വൈകാരിക കഥകൾ
ഡോ. ടി. കെ. യൂസുഫ്
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

(ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങൾ 02)
സ്‌നേഹം പോലുളള വൈകാരികതകൾ വിവരിക്കുന്ന കഥകളും ക്വുർആനിൽ കാണാം. ‘സ്‌നേഹം’ അല്ലെങ്കിൽ ‘ഇഷ്ടം’ എന്ന പദം ക്വുർആനിൽ ധാരാളം സ്ഥലങ്ങളിൽ പ്രയോഗിച്ചതായി കാണാം. വിശ്വാസികൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നു, അല്ലാഹു വിശ്വാസികളെ സ്‌നേഹിക്കുന്നു എന്നീ രൂപത്തിലുള്ള ധാരാളം പ്രയോഗങ്ങൾ കാണാം. ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നത് ‘സ്‌നേഹമാണ് മനുഷ്യനെ ആദ്യം തെറ്റു ചെയ്യാൻ പ്രേരിപ്പിച്ചത്’ എന്നാണ്.
മനുഷ്യർക്ക് ഇണകളോടുളള സ്‌നേഹം അല്ലാഹു ജന്മസിദ്ധമായി നൽകിയതാണ്. ഭൂമിയിലെ ആദ്യത്തെ സ്‌നേഹം ആദമിന്(അ) ഹവ്വയോടുണ്ടായതാണ്. ഹവ്വയോടുളള സ്‌നേഹമാണ് ആദമിനെ ഫലം കഴിക്കാൻ പ്രേരിപ്പിച്ചത്. ഭാര്യാഭർത്താക്കന്മാർ തമ്മിലല്ലാതെയുളള സ്‌നേഹവും ക്വുർആനിൽ പരാമർശിച്ചതായി കാണാം. ഈജിപ്തിലെ രാജാവിന്റെ ഭാര്യക്ക് യൂസുഫ് നബി(അ)യോടുള്ള സ്‌നേഹം ഇതിനുദാഹരണമാണ്.
ക്വുർആൻ പൂർണമായി ഒരിടത്ത് വിവരിച്ച കഥയാണ് രാജാവിന്റെ പത്‌നിയും യൂസുഫ് നബി(അ)യുമായി ബന്ധപ്പെട്ടത്. യൂസുഫ്(അ) യൗവനത്തിന്റെ തീക്ഷ്ണതയിലാണ്. രാജാവിന്റെ പത്‌നി യൂസുഫിന്റെ സൗന്ദര്യത്തിൽ മതിമറന്ന് വൈകാരിക മൂർധന്യത്തിലുമാണ്. തികച്ചും അനുകൂലമായ സാഹചര്യത്തിൽ എന്തും സംഭവിക്കാനിടയുണ്ട്. എന്നാൽ ഒട്ടും വശംവദനാകാതെ ദൈവവിശ്വാസവും യജമാന സ്‌നേഹവും കൊണ്ട് പിടിച്ചുനിൽക്കുകയാണ് യൂസുഫ് നബി(അ) ചെയ്യുന്നത്. ഈ കഥയിൽ യൂസുഫിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രലോഭനവും അനുകൂല പ്രതികരണവും ഉണ്ടാകുന്നില്ല. എന്നാൽ ആ സ്ത്രീ വശീകരിക്കുകയും വാതിലടക്കുകയും വരൂ എന്ന് പറയുകയും ചെയ്യുന്നുണ്ട്.
രാജാവിന്റെ ഭാര്യ തന്റെ ഇംഗിതത്തിന് വേണ്ടി യൂസുഫിനെ ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്: ‘അല്ലാഹുവിൽ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവൻ (യജമാനൻ) എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. അതുകൊണ്ട് അവനെ വഞ്ചിക്കാൻ ഞാൻ ഒരുക്കമല്ല. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇത്തരം ദുർവൃത്തികൾ വലിയ അക്രമമാണെന്ന് സൂചിപ്പിക്കുന്നു.
‘അവൾക്ക് അവനിൽ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടില്ലായിരുന്നുവെങ്കിൽ അവന് അവളിലും ആഗ്രഹം ജനിച്ചേനെ.’ ഈ വചനം മാനുഷിക ദൗർബല്യത്തെ സൂചിപ്പിക്കുന്നതാണ്. അദ്ദേഹം അല്ലാഹുവിൽ ശരണം തേടിയതുകൊണ്ട് അവന്റെ സംരക്ഷണം ലഭിക്കുകയും തെറ്റിൽ അകപ്പെടാതിരിക്കുകയും ചെയ്തു.
പ്രലോഭനത്തിന് വഴങ്ങാൻ നിർബന്ധിതമായ ഈ സാഹചര്യത്തിൽ യൂസുഫിന് ഓടി രക്ഷപ്പെടുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. പിടികൂടി തിരികെ കൊണ്ടുവരാൻ വേണ്ടി അവളും പിന്നാലെ ഓടി. പിടിവലിയിൽ അദ്ദേഹത്തിന്റെ കുപ്പായം കീറി. യാദൃച്ഛികമായി അവർ വാതിൽക്കൽ വെച്ച് യജമാനനെ കണ്ടു. അവൾ തന്റെ നിരപാരാധിത്വം തെളിയിക്കാൻ വൃഥാ ശ്രമം നടത്തി. പക്ഷേ, യൂസുഫിന്റെ നിരപരാധിത്വം അദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ പ്രകടമായിരുന്നു. രാജാവിന് യൂസുഫിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അവളെ മാത്രം കുറ്റപ്പെടുത്തിയില്ല. സ്ത്രീ വർഗത്തിന്റെ സ്വഭാവമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ‘തീർച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തിൽ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ’ (യൂസുഫ്: 28).

പിന്നീട് അദ്ദേഹം നയപരമായി രംഗം കൈകാര്യം ചെയ്തു. ‘യൂസുഫേ, നീ അത് അവഗണിച്ചേക്കുക, പെണ്ണേ, നീ നിന്റെ പാപത്തിന് മാപ്പു തേടുക. തീർച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു’ (യുസുഫ് :29).
രാജാവ് ഭാര്യയോട് ‘നീ പിഴച്ചവളാണ്’ എന്നു പറയാതെ ‘നീ പിഴച്ചവളുടെ കൂട്ടത്തിലാണ്’ എന്ന് പറയുന്നതിലൂടെ ഇത് മനുഷ്യസഹജമായ ഒരു തെറ്റാണന്ന് സൂചിപ്പിച്ച് അവളുടെ മാനസികാഘാതം ലഘൂകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്‌നം ഇവിടെ അവസാനിക്കുമായിരുന്നു. എന്നാൽ കൊട്ടാരത്തിലെ തോഴിമാരും ദാസിമാരും ഇത് അങ്ങാടിപ്പാട്ടാക്കുകയും നഗരത്തിലെ സ്തീകൾ ഇത് സംസാരവിഷയമാക്കുകയും ചെയ്തതോടുകൂടിയാണ് തുടർനടപടികൾ സ്വീകരിക്കേണ്ടിവന്നത്.
ആദമി(അ)നെ ഇബ്‌ലീസ് പ്രലോഭനത്തിലൂടെ ഫലം കഴിപ്പിച്ച് സ്വർഗത്തിൽനിന്ന് പുറത്താക്കിയ കഥ ക്വുർആൻ പല സ്ഥലങ്ങളിൽ വിവരിക്കുന്നുണ്ട്.
“ആദമേ നീയും നിന്റെ ഇണയും കൂടി ഈ തോട്ടത്തിൽ താമസിക്കുകയും നിങ്ങൾക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊളളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ച് പോകരുത്. എങ്കിൽ നിങ്ങൾ ഇരുവരും അക്രമികളിൽ പെട്ടവരായിരിക്കും. അവരിൽ നിന്ന് മറച്ചുവെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെടുത്താനായി പിശാച് അവർ ഇരുവരോടും ദുർമന്ത്രണം നടത്തി. അവൻ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തിൽനിന്ന് നിങ്ങൾ ഇരുവരെയും വിലക്കിയിട്ടുളളത് നിങ്ങൾ ഇരുവരും മലക്കുകളായിത്തീരുമെന്നതുകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമല്ല’’(അഅ്‌റാഫ് 19,20).
ഈ ആയത്തിൽ അല്ലാഹു വിലക്കിയ വൃക്ഷം ഏതാണ് എന്നിതിനെ കുറിച്ച് മുഫസ്സിറുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. എന്നാൽ മരം ഏതാണെങ്കിലും വിലക്കപ്പെട്ടതിനോടുളള മനുഷ്യന്റെ കാഴ്ചപ്പാടാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. വിലക്കിയതിന്റെ രഹസ്യമറിയാനുളള ആകാംക്ഷ മനുഷ്യന്റെ ഇച്ഛാശക്തിക്ക് വലിയ വെല്ലുവിളിയായിത്തീരാറുണ്ട്. സാധാരണ കുഞ്ഞുങ്ങളിൽ ധാരാളമായി കാണപ്പെടാറുളള കാര്യങ്ങൾ അറിയാനുളള നൈസർഗിക താൽപര്യം മാനവികതയുടെ ബാല്യത്തിൽ അഥവാ ആദമിൽ നമുക്ക് ദർശിക്കാവുന്നതാണ്. വിലക്കിയതിനോട് ഭയം ഉള്ളതോടൊപ്പം തന്നെ വിലക്കപ്പെട്ടതിന്റെ രഹസ്യമറിയാനുളള ത്വരയും ആദമിൽ കാണാവുന്നതാണ്. ഈ അവസരത്തിലാണ് പിശാച് പ്രലോഭനവുമായി വരുന്നത്.
വിലക്കപ്പെട്ടത് ചെയ്യാനുളള മനുഷ്യന്റെ മാനസിക ഭാവം വെളിപ്പെടുത്തുന്ന മറ്റൊരു സംഭവ കഥയാണ് സ്വാലിഹ് നബി(അ)ക്ക് ദൃഷ്ടാന്തമായി ലഭിച്ച ഒട്ടകവുമായി ബന്ധപ്പെട്ടത്. സമൂദ് ഗോത്രത്തോട്, ദൃഷ്ടാന്തമായി കൊണ്ടുവന്ന ഒട്ടകത്തിന് യാതൊരു ദ്രോ
ഹവും വരുത്തരുത് എന്ന് അല്ലാഹുവിന്റെ കൽപന പ്രകാരം അദ്ദേഹം പറഞ്ഞു. ഒട്ടകത്തെ ഉപദ്രവിക്കരുത് എന്ന ആജ്ഞ ഒട്ടകത്തിന് നേർക്കുളള കടന്നുകയറ്റത്തിന് പ്രേരകമാകുകയാണുണ്ടായത്. മനുഷ്യമനസ്സിലെ സംശയങ്ങളും ആകാംക്ഷകളും വിലക്കുകൾ ലംഘിക്കാൻ പ്രേരണ നൽകുന്നത് പോലെ പലപ്പോഴും അവന്റെ പുരോഗതിക്കും പ്രേരണ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അല്ലാഹു ആദമിന് പൊറുത്ത് കൊടുത്ത് ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചത്. സർവോപരി ക്വുർആൻ ആദമി(അ)നെ സ്വർഗത്തിൽനിന്ന് പുറത്താക്കാൻ കാരണമായ പിശാചിന്റെ ദുർബോധനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ഇത്തരം ദുഷ്‌പ്രേരണകൾക്ക് വിധേയമായി വിണ്ടും തെറ്റുകൾ ആവർത്തിക്കരുതെന്നു കൽപിക്കുകയും ചെയ്യുന്നതായി കാണാം.
“ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തിൽനിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവർ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങൾ അവർക്ക് കാണിച്ചുകൊടുക്കുവാനായി അവൻ അവരിൽനിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീർച്ചയായും അവനും അവന്റെ വർഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങൾക്ക് അവരെ കാണാൻ പറ്റാത്ത വിധത്തിൽ. തീർച്ചയായും വിശ്വസിക്കാത്തവർക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു’’(അഅ്‌റാഫ് 27).
(തുടരും)

