ഒരുങ്ങുക, അവസാന യാത്രയ്ക്കായി
റോഷൻ പുനലൂർ(ജാമിഅഃ അൽഹിന്ദ്)
2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

(ഭാഗം:2)
ഒരിക്കൽ ഹസനുൽ ബസ്വരി(റഹ്) ഒരു രോഗിയെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹം മരണവെപ്രാളത്തിന്റെ അവസ്ഥയിലായിരുന്നു. അയാൾ അനുഭവിക്കുന്ന മരണവേദനയുടെ പ്രയാസവും കാഠിന്യവും അദ്ദേഹം നോക്കിക്കണ്ടു. കുടുംബത്തിൽനിന്നും പുറപ്പെട്ടപ്പോഴുണ്ടായിരുന്ന മാനസികാവസ്ഥയിലല്ലായിരുന്നു അദ്ദേഹം തിരിച്ചു വീട്ടിലേക്ക് മടങ്ങിയെത്തിയത്. കുടുംബക്കാർ അദ്ദേഹത്തെ ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘പ്രിയ കുടുംബമേ, നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഞാനിന്നൊരു മരണം കണ്ടുവരികയാണ്. ഒരുനാൾ ഞാനും അതിനെ നേരിടേണ്ടവനാണ്. അതുവരെ എനിക്ക് അധ്വാനിക്കേണ്ടിയിരിക്കുന്നു.’
നമ്മുടെ മരണത്തെപ്പറ്റിയും ക്വബ്‌റിനെപ്പറ്റിയുമെല്ലാം ചിന്തിക്കുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ ചിന്ത നമ്മുടെ ജീവിതത്തിൽനിന്ന് ചില കാര്യങ്ങളെ തീരുത്തുവാനും ചിലതൊക്കെ ജീവിതത്തിലേക്ക് ചേർത്തുവെക്കുവാനും കാരണമായിത്തീരുന്നതാണ്. ക്വബ്ർ കാണുമ്പോൾ മഹാനായ ഉസ്മാൻ(റ)വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു എന്ന് ചരിത്രത്താളുകളിൽ കാമാം.
നമുക്ക് ചെന്ന് കിടക്കാനുള്ള ക്വബ്‌റിനെക്കുറിച്ച് എപ്പോഴെങ്കിലും നാം ആലോചിട്ടുണ്ടോ? നമ്മുടെ വേണ്ടപ്പെട്ടവർ ആടിയുലയുന്ന മയ്യിത്ത് കട്ടിലിൽ നമ്മെയും വഹിച്ചുകൊണ്ട് പോകുന്ന ആ യാത്ര... അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞല്ലോ; ആ കട്ടിലിൽ ഒരു ചീത്ത ആത്മാവാണ് ഉള്ളതെങ്കിൽ അതിൽ കിടന്നുകൊണ്ട് ആ മയ്യിത്ത് അട്ടഹസിച്ചുകൊണ്ടിരിക്കുമെന്നും മനുഷ്യരൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ആ കരച്ചിൽ കേൾക്കുമെന്നും.
നമുക്ക് ചെന്ന് കിടക്കാനുള്ള ആ ഇരുട്ടറയെപ്പറ്റി നാമൊന്ന് ആലോചിക്കേണ്ടതുണ്ട്. അതാണ് നമ്മെ ബാധിക്കുന്ന വിഷയം. ഭൗതികമായ ഏത് പരിക്കുകളിൽനിന്നും ഒരുപക്ഷേ, നമുക്ക് രക്ഷപ്പെടാൻ കഴിഞ്ഞേക്കും. എന്നാൽ മരണത്തിനപ്പുറം നമ്മുക്ക് ചെന്ന് കിടക്കാനുള്ള ക്വബ്‌റിൽ നമ്മെ വെച്ചുകഴിഞ്ഞാൽ, ഈ ദുനിയാവിൽ നാം എന്തെല്ലാമാണോ ചെയ്തുകൂട്ടിയത് അതിന്റെ ഫലങ്ങളായിരിക്കും നമുക്ക് അവിടെ അനുഭവിക്കാനുള്ളത്. ആ ഒരു ലോകത്തെപ്പറ്റി ആലോചിക്കുകയും അവിടേക്കുവേണ്ടി കർമങ്ങൾ ചെയ്യുകയും ചെയ്തവർക്കു മാത്രമാണ് അവിടെയുള്ള ഭയാനകമായ അവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കുക.
അല്ലാഹുവിന്റെ റസൂൽﷺ ഇപ്രകാരം പറഞ്ഞതായി നമുക്ക് കാണാൻ സാധിക്കും: ‘തീർച്ചയായും ക്വബ്‌റിന് ഒരു ഇടുക്കമുണ്ട്.’
മയ്യിത്തിനെ ക്വബ്‌റിൽ ഇറക്കിവെച്ച് മണ്ണിട്ടുമൂടി എല്ലാവരും തിരിച്ചുപോകും. ആ കൂരിരുട്ടിൽ ക്വബ്ർ മയ്യിത്തിനെ വാരിയെല്ലുകൾ പരസ്പരം കൂടിപ്പിണരുമാറ് അണച്ചുകൂട്ടുമെന്ന് പറഞ്ഞത് വഹ്‌യിന്റെ അടിസ്ഥാനത്തിൽ മാത്രം മതകാര്യങ്ങൾ പഠിപ്പിച്ച പ്രവാചകനാണ്.
പ്രവാചകൻ ﷺ പറഞ്ഞു: “ആരെയെങ്കിലും ക്വബ്ർ വെറുതെ വിടുമായിരുന്നുവെങ്കിൽ സഅദിനെ വെറുതെവിടുമായിരുന്നു.’’ ആരാണ് സഅദ്(റ)? അദ്ദേഹത്തിന്റെ മരണത്തിന്റെ സമയത്ത് അർശ് പ്രകമ്പനം കൊണ്ടുവെന്നും എഴുപതിനായിരം മലക്കുകൾ അദ്ദേഹത്തിന്റെ ജനാസയിൽ സാക്ഷ്യം വഹിച്ചുവെന്നും വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബിﷺ അറിയിക്കുന്നു. ആ മഹാനെ പോലും ക്വബ്‌റൊന്ന് അണച്ചുകൂട്ടിയിട്ടുണ്ട് എങ്കിൽ ആ ഇടുക്കം നമുക്കും ഉണ്ടാകാതെ തരമില്ലല്ലോ.
പ്രവാചകൻﷺ പറഞ്ഞു: “ക്വബ്‌റാളിയുടെ മേലിൽ കൂരാക്കൂരിരുട്ടാണ് ക്വബ്ർ ഒരുക്കിയിട്ടുള്ളത്.’’ ഇരുട്ടിനെ നമുക്ക് പേടിയാണ്. രാത്രി ഒറ്റക്ക് സ്വന്തം വീട്ടിലിരിക്കേണ്ട ഒരവസ്ഥ വന്നാൽതന്നെ പലർക്കും പേടിയാണ്. അപ്പോൾ ക്വബ്‌റോ? അലറിവിളിച്ചാലും ഒരാളും കേൾക്കില്ല. ഒരാളും വന്നുനോക്കില്ല. അടുത്തുതന്നെ സ്വന്തം വീടുണ്ടെങ്കിലും ഇണയും മക്കളുമൊന്നും ക്വബ്‌റാളിയുടെ അവസ്ഥയറിയില്ല. നമ്മളൊറ്റക്ക് അനുഭവിക്കാനുള്ള ലോകമാണ് ക്വബ്ർ. അവിടെ നമ്മൾ ചെയ്ത സൽകർമങ്ങൾ മാത്രമാണ് തുണ. അതിനാൽ വിശ്വാസം നന്നാക്കുക, ദൃഢമാക്കുക. സൽകർമങ്ങൾ അധികരിപ്പിക്കുക. ക്വബ്‌റിലെ ശിക്ഷക്ക് കാരണമാകുന്ന തിന്മകളിൽനിന്നെല്ലാം വിട്ടുനിൽക്കുക.
മരണ ചിന്ത വർധിപ്പിക്കുക
മരണത്തെക്കുറിച്ചുള്ള ഓർമ മനുഷ്യനെ നിഷ്‌ക്രിയനും മടിയനുമാക്കും എന്നൊരു ധാരണയുണ്ട് ചിലർക്ക്. എന്നാൽ അത് സത്യമതല്ല. വാസ്തവത്തിൽ മരണചിന്തയാണ് ഭൗതികവും പാരത്രികവുമായ നേട്ടങ്ങൾക്കാവശ്യമായ കർമങ്ങൾക്ക് യഥാർഥത്തിൽ ഊർജം നൽകുന്നത്. അതുകൊണ്ടാണ് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ മരണ ചിന്തയെക്കുറിച്ചുള്ള പ്രസ്താവനകളും സൂചനകളും നാം ധാരാളമായി കാണുന്നത്.
“നിങ്ങളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവൻ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്’’ (മുനാഫിക്വൂൻ: 10).
എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന നിമിഷമാണത്. എല്ലാ ശ്രമങ്ങളും വിഫലമാകുന്ന സമയം. അല്ലാഹുവിനെ കുറിച്ചുള്ള നല്ല ധാരണയാണ് അന്നേരം അവനിലുണ്ടാകേണ്ടത്. ജാബിർ ഇബ്‌നു അബ്ദില്ല(റ)യിൽനിന്ന് നിവേദനം: “അല്ലാഹുവിന്റെ റസൂൽﷺ തന്റെ മരണത്തിന്റെ മൂന്നുദിവസം മുമ്പ് ഇപ്രകാരം പറയുകയുണ്ടായി: അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ നിങ്ങളൊരാളും മരിക്കാനിടവരരുത്.’’
“ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (മുനാഫിക്വൂൻ: 11).
സത്യവിശ്വാസികളുടെ ആത്യന്തിക ജീവിതലക്ഷ്യം പരലോകരക്ഷയാണ്. എന്നിരുന്നാൽത്തന്നെ നമ്മളിൽ പലരും പലപ്പോഴും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി നമ്മുടെ ഇച്ഛകൾക്കോ അതല്ലെങ്കിൽ ദുനിയാവിന്റെ സുഖലോലുപതകൾക്കോ മുൻതൂക്കം കൊടുക്കുന്നവരാണ് അതിനുപിന്നാലെ പായുന്നവരാണ്. മഹാനായ പ്രവാചകൻ ﷺ പറഞ്ഞു: ‘ദുനിയാവിന്റെ സുഖലോലുപതകളെ കീറിമുറിക്കുന്ന മരണത്തെപ്പറ്റിയുള്ള ചിന്ത നിങ്ങൾ വർധിപ്പിക്കുക.’ മരണചിന്ത വർധിപ്പിക്കുന്നത് നമുക്ക് തിന്മകൾ വെടിയുവാനും നന്മകളെ ചേർത്തുപിടിക്കു വാനും അതുമൂലം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും സ്വർഗപ്രവേശനം ലഭിക്കുവാനും കാരണമായിത്തീരുന്നതാണ്.

