വധവും ചിത്രവധവും: ഛാവ തുറന്നുവിട്ട അപായ സൂചകങ്ങൾ - 2

പി.വി അനിൽ പ്രിംറോസ്

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

ഔറംഗസേബിന്റെ ഭരണകാലത്ത് ബംഗാളിലെ ഹിന്ദുക്കൾക്ക് പല സ്ഥാനമാനങ്ങളും നൽകപ്പെട്ടിരുന്നതായി കാണാം. അറിയപ്പെട്ട പല ഹിന്ദു ജമീന്ദർമാരും ഗവർണർമാരും ഔറംഗസേബിന്റെ ഭരണകാലത്താണ് ജീവിച്ചിരുന്നത്. അക്കാലത്ത് പൂർണ ഇസ്‌ലാമിക രാഷ്ട്രമായിരുന്ന അഫ്ഗാനിസ്ഥാനിൽ നായിബുസ്സുൽത്താനത്തായി ഔറംഗസേബ് നിയമിച്ചത് ഒരു രജപുത്ര ഹിന്ദുവിനെയായിരുന്നു. ഇതുകൂടാതെ മറ്റു മുഗൾ ചക്രവർത്തിമാരെപ്പോലെ തന്നെ നിരവധി ഹൈന്ദവക്ഷേത്രങ്ങൾക്ക് അദ്ദേഹം ജാഗീർ നൽകിയതായി കാണാം. ഒറീസ്സാ ഗവർണറായിരുന്ന ബി.എൽ പാണ്ഡെ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: “കൂടുതൽ ഗവേഷണവും അന്വേഷണവും നടത്തിയതിൽനിന്ന് ഉജ്ജയിനിലെ മഹകുലേശ്വർ ക്ഷേത്രം, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ചിത്രാക്കൂട്, ഉമാനന്ദ് ക്ഷേത്രം, ഗോഹാട്ടിലെ അംബരാനന്ദ ക്ഷേത്രം ഗത്രഞ്ചയിലെ ജൈനമത ക്ഷേത്രം എന്നിവയ്ക്കും നിരവധി ഗുരുദ്വാരകൾക്കും ഔറംഗസീബ് സ്വത്ത് നൽകിയതിനെ സംബന്ധിച്ച രേഖ കണ്ടെത്താൻ കഴിഞ്ഞു. രാജകീയ രേഖകളിൽ അധികവും 1656നും 1686 ഇടയിൽ പുറപ്പെടുവിച്ചതാണ്’’ (ഉദ്ധരിച്ചത്: ഇന്ത്യൻ മുസ്‌ലിംകൾ വിമർശനങ്ങളും വസ്തുതകളും, പേജ് 21).

ഈ ക്ഷേത്രങ്ങൾക്കെല്ലാം സ്വത്ത് നൽകിയതിന്റെ രേഖകൾ ഇന്നും നടത്തിപ്പുകാരുടെ കൈവശം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഗോഹാട്ടിലെ അംബരാനന്ദക്ഷേത്രത്തിന്റെ വസ്തുവഹകൾ കൈമാറിക്കൊണ്ട് ഔറംഗസേബ് പുറപ്പെടുവിച്ച ഉത്തരവിന്റെ പൂർണരൂപം താഴെ പറയും പ്രകാരമാണ്: ‘ഇപ്പോഴത്തെയും ഭാവിയിലെയും സുപ്രധാന കാര്യങ്ങളുടെ ചുമതലക്കാരും ചൗധരിമാർ, കാനൂൻകാർ, മുഖദ്ദംകാർ, പേട്ട ബൻഗേസറിലെ കൃഷിക്കാർ എന്നിവരും അറിയേണ്ടതിലേക്ക്-ഡഖിൻകുൽ സർക്കാറിന്റെ പാണ്ടു പർഗാനയിലെ സകാര ഗ്രാമത്തിന് പുറത്തുള്ള 21/2 ബിശ്വഭൂമി റവന്യൂ ഇനത്തിൽ 30 രൂപ മതിക്കുന്ന പ്രസ്തുത സ്ഥലം മുൻഭരണാധികൾ ഉമാനന്ദിലെ പൂജാരി സുഡാമന്നും പുത്രനുമായി നൽകിയതാണ്... ഇൻഖാലി ഗ്രാമത്തിലെ റവന്യൂ ഒഴികെയുള്ള വനഭൂമിയും പരിപാലന ചെലവിലേക്ക് അനുവദിച്ചതാണ്. അതവരുടെ അധീനത്തിൽ സ്ഥിരമായി പരിപാലിക്കാൻ അനുവദിക്കേണ്ടതാണ്. അവിടെ അവർ ഈ സാമ്രാജ്യത്തിന്റെ അനശ്വരതക്ക് വേണ്ടിയുള്ള പ്രാർഥനകളിൽ മുഴുകട്ടെ. റവന്യൂ നികുതികളുടെയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളുടെയോ പേരിൽ അവരെ ആരും ശല്യപ്പെടുത്തരുത്. ഒരു പുതിയ സനദ് വേണമെന്ന ആവശ്യവും ഉന്നയിക്കരുത്... അവർ ഇതിൽനിന്ന് വ്യതിചലിക്കേണ്ടതില്ല. ചക്രവർത്തിയുടെ ഒമ്പതാം സ്ഥാനാരോഹണ വർഷം സഫർ 2ന് എഴുതിയത്’’ (ആസാം റിസർച്ച് സൊസൈറ്റിയുടെ ജേർണലിൽനിന്ന്, ഉദ്ധരണം: ഇസ്‌ലാമും മതസഹിഷ്ണുതയും).

ചുരുക്കത്തിൽ, വർഗീയാധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും തന്റെ രാജ്യത്തിലെ ഇതരമതസ്ഥരുടെ ക്ഷേമൈശ്വര്യങ്ങളിൽ ബദ്ധശ്രദ്ധാലുവുമായിരുന്ന ഔറംഗസേബിന്റെ ഭരണനയങ്ങളെ തെറ്റായി അവതരിപ്പിച്ച് മുഗൾഭരണത്തിനും അതുവഴി ഇന്ത്യൻ മുസ്‌ലിംകൾക്കും ‘അസഹിഷ്ണുതാസ്‌കിത’ കണ്ടെത്തുകയുമാണ് ദേശീയവാദരചയിതാക്കളും ബ്രിട്ടീഷ് ചരിത്രകാരന്മാരും ചെയ്തത്. അത് യാതൊരുവിധ പഠന-ഗവേഷണങ്ങൾക്കും വിധേയമാക്കാതെ എടുത്തുദ്ധരിക്കുകയാണ് ഛാവാ എന്ന മറാത്തി സിനിമ ചെയ്തിരിക്കുന്നത്.

ശിവജിയുടെ ജീവിതം

1630 ഫെബ്രുവരി 19ന് പൂനെയ്ക്കടുത്തുള്ള ശിവനേരി കോട്ടയിൽ ജനിച്ച ശിവജി രാജെ ഭോസ്ലെയാണ് ഛത്രപതി ശിവജി മഹാരാജ് എന്ന പേരിൽ അറിയപ്പെടുന്നത്. മുഗൾ ഭരണത്തിനെതിരെ മറാത്തി ജനതയെ ഒരുമിച്ച് നിർത്തി സ്വരാജ് എന്ന ആശയം യാഥാർഥ്യമാക്കിയ ശിവജി, തന്റെ ജീവിതകാലത്ത് ശക്തമായ സൈന്യവും ഭരണവ്യവസ്ഥയും കെട്ടിപ്പടുത്തു.

മറാത്താ ഭോസ്ലെ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഷാജി ഭോസ്ലെ ഒരു പ്രമുഖ മറാത്താ സേനാനായകനായിരുന്നു. മാതാവ് ജിജാബായിയുടെ സ്വാധീനത്താൽ പല ഹിന്ദു പുരാണങ്ങളും ചരിത്രവും ശിവജി ഹൃദിസ്ഥമാക്കി. ആദ്യകാലത്ത്, ഷാജി ബീജാപ്പൂർ സുൽത്താന്റെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്നതിനാൽ ശിവജിയുടെ ബാല്യം സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരതയിലൂടെയാണ് കടന്നുപോയത്.

മറാത്തി ജനതയ്ക്ക് സ്വയംഭരണം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ 16ാം വയസ്സിൽ (1646ൽ) ശിവജി തന്റെ ആദ്യ സൈനിക നീക്കം ആരംഭിച്ചു. ബീജാപ്പൂർ സുൽത്താന്റെ അധീനത്തിലുള്ള തോരണ കോട്ട പിടിച്ചെടുത്തതോടെ, മുഗൾ ഭരണത്തിനെതിരായ പോരാട്ടത്തിന് തുടക്കമിട്ടു. സഹ്യാദ്രി മലനിരകളുടെ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ചെറുപ്പത്തിൽ തന്നെ, ഗറില്ലാ യുദ്ധതന്ത്രങ്ങൾ ഉപയോഗിച്ച് ശിവജി ഭരണകൂടത്തിനെതിരെ പോരാട്ടങ്ങൾക്ക് തുടർച്ച കണ്ടെത്തി.

1659ൽ ബീജാപ്പൂർ സുൽത്താന്റെ സേനാപതിയായ അഫ്‌സൽ ഖാനെ പരാജയപ്പെടുത്തിയ സംഭവം ശിവജിയുടെ ധീരതയുടെ പ്രതീകമായി വിലയിരുത്തുന്നു. അഫ്‌സൽ ഖാനെ തന്റെ ‘വാഘനഖ്’ (വ്യാഘ്രനഖം) എന്ന ആയുധം ഉപയോഗിച്ച് വധിച്ച സംഭവം മറാത്താ ജനതയിൽ ശിവജിയുടെ പ്രശസ്തി വർധിപ്പിച്ചു.

1674ൽ ശിവജി ഛത്രപതിയായി സ്വയം കിരീടധാരണം ചെയ്തു. റായ്ഗഢ് കോട്ടയിൽ നടന്ന ഈ ചടങ്ങ് മറാത്താ സ്വരാജിന്റെ ഔദ്യോഗിക പ്രഖ്യാപനമായി മാറി. അവിടെവച്ച് ഭരണാധികാരത്തിന്റെ പ്രതീകമായി ‘ഛത്രപതി ശിവജി മഹാരാജ്’ എന്ന പദവി സ്വീകരിച്ചു. ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സ്ഥാപിക്കുകയും ‘അഷ്ടപ്രധാൻ’ എന്ന എട്ടംഗ മന്ത്രിസഭയെ നിയമിക്കുകയും ചെയ്തു. ഈ മന്ത്രിസഭയിൽ പേഷ്വ (പ്രധാനമന്ത്രി), അമാത്യ (ധനകാര്യം), സചിവ (ആഭ്യന്തരം) തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.

ഇക്കാലത്ത് തന്നെ ശിവജി തന്റെ സൈന്യത്തെ ശക്തിപ്പെടുത്തി, നാവികസേനയും വികസിപ്പിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ തീരപ്രദേശങ്ങളിലെ ആധിപത്യത്തെ ചെറുക്കാൻ ഈ നാവികസേന നിർണായകമായി. കൊങ്കൺ തീരത്ത് നിരവധി കോട്ടകൾ പണിത്, മറാത്താ ശക്തി വ്യാപിപ്പിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബുമായി ശിവജി നിരവധി ഏറ്റുമുട്ടലുകൾ നടത്തി. 1666ൽ ഔറംഗസേബ് ശിവജിയെ ആഗ്രയിൽവച്ച് തടവിലാക്കാൻ ശ്രമിച്ചെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. 1670ൽ സൂറത്ത് ആക്രമിച്ച് മുഗൾ സമ്പത്ത് കവർന്നത് ശിവജിയുടെ ഗറില്ലാ യുദ്ധത്തിന്റെ ഉദാഹരണമാണ് വിലയിരുത്താറ്.

1680 ഏപ്രിൽ 3ന് റായ്ഗഢ് കോട്ടയിൽവച്ച് ശിവജി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മകൻ സംഭാജി മറാത്താ സാമ്രാജ്യം ഭരിച്ചു.

സംഭാജി പൂജനീയനോ?

തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കൾക്കിടയിലെ ഇന്ത്യൻ ഹീറോകളാണ് ശിവജിയും മകൻ സംഭാജിയും. ‘ഛാവ’ സിനിമ പുറത്തിറങ്ങിയതിന് ശേഷം ഇത് സർവസീമകളും ലംഘിച്ച് അവർ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. യഥാർഥത്തിൽ സംഭാജി ഹിന്ദുമതത്തെയോ തീവ്ര ഹിന്ദുത്വത്തെയോ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും കർമങ്ങളിൽ ആത്മാർഥമായി ഇടപെട്ടിരുന്നോ? അന്നത്തെ തീവ്ര ദേശീയവാദ രചയിതാക്കളിൽ ആരെങ്കിലും ആ വിധത്തിൽ അദ്ദേഹത്തെ പരിഗണിച്ചിരുന്നോ? നമുക്ക് പരിശോധിക്കാം.

മറാത്താ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഛത്രപതിയും മറാത്താ സ്ഥാപകനായ ശിവജി മഹാരാജിന്റെ മൂത്ത മകനുമായിരുന്നു സംഭാജി രാജെ ഭോസ്ലെ. 1657 മെയ് 14ന് പൂനെയ്ക്കടുത്തുള്ള പുരന്ദർ കോട്ടയിൽ ശിവജി മഹാരാജിന്റെയും അവന്റെ ആദ്യ ഭാര്യ സായിബായിയുടെയും മകനായാണ് സംഭാജി ജനിക്കുന്നത്. ബാല്യത്തിൽതന്നെ യുദ്ധകലകളിലും ഭരണതന്ത്രങ്ങളിലും സംഭാജി പരിശീലനം നേടി. എന്നാൽ ആദ്യഘട്ടം മുതൽ വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1666ൽ, ഒമ്പത് വയസ്സുള്ളപ്പോൾ പുരന്ദർ ഉടമ്പടിയുടെ ഭാഗമായി മുഗൾ ചക്രവർത്തി ഔറംഗസേബ് സംഭാജിയെ രാഷ്ട്രീയ ബന്ദിയായി പിടിച്ചു. ശിവജിയുടെ വിധേയത്വം ഉറപ്പാക്കാനായിരുന്നു ഈ നീക്കം. പിന്നീട്, ശിവജിയോടൊപ്പം ആഗ്രയിൽ എത്തിയ സംഭാജി, അവിടെ വീട്ടുതടങ്കലിൽ കഴിയുകയും രക്ഷപ്പെടുകയും ചെയ്തു.

സംഭാജിയുടെ യൗവനകാലം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും ‘ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി’യും ശിവജിയെ അസ്വസ്ഥനാക്കി. ഒരു ബ്രാഹ്‌മണ സ്ത്രീയെ അപമാനിച്ചതിന്റെ പേരിൽ ശിവജി സംഭാജിയെ പൻഹാള കോട്ടയിൽ തടവിലിട്ടതായി ചരിത്രത്തിൽ കാണാം. ഈ സംഭവങ്ങൾക്ക് ശേഷം, 1678ൽ സംഭാജി മുഗൾ സൈന്യത്തിൽ ചേരുകയും ദിലേർ ഖാന്റെ കീഴിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ കൂറുമാറി മറാത്താ സൈന്യത്തിലേക്കുതന്നെ തിരിച്ചെത്തിയതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ശിവജി മഹാരാജിന്റെ മരണശേഷം, 1681 ജനുവരി 20ന് സംഭാജി ഛത്രപതിയായി അധികാരമേറ്റു. എന്നാൽ, അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് എളുപ്പമായിരുന്നില്ല. ശിവജിയുടെ മന്ത്രിമാരിൽ ചിലർ തന്നെ സംഭാജിയെ എതിർത്ത്, മറ്റൊരു മകനായ രാജാറാമിനെ പിന്തുണച്ചു. എന്നാൽ എതിർപ്പുകളെ അതിജീവിച്ച് സംഭാജി ഭരണം തുടർന്നു. ഗറില്ലാ യുദ്ധതന്ത്രങ്ങൾ നിലനിർത്തിയും മറാത്താ നാവികസേനയെ ശക്തിപ്പെടുത്തിയും പോർച്ചുഗീസ്, സിദ്ദി, മുഗൾ ശക്തികൾക്കെതിരെ സംഭാജി നിരന്തരം പോരാടി.

1689ൽ മുഗൾ സേനാപതി മുഖറബ് ഖാൻ സംഭാജിയെ സാംഗമേശ്വറിൽവച്ച് പിടികൂടുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്തതോടെയാണ് ചരിത്രത്തിന് തിരശ്ശീല വീഴുന്നത്. ഈ വധശിക്ഷയാണ് ഏറെ അതിശയോക്തിയോടെ ഛാവ സിനിമ ചിത്രീകരിക്കുകയും തീവ്ര ഹിന്ദുവികാരം ഇളക്കിവിടുകയും ചെയ്തത്.

എന്നാൽ മുകളിൽ സൂചിപ്പിച്ച പോലെ സംഭാജിയെ ഒരിക്കലും തീവ്ര ദേശീയതയുടെ വക്താവായി അംഗീകരിക്കാത്തവരായിരുന്നു, ഹിന്ദുത്വ സൈദ്ധാന്തികർ. വി.ഡി. സവർക്കറും എം.എസ്. ഗോൾവാൾക്കറും ഹിന്ദുത്വ ആശയങ്ങളുടെ പ്രധാന വക്താക്കളായിരുന്നെങ്കിലും, ഛത്രപതി സംഭാജി മഹാരാജിന്റെ സ്വഭാവത്തെക്കുറിച്ച് അവർ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സംഭാജിയുടെ മദ്യപാനവും സ്ത്രീകളുമായുള്ള ബന്ധവും ഭരണനൈപുണ്യത്തിന്റെ അഭാവവും അവർ എടുത്തു വിമർശിച്ചിട്ടുണ്ട്.

സവർക്കർ തന്റെ രചനകളിൽ, പ്രത്യേകിച്ച് ‘Six Glorious Epochs of Indian History’ എന്ന ഗ്രന്ഥത്തിൽ, സംഭാജിയെ ‘മദ്യപാനിയും സ്ത്രീലമ്പടനും’ (Drunkard and womanizer) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സംഭാജി ‘മറാത്താ സാമ്രാജ്യം ഭരിക്കാൻ അയോഗ്യനായിരുന്നു’ എന്നും ‘ക്ഷിപ്രകോപിയും’ (Short-tempered) ‘അനിയന്ത്രിതമായ ജീവിതശൈലിയുടെ ഉടമ’യുമായിരുന്നു എന്നും സവർക്കർ പറഞ്ഞുവയ്ക്കുന്നു. സവർക്കറുടെ വീക്ഷണത്തിൽ, ശിവജി മഹാരാജിന്റെ പിൻഗാമിയായി സംഭാജിയെ പ്രതിഷ്ഠിക്കാൻ പാടില്ലെന്നും ഒരു ആദർശ ഹിന്ദു ഭരണാധികാരിയായി ഉയർത്തിക്കാട്ടാനുള്ള യാതൊരു യോഗ്യതയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കൃത്യമായി പറയുന്നുണ്ട്.

ഏതാണ്ട് ഇതിന് സമാനമായ നിലപാട് തന്നെയാണ് സംഭാജിയെപ്പറ്റി ഗോൾവാൾക്കറിനുമുണ്ടായിരുന്നത്.

എം.എസ്. ഗോൾവാൾക്കർ, ആർ.എസ്.എസിന്റെ സർസംഘചാലകനായിരുന്നപ്പോൾ രചിച്ച, ‘unch of Thoughts’ എന്ന ഗ്രന്ഥത്തിൽ സംഭാജിയെക്കുറിച്ച് സമാനമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘സ്ത്രീകളോടും മദ്യത്തോടും ആസക്തനായിരുന്നു’ (addicted to women and wine) എന്നായിരുന്നു സവർക്കറെ പോലെത്തന്നെ ഗോൾവാൾക്കറുടെയും വിമർശനം.

മറാത്താ സാമ്രാജ്യത്തിലെ പ്രമുഖ രാഷ്ട്രീയ വിദഗ്ധനായിരുന്ന ഖൻദോ ബല്ലാൽ ചിത്‌നിസിയുടെ സഹോദരിയെ കാമാസക്തിയോടെ സംഭാജി സമീപിച്ചുവെന്നും, തന്റെ ചാരിത്ര്യം കാക്കാനായി അവർ ആത്മഹത്യ ചെയ്തുവെന്നുമുള്ള സംഭവം ഇതിന് തെളിവായി ഗോൾവാൾക്കർ പുസ്തകത്തിൽ എടുത്തുദ്ധരിക്കുന്നുമുണ്ട്.

ചുരുക്കത്തിൽ, നാടിനെ പകുക്കാനും സാമുദായിക സ്പർദ വളർത്താനുമായി ‘ഛാവ’ സിനിമ ഉപയോഗിച്ച തീവ്ര ബിംബങ്ങളൊന്നും അതിനെ സാധൂകരിക്കുന്നില്ലെന്ന് മാത്രമല്ല, യാഥാർഥ്യങ്ങളുമായി മാറ്റുരച്ച് നോക്കുമ്പോൾ പലപ്പോഴും വിരുദ്ധസ്ഥലികളിൽ പ്രതിഷ്ഠിക്കാൻ മാത്രം അകലങ്ങളിലാണെന്നും നിഷ്പക്ഷ ചരിത്ര വായനക്കാർക്ക് ബോധ്യപ്പെടുകയും ചെയ്യും.