വല്ലാത്തൊരു വൈബ്!

നബീൽ പയ്യോളി

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

മനസ്സിന് കുളിരേകും വൈബുകൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും; കണ്ണിനും മനസ്സിനും ആസ്വാദനം തരുന്ന കാഴ്ചകൾ തേടിയുള്ള യാത്രകൾ. ‘എന്തൊരു വൈബ്’ എന്ന് ആത്മഹർഷം കൊള്ളുന്നു പുതുതലമുറ!

ലോക മുസ്‌ലിംകൾ നെഞ്ചേറ്റുന്ന വിശുദ്ധ മക്ക വല്ലാത്തൊരു വൈബാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടി ആദ്യമായി നിർമിക്കപ്പെട്ട ഭവനം. ആദർശ പിതാവ് ഇബ്‌റാഹീം നബി(അ)യും മകൻ ഇസ്മാഈൽ നബി(അ)യും ചേർന്ന് നിർമിച്ച പുണ്യഗേഹം. ഹാജറ ബീവിയുടെ ത്യാഗസ്മരണകൾ തങ്ങിനിൽക്കുന്ന വിശുദ്ധ നഗരി. മുഹമ്മദ് നബിﷺ ജനിച്ച മണ്ണ്. പ്രബോധനത്തിന് നാന്ദികുറിച്ച നാട്. ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷിയായ മണലാരണ്യം. മനസ്സിന് കുളിരേകുന്ന അനേകം ചരിത്ര നിമിഷങ്ങളെ ഓർക്കാനുതകും വിധമുള്ള മണ്ണ്.

വിശുദ്ധ ഉംറ നിർവഹിക്കാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ പുണ്യഭൂമിയിൽ ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. ആ രാധനകൾക്ക് ലക്ഷക്കണക്കിന് ഇരട്ടി പുണ്യം ലഭിക്കുന്ന അവസരം കൊതിക്കാത്തവരായി ആരുണ്ട് വിശ്വാസികളുടെ കൂട്ടത്തിൽ? ആ വിശുദ്ധമണ്ണിൽ കാലുകുത്താൻ മനസ്സ് ആഗ്രഹിക്കാത്ത വിശ്വാസികളുണ്ടാവില്ല. അത്രമേൽ ആ ഗേഹവുമായി ബന്ധമുള്ളവരാണ് ഓരോ വിശ്വാസിയും. രാപകലില്ലാതെ ഒഴുകിയെത്തുന്ന വിശ്വാസി സമൂഹത്താൽ ധന്യമാണ് മക്കയെന്നും. ലോകത്തെ സർവ അതിർത്തികളെയും അപ്രസക്തമാക്കി സർവലോക സ്രഷ്ടാവും നിയന്താവുമായ ആല്ലാഹുവിന്റെ അതിഥികളായി വിശ്വാസികൾ ആ പുണ്യഭൂമിയിൽ എത്തിക്കൊണ്ടേയിരിക്കുന്നു. അമേരിക്കക്കാരനും ആഫ്രിക്കക്കാരനും ഇന്ത്യക്കാരനും ഇന്തോനേഷ്യക്കാരനും കറുത്തവനും വെളുത്തവനും ധനികനും ദരിദ്രനും പണക്കാരനും പണിക്കാരനും എന്നിങ്ങനെയുള്ള യാതൊരു വേർതിരിവുമില്ലാതെ വിശ്വാസികൾ ഇടകലർന്ന് ഒരേ മനസ്സുമായി ഈ പുണ്യനഗരിയെ ധന്യമാക്കുന്നു.

ശുഭ്രവസ്ത്ര ധാരികളായ പുരുഷന്മാരുടെ പാൽക്കടൽ കണ്ണിന് ആനന്ദം നൽകുന്ന കാഴ്ചയാണ്. ഒരു പുഴപോലെ ഒഴുകുന്ന ലക്ഷക്കണക്കിന് മനുഷ്യർ, അണമുറിയാത്ത ഒഴുക്ക്... അത് എത്ര ദൃശ്യമനോഹരം! ഒരേ മന്ത്രധ്വനികളുമായി സ്ത്രീകളും പുരുഷമാരും കുട്ടികളുമെല്ലാം കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും സഫാ-മർവ കുന്നുകൾക്കിടയിൽ നടക്കുന്നതും വല്ലാത്തൊരു നിർവൃതി നൽകുന്ന കാഴ്ചയാണ്.

മനസ്സിന് കുളിരേകും തീർഥാടനമാണ് ഹജ്ജും ഉംറയും. സർവ പ്രതിസന്ധികളും ആവശ്യങ്ങളും ഏകനായ അല്ലാഹുവിനോട് ആത്മാർഥമായി തുറന്ന് പറയാനും ഇഹപര വിജയം തേടാനുമുള്ള സുവർണാവസരമാണ് ഹജ്ജും ഉംറയും. അറിഞ്ഞും അറിയാതെയും വന്ന തെറ്റുകളും പോരായ്മകളും വിട്ടുപൊറുത്ത് മാപ്പ് നൽകാൻ വിനയാന്വിതരായി, കരയുന്ന കണ്ണുകളോടെ അടിമകൾ രക്ഷിതാവിനോട് അപേക്ഷിക്കുന്നു. ഏകാഗ്രതയോടെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ആ വൈബ് എത്രമേൽ ആത്മീയ ആനന്ദം നൽകുന്നതാണ്! ആരാധനക്ക് വേണ്ടി മനസ്സും ശരീരവും സർവ സന്നദ്ധമായി നിലകൊള്ളുന്ന നിമിഷങ്ങളാണ് വിശുദ്ധ ഹറമിൽ വിശ്വാസികൾക്കുള്ളത്. അത് നൽകുന്ന ആത്മീയ നിർവൃതിയും ഊർജവും ചെറുതല്ല.

മിക്കവാറും ഓരോ നമസ്‌കാര ശേഷവും മയ്യിത്ത് നമസ്‌കാരം ഉണ്ടാകാറുണ്ട്. സ്വന്തത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലും ഇഹലോക ജീവിതത്തിന്റെ നശ്വരതയെ ഉണർത്തലും മരണചിന്ത നിലനിർത്തലും അതിലൂടെ സംഭവിക്കുന്നു.

ദിനേന ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പുണ്യഭൂമിയിൽ അവരെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ആരെയും അത്ഭുതപ്പെടുത്തും വിധം ലോകത്തിന് മാതൃകയാണ്. ഏറ്റവും നല്ല ടെക്‌നോളജിയുടെ സാധ്യതകൾ പരമാവധി അവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്. എം-മാലിന്യ സംസ്‌കരണം, ടോയിലറ്റ് സൗകര്യങ്ങൾ, പ്രാർഥനാ ഇടങ്ങളിലെ ശുചിത്വം തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഒന്നിനൊന്ന് മെച്ചം. തീർഥാടകർക്ക് അസൗകര്യമില്ലാത്തവിധം വിപുലീകരണ-നവീകരണ പ്രവൃത്തികളും നടന്നുവരുന്നു. ലോകത്തെ, ഒരു നിമിഷവും നിലയ്ക്കാത്ത ഏറ്റവും വലിയ ഇവന്റ് മനോഹരമായി മാനേജ് ചെയ്യുന്ന കാഴ്ച!

ശ്രവ്യസുന്ദരമായ ക്വുർആൻ പാരായണം മനസ്സറിഞ്ഞ് ആസ്വദിക്കാനുതകും വിധമുള്ള ശബ്ദ ക്രമീകരണങ്ങൾ, വെളിച്ചം, ലിഫ്റ്റ്, എസ്‌കലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ... അങ്ങനെ അനേകം കാര്യങ്ങൾ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും വിധം അവിടെ ക്രമീകരിച്ചിരിക്കുന്നു.

വിശ്വാസിസാഗരം ഒഴുകിയെത്തുന്ന വിശുദ്ധ റമദാനിൽ നമസ്‌കാരങ്ങൾക്കും രാത്രി നമസ്‌കാരത്തിനും നോമ്പ് തുറക്കുമെല്ലാം വിപുലവും ശാസ്ത്രീയവുമായ ക്രമീകരണം. ലക്ഷക്കണക്കിന് ആളുകൾ ഇരുന്നിടത്ത് തന്നെ നോമ്പ് തുറക്കുന്നതും ഏതാനും മിനുട്ടുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ ക്‌ളീൻ ചെയ്തു നമസ്‌കാരത്തിന് സജ്ജമാക്കുന്നതുമായ ക്രമീകരണങ്ങൾ എത്ര മനോഹരം! കുടിക്കാൻ തണുത്തതും അല്ലാത്തതുമായ സംസം വെള്ളത്തിന് ആയിരക്കണക്കിന് കൗണ്ടറുകൾ, അംഗശുദ്ധി വരുത്താൻ പ്രത്യേക സൗകര്യങ്ങൾ പള്ളിക്കകത്തു തന്നെ! അങ്ങനെ വിശ്വാസികൾക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്നതിൽ സുഊദി ഭരണകൂടം കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണ്.

അല്ലാഹുവിന്റെ അതിഥികളെ ഏറ്റവും മാന്യമായും സന്തോഷത്തോടെയും സ്വീകരിക്കുന്ന പോലീസ്- സെക്യൂരിറ്റി സ്റ്റാഫുകൾ, കൃത്യമായ ഇടവേളകളിൽ ക്ലീനിങ് ജോലികൾ നിർവഹിക്കുന്ന തൊഴിലാളികൾ, ആരെയും പ്രയാസപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കുന്ന തീർഥാടക ലക്ഷങ്ങൾ... വല്ലാത്തൊരു വൈബ്!

മക്കയെന്ന പുണ്യനഗരിയെ മനോഹരമായി നിലനിർത്താനും ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്താനും സുഊദി രാജാക്കന്മാർ എന്നും പ്രത്യേക ശ്രദ്ധ പുലർത്തി പോന്നിട്ടുണ്ട്. അല്ലാഹുവിന്റെ അതിഥികൾക്ക് അർഹമായ പരിഗണനയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതിൽ തിരുഗേഹങ്ങളുടെ സേവകർ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന സുഊദി മുൻ രാജാക്കന്മാർ ബദ്ധശ്രദ്ധരായിരുന്നു. നിലവിലെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഊദ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഇരു ഹറം മേധാവി ഡോ. അബ്ദുറഹ്‌മാൻ സുദൈസ് തുടങ്ങിയവർക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും അർഹമായ പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ.

ആ വിശുദ്ധ മണ്ണിൽ നമ്മൾ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളിലെ വൈബ് എത്ര മനോഹരമായിരിക്കും അല്ലേ? സാമ്പത്തികശേഷിയുള്ളവർ കുടുംബത്തോടൊപ്പം ഉംറ ചെയ്യാൻ മടി കാണിക്കരുത്. വിനോദ സഞ്ചാര കേന്ദ്രങ്ങളും ഭക്ഷണ ശാലകളും പ്രകൃതി ഭംഗിയും ആസ്വദിച്ച് ജീവിത പ്രയാസങ്ങളിൽനിന്നും കുളിർതേടുന്ന സമ്പന്നർ യാത്ര പരിശുദ്ധ മക്കയിലേക്കൊന്ന് നീട്ടുന്നത് നല്ലതാണ്. അവിടെനിന്ന് ലഭിക്കുന്ന ആത്മീയ നിർവൃതി മറ്റെവിടെ നിന്നാണ് വിശ്വാസികൾക്ക് ലഭിക്കുക?