ചരിത്രമറിയില്ലെങ്കിൽ പഠിക്കണം സെൻകുമാർ സാറേ...!

ബാസിൽ സി.പി

2025 ആഗസ്റ്റ് 09, 1447 സഫർ 15

( FB വൈറൽ )

1700കളുടെ അവസാനത്തിൽ കൽക്കത്തയിൽ വന്ന വില്ല്യം കാറിയെ പോലുള്ള മിഷനറിമാർ മുതൽ ഹിന്ദുക്കളെ പോലെത്തന്നെ മുസ്‌ലിംകളെയും മതം മാറ്റാൻ ശ്രമിച്ചിരുന്നു. ഹിന്ദുക്കളെ കുറെയൊക്കെ മാറ്റാൻ സാധിച്ചെങ്കിലും മുസ്‌ലിംകൾ അടുക്കാത്തത് എന്നും അവർക്ക് ഒരു തലവേദനയായിരുന്നു. വളരെ സാധാരണക്കാരായ, മതം കൂടുതലൊന്നുമറിയാത്ത ബംഗാളി മുസ്‌ലിംകൾ പോലും അനാദിയിൽ ദൈവം രണ്ടായി, മൂന്നായി, അതിലൊന്ന് മനുഷ്യനായി പിറന്നു, ദൈവത്തെ ആളുകൾ കുരിശിൽ തറച്ചു കൊന്നു എന്നൊക്കെയുള്ള കഥകൾ കേട്ടപ്പോൾ തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു എന്നതായിരുന്നു അന്നത്തെ മിഷനറിമാരുടെ പ്രധാന പ്രശ്‌നം.

അതിനായി അവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. ഇസ്‌ലാം വിമർശന പുസ്തകങ്ങൾ ഇങ്ങോട്ട് കൊണ്ടുവരികയും മുസ്‌ലിംകളെ മതം മാറ്റാൻ ആവതും ശ്രമിക്കുകയും ചെയ്തു. സെറാംപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രസ്സിന്റെ പ്രധാന പണികളിലൊന്ന് ഇത്തരം പുസ്തകങ്ങൾ അച്ചടിച്ച് മുസ്‌ലിംകളെ മതംമാറ്റാൻ ശ്രമിക്കലായിരുന്നു. ഇതിനിടയിൽ അങ്ങേയറ്റം ഹീനമായ ഭാഷയുപയോഗിച്ച് ലഘുലേഖകളിറക്കുകയും അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും വരെ ചെയ്തു. പക്ഷേ, ബ്രിട്ടീഷ് പാർലമെന്റ് മിഷനറി പ്രവർത്തനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ച് നിയമമിറക്കുകയായിരുന്നു.

ഇങ്ങനെ എല്ലാ നിലയ്ക്കും ശ്രമം തുടരുന്നതിനിടെയാണ് മുസ്‌ലിംകളിൽനിന്ന് ശക്തമായ പ്രതിരോധങ്ങളും ഉടലെടുക്കുന്നത്. മിഷനറിമാർ ഇറക്കിയ ‘മീസാനുൽ ഹഖ്’ എന്ന പുസ്തകത്തിന് മറുപടിയായി ശൈഖ് റഹ്‌മതുല്ലാഹ് ഖലീലുർറഹ്‌മാൻ അൽഹിന്ദിയുടെ ‘ഇദ്വ‌്‌ഹാറുൽ ഹഖ്’ പുറത്തിറങ്ങുന്നു. മിഷനറിമാരോട് നേരിട്ട് സംവാദങ്ങൾ നടക്കുന്നു. അങ്ങനെ ആശയപരമായ അതിശക്തമായ പ്രതിരോധം മുസ്‌ലിംകളിൽ നിന്നുണ്ടാവുന്നു എന്ന തിരിച്ചറിവാണ് ഈ നഷ്ടക്കച്ചവടത്തിന് വല്ലാതെ പോകേണ്ടതില്ല എന്ന് തിരിച്ചറിഞ്ഞ് ഹിന്ദുക്കളിലേക്കുതന്നെ കേന്ദ്രീകരിക്കാൻ കാരണം.

അധികാരവും പ്രസ്സും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണവും ബഹുഭാഷാ പണ്ഡിതരും എല്ലാമുണ്ടായിട്ടും ഇതൊന്നുമില്ലാത്ത മുസ്‌ലിംകളെ മതം മാറ്റാൻ പറ്റുന്നില്ലല്ലോയെന്നത് മിഷണറിമാർ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കേരളത്തിലും മിഷനറിമാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഹർമൻ ഗുണ്ടർട്ടിനെ പോലുള്ളവർ ‘മഹാമത ചരിതം’ പോലുള്ളവ പ്രസിദ്ധീകരിച്ച് മുസ്‌ലിംകൾക്കെതിരെ പ്രവർത്തിക്കാൻ രംഗത്ത് വന്നപ്പോഴാണ് മറുശബ്ദങ്ങൾ ഉയർന്നത്. സനാഉല്ലാഹ് മക്തി തങ്ങളെ പോലുള്ളവർ സർക്കാരുദ്യോഗം രാജിവെച്ച് മിഷണറിമാർക്കെതിരെ ഇറങ്ങുന്നത്. ‘പാർക്കലീത്താ പോർക്കള’വും ‘കഠോരകുഠാര’വുമൊക്കെ അങ്ങനെയാണ് രചിക്കപ്പെടുന്നത്.

സെൻകുമാരന് അറിയുമോ എന്നറിയില്ല, മക്തി തങ്ങൾ അന്ന് ഹിന്ദുക്കൾക്ക് വേണ്ടികൂടിയായിരുന്നു സംസാരിച്ചത്. വിഗ്രഹവും ഒന്നിലേറെ ദൈവങ്ങളുമെല്ലാമുള്ള നിങ്ങൾക്ക് ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കാൻ എന്താണ് ന്യായമുള്ളത് എന്നടക്കം മക്തി തങ്ങൾ ചോദിച്ചു.

റോലൻഡ് ഇ മില്ലറെ പോലുള്ളവർ വളരെ വ്യാപകമായി മുസ്‌ലിംകളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഫാദർ അലവിയെ കൊണ്ട് മർക്കസുൽ ബിഷാറ സ്ഥാപിക്കുകയും മുസ്‌ലിംകളോട് നിങ്ങളുടെ ഈസാ നബിയാണിത്, നിങ്ങളുടെ ക്വുർആനിൽ പറയുന്ന അല്ലാഹു തന്നെയാണിത് എന്ന് പറഞ്ഞും മറ്റും ആവതും ശ്രമിച്ചു. പക്ഷേ, എന്തുകൊണ്ടോ ഒന്നും ഏറ്റില്ല!

അങ്ങനെ ഒരു കാര്യവുമില്ലാത്ത ഒന്നിനുവേണ്ടി വീണ്ടും അധ്വാനവും സമയവും പാഴാക്കേണ്ടതില്ല എന്ന തിരിച്ചറിവിൽനിന്നാകാം ഇന്ന് മുസ്‌ലിംകളെ കാര്യമായി മിഷണറിമാർ ലക്ഷ്യം വെക്കാത്തത്. അല്ലാതെ സെൻകുമാരൻ വിചാരിക്കുന്നത് പോലെയല്ല. ആശയപരമായ ഭദ്രതയെ പറ്റി ആത്മവിശ്വാസമുണ്ടെങ്കിൽ ഇതൊന്നും ഒരു വിഷയമേയല്ല. അതില്ല എന്ന് തോന്നുമ്പോഴാണ് ഇത്തരം പരിതാപകരമായ കരച്ചിലുകളുണ്ടാവുന്നത്!