മൂടുപടമുള്ള കാഴ്ചപ്പാടുകൾ:

ഹിജാബ്, ഇസ്‌ലാമോഫോബിയ, ദൃശ്യപരതയുടെ രാഷ്ട്രീയം

ആഷിഖ് ഷൗക്കത്ത് നിലമ്പൂർ

2025 ആഗസ്റ്റ് 02, 1447 സഫർ 08

സമകാലീന ജ്ഞാനശാസ്ത്ര ഭൂമികയിൽ, ദൃശ്യത അതിന്റെ പ്രതിഭാസപരമായ (phenomenological) ഉത്ഭവത്തെ മറികടന്ന് സാമൂഹിക വ്യാഖ്യാനത്തിന്റെയും അധികാര ചർച്ചകളുടെയും ശക്തമായ ഉപകരണമായി ഉയർന്നുവന്നിട്ടുണ്ട്. ‘ദൃശ്യപരതയുടെ സാമ്രാജ്യം’ എന്ന രൂപക നിർമാണം; നിരീക്ഷണം, സാംസ്‌കാരിക പ്രാതിനിധ്യം, ജ്ഞാനശാസ്ത്ര നിയന്ത്രണം എന്നിവ നമ്മുടെ ധാരണകൾ എങ്ങനെ സങ്കീർണമായ അനുഭവങ്ങളായി മാറുന്നുവെന്ന് ഇത് കാണിക്കുന്നു. ചരിത്രപരമായി, പാശ്ചാത്യ തത്ത്വചിന്ത അസ്തിത്വപരമായ യാഥാർഥ്യം മനസ്സിലാക്കുന്നതിനുള്ള ഏറ്റവും ഉയർന്നതും സത്യസന്ധവുമായ മാർഗമായി ‘കാഴ്ച’യെ വിശേഷിപ്പികുന്നുണ്ട്. ഈ ദാർശനിക പശ്ചാത്തലം അനുഭവപരമായ ശാസ്ത്രീയ അന്വേഷണത്തിന്റെയും ഭാഷാ പ്രതിഭാസങ്ങളുടെയും ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളെ ആഴത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ‘ഉൾക്കാഴ്ച,’ ‘വീക്ഷണം’ തുടങ്ങിയ വാക്കുകൾ, അറിവിനെയും ബോധ്യങ്ങളെയും കുറിച്ച് നാം എങ്ങനെ ചിന്തിക്കുന്നു എന്നതിൽ ദൃശ്യതയുടെ പ്രാധാന്യത്തെ സൂക്ഷ്മമായി ഊന്നിപ്പറയുന്നു.

ഈ ദൃശ്യപരതയുടെ ആധിപത്യ സ്വഭാവം ജ്ഞാനശാസ്ത്രപരമായി, കാര്യമായ ഒരു അക്രമം ചെയ്യുന്നുണ്ട്. ‘നിലനിൽക്കുക’ (exist/ being), അറിയപ്പെടുക എന്നതിനൊക്കെയുള്ള അദൃശ്യമായ ബദൽ രീതികളെ വ്യവസ്ഥാപിതമായി അത് പാർശ്വവൽക്കരിക്കുന്നു. ‘അടിച്ചമർത്തപ്പെട്ട വൈവിധ്യം’(repressed heterogeneity) എന്ന സാമൂഹ്യശാസ്ത്ര ആശയം, മനുഷ്യാനുഭവങ്ങളുടെ ബഹുത്വത്തെ മറച്ചുവെക്കുന്ന, പ്രബലമായ ജ്ഞാനശാസ്ത്ര സംവിധാനങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. ഈ ദൃശ്യ ചട്ടക്കൂട് സാംസ് കാരിക വൈവിധ്യത്തെ ഏകശിലാത്മകവും യൂറോ-കേന്ദ്രീകൃതവുമായ ആഖ്യാനത്തിലേക്ക് ലളിതമാക്കുകയും അതുവഴി വ്യത്യസ്ത അനുഭവയാഥാർഥ്യങ്ങളുടെമേൽ ജ്ഞാനശാസ്ത്ര കോളനിവൽക്കരണം നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ വ്യവഹാരം സൃഷ്ടിക്കുകയും ചെയ്യുന്നു. അതായത് ഈ ദൃശ്യ മേധാവിത്വം അപകടകരമായ ചലനാത്മകത സൃഷ്ടിക്കുന്നു, അവിടെ ഈ ആധിപത്യ പ്രത്യയശാസ്ത്രങ്ങൾ പാശ്ചാത്യേതരവും തദ്ദേശീയവുമായ വീക്ഷണങ്ങളെ മായ്ച്ചുകളയുന്ന ഒരു ഏകതാനമായ ലോകവീക്ഷണം അടിച്ചേൽപ്പിക്കുന്നുവെന്നർഥം.

ഹിജാബും ദൃശ്യപരതയും

ദൃശ്യപരത, ഏജൻസി, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ചുള്ള സമകാലിക ചർച്ചകളിൽ ശക്തമായ പ്രതീകമായി ഹിജാബ് ഉയർന്നുവരുന്നു. ലളിതമായ ഒരു തുണിക്കഷ്ണം എന്നതിൽ നിന്ന് വ്യത്യസ്തമായി, ഹിജാബ് ഒന്നിലധികം സാമൂഹിക സമ്മർദങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ സങ്കീർണമായ ഒരു രൂപത്തെ പ്രതിനിധീകരിക്കുന്നു. അതിൽ പ്രധാനമായും ‘ഹിജാബ്’ ഒരു റാഡിക്കൽ സെമിയോട്ടിക് ഇടപെടലായി ഉയർന്നുവരുന്നു. ദൃശ്യഭരണകൂടത്തിന്റെ പ്രകടനാത്മകമായ വിമർശനമായി ഹിജാബ് നിലനിൽക്കുന്നു. മനുഷ്യനെ ഒരു ദൃശ്യാനുഭവത്തിലേക്ക് ചുരുക്കുന്ന വസ്തുനിഷ്ഠമായ നോട്ടത്തെ അത് വെല്ലുവിളിക്കുന്നു.

സമകാലിന സമൂഹം പ്രകോപനപരമായ പരസ്യങ്ങൾ, വസ്ത്രങ്ങൾ വെളിപ്പെടുത്തുന്ന മാധ്യമങ്ങൾ, ‘സെക്‌സ് വിൽക്കുന്നു’ എന്ന വിപണന മനോഭാവം, ശാരീരിക എക്‌സ്‌പോഷറിന് മുൻഗണന നൽകുന്ന വിനോദം എന്നിവയിലൂടെ ലൈംഗികവൽക്കരണത്തിന്റെ സങ്കീർണമായ ഒരു സംവിധാനം നിർമിച്ചെടുത്തിട്ടുണ്ട്. ശരീരങ്ങൾ കാണാനും വിൽക്കാനുമുള്ള ഒന്നാണെന്ന ആശയത്തെ നിരന്തരം അത് പ്രചരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഹിജാബ് ഒരു സമൂലമായ ബദൽ വ്യവസ്ഥ വാഗ്ദാനം ചെയ്യുന്നു. ഹിജാബ് ഈ സാധാരണ വിഷ്വൽ എക്കണോമികളെ തടസ്സപ്പെടുത്തുന്ന ഒരു ശാരീരിക വ്യാഖ്യാനമായി പ്രവർത്തിക്കുന്നു. സ്ത്രീശരീരത്തെ ചരക്കാക്കി മാറ്റാൻ വിസമ്മതിച്ചും, ശാരീരിക ആകർഷണത്തെക്കാൾ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഇടങ്ങൾ സൃഷ്ടിച്ചും, കാഴ്ച ഉപഭോഗത്തിൽ നിന്ന് വ്യക്തിഗത അന്തസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചും, സ്ത്രീകൾ ദൃശ്യപരമായി ലഭ്യമായിരിക്കണം എന്ന ധാരണയെ വെല്ലുവിളിച്ചും സമകാലിക സാംസ്‌കാരിക മാനദണ്ഡങ്ങളുടെ ആഴത്തിലുള്ള വിമർശനമാണ് ഹിജാബ്.

ഇസ്‌ലാമിക പാരമ്പര്യത്തിൽ, ‘ദൃശ്യപരത’ സങ്കീർണവും ബഹുമുഖവുമായ ഒരു ആശയമാണ്. കാഴ്ച എന്നത് കേവലം ശാരീരികമായ കാഴ്ചയല്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലായ്‌പ്പോഴും നേരിട്ട് നിരീക്ഷിക്കാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ‘കാണാത്ത’(അൽ ഗയ്ബ്)തിനെക്കുറിച്ച് സമ്പന്നമായ ഒരു ധാരണയുണ്ട്. അൽഗയ്ബ് (കാണാത്തത്) എന്ന ദൈവശാസ്ത്രപരമായ ആശയം ഗ്രഹണാത്മകമായ അതിരുകൾക്കപ്പുറത്ത് അർഥം സ്ഥാപിക്കുന്ന ഒരു ചട്ടക്കൂടിനെ സങ്കൽപിക്കുന്നു. വിശ്വാസിയുടെ ഹൃദയത്തിലും മനസ്സിലും ദൈവത്തിന്റെ അദൃശ്യ മണ്ഡലത്തെക്കുറിച്ചുള്ള അവബോധം മനുഷ്യന്റെ അനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങൾ പലപ്പോഴും ഉടനടി കാഴ്ചയിൽനിന്ന് മറഞ്ഞിരിക്കുന്നു എന്നത് ‘അദൃശ്യത’ നൽകുന്ന സാധാരണയിൽ കവിഞ്ഞ അംഗീകാരമാണ്.

ഹിജാബിനെക്കുറിച്ചുള്ള വ്യവഹാരം ആളുകൾക്ക് സ്വന്തം ശരീരത്തിന്മേൽ എത്രത്തോളം നിയന്ത്രണ മുണ്ട് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കകൾ കാണിക്കുന്നു. സമൂഹം എങ്ങനെയാണ് ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ മറ്റുള്ളവർക്ക് കാണാനുള്ള കാഴ്ചവസ്തുക്കളാക്കി മാറ്റുന്നത് എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇത് വെളിപ്പെടുത്തുന്നു. എല്ലാവരെയും ദൃശ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ഒരു ലോകത്ത് അവർ എങ്ങനെ കാണപ്പെടണമെന്ന് തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശവും കഴിവും ആളുകൾക്ക് എങ്ങനെ നഷ്ടപ്പെടുന്നുവെന്നും ഇത് എടുത്തുകാണിക്കുന്നു. പുറമെ നിരന്തരമായ ലൈംഗിക സന്ദേശമയയ്ക്കുന്നതിന്റെ മാനസികാരോഗ്യ ആഘാതങ്ങൾ, സ്ഥാപിതമായ ദൃശ്യ മാനദണ്ഡങ്ങൾക്കുള്ളിൽ പൊതു ഇടങ്ങളിലെ വ്യക്തിഗത മാന്യത ഇല്ലാതാക്കൽ എന്നിവയെക്കുറി ച്ചുള്ള ആഴത്തിലുള്ള സാമൂഹിക ഉത്കണ്ഠകൾ ഉയർത്തിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഹിജാബ് മനഃശാസ്ത്രപരമായ പ്രതിരോധത്തിന്റെ ഒരു സംവിധാനത്തെ പ്രതിനിധീകരിക്കുന്നു.

വ്യക്തികളുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്ന ലോകത്ത് സ്വന്തം ദൃശ്യപരത നിർവചിക്കാനുള്ള അവകാശം വീണ്ടെടുക്കാനും അവരുടെ ദൃശ്യപരതയുടെ അതിരുകൾ നിർവചിക്കാനുമുള്ള ഒരു മാർഗം വാഗ്ദാനം ചെയ്യുന്നു. ഇവിടെ വിശ്വാസിനിയായ ഒരു സ്ത്രീക്ക് അല്ലാഹുവുമായിയുള്ള ബന്ധത്തെ സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. അതാകട്ടെ സ്വതന്ത്ര്യം എന്ന ആശയം ഇസ്‌ലാമിക ജ്ഞാനശാസ്ത്രമണ്ഡലത്തിൽ പൊതുവായ ബന്ധത്തിനനുസൃതമാണ്. അല്ലാഹുമായുള്ള മനുഷ്യന്റെ ബന്ധത്തെ പ്രതിസന്ധിയിലാക്കുന്ന എല്ലാ ഭൗതിക വ്യവഹാരങ്ങളിൽനിന്നും സ്വതന്ത്രമാക്കുക എന്നത് ഇസ്‌ലാം അനിവാര്യമാക്കുന്നുണ്ട്. ലിബറൽ വ്യവസ്ഥയിലെ സ്വാതന്ത്ര്യത്തിൽനിന്ന് ഇസ്‌ലാമിക ആശയത്തിന്റെ സ്വാതന്ത്ര്യ സങ്കൽപം വ്യസ്തമാകുന്നതും ഇവിടെ പ്രകടമാണ്.

ഇസ്‌ലാമോഫോബിയയും ദൃശ്യതയും

9/11ന് ശേഷമുള്ള കാലഘട്ടം, അതിദൃശ്യതയുടെയും (Hypervisibility) അദൃശ്യതയുടെയും വിരോധാഭാസമായ ഇടത്തിലാണ് ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചത്. മുസ്‌ലിം സ്ത്രീ ഓരോ സമയവും പൊതു ഇടങ്ങളിൽ സജീവമാവുക വഴി ദൃശ്യമാവുകയും അതേസമയം ഹിജാബ് വഴി അദൃശ്യമാവുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ദൃശ്യപരതയുടെ ഈ വൈരുധ്യാത്മകത, നിരന്തരം നിരീക്ഷിക്കപ്പെടുന്നതും എന്നാൽ നിരന്തരം തെറ്റിദ്ധരിക്കപ്പെടുന്നതുമായ സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ‘തീവ്രവാദം തടയാൻ’ ഉദ്ദേശിച്ചുള്ള ഭരണകൂട നിരീക്ഷണ സംവിധാനങ്ങൾ, കൂടുതൽ സംശയം വളർത്തുകയും മുസ്‌ലിംകളെ അപരത്വത്തിന്റെയും അടിസ്ഥാനപരമായ അജ്ഞതയുടെയും ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുസ്‌ലിം സ്ത്രീയുടെ ഹിജാബ് ഒരു ഭീഷണിയായി കൽപിക്കപ്പെട്ടു.

മതപരമായ വ്യാഖ്യാനങ്ങൾക്കൊപ്പം, ഹിജാബ് ശരീര ചരക്കുകളുടെ മുതലാളിത്ത സംവിധാനങ്ങളെയും പുരുഷ നോട്ടങ്ങളെയും വെല്ലുവിളിക്കുന്ന വ്യവസ്ഥാപിത വസ്തുനിഷ്ഠതയുടെ വിശാലമായ വിമർശനത്തെ പ്രതിനിധീകരിക്കുന്നു. അവിടെ അത് മനുഷ്യന്റെ ആത്മനിഷ്ഠതയെ (subjectivity) മനസ്സിലാക്കുന്നതിനും നിർമിക്കുന്നതിനുമുള്ള പ്രബലമായ രീതികളോടുള്ള പ്രകടനപരമായ വെല്ലുവിളിയായി നിലകൊള്ളുന്നു.