പിശാച് മനുഷ്യനെ പിഴപ്പിക്കുന്ന മാർഗങ്ങൾ

ശമീർ മദീനി

2025 ജൂലൈ 05, 1447 മുഹറം 09

(പിശാചിന്റെ ചതിക്കുഴികൾ 9)

മനുഷ്യനെ പിഴവിലകപ്പെടുത്താൻ വലവിരിച്ച് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പിശാച്. അതിനായി പല വഴികളും അവൻ സ്വീകരിക്കും. അല്ലാഹു പറയുന്നു: “പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും. അവരിൽ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല’’ (7:17).

സ്ത്രീകൾ

സ്ത്രീകളെ ഉപയോഗിച്ച് പിശാച് മനുഷ്യരെ വഴിപിഴപ്പിക്കും. അതുകൊണ്ട് ആ കെണിയിൽ പെട്ടുപോകാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. നബി ﷺ ഉണർത്തിയത് പോലെ “നിശ്ചയം ഇഹലോകം മധുരമുള്ളതും പച്ചപിടിച്ചതുമാണ്. അല്ലാഹു നിങ്ങളെ അതിൽ പിന്തുടർച്ചക്കാരായി നിശ്ചയിച്ചിരിക്കുന്നു; നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാൻ വേണ്ടി. അതിനാൽ നിങ്ങൾ ദുൻയാവിനെയും സ്ത്രീകളെയും സൂക്ഷിക്കുക. നിശ്ചയം, ബനൂഇസ്‌റാഈല്യരിലെ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു’’ (മുസ്‌ലിം).

അതിനാൽ സ്ത്രീകളുടെ സംസാരങ്ങളിലോ കൊഞ്ചിക്കുഴയലുകളിലോ വശംവദരായി അതിലൂടെ അതിനെക്കാൾ വലിയ അപകടങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാൻ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. സഈദുബ്‌നുൽ മുസ്വയ്യബ്(റഹി) പറയുന്നു: “അല്ലാഹു അയച്ച ഏതൊരു നബിയും പിശാച് സ്ത്രീകളെക്കൊണ്ട് തങ്ങളെ നശിപ്പിച്ചു കളയുന്നതിനെ സംബന്ധിച്ച് ഭീതിയിലും ജാഗ്രതയിലും ആയിരുന്നു’’ (തൽബീസു ഇബ്‌ലീസ്, പേജ് 44).

അതുകൊണ്ടാണ് അന്യസ്ത്രീകളുമായി തനിച്ചാകുന്നതും അവരെ കാമാസക്തിയോടെ നോക്കുന്നതും സ്പർശിക്കുന്നതും അവരുടെ നഗ്‌നത കാണുന്നതുമെല്ലാം മതം വിലക്കിയത്; അവയെല്ലാം തിന്മകളിലേക്കുള്ള അപകടകരമായ വഴികളാണ് എന്നതിനാൽ കൊട്ടിയടച്ചതും. സ്ത്രീകളുടെ വിഷയത്തിൽ പിശാചിന്റെ കെണികളിലകപ്പെട്ട് ജീവിതം തന്നെ ദുസ്സഹമാവുകയും അതുവരെയും നേടിയെടുത്ത അന്തസ്സും അഭിമാനവും സ്ഥാനമാനങ്ങളുമെല്ലാം നഷ്ടമായി, നന്മയുടെ വഴികളിൽനിന്ന് തന്നെ ബഹിഷ്‌കൃതരായ പലരും ഉണ്ട്. അതിനാൽ സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും പടച്ച റബ്ബിനോട് നിരന്തരം കാവൽ തേടുകയും ചെയ്യുക.

കോപം

പിശാച് മനുഷ്യനെ പിടിക്കുന്ന മറ്റൊരു കാര്യം കോപമാണ്. കോപാന്ധതകൊണ്ട് ഓരോരുത്തരും ചെയ്തുകൂട്ടുന്ന അനർഥങ്ങൾ എത്രയാണ്! ലഹളകൾ, അടിപിടികൾ, ക്രൂരമായ കൊലപാതകങ്ങൾ വരെയും ഇതിലൂടെ സംഭവിക്കുന്നു. വഹബുബ്‌നു മുനബ്ബിഹ് (റഹി) എന്ന താബിഈ പണ്ഡിതൻ പറഞ്ഞതായി ഇബ്‌നുൽ ജൗസി(റഹി) ഉദ്ധരിക്കുന്നു: “ഒരു പണ്ഡിതൻ പിശാചിനോട് ചോദിച്ചുവത്രെ, മനുഷ്യന്മാരുടെ ഏത് സ്വഭാവമാണ് നിങ്ങൾക്ക് അവനെതിരെ ഏറ്റവും സഹായകരമായിട്ടുള്ളത് എന്ന്. അപ്പോൾ പിശാച് പറഞ്ഞത് അവന്റെ കഠിനമായ കോപം എന്ന സ്വഭാവമാണ് എന്നും ഒരാൾ കഠിന കോപിയാണെങ്കിൽ ഞങ്ങൾ അവനെ കുട്ടികൾ കളിപ്പാട്ടങ്ങൾ തട്ടുന്നതുപോലെ തട്ടിക്കളിച്ചു കൊണ്ടിരിക്കും എന്നുമാണ്’’ (തൽബീസു ഇബ്‌ലീസ്, പേജ് 45).

കോപം പിശാചിൽനിന്നാണെന്നും ദേഷ്യം പിടിച്ച അവസ്ഥയിൽ നിൽക്കുമ്പോൾ നിങ്ങൾ സംസാരിക്കാതെ ഇരിക്കണമെന്നും ഗോപാഗ്‌നി കെടുത്തിക്കളയാൻ വുദൂഅ് ചെയ്യണമെന്നും, നിൽക്കുകയാണെങ്കിൽ ഇരിക്കാനും ഇരിക്കുകയാണെങ്കിൽ കിടക്കാനും അഥവാ നമ്മുടെ അവസ്ഥയും സാഹചര്യവും നിയന്ത്രണവിധേയമാക്കാനുമൊക്കെയുള്ള ഫലപ്രദമായ പല നിർദേശങ്ങളും നബിﷺ നൽകിയിട്ടുണ്ട്.

ഇഹലോകത്തിന്റെ വിശാലത

ഭൗതിക വിഭവങ്ങളുടെ ആധിക്യവും ദുൻയാവിന്റെ വിശാലതയും അധികരിക്കുന്നതിലൂടെ പിശാച് പല നന്മകളെയും മറപ്പിച്ചുകളയുകയും ഭൗതിക സുഖങ്ങൾക്ക് പിന്നാലെ പരക്കം പായുന്ന അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുകയും ചെയ്യും. സച്ചരിതരായ മുൻഗാമികൾ ഇക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തിയിരുന്നവരായിരുന്നു എന്ന് അവരുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൗതിക വിരക്തിയോടെയും ദുൻയാവിനോടുള്ള അമിത ഭ്രമം ഒഴിവാക്കിയുമായിരുന്നു അവരുടെ ജീവിതം. ഭൗതിക സുഖങ്ങളുടെ പിന്നാലെ പരക്കം പായുമ്പോൾ നിർബന്ധമായ ആരാധനാകർമങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. അതിലൂടെ ഒട്ടനവധി നഷ്ടങ്ങളും സംഭവിക്കാൻ ഇടയുണ്ട്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽനിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ് നഷ്ടക്കാർ’’ (63:9).

ബന്ധങ്ങൾ ശിഥിലമാക്കൽ

ബന്ധങ്ങൾ തകർക്കാൻ പിശാച് വല്ലാതെ താൽപര്യം കാണിക്കും. വിശിഷ്യാ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെ. അതുവഴി കുടുംബം തകർക്കുവാനും പരസ്പര ശത്രുതയിലേക്ക് എത്തിക്കുവാനും സാധിക്കുമെന്നുള്ളതുകൊണ്ട് അതിന്റെ പിന്നിലൂടെ പിശാചിന്റെ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുവാൻ അവന് എളുപ്പത്തിൽ കഴിയും.

നബിﷺ പറഞ്ഞതായും മുൻഗാമികളായ പല പണ്ഡിതന്മാരുടെ വാക്കുകളായും വന്ന ഒരു കാര്യം ഇങ്ങനെയാണ്: ‘ഓരോ ദിവസവും പ്രഭാതത്തിൽ ഇബ്‌ലീസ് തന്റെ സൈന്യത്തെ ഭൂമിയിലെ വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയക്കും. എന്നിട്ട് ഓരോരുത്തരും ചെയ്ത കർമങ്ങൾ വിലയിരുത്തി അവരെ ആദരിക്കുകയും പ്രശംസിക്കുകയുമൊക്കെ ചെയ്യും. അങ്ങനെ പലരും തങ്ങൾ മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ച പല പല തെറ്റുകളെ കുറിച്ചും പറയുമ്പോൾ ഇബ്‌ലീസ് ‘നിങ്ങൾ ഒന്നും ചെയ്തിട്ടില്ല’ എന്ന് പറയുമത്രെ. എന്നാൽ ഭാര്യാഭർത്താക്കന്മാരെ തമ്മിൽ തെറ്റിച്ചുകൊണ്ട് ബന്ധങ്ങൾ ശിഥിലമാക്കിയ കാര്യം പറഞ്ഞവനെ നോക്കി ഇബ്‌ലീസ് പറയും: ‘നീയാണ് മിടുക്കൻ.’ അങ്ങനെ ആ പിശാചിനെ ഇബ്‌ലീസ് കിരീടം ധരിപ്പിക്കുമത്രെ!

ഇവിടെ നബിﷺ നൽകുന്ന ഉപദേശം നിങ്ങൾ ഏതെങ്കിലും തെറ്റുകളുടെ പേരിൽ പരസ്പരം വെറുക്കുകയോ ബന്ധങ്ങൾ ശിഥിലമാക്കുകയോ ചെയ്യുന്നതിന് പകരം അവരിലെ നന്മകൾ കാണുവാനും വീഴ്ചകൾ മാപ്പാക്കുവാനും ശ്രമിക്കണം എന്നാണ്. ഏതൊരു നല്ല ബന്ധവും തുടർന്നു കൊണ്ടു പോകുവാൻ വേണ്ട അടിസ്ഥാനപരമായ ഒരു ഗുണമാണ് പ്രവാചകൻﷺ ഇതിലൂടെ നമുക്ക് പറഞ്ഞു തരുന്നത്.

ഇഖ്‌ലാസ് ചോർത്തിക്കളയൽ

നാം ചെയ്യുന്ന കർമങ്ങൾ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ട് മാത്രവും നിഷ്‌കളങ്കവും ആത്മാർഥവും ആയിരിക്കണം. എങ്കിൽ മാത്രമെ അത് അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നാൽ പിശാച് കർമങ്ങളിലെ ഈ ആത്മാർഥതയെ അഥവാ നിഷ്‌കളങ്കതയെ ചോർത്തിക്കളയാൻ ആവത് പരിശ്രമിക്കും. നമ്മുടെ ദേഹേച്ഛകൾ ആവശ്യപ്പെടുന്ന നിസ്സാരമായ നേട്ടങ്ങൾക്കും പ്രശംസകൾക്കും വേണ്ടി ഉന്നതമായ സ്വർഗവും പ്രതിഫലവും അല്ലാഹുവിന്റെ തൃപ്തിയുമൊക്കെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. ഇബ്‌നുൽ ജൗസി(റഹി) തന്റെ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരം വായിക്കാം:

“അല്ലാഹുവിനു പുറമെ ആളുകൾ ആരാധിച്ചിരുന്ന ഒരു മരം ഉണ്ടായിരുന്നു. ബഹു ദൈവത്വത്തിന്റെ അടിവേരറുക്കാൻ ഉദ്ദേശിച്ചുകൊണ്ട് ആ മരം മുറിച്ചു കളയുവാനായി ഒരാൾ ഒരുങ്ങി പുറപ്പെട്ടു. പോകുന്ന വഴിക്ക് ഇബ്‌ലീസ് മനുഷ്യരൂപത്തിൽ അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ചോദിച്ചു: ‘എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?’ അയാൾ പറഞ്ഞു: ‘അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന ഈ മരം മുറിച്ചു കളയുവാൻ ഞാൻ ഉദ്ദേശിക്കുന്നു.’ അപ്പോൾ പിശാച് പറഞ്ഞുവത്രെ: ‘നീ അതിനെ ആരാധിക്കുന്നില്ലെങ്കിൽ മറ്റുള്ളവർ ആരാധിക്കുന്നതുകൊണ്ട് നിനക്കെന്താണ് ബുദ്ധിമുട്ട്?’ അയാൾ പറഞ്ഞു: ‘ഇല്ല, ഞാനത് മുറിച്ചു കളയും.’ വീണ്ടും പിശാച് അയാളോട് പറഞ്ഞു: ‘അതിനെക്കാൾ ഉത്തമമായത് ഞാൻ നിനക്ക് പറഞ്ഞുതരട്ടെ? ഓരോ ദിവസവും രണ്ട് സ്വർണനാണയങ്ങൾ വീതം നിനക്ക് ഞാൻ നൽകാം. നീ പ്രഭാതത്തിൽ ഉണർന്നെഴുന്നേൽക്കുമ്പോൾ നിന്റെ തലയിണയുടെ അടുക്കൽ ആ സ്വർണനാണയങ്ങൾ ഉണ്ടായിരിക്കും. അതു കേട്ട് അയാൾ മടങ്ങിപ്പോയി. പറഞ്ഞതുപോലെ അയാളുടെ തലയിണയുടെ അടുക്കൽ രണ്ട് ദിനാർ കാണുകയും അയാൾ എടുക്കുകയും ചെയ്തു. അങ്ങനെ ഒന്നുരണ്ട് ദിവസങ്ങൾ കഴിഞ്ഞതിനുശേഷം അയാൾ എഴുന്നേറ്റു നോക്കുമ്പോൾ സ്വർണനാണയം കണ്ടെത്താൻ അയാൾക്ക് സാധിച്ചില്ല. അപ്പോൾ കോപാകുലനായി വീണ്ടും ആ മരം മുറിക്കാൻ അയാൾ പുറപ്പെട്ടു. അപ്പോൾ പിശാച് അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ചോദിച്ചു: ‘എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?’ മുമ്പ് പറഞ്ഞതുപോലെ തന്നെ അയാൾ ആവർത്തിച്ചു: ‘അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഈ മരം മുറിച്ചു കളയുവാൻ ഞാൻ ഉദ്ദേശിക്കുന്നു.’ ‘ഇല്ല, നിനക്കതിന് സാധിക്കുകയില്ല’ എന്ന് പിശാച് പറഞ്ഞു. എന്നാലും അയാൾ പുറപ്പെട്ടു. ആ മരം മുറിക്കുവാൻ വേണ്ടി ആഞ്ഞുവെട്ടി. പക്ഷേ അയാൾക്ക് അതിന് സാധിച്ചില്ല. അയാൾ വല്ലാതെ പ്രയാസപ്പെടുകയും ക്ഷീണിച്ച് തളർന്നുപോവുകയും ചെയ്തു. അപ്പോൾ പിശാച് പറഞ്ഞു: ‘ഞാൻ ആരാണെന്ന് നിനക്കറിയുമോ? ഞാനാണ് ശൈത്വാൻ. നീ ആദ്യ തവണ വന്നത് അല്ലാഹുവിന്റെ പേരിൽ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടാണ്. അപ്പോൾ എനിക്ക് നിന്നെ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നില്ല. എന്നാൽ രണ്ട് സ്വർണനാണയം കൊണ്ട് നിന്നെ ചതിയിൽപ്പെടുത്താൻ എനിക്ക് കഴിഞ്ഞു. അപ്പോൾ നീയത് ഉപേക്ഷിച്ചു. പിന്നീട് സ്വർണനാണയത്തിന്റെ പേരിൽ കോപാകുലനായി നീ വന്നപ്പോൾ വളരെ വേഗം നിന്നെ കീഴ്‌പെടുത്തുവാൻ എനിക്ക് സാധിക്കുകയും ചെയ്തു’’ (തൽബീസു ഇബ്‌ലീസ്, പേജ് 45, 46).

നമ്മുടെ ചെറുതും വലുതുമായ ഏതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുവാനും ഫലപ്രദമാകുവാനും ഇഖ്‌ലാസ് എന്ന മഹത്തായ ഗുണം നാം ആർജിച്ചെടുക്കുക. ഓരോ കർമത്തിന്റെയും പിന്നിലുള്ള ചേതോവികാരം അത് മാത്രമാകണം. അങ്ങനെ നിയ്യത്ത് നന്നാക്കാൻ സാധിക്കണം. സ്വർഗാവകാശികളായ സത്യവിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക:

“ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നൽകുകയും ചെയ്യും. (അവർ പറയും:) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ആഹാരം നൽകുന്നത്. നിങ്ങളുടെ പക്കൽനിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചുപോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് തീർച്ചയായും ഞങ്ങൾ ഭയപ്പെടുന്നു. അതിനാൽ ആ ദിവസത്തിന്റെ തിന്മയിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും പ്രസന്നതയും സന്തോഷവും അവർക്ക് അവൻ നൽകുകയും ചെയ്യുന്നതാണ്. അവർ ക്ഷമിച്ചതിനാൽ സ്വർഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവർക്കവൻ പ്രതിഫലമായി നൽകുന്നതാണ്’’ (76:8-12).