സൗമ്യതയുടെ സൗരഭ്യം

ശമീർ മദീനി

2025 മാർച്ച് 22, 1446 റമദാൻ 21

സൗമ്യത എന്നത് അല്ലാഹുവിന്റെ ഒരു വിശേഷണമാണ്. അല്ലാഹു നമ്മോട് ഏറെ കനിവും സൗമ്യതയും കാരുണ്യവും ഉള്ളവനാണ്. അവന്റെ നിയമങ്ങളും ശാസനകളും പരിശോധിച്ചാൽ എമ്പാടും നമുക്കത് കാണാൻ കഴിയും. അവൻ നിർബന്ധമാക്കിയ കാര്യങ്ങളും നിഷിദ്ധമാക്കിയ കാര്യങ്ങളും ഒറ്റയടിക്ക് നടപ്പിലാക്കുന്നതിന് പകരം പല ഘട്ടങ്ങളിലൂടെ പടിപടിയായി പൂർത്തീകരിച്ച ചരിത്രങ്ങളാണ് നമുക്ക് കാണുവാൻ സാധിക്കുക. അപ്രകാരം തന്നെ ആരാധനാകർമങ്ങളിലും മറ്റും മനുഷ്യർക്കുണ്ടാകുന്ന പ്രയാസങ്ങളെയും പ്രായോഗിക ബുദ്ധിമുട്ടുകളെയും പരിഗണിച്ചുകൊണ്ട് പലതരം ഇളവുകളും മതം നൽകുന്നത് നമുക്ക് കാണാൻ കഴിയുന്നതാണ്.

സൗമ്യതയും ആർദ്രതയുമുള്ള, അഥവാ മനുഷ്യപ്പറ്റുള്ള പ്രവാചകനെ നിയോഗിച്ചതും ആ കാരുണ്യത്തിന്റെയും കനിവിന്റെയും ഭാഗമാണ്.

അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽനിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും നിങ്ങളുടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം’’ (9:128).

കുടുംബങ്ങളിലും സുഹൃദ്ബന്ധങ്ങളിലും വിള്ളലില്ലാതെ, ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തണമെങ്കിൽ ആർദ്രത, സൗമ്യത എന്നീ വിശിഷ്ട ഗുണങ്ങൾ നമ്മളും ആർജിക്കേണ്ടതുണ്ട്. കഠിനഹൃദയവും പരുക്കൻ സ്വഭാവവുമാണ് ഒരാൾക്കുള്ളതെങ്കിൽ തീർച്ചയായും നല്ല ബന്ധങ്ങൾ സൂക്ഷിക്കുവാൻ അയാൾക്ക് സാധിക്കുകയില്ല. അതിനാൽ ആർദ്രത സ്വഭാവഗുണമായി സ്വീകരിക്കാൻ പ്രവാചകൻﷺ ഉൽബോധിപ്പിക്കുകയും ഹൃദയകാഠിന്യം ഇല്ലാതാക്കി സൗമ്യത നേടിയെടുക്കാൻ വേണ്ട പല കാര്യങ്ങളും നിർദേശിച്ചിക്കുകയും ചെയ്തിട്ടുണ്ട്. അനാഥയുടെ ശിരസ്സ് തടവാനും സാധുക്കൾക്ക് ഭക്ഷണം നൽകുവാനുമൊക്കെ പഠിപ്പിച്ച പ്രവാചകൻﷺ അത് മനസ്സിനെ നിർമലമാക്കും എന്നുകൂടി ചേർത്തു പറഞ്ഞത് ശ്രദ്ധേയമാണ്.

സൽസ്വഭാവങ്ങളുടെ മഹത്ത്വം പറഞ്ഞ നിരവധി പ്രവാചക വചനങ്ങളുണ്ട്. ഏറ്റവും നല്ല സ്വഭാവം നൽകി അനുഗ്രഹിക്കാനായി പടച്ചവനോട് പ്രാർഥിക്കാൻ പ്രത്യേകം നിർദേശിക്കുന്ന പ്രവാചകവചനങ്ങളും കാണുവാൻ സാധിക്കും.

നബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളിലും സൗമ്യത ഇഷ്ടപ്പെടുന്നു. മറ്റൊന്നിനും നൽകപ്പെട്ടിട്ടില്ലാത്ത പല നന്മകളും ഗുണങ്ങളും സൗമ്യത എന്ന സ്വഭാവത്തിന് അല്ലാഹു നൽകിയിട്ടുണ്ട്’’ (മുസ്‌ലിം).

നബിﷺയുടെ ഒരു പ്രത്യേകതയായി വിശുദ്ധ ക്വുർആൻ എടുത്തു പറയുന്നത് ഈ സ്വഭാവ മഹിമയാണ്: “(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു...’’(3:159).

അതിന്റെ ജീവിത സാക്ഷ്യങ്ങളായി പല സംഭവങ്ങളും ചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ഒരിക്കൽ അബ്ബാദ് ബിൻ ശുറഹ്ബീൽ(റ) എന്ന വ്യക്തി ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വലഞ്ഞപ്പോൾ മദീനയിലെ ഒരു തോട്ടത്തിൽ കടന്നു ധാന്യക്കുലകൾ പറിച്ചെടുക്കുകയും കുറച്ച് ഭക്ഷിച്ചതിനുശേഷം ബാക്കിയുള്ള ധാന്യങ്ങൾ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞ് എടുക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ തോട്ടത്തിന്റെ ഉടമ അദ്ദേഹത്തെ കാണുകയും പിടികൂടുകയും മർദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചുവെച്ചു. ഈ വിവരം പ്രവാചകനോട് അദ്ദേഹം പറഞ്ഞപ്പോൾ തോട്ടക്കാരനെ വിളിച്ചുവരുത്തി അവിടുന്ന് പറഞ്ഞു:

‘അറിവില്ലാത്ത അവസ്ഥയിലാണ് അയാളത് ചെയ്തതെങ്കിൽ താങ്കളയാൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയില്ല. വിശന്നു വലഞ്ഞ അവസ്ഥയിലാണ് അയാൾ ഉള്ളത് എന്നിരിക്കെ അയാളെ താങ്കൾ ഭക്ഷിപ്പിച്ചില്ല.’

നബിﷺ അദ്ദേഹത്തിന്റെ വസ്ത്രം തിരിച്ചു കൊടുക്കുവാൻ കൽപിക്കുകയും വേണ്ടുവോളം ധാന്യങ്ങൾ അദ്ദേഹത്തിന് ദാനമായി നൽകുകയും ചെയ്തു’’ (അബൂദാവൂദ്, നസാഈ).

റമദാൻ വ്രതാനുഷ്ഠാനത്തിന് പ്രയാസകരമാകുന്ന വിധത്തിൽ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുന്നവർക്കും ഗർഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകൾക്കും നോമ്പ് ഒഴിവാക്കുവാനും മറ്റു ദിവസങ്ങളിൽ എടുത്തുവീട്ടുവാനും മതം അനുശാസിക്കുന്നു. മറ്റു ദിവസങ്ങളിലും നോമ്പനുഷ്ഠിക്കുവാൻ കഴിയാത്തവർ പാവപ്പെട്ട ആളുകൾക്ക് പ്രായച്ഛിത്തമായി ഭക്ഷണം നൽകുവാനും നിർദേശമുണ്ട്.

ഇതിലെല്ലാം അല്ലാഹുവിന് തന്റെ ദാസൻമാരോടുള്ള കാരുണ്യവും സൗമ്യതയും ആർദ്രതയുമാണ് നാം കാണുന്നത്. അതിനാൽ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവർ അത് കരസ്ഥമാക്കുവാൻ ഈ ഒരു ഉൽകൃഷ്ട സ്വഭാവഗുണം ആർജിച്ചെടുക്കേണ്ടതുണ്ട്. അതിന് സഹായകമാകട്ടെ നമ്മുടെ വ്രതാനുഷ്ഠാനങ്ങൾ.