പിശാചിന്റെ ചതിക്കുഴികൾ
ശമീർ മദീനി
2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

നമുക്ക് ശത്രുക്കളുണ്ടാകുന്നത് നാമാരും ആഗ്രഹിക്കുന്നില്ല. സ്വസ്ഥത നഷ്ടപ്പെടുത്താനും ഭീതി നിറയ്ക്കാനും ശത്രുസാന്നിധ്യം ഏറെ സഹായകമാണ്. അതുകൊണ്ടുതന്നെ ശത്രുത ഒഴിവാക്കാനും ശത്രുവിൽനിന്ന് അകന്നു കഴിയുവാനുമാണ് വിവേകശാലിയായ ഏതൊരു മനുഷ്യനും ആഗ്രഹിക്കുക. മാന്യമായ പ്രതികരണങ്ങളിലൂടെയും നന്മകൾ നൽകുന്നതിലൂടെയും മനുഷ്യരായ ശത്രുവിനെ മിത്രമാക്കി മാറ്റാം എന്നതാണ് അനുഭവങ്ങൾ.
ക്വുർആൻ പറയുന്നു: “നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു’’ (41:34).
മനുഷ്യർക്കിടയിൽ ശാശ്വതമായ ശത്രുവോ ശത്രുതയോ ഇല്ല എന്ന് സാരം. നബിﷺയുടെ ചരിത്രത്തിൽ ശത്രുക്കൾ മിത്രങ്ങളായി മാറിയതിന് നിരവധി ഉദാഹരണങ്ങൾ കാണാം. ഉമർ(റ) പ്രവാചകനെ വകവരുത്താനായി ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട വ്യക്തിയായിരുന്നു. എന്നാൽ ആ ഉമറിനെ പിന്നീട് നാം കാണുന്നത് നബിﷺയുടെ ഏറ്റവും ഉറ്റ ചങ്ങാതിയായിട്ടാണ്.
എന്നാൽ നമ്മളിൽ പലരും അശ്രദ്ധയിലായിട്ടുള്ള ഒരു ശത്രുവുണ്ട്. സദാസമയവും നമ്മുടെ കൂടെയുള്ള ആ ശത്രു നമ്മുടെ നാശത്തിനായി കഠിന പ്രയത്‌നം നടത്തുന്നവനാണ്. പലപ്പോഴും അവൻ ശത്രുവിന്റെ രൂപത്തിലല്ല പ്രത്യക്ഷപ്പെടുന്നത്. മനുഷ്യവർഗത്തിന്റെ ആദിപിതാവായ ആദം നബി(അ)യുടെ അടുക്കൽ ചെന്നുകൊണ്ട് സ്‌നേഹം പുരട്ടിയ വാക്കുകളുമായി മിത്രഭാവത്തിൽ അവൻ നടത്തിയ വഞ്ചന ക്വുർആൻ ആവർത്തിച്ച് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
“അവരിൽനിന്ന് മറച്ചുവെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്കു വെളിപ്പെടുത്തുവാനായി പിശാച് അവർ ഇരുവരോടും ദുർമന്ത്രണം നടത്തി. അവൻ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തിൽനിന്ന് നിങ്ങൾ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങൾ ഇരുവരും മലക്കുകളായിത്തീരുമെന്നതുകൊണ്ടോ നിങ്ങൾ ഇവിടെ നിത്യവാസികളായിത്തീരുമെന്നതുകൊണ്ടോ അല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. തീർച്ചയായും ഞാൻ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളിൽപ്പെട്ടവനാണ് എന്ന് അവരോട് അവൻ സത്യം ചെയ്ത് പറയുകയും ചെയ്തു’’ (7:20,21).
ആ ശത്രുവിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത അവനെ നമുക്ക് കാണാൻ കഴിയില്ല എന്നതും അവൻ നമ്മെ കാണുകയും ചെയ്യുന്നു എന്നതുമാണ്: “...തീർച്ചയായും അവനും അവന്റെ വർഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങൾക്ക് അവരെ കാണാൻ പറ്റാത്ത വിധത്തിൽ...’’(7:27).
അവൻ മനുഷ്യരോടുള്ള ശത്രുത തുറന്ന് പ്രഖ്യാപിച്ചവനാണ്. നമ്മെ ചതിക്കുവാനും വഴിപിഴപ്പിക്കുവാനുമായി കച്ചകെട്ടിയിറങ്ങും എന്ന് പടച്ചവന്റെ മുമ്പിൽ വച്ചുതന്നെ ശപഥം ചെയ്ത് ഇറങ്ങിപ്പോന്നവനാണ്. അതിനാൽ അവന്റെ ശത്രുത ഏതെങ്കിലും നിലയ്ക്ക് മാറ്റിയെടുക്കാൻ സാധിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
അല്ലാഹു പറയുന്നു: “അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവൻ (അല്ലാഹുവോട്) പറയുകയുണ്ടായി: ‘നിന്റെ ദാസൻമാരിൽനിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി) ഞാൻ ഉണ്ടാക്കിത്തീർക്കുന്നതാണ്.അ
വരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കൽപിക്കുമ്പോൾ അവർ കാലികളുടെ കാതുകൾ കീറിമുറിക്കും. ഞാനവരോട് കൽപിക്കുമ്പോൾ അവർ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും...’’ (4:118,119).
“അവൻ (പിശാച്) അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവർക്ക് നൽകുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല’’ (4:120).
“അവൻ (ഇബ്‌ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം; അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യും; അവരിൽ നിന്റെ നിഷ്‌കളങ്കരായ ദാസൻമാരെയൊഴികെ’’ (38: 82,83).
“അവൻ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാൽ നിന്റെ നേരായ പാതയിൽ അവർ (മനുഷ്യർ) പ്രവേശിക്കുന്നത് തടയാൻ ഞാൻ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരിൽ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല’’ (7:16,17).
ആ ശത്രുവിന്റെ പലതരത്തിലുള്ള ചതികളും കുതന്ത്രങ്ങളും വിശുദ്ധ ക്വുർആനും പ്രവാചക വചനങ്ങളും ആവർത്തിച്ച് ഉണർത്തിയിട്ടുണ്ട്. എങ്ങനെയെങ്കിലും മനുഷ്യരെ നരകത്തിലെത്തിക്കുക എന്നതാണ് അവന്റെ മുഖ്യലക്ഷ്യം. അതിനാൽ ആ ശത്രുവിനെ തിരിച്ചറിയാനും അവന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കാനും ക്വുർആൻ നമ്മളോട് ആവശ്യപ്പെടുന്നു:
“തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക. അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടി മാത്രമാണ്’’(35:6).
പരമകാരുണികനായ അല്ലാഹുവിന്റെ മാർഗനിർദേശങ്ങൾ ഉൾക്കൊണ്ട് മുന്നേറുകയും വിശ്വാസികളോട് അങ്ങേയറ്റം കനിവും വാത്സല്യവുമുള്ള പ്രവാചക തിരുമേനിﷺയുടെ മുന്നറിയിപ്പുകൾ സ്വീകരിച്ച് ജാഗ്രതയോടെ ശത്രുവിനെ നേരിടുകയും ചെയ്യുക എന്നതാണ് നമുക്കുള്ള രക്ഷാമാർഗം. ക്വുർആൻ ആവർത്തിച്ച് പറയുന്ന സംഗതിയാണ് പിശാചിന്റെ കാലടിപ്പാടുകളെ നിങ്ങൾ ഒരിക്കലും പിൻപറ്റരുത് എന്നത്. പലതും അവൻ നമുക്ക് ഭംഗിയാക്കി തോന്നിപ്പിച്ച്, നമ്മളെ പ്രലോഭിപ്പിച്ച് ചതിയിൽ വീഴ്ത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. അവന്റെ കെണിയിൽ അകപ്പെട്ടുകഴിഞ്ഞാൽ രക്ഷപ്പെടാൻ വലിയ പ്രയാസമാണ്.
പ്രധാനമായും അവൻ നമുക്ക് നേരെ ഉപയോഗിക്കുന്ന കുതന്ത്രങ്ങളിൽ ഒന്നാണ് വസ്‌വാസ് അഥവാ ദുർമന്ത്രണങ്ങളും (ദുഷ്‌പ്രേരണകൾ) തിന്മകളെ ഭംഗിയായി തോന്നിപ്പിക്കലും.
“അവൻ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാൽ, ഭൂലോകത്ത് അവർക്കു ഞാൻ (ദുഷ്പ്രവൃത്തികൾ) അലംകൃതമായി തോന്നിക്കുകയും അവരെ മുഴുവൻ ഞാൻ വഴികേടിലാക്കു കയും ചെയ്യും; തീർച്ച’’ (15:39).
തിന്മകളാണെന്ന് നമുക്കറിയുന്ന പല നിഷിദ്ധങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകാൻ പിശാച് ഇട്ടുതരുന്ന ന്യായീകരണങ്ങളിലൊന്നാണ് ‘ആരാണ് ഇപ്പോൾ ഇതൊക്കെ ചെയ്യാത്തത്’ എന്ന ചോദ്യം. തെറ്റായ ആശയങ്ങളെയും കാര്യങ്ങളെയും അവൻ അലങ്കൃതമാക്കി തോന്നിക്കും.
എന്തിനേറെ, നാം പടച്ച റബ്ബിന്റെ മുമ്പിൽ നമസ്‌കാരത്തിനായി കൈകെട്ടി നിന്നാൽ അവിടെയും കുഴപ്പങ്ങൾ ഉണ്ടാക്കാനായി പിശാച് ഓടിയെത്തുമെന്ന് നബിﷺ ഉണർത്തിയിട്ടുണ്ട്.

