എസ്‌ഐആർ; പിൻവാതിലിൽ മുട്ടുന്ന എൻആർസിയോ?

അബ്ഹജ് സുറൂർ

2025 ആഗസ്റ്റ് 09, 1447 സഫർ 15

‘നോട്ട് ബന്ധി’ (നോട്ട് നിരോധനം) എട്ടര വർഷം പിന്നിടുമ്പോൾ പുതിയ ചർച്ച ‘വോട്ട് ബന്ധി’(വോട്ട് നിരോധനം)യാണ്. ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്‌ഐആർ) നടപ്പാക്കാൻ ‘തെരഞ്ഞെടുപ്പ് കമ്മീഷൻ’ (ഇ.സി) ഒരുങ്ങുന്നത്. നിലവിൽ വോട്ടർ പട്ടികയിൽ ഉള്ളവരടക്കം എല്ലാവരും തനിക്ക് വോട്ടവകാശം ഉണ്ടെന്ന് തെളിയിക്കുന്നതിനായി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കേണ്ടതായി വരുന്നു എന്നതാണ് ഒളിച്ചുകടത്തപ്പെടുന്ന ഗുരുതര വിഷയം. ഇതിനെതിരെ ശക്തമായ നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.

1987 ജൂലൈ ഒന്നിനു മുമ്പ് ജനിച്ചവർ അവരുടെ ജന്മദിനവും ജന്മസ്ഥലവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 1987 ജൂലൈ ഒന്നിനും 2024 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ സ്വന്തം ജന്മദിനവും മാതാപിതാക്കളിൽ ഒരാളുടെ ജന്മദിനവും ജന്മസ്ഥലവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 2004 ഡിസംബർ 2ന് ശേഷം ജനിച്ചവർ സ്വന്തം ജന്മദിനവും മാതാപിതാക്കളുടെ ജന്മദിനവും ജന്മസ്ഥലവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഇസി ആവശ്യപ്പെടുന്ന 11 രേഖകളിൽ ഏതെങ്കിലും ഒന്ന് ആയിരിക്കണം ഹാജറാക്കേണ്ടത്.

എന്നാൽ സാധാരണ ജനങ്ങളുടെ കൈവശം ഉണ്ടാകാനിടയുള്ള ആധാർ, റേഷൻ കാർഡ്, വോട്ടർ ഐ.ഡി എന്നിവ പരിഗണിക്കുന്നില്ല. ഏത് ആവശ്യത്തിനും പ്രഥമ രേഖയായി അംഗീകരിക്കാറുള്ള ആധാർ എന്തുകൊണ്ട് പരിഗണിച്ചു കൂടാ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുവരെ ഇസി മറുപടി പറഞ്ഞു. ഇസി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിച്ചില്ലെങ്കിൽ വോട്ടവകാശം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

സമാനമായ രൂപത്തിൽ എസ്‌ഐആർ 2003ൽ ഉണ്ടായെന്നാണ് ഇസി അവകാശപ്പെടുന്നത്. വേഗത്തിലുള്ള നഗരവൽക്കരണം, കുടിയേറ്റം, പുതിയ വോട്ടർമാരെ ചേർക്കൽ, മരണപ്പെട്ടവരെ ഒഴിവാക്കൽ തുടങ്ങിയവയാണ് നിലവിലെ പ്രക്രിയയുടെ ലക്ഷ്യമായി പറയുന്നത്. എന്നാൽ ഇവയെല്ലാം വർഷംതോറും നടന്നുവരാറുള്ള Annual Summary Revision വഴി സാധ്യമാണ്. യഥാർഥത്തിൽ ഇപ്പോൾ പറഞ്ഞ രൂപത്തിലുള്ള റിവിഷൻ രാജ്യത്ത് ആദ്യമായാണ്. ഇസിയുടെ ഉത്തരവാദിത്തമാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കൽ എന്നതാണ് രാജ്യം നാളിതുവരെ സ്വീകരിച്ചുവന്ന നയം. സ്വന്തം വോട്ടവകാശം ഇസിക്ക് മുമ്പിൽ ആവശ്യപ്പെടേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. രേഖകൾ സമർപ്പിച്ച് വോട്ടവകാശത്തിനായി ഇസിക്ക് മുമ്പിൽ അഭ്യർഥിക്കുന്ന അവസ്ഥയാണിത്. അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് വോട്ടവകാശം നിർബന്ധമാക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അവരിൽ പരമാവധി പേരെ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ അന്ന് ഭരണകൂടം അവരോട് പലതരം രേഖകൾ ആവശ്യപ്പെടുകയാണ് ചെയ്തത്. സമാനമായ രീതിയാണ് ഇന്ത്യ പരീക്ഷിക്കുന്നത്.

ഭരണഘടന 326 അനുച്ഛേദം പ്രകാരം വോട്ടവകാശത്തിന് രണ്ടു മാനദണ്ഡങ്ങളാണുള്ളത്. 18 വയസ്സ് ആവുക, ഇന്ത്യൻ പൗരനാവുക എന്നിവയാണവ. ‘പൗരത്വം’ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ ഉള്ളതാണ്. അതാണ് എൻആർസിയിൽ നമ്മൾ കണ്ടത്. ഇപ്പോൾ അതേ നടപടികൾ ഇസിയെ ഉപയോഗിച്ച് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാൻ സാധിക്കാത്ത പക്ഷം പൗരന്റെ രാഷ്ട്രീയ അവകാശമായ വോട്ട് നിരോധിക്കപ്പെടും. രണ്ടാലൊരു മാനദണ്ഡത്തിന്റെ അഭാവത്താലാണ് വോട്ട് നിരോധിക്കപ്പെടുക എന്നതിനാൽ വോട്ട് നിരോധിക്കപ്പെടുന്നതിലൂടെ അവന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. എളുപ്പത്തിൽ പറഞ്ഞാൽ പിൻവാതിലിലൂടെ എൻആർസിക്ക് വഴിയൊരുക്കുന്നു.

‘ബീമാരി’(രോഗി) സംസ്ഥാനങ്ങളിൽ എണ്ണപ്പെടുന്ന സംസ്ഥാനമാണ് ബീഹാർ. വോട്ടർമാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം കൂടിയാണത്. എന്നാൽ നിരക്ഷരരോ പട്ടിണിപ്പാവങ്ങളോ ആണ് ഭൂരിഭാഗവും. മൂന്ന് ശതമാനത്തിന് താഴെ മാത്രമാണ് പാസ്‌പോർട്ട് ഉള്ളവർ. അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരാണ് വലിയൊരു വിഭാഗം. അങ്ങനെയൊരു ജനതക്ക് 11ൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കാനാവുമോ? പട്ടിണി മാറ്റാൻ അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവർ അതിനായി ബീഹാറിൽ എത്തുമോ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ നിരവധിയാണ്.

തൊട്ടുമുമ്പ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ വർഷങ്ങളിൽ നടന്ന മറ്റു തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവർക്ക് ഈ പ്രക്രിയയിലൂടെ വോട്ട് നഷ്ടപ്പെട്ടാൽ സ്വാഭാവികമായും ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്; നിലവിലെ ബിജെപി പ്രതിനിധികൾ അടക്കമുള്ള ജനപ്രതിനിധികൾ വ്യാജ വോട്ടിന്റെ പിൻബലത്തിലാണോ വിജയിച്ചത്?.

ചിലരുടെ മനോഭാവം വ്യത്യസ്തമായിരിക്കും. നിലവിൽ പൗരരുടെ എല്ലാവിധ പരിരക്ഷയുമുണ്ട്. വോട്ടവകാശം നേടാൻ ശ്രമിക്കുകയും വിഫലമാവുകയും ചെയ്താൽ വോട്ടവകാശം മാത്രമല്ല പൗരാവകാശവും നഷ്ടപ്പെട്ടേക്കാം. അതിനാൽ വോട്ടവകാശത്തിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരും ഉണ്ടാവും.

എസ്‌ഐആർ ഒരു ഇന്റൻസീവ് (തീവ്ര) റിവിഷൻ ആണ്. ഇസി നിയമ പ്രകാരം തീവ്ര റിവിഷൻ വീടു വീടാന്തരം കയറിയിറങ്ങി വേണം ചെയ്യാൻ. ബീഹാറിലെ 7 കോടി 73 ലക്ഷം വോട്ടർമാരുടെ വീടു തോറും കയറിയിറങ്ങാൻ ഈ സമയം മതിയാവുകയില്ല. സമയക്കുറവും വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ സമയം മാത്രം വിമർശിക്കപ്പെടുന്നത് ശരിയല്ല. സമയം നീട്ടിയാൽ തന്നെയും ഈ പ്രക്രിയയുടെ ഉദ്ദേശ്യവും നടപടിയും എതിർക്കപ്പെടേണ്ടതാണ്.

ബംഗാൾ പോലെയുള്ള സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കിയാൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും ഉണ്ടാവുക. ഇതിന്റെ ബാക്കിപത്രമെന്ന നിലക്ക് വോട്ട് നഷ്ടപ്പെടുന്നവരുടെ കണക്ക് മുൻനിർത്തി കേന്ദ്ര സർക്കാറിന് എൻആർസി നടപ്പാക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാനാവും.

ഭരണകൂടം ഇസിയെ വിലക്കെടു ത്തിരിക്കുന്നു എന്ന് കരുതിയാൽ തെറ്റു പറയാനാവില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന ചട്ടം 2023ൽ ഭേദഗതി ചെയ്തു. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് നിയമിക്കണം എന്ന നിയമം പ്രധാനമന്ത്രി, ഒരു ക്യാബിനറ്റ് മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നാക്കി മാറ്റി. 2:1 അനുപാതത്തിൽ ഭരണകൂടം ഉദ്ദേശിക്കുന്നവർ മുഖ്യ കമ്മീഷണറായി നിയമിക്കപ്പെടാൻ തുടങ്ങി. 85 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നാളിതുവരെ കണ്ടിട്ടില്ലാത്ത വ്യാപക ക്രമക്കേടുകൾക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സാക്ഷിയായി. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, യുപി മുഖ്യമന്ത്രി എന്നിവർക്കെതിരെ എണ്ണമറ്റ കേസുകൾ ഉണ്ടായിട്ടും ഒന്നിനും നടപടിയുണ്ടായില്ല.

ഇത്തരത്തിൽ ഇസിയെ ഉപയോഗപ്പെ ടുത്തി വോട്ടവകാശം നഷ്ടപ്പെടുത്തുന്നത് എന്തിന്? ഉത്തരം വർഷങ്ങൾക്കു മുമ്പ് എംഎസ് ഗോൾവാൾക്കർ തന്റെ We or our Nationhood Definedൽ രേഖപ്പെടുത്തിയിട്ടുണ്ട്: “ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഒന്നുകിൽ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കിൽ അവകാശങ്ങൾ ഒന്നുമില്ലാതെ, പൗരാവകാശങ്ങൾ പോലും ഇല്ലാതെ പൂർണമായി കീഴ്‌പ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയോ ചെയ്യണം.’’