സിഹ്ർ; ഇസ്‌ലാം നൽകുന്ന മുന്നറിയിപ്പുകൾ

അൻവർ അബൂബക്കർ

2025 മെയ് 31, 1446 ദുൽഖഅദ് 29

ബാബിലോണിലേക്ക് ഇറക്കപ്പെട്ട രണ്ട് മലക്കുകൾ ജനങ്ങൾക്ക് സിഹ്ർ പഠിപ്പിക്കുമ്പോൾ അവർ നൽകിയ മുന്നറിയിപ്പ് എന്തായിരുന്നു എന്ന് അല്ലാഹു വ്യക്തമാക്കുന്നു:

“ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത്’ എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല’’ (അൽബക്വറ 102).

മലക്കുകൾ ഇസ്‌റാഈൽ സന്തതികളോട് ഈ മുന്നറിയിപ്പ് നൽകിയത് ഒരേയൊരു കാരണത്തിനാലാണ്; സിഹ്‌റിന്റെ പഠനവും പ്രയോഗവും മനുഷ്യനെ ദൈവനിഷേധത്തിലേക്ക് നയിക്കുന്നു എന്നതാണത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ താക്കീതുകൾ അത്യന്തം ഗൗരവത്തോടെയാണ് മനസ്സിലാക്കേണ്ടത്. മുഹമ്മദ് നബിﷺ ഈ വിഷയത്തിൽ നമ്മെ അതീവ സൂക്ഷ്മതയോടെ ഉപദേശിച്ചിട്ടുണ്ട്. അല്ലാഹുവിനെ ധിക്കരിക്കുകയും പിശാചുക്കളെ പ്രീതിപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് സിഹ്‌റിന് പിന്നിലുള്ളത്. ഈ പ്രവൃത്തി ഒരിക്കലും ഒരു വിശ്വാസിയുടെ ഭാഗത്തുനിന്ന് സംഭവിക്കേണ്ടതല്ല. ഭാവി അറിയാനും പ്രശ്‌നങ്ങൾക്ക് പരിഹാരമെടുക്കാനുമെന്ന പേരിൽ മാരണവിദ്യ അഭ്യസിച്ചവരുടെ അടുക്കൽ പോകുന്നവരുടെ എണ്ണം ഇന്ന് എത്രയാണ്!

മുഹമ്മദ് നബിﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിനെ സ്മരിക്കാനുപയോഗപ്പെടുന്ന വല്ല കാര്യത്തിനും വേണ്ടിയല്ലാതെ ജ്യോതി

ശാസ്ത്രത്തിൽനിന്നും വല്ലതും സ്വീകരിച്ചാൽ, ആ വ്യക്തി ഒരു വക സിഹ്‌റാണ് പകർത്തിയത്. ജോത്സ്യൻ പ്രശ്‌നം വെക്കുന്നവനാണ് (കാഹിനാണ്). പ്രശ്‌നം വെക്കുന്നവൻ (കാഹിൻ) മാരണക്കാരനാണ് (സാഹിറാണ്). മാരണക്കാരൻ (സാഹിർ) സത്യനിഷേധിയാണ് (കാഫിറാണ്)’’ (അഹ്‌മദ്, അബൂദാവൂദ്, ഇബ്‌നുമാജ. ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് അൽബാനി സ്ഥിരീകരിച്ചു-സിൽസിലത്തുസ്വഹീഹ 793).

ഇത്രയുംകൂടി നബിﷺ പറഞ്ഞു: “ആരെങ്കിലും ജ്യോതിഷത്തിൽനിന്നും ഒരു അറിവ് അഭ്യസിച്ചാൽ, അവൻ സിഹ്‌റിൽനിന്നും ഒരു ഭാഗമാണ് അഭ്യസിച്ചെടുക്കുന്നത്; അവൻ അത് കൂടുതൽ പഠിക്കുന്നതനുസരിച്ച് അതിന്റെ പാപവും വർധിക്കുന്നതാണ്’’ (അബൂദാവൂദ്. അൽബാനി ഹസനാണെന്ന് സ്ഥിരീകരിച്ചത്).

അദൃശ്യജ്ഞാനവുമായി (ഗൈബിയായ കാര്യങ്ങളുമായി) ബന്ധപ്പെട്ട് സംസാരിക്കുന്നതും, കളങ്ങളോ കരുക്കളോ പോലുള്ള കാര്യങ്ങൾ ഉപയോഗിച്ച് പ്രശ്‌നങ്ങൾ നോക്കുന്നതും, അത്തരം സാഹിറുകളെ സമീപിക്കുകയും അവർ പറയുന്നതിൽ വിശ്വാസം വെക്കുകയും ചെയ്യുന്നത് ഇസ്‌ലാമിൽ അത്യന്തം വലിയ തിന്മകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് അമാനി മൗലവി(റഹി) എഴുതി: “മറഞ്ഞ കാര്യത്തെ(ൈ‌ഗബ്)പ്പറ്റി അത് ഭൂതമോ ഭാവിയോ വർത്തമാനമോ ആകട്ടെ, സംസാരിക്കുകയും, എന്തെങ്കിലു കളങ്ങളോ കരുക്കളോ മറ്റോ ഉപയോഗിച്ച് പ്രശ്‌നം നോക്കുകയും ചെയ്യുന്ന എല്ലാവരും ഈ ഹദീസിൽ ഉപയോഗിച്ചിട്ടുളളതും ‘ജ്യോത്സ്യൻ’ എന്ന് പരിഭാഷപ്പെടുത്തിയിട്ടുളളതുമായ ‘അർറാഫ്’ എന്ന പദത്തിന്റെ അർഥപരിധിയിൽ ഉൾപ്പെടുന്നു. അവരുടെ സൂത്രത്തിന് കണക്കുനോക്കൽ, മഷിനോട്ടം, ഇസ്മിന്റെ പണി, മന്ത്രവാദം എന്നിങ്ങനെ എന്തു പേരു പറഞ്ഞാലും ശരി’’ (ഇസ്‌ലാമിക ജീവിതം, പേജ് 428).

മുഹമ്മദ് നബിﷺ പറഞ്ഞു: “ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അടുക്കൽ ചെന്ന് അയാളോട് വല്ലതിനെക്കുറിച്ചും ചോദിക്കുകയും എന്നിട്ട് അയാൾ പറഞ്ഞത് വിശ്വസിക്കുകയും ചെയ്താൽ, അവന്റെ നാൽപത് ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുന്നതല്ല’’ (മുസ്‌ലിം).

ഇസ്‌ലാമിൽ ഒരാളുടെ ആന്തരിക വിശ്വാസവും അതിന്റെ പ്രകാശനമായ ബാഹ്യപ്രവൃത്തികളും തമ്മിലുള്ള സമന്വയം അത്യന്തം പ്രധാനപ്പെട്ടതാണ്. ഒരു വിശ്വാസി, ജ്യോത്സ്യവിദ്യയെ ആശ്രയിച്ചുകൊണ്ട് അത് ചോദിച്ചറിയാൻ മാത്രമായിട്ടാണെങ്കിലും അതിൽ ശ്രദ്ധ സ്ഥാപിക്കുന്നത്, അല്ലാഹുവിലുള്ള അവന്റെ വിശ്വാസത്തെ നേരിട്ട് തകർക്കുന്നതിലേക്ക് എത്തിക്കുന്നതാണ്. ഈ ചെയ്ത വലിയ തെറ്റിന്റെ ഫലമായി, നമസ്‌കാരമെന്ന സുപ്രധാനമായ ആരാധന അവനിൽനിന്നും അല്ലാഹു സ്വീകരിക്കാതിരിക്കുമെന്നാണ് നബിﷺ മുന്നറിയിപ്പ് നൽകുന്നത്. ഇങ്ങനെ, വ്യക്തിയുടെ അടിസ്ഥാന വിശ്വാസത്തെയും ആരാധനകളുടെ ഫലത്തെയും തകർത്ത് കളയുന്ന പ്രവൃത്തികളാണ് ജ്യോത്സ്യവിദ്യയിലേക്കുള്ള എത്തിനോട്ടത്തിന്റെ പരിണതഫലം. അതുകൊണ്ടുതന്നെ ഒരു വിശ്വാസി അതിന്റെ സമീപത്തേക്കു പോലും പോകരുതെന്നാണ് പ്രവാചക അധ്യാപനം സൂചിപ്പിക്കുന്നത്.

ആയിശ(റ) നിവേദനം: “ചിലയാളുകൾ നബിﷺയോട് പ്രശ്‌നം നോക്കുന്നവരെ കുറിച്ച് ചോദിച്ചു. അന്നേരം അവിടുന്ന് പറഞ്ഞു: ‘അവർ ഒന്നുമല്ല.’ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ചിലയവസരങ്ങളിൽ അവർ പറയുന്നതിൽ ചിലത് ശരിയാകുന്നുണ്ടല്ലോ!’ അതിന് നബിﷺ മറുപടി പറഞ്ഞു: ‘ശരിയാകുന്ന ആ വാക്ക് ജിന്ന് കവർന്നെടുത്ത് അതിന്റെ ബന്ധുവിന്റെ ചെവിയിൽ കോഴി കുറുകുന്നപോലെ കുറുകി (മന്ത്രിച്ചു) കൊടുക്കുന്നതാണ്. നൂറിലധികം കള്ളവും അതിൽ അവർ കൂട്ടിച്ചേർക്കും.’’ (ബുഖാരി, മുസ്‌ലിം)

അല്ലാഹു പറഞ്ഞു: ആരുടെ മേലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് വർത്തമാനം അറിയിച്ചുതരട്ടെയോ? മഹാവ്യാജനും ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ (പിശാചുക്കൾ) ഇറങ്ങുന്നത്. അവർ ചെവികൊടുക്കുന്നതാണ്; അവരിൽ അധികമാളും വ്യാജം പറയുന്നവരാകുന്നു’’ (അശ്ശുഅറാഅ് 221-223).

അമാനി മൗലവി(റഹി) മേൽസൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇപ്രകാരം എഴുതി: “പിശാച് ഏതു തരത്തിലുള്ള ആളുകളുമായിട്ടാണ് ബന്ധപ്പെടുക, അവന്റെ വരവും ഉപദേശവും ഉണ്ടാകുക ആർക്കാണ് എന്നത്രെ ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. കള്ളവും നുണയും പതിവാക്കിയ മഹാ വ്യാജകൻമാർ, പാപങ്ങളും ദുഷ്പ്രവൃത്തികളും പതിവാക്കിയ ദുഷ്ടൻമാർ ഇവരാണ്-പിശാചിന്റെ ബന്ധുക്കൾ. അവരിലാണ് പിശാചിന്റെ സാന്നിധ്യവും ഉപദേശവും ഉണ്ടാവുക. മനുഷ്യർക്ക് അറിയാൻ കഴിവില്ലാത്ത ചില കാര്യങ്ങൾ പിശാചുക്കൾക്ക് അറിയാൻ സാധിച്ചേക്കും. അവർ ഒരുതരം അദൃശ്യസൃഷ്ടികളാണല്ലോ... പിശാചിന്റെ വൈതാളികരായ ചില പ്രശ്‌നക്കാരിൽനിന്നും ഗണിതക്കാരിൽനിന്നും; അവർ പല പേരുകളിലും അറിയപ്പെടാറുണ്ടെങ്കിലും ശരി കേൾക്കാറുള്ള ചുരുക്കം ചില വാർത്തകൾ ശരിയായി അനുഭവപ്പെട്ടുകാണുന്നതിനാൽ ഇന്നും എത്രയോ ആളുകൾ വഞ്ചിതരായിക്കൊണ്ടിരിക്കുന്നു. അത്തരക്കാരെ സമീപിക്കുന്ന പാമരൻമാർക്കോ പ്രസ്തുത വൈതാളികന്മാർക്കോ കണ്ടറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത ഏതെങ്കിലും വാർത്തകൾ പിശാച് കണ്ടറിയുകയും പല വ്യാജമന്ത്രങ്ങളുടെ കൂട്ടത്തിൽ ആ വാർത്തയും അവൻ അവർക്ക് ദുർബോധനം ചെയ്യുകയും ചെയ്‌തേക്കുന്നതാണ്. അതുകൊണ്ടാണ് ഹദീസിൽ സൂചിപ്പിച്ചപ്രകാരം ഏതോ ചില കാര്യങ്ങൾ പ്രശ്‌നക്കാർ പറയുന്നത് ഒത്തുവരുന്നത്. ഈ വാസ്തവം അവർ മനസ്സിലാക്കുന്നില്ല’’ (അമാനി തഫ്‌സീർ, അശ്ശുഅറാഅ് 221-223 ആയത്തുകളുടെ വ്യാഖ്യാനം).

പിശാച് മനുഷ്യരെ സഹായിക്കുമെങ്കിൽ അത് സ്വീകരിക്കുന്നതിലുളള അപകടവും ഗ്വ‌ൈബ് അറിയുന്നത് അല്ലാഹു മാത്രമായിരിക്കെ അല്ലാഹുവിന്റെ സൃഷ്ടികളെ പിശാച് സഹായിക്കുന്നു എന്ന വിശ്വാസവും എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന കാര്യം വളരെ മനോഹരമായി മുഹമ്മദ് അമാനി മൗലവി(റഹി) വിശദീകരിച്ചുണ്ട്. അദ്ദേഹം എഴുതി: “ഭാവിയെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും ചില കാര്യങ്ങളെ അടിസ്ഥാനമാക്കി, ലോക സമ്പ്രദായമനുസരിച്ച് ചില അനുമാനങ്ങൾ സ്വരൂപിക്കാനേ സൃഷ്ടികൾക്ക് കഴിയൂ. നാളെ ഇത്രമണിക്ക് മഴ പെയ്യുമെന്നോ മറ്റന്നാൾ ഇന്നയാൾ വെള്ളത്തിൽ മുങ്ങിമരിക്കുമെന്നോ ആർക്കും കൃത്യമായും ഉറപ്പായും പറയുക സാധ്യമല്ലതന്നെ. ഇതുപോലെതന്നെ, വർത്തമാന-ഭൂതങ്ങളിൽ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുളള കാര്യത്തിലും ഊഹാനുമാനങ്ങൾ നടത്തുന്നതിൽ എല്ലാവരും ഒരുപോലെയല്ലെന്നു പറയാം. ഓരോരുത്തന്റെയും ബുദ്ധിക്കും ചിന്തക്കും അറിവിന്നും പുറമെ, ഓരോരുത്തർക്കുമുപയോഗപ്പെടുത്താൻ കഴിയുന്ന മാർഗങ്ങളുടെ ഏറ്റക്കുറവിനനുസരിച്ച് അനുമാനങ്ങൾ ശരിയായും തെറ്റായും പുലർന്നെന്നുവരാം. ഉദാഹരണമായി, ഒരാളുടെ ജ്വരം രണ്ടു ദിവസം കൊണ്ട് സുഖപ്പെടുമോ ഇല്ലയോ എന്നതിൽ ഡോക്ടർമാരുടെ നിഗമനമായിരിക്കും ഒത്തുവരിക. പല ഡോക്ടർമാരുടെയും അഭിപ്രായങ്ങൾക്കെതിരായി ചിലപ്പോൾ ഒരു വിഡ്ഢി പറഞ്ഞതനുസരിച്ചും സംഭവിച്ചുകൂടായ്കയില്ല. എന്തുതന്നെയായാലും സംഭവിച്ചപ്പോൾ തങ്ങളുടെ അഭിപ്രായം ശരിയായെന്നല്ലാതെ, ഒരു വിധത്തിലും മാറ്റം വരുവാൻ പാടില്ലാത്ത ഒരു അറിവ് അവർക്കാർക്കും അതെപ്പറ്റി ഉണ്ടായിരുന്നില്ല.

ജിന്ന്, അഥവാ ഭൂതവർഗമാകട്ടെ, മനുഷ്യരെക്കാൾ രൂക്ഷവും ഗതാഗത വേഗതയുളളതുമാണ്. അങ്ങനെ സാധാരണ മനുഷ്യർക്ക് കഴിയാത്ത പലതും അതിനു കഴിയുന്നു. ‘നിങ്ങൾ അങ്ങോട്ടു കാണാത്ത വിധത്തിൽ അവർ നിങ്ങളെ കാണുന്നു’വെന്ന് ക്വുർആൻ (സൂറഃ അഅ്‌റാഫിൽ) പറയുന്നുണ്ട്. രക്തസഞ്ചാരമുള്ളേടത്തെല്ലാം പിശാച് സഞ്ചരിക്കുമെന്ന് ഒരു നബിവാക്യത്തിൽ നാം കണ്ടുകഴിഞ്ഞല്ലോ. മനുഷ്യനെ വഴിപിഴപ്പിക്കാൻ നാനാവിധത്തിൽ പിശാച് ശ്രമിക്കുമെന്നും ക്വുർആൻ പറഞ്ഞിട്ടുളളതാണ്. ആകയാൽ, ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കിൽ കൂടി, മറഞ്ഞകാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തിൽ പൈശാചിക സഹായം കിട്ടും. തൻമൂലം മറ്റുളളവർക്കറിയാൻ പ്രയാസമുളള പല അറിവും ഇത്തരം ജോലിയിലേർപ്പെട്ടവർക്കു ലഭിക്കുകയും ചെയ്യും. ഇതിൽ യാതൊരസാംഗത്യവും ഇല്ലതന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കർമങ്ങളും നടത്തി സേവിക്കുന്നവർക്ക് അവന്റെ സേവ ലഭിക്കുന്നതിലും അസാംഗത്യമില്ല. എന്നാൽ ഇത്തരക്കാർ പറയുന്നത് തെറ്റോ ശരിയോ എന്നതല്ല പ്രശ്‌നം. അവരുടെയടുക്കൽ പോകാമോ, അവർ പറയുന്നത് വിശ്വസിക്കാമോ, അവരെക്കൊണ്ട് വല്ലതും ചെയ്യിക്കാമോ എന്നതാണ്. ഇതെല്ലാം ഇസ്‌ലാം കർശനമായി വിരോധിച്ചിരിക്കുന്നു; നിഷിദ്ധമായ വസ്തുക്കളുപയോഗിച്ച് ചികിത്സിക്കുന്നത് വിരോധിച്ചപോലെത്തന്നെ, അതുകൊണ്ട് സുഖം കിട്ടുന്നുണ്ടോ ഇല്ലേ എന്നല്ല നോക്കേണ്ടത്. ഇസ്‌ലാമിക ശരീഅത്ത് അത് വിരോധിച്ചിട്ടുണ്ടോ അതോ അനുവദിച്ചിട്ടുണ്ടോ എന്നാണ്.

മറഞ്ഞകാര്യം അല്ലാഹുവിന് മാത്രമെ അറിയൂ എന്ന വിശ്വാസത്തോട്, പിശാച് മുഖേന അവന്റെ സേവകർക്ക് ലഭിക്കുന്ന അറിവിനെക്കുറിച്ചുളള ഈ ധാരണ എതിരാകുന്നില്ല. പിശാചിനെത്തന്നെ നിഷേധിക്കുന്ന ചിലർ അങ്ങനെയും വാദിച്ചേക്കാം. മറഞ്ഞകാര്യം അല്ലാഹുവിനേ അറിയൂ എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം, ഏതു കാര്യവും കാല-ദേശമോ ഏതു തരത്തിലുമുളള വകഭേദമോ ഇല്ലാതെ ശരിക്കും കൃത്യമായും അണുഅളവ് പിഴക്കാതെയും ദൃഢമായി അറിയുക അല്ലാഹു മാത്രമാണ് എന്നാണ്. വല്ലതും അവൻ അറിയിച്ചുകൊടുത്താൽ അത് സൃഷ്ടികൾക്കും അറിയും. മാത്രമല്ല, പൈശാചികമായി ലഭിക്കുന്ന അനുമാനങ്ങളിൽ പലതും നുണയായിരിക്കും. പലതും ആളുകൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കാൻ വേണ്ടി കൽപിച്ചുണ്ടാക്കിയതായിരിക്കുകയും ചെയ്യും. ചിലതൊക്കെ ശരിയുമാകും’’ (ഇസ്‌ലാമിക ജീവിതം, പേജ് 428-430).

ഭാവിയെ അറിയാമെന്ന അവകാശവാദങ്ങളും ഗണിതം, പ്രശ്‌നം നോക്കൽ, ജ്യോതിഷം എന്നിവയിലേക്കുള്ള ചാഞ്ചാട്ടങ്ങളും ക്വുർആനും സുന്നത്തും വ്യക്തമാക്കിയ അപകടം നിറഞ്ഞ വഴികളാണ്. പിശാച് മുഖേന ലഭിക്കുന്ന പല സഹായങ്ങളും മനുഷ്യർക്കിടയിൽ വിദ്വേഷം പടർത്താനും സമാധാനം തകർക്കാനുമുള്ളതായിരിക്കും. അതിനുവേണ്ടി പിശാചുക്കൾക്ക് സേവയും പൂജയും നൽകേണ്ടി വരുന്ന അവസ്ഥ ശിർക്കും കുഫ്‌റുമാണെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ് ഇസ്‌ലാം, പൈശാചിക സഹായങ്ങൾ സ്വീകരിക്കാനോ അതിൽ ആശ്രയം വെക്കാനോ ഒരിക്കലും അനുവാദം നൽകാത്തത്. ഒരു സത്യവിശ്വാസിയായ മുസ്‌ലിം ഇത്തരം പ്രവൃത്തികളോടും അതിന്റെ മൗലിക ആശയങ്ങളോടും അത്യന്തം കഠിനമായ വെറുപ്പോടെയും അകലംപാലിക്കുന്ന മനോഭാവത്തോടെയും നിലകൊള്ളേണ്ടത് അനിവാര്യം തന്നെ.