രാത്രിനമസ്‌കാരത്തിന്റെ നേട്ടങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2025 മാർച്ച് 22, 1446 റമദാൻ 21

ക്വിയാമുല്ലൈ ൽ എന്ന പേരിലറിയപ്പെടുന്ന രാത്രിനമസ്‌കാരം പ്രബലമായ ഒരു സുന്നത്താണ്, അതിലൂടെ മനുഷ്യന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും പ്രാർഥനക്ക് ഉത്തരം നൽകപ്പെടുകയും രോഗങ്ങളും ദുരിതങ്ങളും നീങ്ങിപ്പോകുകയും പ്രതിഫലനാളിൽ പദവി ഉയരുകയും ചെയ്യും. സജ്ജനങ്ങൾക്കല്ലാതെ അത് അനുവർത്തിക്കാനാവുകയില്ല. അത് അവർക്ക് ആസ്വാദ്യകരവും അനുഭൂതിദായകവുമായ ഒന്നാണ്. നബിﷺ പറഞ്ഞു: “നിങ്ങൾ രാത്രിനമസ്‌കാരം നിർവഹിക്കുക. അതുമുലം തെറ്റുകുറ്റങ്ങൾ പൊറുക്കപ്പെടും. പൂർവസൂരികളുടെ ചര്യയാണത്. ശരീരത്തിൽ നിന്നും അത് രോഗത്തെ അകറ്റും’’ (തിർമുദി).

രാത്രിനമസ്‌കാരത്തിലൂടെ പാപമോചനം മാത്രമല്ല, മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളും നിറവേറ്റപ്പെടുകയും വിശ്വാസവും ഭക്തിയും വർധിക്കുകയും മനഃസമാധാനം കൈവരികയും ചെയ്യും. ഇത്തരം നേട്ടങ്ങൾ ആവശ്യമില്ലാത്തവരായി നമ്മിൽ ആരുമില്ല. രാത്രിയുടെ അന്ത്യയാമത്തിൽ ഏതാനും റക്അത്തുകൾ നമസ്‌കരിക്കുന്നതിലൂടെ ഈ നേട്ടങ്ങളല്ലാം സഫലീകരിക്കാനാവും. നബിﷺ പറഞ്ഞു: “റബ്ബ് തന്റെ അടിയാനോട് ഏറ്റവും അടുക്കുന്നത് രാത്രിയുടെ അന്ത്യയാമത്തിലാണ്. രാത്രിയിൽ ആ സമയത്ത് അല്ലാഹുവിനെ സ്മരിക്കാൻ കഴിയുന്നവരുടെ കൂട്ടത്തിലായിത്തീരാൻ നിനക്ക് കഴിയുമെങ്കിൽ നീ അത് ചെയ്യുക’’(തിർമുദി).

പ്രവാചകനോട് ഒരാൾ ചോദിച്ചു: “ഏതു സമയത്തെ പ്രാർഥനയാണ് ഏറ്റവും കൂടുതൽ കേൾക്കാനിടയുളളത്?’’ നബിﷺ പറഞ്ഞു: “രാത്രിയുടെ അന്ത്യയാമത്തിലും നിർബന്ധനമസ്‌കാരങ്ങൾക്ക് പുറകെയും.’’

നബിﷺ പറഞ്ഞു: “എല്ലാ രാത്രിയിലും രാവിന്റെ മൂന്നിൽ ഒന്ന് അവശേഷിക്കുന്ന സമയത്ത് അല്ലാഹു ദുൻയാവിന്റെ ആകാശത്തിലേക്ക് ഇറങ്ങിവരും. എന്നിട്ട് അവൻ പറയും: ‘ആരെങ്കിലും എന്നെ വിളിക്കുകയാണങ്കിൽ ഞാനവന് ഉത്തരം നൽകും, ആരെങ്കിലും എന്നോട് ചോദിക്കുകയാണങ്കിൽ ഞാനവന് നൽകും, ആരെങ്കിലും എന്നോട് പാപമോചനം തേടുകയാണങ്കിൽ ഞാനവന് പൊറുത്ത് കൊടുക്കും.’ പ്രവാചകൻ ﷺ പറഞ്ഞു: ‘അർധരാത്രിയിൽ ആകാശത്തിലെ വാതിലുകൾ തുറക്കപ്പെടും. അപ്പോൾ ഒരു വിളംബരം ചെയ്യുന്നവൻ ഇപ്രകാരം വിളിച്ച് പറയും: ‘പ്രർഥിക്കുന്നവനുണ്ടോ? എങ്കിൽ അവന് ഉത്തരം ചെയ്യപ്പെടും! ചോദിക്കുന്നവനുണ്ടോ? എങ്കിൽ അവന് നൽകപ്പെടും! ദുരിതബാധിതനുണ്ടോ? ആശ്വാസം നൽകപ്പെടും! പ്രാർഥിക്കുന്ന ഒരു മുസ്‌ലിമും ഉത്തരം ചെയ്യപ്പെടാതെ അവശേഷിക്കുകയില്ല; അഭിസാരികക്കും അന്യായമായി ധനം തിന്നുന്നവനുമൊഴികെ.’’

ജീവിതത്തിൽ രോഗങ്ങൾകൊണ്ടും പട്ടിണികൊണ്ടും സാമ്പത്തിക ഞെരുക്കങ്ങൾകൊണ്ടും പ്രയാസപ്പെടുന്നവർക്ക് ജനങ്ങളോട് ആവലാതി പറഞ്ഞ് സഹതാപം നേടുന്നതിലും ഭേദം രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറക്കമുണർന്ന് അംഗശുദ്ധി വരുത്തി ഭയഭക്തിയോടുകൂടി നമസ്‌കരിച്ച് വിനയാന്വിതനായി അല്ലാഹുവിന്റെ മുമ്പിൽ സങ്കടം ബോധിപ്പിക്കുകയാണ്. കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ ഉത്തരം നൽകുന്നവനാണ് അല്ലാഹു (ക്വുർആൻ 27:62).

രാത്രിനമസ്‌കാരം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാനുളള വിലപ്പെട്ട അവസരമാണ്. നന്ദി ചെയ്യുന്നത് അനുഗ്രഹം വർധിക്കാനുളള ഒരു ഉപാധി കൂടിയാണല്ലോ. നബിﷺ പാദങ്ങളിൽ നീരു വരുന്നതുവരെ രാത്രിയിൽ നമസ്‌കരിച്ചിരുന്നു. താങ്കളുടെ സകല പാപങ്ങളും പൊറുക്കപ്പെട്ടിരിക്കെ എന്തിനിത്ര കഷ്ടപ്പെടണം എന്ന ചോദ്യത്തിന് ‘ഞാൻ നന്ദിയുളള ഒരു അടിമയാകേണ്ടതില്ലേ’ എന്നായിരുന്നു പ്രവാചകന്റെ മറുപടി. ഈ സംഭവം രാത്രി നമസ്‌കാരം കൃതജ്ഞതയുടെ പ്രകടനം കൂടിയാണ് എന്നാണ് സൂചിപ്പിക്കുന്നത്.

തിന്മകളിൽ മുഴുകി ജീവിക്കുന്നവർക്ക് പലപ്പോഴും രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ മനസ്സു വരികയില്ല. പകൽ സമയത്ത് അല്ലാഹുവിനെ അനുസരിക്കുന്നവർക്ക് മാത്രമെ രാത്രിയിലും അത് നിർവഹിക്കാൻ സാധിക്കുകയുളളൂ.