സലഫിയ്യത്തും അഭിപ്രായ വ്യത്യാസങ്ങളും
ശമീർ മദീനി
2025 മാർച്ച് 08, 1446 റമദാൻ 07

സലഫിയ്യത്ത്’ എന്നത് ഏതെങ്കിലും വ്യക്തികളിലേക്കോ വ്യക്തികൾ ആവിഷ്‌കരിച്ച ആശയങ്ങ ളിലേക്കോ ഉള്ള ചേർത്തു പറയലല്ല; മറിച്ച് മുഹമ്മദ് നബിﷺയും അവിടുത്തെ അനുചരന്മാരും അവരുടെ ശിഷ്യഗണങ്ങളും അടങ്ങുന്ന സച്ചരിതരായ മുൻഗാമികളിലേക്ക് (അഥവാ സലഫുകളിലേക്ക്) ചേർത്തുകൊണ്ട് പറയുന്ന ആദർശപരമായ വ്യക്തതയുടെയും സമീപനങ്ങളുടെയും നിലപാടുകളുടെയും പേരാണത്. അതായത്, ഇസ്‌ലാമിന്റെ പ്രമാണബദ്ധവും കുറ്റമറ്റതുമായ വായനക്ക് പറയുന്ന സാങ്കേതിക പേരാണത്. കക്ഷിത്വത്തെയും വിഭാഗീയതയെയും നിരാകരിക്കുന്ന മാർഗമാണ് അത്. എന്നാൽ, ഇന്ന് ചിലർക്ക് അത് മറ്റു ചിലരോടുള്ള കലിപ്പും വെറുപ്പും തീർക്കുവാനുള്ള വളച്ചുകെട്ടലുകളുടെ അതിർവരമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ വിഭാഗത്തിൽ പെടാത്തവരെയും താൻ അംഗീകരിക്കുന്ന പണ്ഡിതന്റെ വാക്കുകളും ഫത്‌വകളും സ്വീരിക്കാത്ത, അതിനപ്പുറത്ത് മറ്റു വല്ല അഭിപ്രായങ്ങളും നിലപാടുകളും സ്വീകരിക്കുന്നവരെയൊക്കെയും സലഫിയ്യത്തിന്റെ പടിക്കു പുറത്തു നിറുത്തുവാൻ അത്തരക്കാർ വെമ്പൽകൊള്ളാറുണ്ട്. എന്നാൽ ആധുനിക കാലഘട്ടത്തിലെ അറിയപ്പെടുന്ന സലഫി പണ്ഡിതന്മാർ തന്നെയും അത്തരം സങ്കുചിത നിലപാടുകളെ വിഭാഗീയതയുടെ വിത്തുകളായി കാണുകയും അതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തതായി കാണാം.
ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) പറയുന്നു: ‘ചെറിയ ചെറിയ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും സലഫുകളുടെ മാർഗത്തിൽനിന്ന് നമ്മെ പുറത്തു കളയുന്നില്ല. അത്തരം കാര്യങ്ങൾ തർക്കങ്ങൾക്കും വിഭാഗീയതകൾക്കും ശത്രുതക്കും വിദ്വേഷത്തിനും ഇടം നൽകുന്നതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സ്വഹാബത്തിന്റെ കാലഘട്ടത്തിൽതന്നെ ഉള്ളതായി നമുക്ക് കാണുവാൻ സാധിക്കും. അവരാരും അതിന്റെ പേരിൽ ശത്രുതയോടെ പെരുമാറുകയോ വിഭാഗീയതകൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. പ്രത്യുത ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒറ്റ സമൂഹമായിട്ടാണ് അവർ നിലകൊണ്ടത്. എല്ലാ വിഷയങ്ങളിലും എല്ലാവരും യോജിക്കുക എന്നത് സാധ്യമല്ല താനും’’ (അൽഅഖല്ലിയ്യാത്തുൽ മുസ് ലിമ, പേജ് 48).
തർക്കങ്ങളും അഭിപ്രായാന്തരങ്ങളും ഏത് വിഷയങ്ങളിൽ ഉണ്ടാകുമ്പോഴും വിശുദ്ധ ക്വുർആനിലേക്കും പ്രവാചകാധ്യാപനങ്ങളിലേക്കും മടക്കി അതിന്റെ ശരിയായ പരിഹാരം കണ്ടെത്തി സത്യത്തിന്റെ മാർഗം പിൻപറ്റുവാനുള്ള മനസ്സും പരിശ്രമവുമാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്.
ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) തന്നെ പറയുന്നു: “എന്നാൽ ഏറ്റവും വലിയ പ്രശ്‌നം എന്ന് പറയുന്നത്, ചിലയാളുകൾ ഏതെങ്കിലും ഒരു അഭിപ്രായം ശരിയായിക്കണ്ടാൽ അതൊരുപക്ഷേ, ഇജ്തിഹാദിയായ, തന്റെ പക്കൽ നിന്നുള്ള ഗവേഷണാത്മകമായ ഒരു വീക്ഷണമാകാം, അതല്ലെങ്കിൽ താൻ നല്ലതായി കരുതുന്ന ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തെ അനുകരിച്ചുകൊണ്ടുള്ള അഭിപ്രായമായിരിക്കാമത്. ആളുകളെല്ലാവരും ആ അഭിപ്രായം തന്നെ സ്വീകരിക്കണമെന്ന് വാശിപിടിക്കുന്ന രീതി ഒരിക്കലും ശരിയല്ല’’ (അൽഅഖല്ലിയ്യാത്തുൽ മുസ്‌ലിമ, പേജ് 49).
ഒരു പ്രബോധകന്റെ ചിന്തയും നിലപാടും എപ്പോഴും തെളിവും ന്യായവും പിന്തുണക്കുന്ന സത്യത്തെ സ്വീകരിക്കുക എന്നതായിരിക്കണം. പണ്ഡിതന്മാർക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങളും അഭിപ്രായ ങ്ങളും തർക്കത്തിന്റെ ഹേതുവായിക്കൂടാ. അതുവഴി ഭിന്നതക്ക് വിത്തു പാകുവാൻ ഒരിക്കലും ശ്രമിക്കരുത്. അങ്ങനെ വന്നാൽ ദഅ്‌വത്തിന്റെ മേഖലയിലെ ഏറ്റവും വലിയ ഒരു പ്രതിസന്ധിയായിരിക്കും അത്.
ഇന്ന് പ്രബോധകർക്കിടയിൽ കാണുന്ന വലിയ ഒരു ദുരന്തമാണ് ശൈഖ് ഉസൈമീൻ(റഹി) ഇവിടെ എടുത്തുകാട്ടുന്നത്. മുഖ്യമായ വിഷയങ്ങളിൽ യോജിച്ച് ഒരേ ആദർശത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കേണ്ട പ്രബോധകർ ഇത്തരം അഭിപ്രായവ്യത്യാസങ്ങളിൽ കക്ഷി ചേരുകയും താന്താങ്ങളുടെ അഭിപ്രായങ്ങളെ പ്രമാണങ്ങളുടെ ഖണ്ഠിതമായ വാക്കുകളുടേതിന് സമാനമായി കാണുകയും അത് സ്വീകരിക്കാത്തവരെയെല്ലാം നേർമാർഗത്തിൽനിന്ന് വ്യതിചലിച്ചവരായി കാണുകയും ചെയ്യുന്നത് ഒരു യഥാർഥ പ്രബോധകന് ഒരിക്കലും ഭൂഷണമല്ല.
ഇജ്തിഹാദിയായ വിഷയങ്ങളിൽ വീക്ഷണ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതിൽ വിശാലത കാണുന്നതോടൊപ്പം പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങളിലേക്ക് മറ്റുള്ളവരെ തന്മയത്വത്തോടും ഗുണകാംക്ഷയോടും കൂടി ആത്മാർഥമായി ക്ഷണിക്കാനാണ് ഏതൊരാളും പരിശ്രമിക്കേണ്ടത്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ, അതിൽ വിശാലമായ നിലപാടു സ്വീകരിച്ച് ആരെയും വിമർശിക്കാത്ത മൃദുസമീപനമാണ് ശരി എന്ന് വരുത്തുന്നതും പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട കാര്യങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനെയും പ്രമാണങ്ങളുടെ പിൻബലമില്ലാത്ത ബാലിശമായ അഭിപ്രായങ്ങളെ വിമർശിക്കുന്നതിനെയും തീവ്രതയും സങ്കുചിതത്വവുമായി ചിത്രീകരിക്കുന്നതും ശരിയല്ല. ക്വുർആൻ പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

