സ്‌കൂളിൽത്തന്നെ വേണം സോംബി നൃത്തം!

വിൻസെന്റ് വേലൂക്കാരൻ ആന്റണി

2025 ജൂലൈ 05, 1447 മുഹറം 09

(എഫ് ബി വൈറൽ)

പരിമിതി, സ്വാതന്ത്ര്യം; ഈ രണ്ടു വാക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നത് എങ്ങനെ? അതിനാലാണ് പരിമിതമായ സ്വാതന്ത്ര്യമെന്ന പ്രയോഗം അസംബന്ധമാകുന്നത്. എന്നാൽ അപരിമിതമായ സ്വാതന്ത്ര്യം നാശത്തിലേക്കുള്ള കവാടം കൂടിയാണ് എന്നും അറിയാതിരുന്നുകൂടാ.

അപരിമിതമായ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഒരു തലമുറയെ സൃഷ്ടിച്ചുവിടാൻ കഴിഞ്ഞാൽ, ഒരു രാജ്യത്തെ നശിപ്പിക്കാൻ ആരും പിന്നെ വേറെ യാതൊന്നും ചെയ്യേണ്ടതില്ല. അങ്ങനെയൊരു സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തലമുറ ആവശ്യപ്പെടുന്നത് എന്തൊക്കെയായിരിക്കും? മദ്യം, മയക്കുമരുന്നുകൾ, അൽപവസ്ത്രം, ചൂതാട്ടം, സംഗീതം, നൃത്തം, ആഘോഷം... അച്ചടക്കമെന്നത്, അവർക്ക് ആലോചിക്കാനേ ആവുന്നൊരു കാര്യമായിരിക്കില്ല. ഈ ലോകത്തിൽ സാത്താൻ ആരാധകർ ആദ്യമേ അവരുടെ കൈക്ക് ഒതുക്കിയത് പടിഞ്ഞാറൻ രാജ്യങ്ങളെയായിരുന്നു.

പിന്നീട്, മറ്റുള്ള രാജ്യങ്ങളെ മുഴുവൻ കൊള്ളയടിച്ച്, അവർ കൊണ്ടുവന്ന ദ്രവ്യവും പണവും കൊണ്ട് അവർ ഈ പടിഞ്ഞാറൻ രാജ്യങ്ങളെ സമ്പന്നമാക്കി. ആ അധമ സമ്പന്നത, മറ്റു രാജ്യങ്ങളിലെ ജനതകളെ, യൂറോപ്യൻ സംസ്‌കാരത്തിലേക്ക് ആകർഷിക്കാനുള്ള ഒന്നാമത്തെ കാരണമായി. സാത്താൻ ആരാധകരാൽ, മൂല്യങ്ങൾ മുഴുവൻ നശിപ്പിക്കപ്പെട്ട, പടിഞ്ഞാറിന്റെ ആത്മീയശൂന്യത അനുകരിക്കാൻ, പാശ്ചാത്യർ അവരുടെ പണക്കൊഴുപ്പിനാൽ മറ്റുള്ളവരെ പ്രേരിപ്പിച്ചു. സാർവത്രിക വിദ്യാഭ്യാസം, അതിനുള്ള അവരുടെ അതിസമർഥമായ ആയുധം കൂടിയായിരുന്നു.

സ്‌കൂളുകളെ കൊണ്ട് എന്തൊക്കെ പ്രയോജനങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ തന്നെയും, നമുക്ക് നിഷേധിക്കാനാവാത്ത കാര്യമെന്തെന്നാൽ; ആ സ്‌കൂളുകൾ വഴിയാണ്, മോശമായ മാതൃകകൾ മുഴുവനും ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടത്. കിഴക്കേ രാജ്യങ്ങളിൽ എന്തൊക്കെ നിഷിദ്ധമായിരുന്നോ, അതൊക്കെ സാധ്യമാക്കിക്കൊടുത്തു കൊണ്ട്, അവിടങ്ങളിലെ യുവാക്കളെ ആത്മീയ ശൂന്യതയിൽ കൊണ്ടെത്തിക്കാൻ, പാശ്ചാത്യ സ്വാധീനമുള്ള ഭരണകൂടങ്ങൾ ലോകമെമ്പാടും പ്രയത്‌നിച്ചു. മദ്യം ജനകീയമാക്കി. പബ്, ബാർ എന്നിവ എവിടെയും തുടങ്ങാമെന്നായി. മയക്കുമരുന്നുകൾക്കെതിരെ നിയമങ്ങൾ കർശനമാണെങ്കിൽ തന്നെയും അവയുടെ ലഭ്യത ഉറപ്പാക്കി.

അൽപവസ്ത്രധാരണത്തെ പരിഷ്‌കാരമെന്നു പരിചയപ്പെടുത്തി. ഭാഗ്യക്കുറി എന്ന പേരിൽ ചൂതാട്ടത്തെ ജനജീവിതത്തിന്റെ മധ്യത്തിൽ തന്നെ സാധാരണ സംഭവമാക്കി കൊണ്ടുവന്നു വെച്ചു. ആഘോഷങ്ങൾ അനുനിമിഷം ആവർത്തിക്കേണ്ട ഒന്നാണെന്ന ധാരണ ജനങ്ങളിൽ സൃഷ്ടിച്ചെടുത്തു. സംഗീതം, നൃത്തം, എന്നിവയാണ് ഉന്നത ജീവിത നിലവാരത്തിന്റെ സൂചികകൾ എന്നാക്കിയെടുത്തു.

ഇതൊക്കെയാണ് പുരോഗമനം, ഇതാണ് നവോത്ഥാനം എന്നൊക്കെ വിളിച്ചുപറയുന്നവരെ സമൂഹമധ്യത്തിലേക്ക് ഇറക്കിവിട്ടു. ഇതൊക്കെയാണ് പുരോഗമനമെന്നത് ശരിയാണെങ്കിൽ, ഈ പുരോഗമനം നമ്മെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് നിശ്ചയം. നമ്മുടെ പരിണാമം സോംബി തലമുറകളിലേക്കെന്നു നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, നമ്മുടെ പുരോഗമനം നമ്മെ അവിടെക്കൊണ്ടെത്തിക്കും.

സോംബി ഡ്രഗ്‌സ്, സൂംബാ നൃത്തം എല്ലാമെല്ലാം സ്‌കൂളുകൾ വഴിതന്നെ വന്നെത്തും. അപ്പോഴും ചിലർ ചോദിക്കും; ബെല്ലി ഡാൻസോ കാബറെയും ഒന്നുമല്ലല്ലോ? ഇനി അതിനും സ്‌കൂളിൽ പരിശീലനം കിട്ടുന്ന കാലം വരുമ്പോൾ ചോദ്യം ഇങ്ങനെയായിരിക്കും: അതിൽ ധാർമികമായ കുഴപ്പം എന്താണുള്ളത്? ശരിയല്ലേ? കാബറെ നൃത്തവും വേശ്യാവൃത്തിയും കൊണ്ട് എത്രയോ പേർ സുഖമായി അത്താഴം കഴിക്കുന്നു! നമ്മുടെ രാജ്യത്തിൽ പോലും അവ കുറ്റമല്ലല്ലോ. സ്‌കൂൾ പഠന സമയത്തുതന്നെ ലൈംഗിക തൊഴിലുകളുടെ ബാലപാഠം സ്വായത്തമാക്കരുതോ? ജീവിതമൂല്യങ്ങളെ പറ്റി യാതൊരു ധാരണയും ഇല്ലാത്ത ജനക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് സംഗീതം, നൃത്തം, ലഹരി, ആഘോഷം, ഇതിൽ എന്തിനെ പറ്റിയും സത്യസന്ധമായി സംസാരിക്കാൻ തുനിയുന്നത് തികഞ്ഞ മൗഢ്യമായിരിക്കും.

അതുകൊണ്ട് ഈ പോസ്റ്റിലെ വിഷയത്തിൽ വാദിക്കാനും, തർക്കിക്കാനുമൊന്നും ഞാനില്ലേ! ഏതായാലും; യോഗ, കളരി, എന്നിവക്കൊന്നും കയറിപ്പറ്റാൻ കഴിഞ്ഞില്ലെങ്കിൽ കൂടി, വരുംകാലം; റാപ്പ് സംഗീതം, സാംബൂനൃത്തം എന്നിവയുടെ പരിശീലനക്കളരികളായി കേരളത്തിലെ സ്‌കൂളുകൾ അധഃപതിക്കും. നാശത്തിന്റെ നിർമാണം നടത്തുന്ന ആശയങ്ങളുടെ, ലോകത്തിലെ ഒന്നാമത്തെ പരീക്ഷണനിലയമാക്കി, ഇല്യൂമിനറ്റി മാഫിയ കണ്ടുവെച്ചിരിക്കുന്ന ജനത എതെന്നറിയുമോ? അതാണ്കേരള ജനത. ലോകത്തിൽ ഈ നമ്മളാണ്, സാത്താനിസ്റ്റ് ആശയങ്ങളുടെ പ്രഥമഘട്ടത്തിലെ ഗിനിപ്പിഗ്ഗുകൾ.