങ് കുഴിക്കുകയായിരുന്നു. ഈ പ്രവൃത്തി ചെയ്യാൻ അവർക്ക് അടിമകളില്ലായിരുന്നു. അവരുടെ ക്ഷീണവും വിശപ്പും കണ്ടപ്പോൾ നബിﷺ ഇങ്ങനെ പാടി: ‘അല്ലാഹുമ്മ ലാ അയ്ഷ ഇല്ലാ അയ്ഷുൽ ആഖിറ ഫഗ്ഫിരിൽ അൻസ്വാറ വൽ മുഹാജിറ...’ (അല്ലാഹുവേ, പരലോക ജീവിതമാണ് യഥാർഥ ജീവിതം, അൻസ്വാറുകൾക്കും മുഹാജിറുകൾക്കും പൊറുത്തുകൊടുക്കേണമേ). അതിന് മറുപടിയായി അവരിങ്ങിനെ പാടി: ‘നഹ്‌നുല്ലദീന ബായഊ മുഹമ്മദാ, അലൽ ജിഹാദി മാ ബക്വീനാ അബദാ...’ (മുഹമ്മദ് നബിയോട് കരാർ ചെയ്തവരാണ് ഞങ്ങൾ; ജീവിച്ചിരിക്കുന്ന കാലമത്രയും ജിഹാദ് ചെയ്യാമെന്ന്)’’ (ബുഖാരി: 2834).
ഇസ്‌ലാം എതിർക്കുന്നത് സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതമാണ്. വിശുദ്ധ ക്വുർആനിലെ ആയത്തുകളെ അടിസ്ഥാനമാക്കി മുഫസ്സിറുകൾ വാദ്യോപകരങ്ങൾ ഉപയോഗിച്ചുളള സംഗീതം നിഷിദ്ധമാണ് എന്ന് വിവരിച്ചതായി കാണാം. നബി ﷺയുടെ വചനങ്ങളിലൂടെയും അത് വ്യക്തമാണ്.
സൂറത്തു ലുക്മാനിൽ അല്ലാഹു ഇപ്രകാരം പറഞ്ഞു: “യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദ വാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്’’ (ക്വുർആൻ 31:6).
ഈ ആയത്തിൽ പരാമർശിക്കപ്പെട്ട ‘ലഹ്’വുൽ ഹദീസ്’ എന്നതിന് മിക്ക ക്വുർആൻ വ്യാഖ്യാതാക്കളും നൽകുന്ന വിശദീകരണം ‘സംഗീതം’ എന്നാണ്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘അത് (വിനോദ വാർത്തകൾ) സംഗീതമാണ് ‘(അദബുൽ മുഫ്‌റദ്). ഈ ആയത്ത് വിശദീകരിച്ച് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘അവനല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ അല്ലാഹു തന്നെ സത്യം, അത് സംഗീത ഉപകരണങ്ങളാകുന്നു.’ ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചു’’ (തഫ്‌സീർ ഇബ്‌നു കസീർ).
ഇമാം മുജാഹിദ്(റഹി) പറഞ്ഞു: “വിനോദമെന്നാൽ ചെണ്ട വാദ്യമാണ്’’ (തഫ്‌സീർ ത്വബ്‌രി 21/40). ഇമാം ഹസനുൽ ബസ്വരി(റഹി) പറഞ്ഞു: “ഈ ആയത്ത് അവതരിച്ചത് വാദ്യോപകരണത്തിന്റെയും സംഗീതത്തിന്റെയും വിഷയത്തിലാണ്’’ (തഫ്‌സീർ ഇബ്‌നു കസീർ 3/451). ശൈഖ് സഅദി(റഹി) പറഞ്ഞു: “ഇതിൽ എല്ലാവിധ നിഷിദ്ധ സംസാരങ്ങളും (കളവ്, ഏഷണി, പരിഹാസം...) പിശാചിന്റെ സംഗീതവും ഉൾപ്പെടുന്നു’’ (തഫ്‌സീർ സഅദി 6/150).
ഇനി നബിവചനങ്ങൾ നോക്കിയാൽ അതിലും നിഷിദ്ധമാണ് എന്നു ബോധ്യപ്പെടുത്തുന്ന വാചകങ്ങൾ വായിക്കാൻ സാധിക്കും.
നബിﷺ പറഞ്ഞു: “വ്യഭിചാരവും സംഗീതോപകരണങ്ങളും പുരുഷന്മാർക്ക് പട്ടും മദ്യപാനവും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായിത്തീരുക തന്നെ ചെയ്യും’’ (ബുഖാരി:5590).
ശൈഖ് അൽബാനി(റഹി) പറയുന്നു: “ഈ ഹദീസിൽ വാദ്യോപകരണങ്ങൾ ഹറാമാണെന്നതിന് രണ്ട് നിലയ്ക്കുള്ള തെളിവുകൾ കാണാനാകും. ഒന്നാമത്തേത്, ‘അവർ അനുവദനീയമാക്കും’ എന്ന പ്രവാചകന്റെ പ്രയോഗം. ഇസ്‌ലാമിക ശരീഅത്തിൽ അടിസ്ഥാനപരമായി വാദ്യോപകരങ്ങൾ നിഷിദ്ധമാണെന്ന് ഈ പ്രയോഗത്തിൽനിന്നും മനസ്സിലാക്കാം. രണ്ടാമത്തേത്, ഹറാമാണെന്ന് ഖണ്ഡിതമായി നിർണയിക്കപ്പെട്ട, വ്യഭിചാരം, മദ്യം, പട്ട് എന്നിവയൊടൊപ്പമാണ് നബിﷺ സംഗീതത്തെയും എണ്ണിയിട്ടുള്ളത്. സംഗീതോപകരണങ്ങൾ ഹറാമായിരുന്നില്ലെങ്കിൽ ഈ പറയപ്പെട്ടവയൊടൊപ്പം നബിﷺ അതിനെ ചേർത്തു പറയുമായിരുന്നില്ല’’ (സിൽസിലത്തുസ്സ്വഹീഹ 1/140-141).
ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നു: “ഈ ഹദീസ് അറിയിക്കുന്നത് സംഗീതോപകരണങ്ങൾ നിഷിദ്ധമാകുന്നു എന്നാണ്. ഭാഷാപണ്ഡിതരുടെ അടുക്കൽ ‘മആസിഫ്’ എന്നാൽ വിനോദ വാദ്യങ്ങൾ എന്നാണ്. എല്ലാ വാദ്യവിനോദ ഉപകരണങ്ങൾക്കുമുള്ള പൊതുനാമമാണ് ഇത്. (മജ്മൂഉൽ ഫതാവാ:11/535).
മറ്റൊരു ഹദീസ് ഇപ്രകാരമാണ്: നബിﷺ പറഞ്ഞു: “രണ്ടു ശബ്ദങ്ങൾ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവയാണ്; ‘സന്തോഷവേളകളിലെ സംഗീത ശബ്ദം, അപകടവേളകളിലെ നാശം വിളിച്ചു കൊണ്ടുള്ള അട്ടഹാസശബ്ദം’’ (സിൽസിലതുസ്സ്വഹീഹ: 423).
നബിﷺ പറഞ്ഞു: “ഈ ഉമ്മത്തിൽ ഭൂമിയിലേക്കാഴ്ത്തുന്ന ശിക്ഷയും ചരൽ വർഷവും രൂപമാറ്റവും വന്നു ഭവിക്കും; അവർ കള്ള് കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു തുടങ്ങുമ്പോൾ’’ (സിൽസിലതുസ്സ്വഹീഹ: 2203). ഈ അധ്യാപനത്തെ പൂർണമായും ഉൾക്കൊണ്ടവരായിരുന്നു നമ്മുടെ മുൻഗാമികൾ.
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: “വെള്ളം കൃഷിയെ മുളപ്പിക്കുന്നത് പോലെ സംഗീതം ഹൃദയത്തിൽ കാപട്യത്തെ മുളപ്പിക്കും.’’
ഉമർ ബിൻ അബ്ദുൽ അസീസ്(റഹി) പറഞ്ഞു: “സംഗീതം പിശാചിൽനിന്നു തുടങ്ങുന്നു. കാരുണ്യവാനായ റബ്ബിന്റെ കോപത്തിൽ അത് കലാശിക്കുകയും ചെയ്യുന്നു’’ (ഗദാഉൽ അൽബാബ്).
ശൈഖ് അൽബാനി(റഹി) പറഞ്ഞു: “സകലവിധ സംഗീതോപകരണങ്ങളും ഹറാമാണെന്നതിൽ നാല് ഇമാമുമാരും ഏകോപിച്ചിട്ടുണ്ട്’’ (സിൽസിലതുസ്സ്വഹീഹ: 1/145).
ഒരു വിശ്വാസിക്ക് മുകളിൽ വായിച്ചതിനപ്പുറം എന്തു തെളിവാണ് വാദ്യോപകരണങ്ങൾ ഉപയോഗിച്ചുളള സംഗീതം നിഷിദ്ധമാണ് എന്നതിനു വേണ്ടത്?
നമ്മുടെ കുട്ടികളുടെ കാതുകളെയും മനസ്സിനെയും മലീമസമാക്കുന്ന ഇത്തരം സംഗീതമാണ് സൂംബാ ഡൻസിന്റെ സമയത്ത് കേൾപ്പിക്കുന്നത് എന്നത് എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്? നമ്മുടെ കുട്ടികളുടെ ലജ്ജ നശിപ്പിക്കുന്ന, അവരുടെ ഹൃദയത്തിൽ കപടത വളരാൻ കാരണമാകുന്ന ഇത്തരം കാര്യങ്ങളിൽ നിന്നും അവരെ അകറ്റി നിർത്തേണ്ടതല്ലേ?
വസ്ത്രവും ഇസ്‌ലാമും
മുസ്‌ലിമിന്റെ ഐഡന്റിറ്റിയാണ് അവന്റെ വസ്ത്രം. അവൻ/അവൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് സ്രഷ്ടാവ് കൽപിച്ചിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുഖവും മുൻകൈയും ഒഴികെ ബാക്കിയെല്ലാം മറയ്ക്കണം. അവയവങ്ങൾ മുഴച്ചുകാണുന്നതും പ്രകടമാകുന്നതുമായ വസ്ത്രധാരണം അനുവദനീയമല്ല.
സൂംബയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും മറ്റും വ്യക്തമാക്കുന്നത് സൂംബ എന്ന നൃത്തത്തിന്റെ വേഷം ഇസ്‌ലാമികമല്ല എന്നാണ്. സ്‌കൂളിൽ യൂണിഫോം ധരിച്ചാണ് കുട്ടികൾ ചെയ്യുന്നത് എന്ന് ഇപ്പോൾ പറയുന്നുണ്ട്. ശരിയാണ്; പക്ഷേ, ആ സംസ്‌കാരം നമ്മുടെ കുട്ടികളെ എവിടെ എത്തിക്കും എന്നത് ഓരോ രക്ഷിതാവും ചിന്തിക്കേണ്ടതാണ്.
ലിബറിലിസം എന്ന ആപത്ത്
ഇത്തരം കാര്യങ്ങൾ പൊതുവിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്നതിന്റെ ലക്ഷ്യം നാം തിരിച്ചറിയാതെ പോകരുത്. ഇതൊരു അജണ്ടയുടെ ഭാഗമാണ്. മതങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങൾ തകർക്കൽ പ്രധാന ലക്ഷ്യമാണ്. വേഷവും സംസ്‌കാരവും നശിപ്പിക്കുക വഴി തങ്ങളുടെ ലിബറൽ ചിന്തകളിലേക്ക് സാവകാശം കുട്ടികളെ നയിക്കുകയാണ്.
നമ്മുടെ കുട്ടികൾ മതമൂല്യങ്ങൾ മുറുകെ പിടിച്ച് വളരട്ടെ. അത് അവരെ മനുഷ്യത്വമുള്ളവരാക്കി മാറ്റും. അതിനുളള സൗകര്യം നാം ഒരുക്കണം. നന്മയാഗ്രഹിക്കുന്ന എല്ലാവർക്കും ഈ തിന്മക്കെതിരെയുളള പോരാട്ടത്തിൽ പങ്കുചേരാൻ സാധിക്കും. മക്കളുടെ നന്മക്ക് വേണ്ടിയുളള ഈ പോരാട്ടത്തിന് ശക്തി പകരുക.
