സർക്കാർ കുതന്ത്രവും പ്രതിപക്ഷ തന്ത്രങ്ങളും

സുഫ്യാൻ അബ്ദുസ്സലാം

2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

(വക്വ‌്‌ഫ് നിയമം: ആശങ്കകളും പ്രതീക്ഷകളും 2)

വക്വ‌്‌ഫ് ഭേദഗതി ബില്ലിനെതിരെ അതിന്റെ തുടക്കം മുതൽ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം അതിശക്തമായ പ്രതിരോധമാണ് തീർത്തിരുന്നത്. പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിക്കാതിരുന്ന സർക്കാർ ജെപിസിയെ പോലും ഏകപക്ഷീയമായി ദുരുപയോഗം ചെയ്ത് പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കുകയായിരുന്നു. അതിനിടയിലാണ് സർക്കാറിന്റെ ഭാഗമായ ജെഡിയുവും ടിഡിപിയും സർക്കാറിനെ പിന്തുണക്കില്ലേ എന്ന ആശങ്ക സർക്കാറിനെ പിടികൂടിയത്. ഒക്ടോബറിൽ ബീഹാറിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജെഡിയു വക്വ‌്‌ഫ് ബില്ലിന് എതിരാവുമെന്ന ആശങ്ക ബിജെപിയിൽ ഉരുണ്ടുകൂടി. അതുകൊണ്ടുതന്നെ ഇനി വക്വ‌്‌ഫ് ബിൽ ഒക്ടോബറിന് ശേഷം മാത്രമെ പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയുള്ളൂ എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 24 മണിക്കൂർ സമയം പോലും പ്രതിപക്ഷത്തിന് നൽകാതെ പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ.

സർക്കാറിന്റെ കുരുട്ട്

മാർച്ച് 31 തിങ്കൾ ഇന്ത്യയിലൊട്ടുക്കും ഈദുൽ ഫിത്വ‌്‌ർ ആയിരുന്നു. മുസ്‌ലിം എംപിമാർ പൊതുവിൽ പെരുന്നാൾ തിരക്കിലായിരുന്നു. ഏപ്രിൽ 1നു ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മാത്രമാണ് പിറ്റേന്ന് ബുധനാഴ്ച വക്വ‌്‌ഫ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് എംപിമാർക്ക് നോട്ടിഫിക്കേഷൻ നൽകിയത്. പ്രതിപക്ഷ കക്ഷികളിൽ ഏറെ അങ്കലാപ്പുണ്ടായ മണിക്കൂറുകളാണ് കടന്നുപോയത്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലും ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിലും കാര്യങ്ങൾ ചടുലമായി ഏകോപിപ്പിക്കുകയും എല്ലാ പ്രതിപക്ഷ കക്ഷികളുടെയും വക്വ‌്‌ഫ് ബില്ലിനെതിരെയുള്ള ഉറച്ച സ്വരം ഉറപ്പുവരുത്തുകയും ചെയ്തു.

ഓരോ കക്ഷിയും അവരുടെ എംപിമാരുടെ സാന്നിധ്യം ഉറപ്പുവരുത്തി. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുകയായിരുന്നിട്ട് കൂടി സിപിഎം അവരുടെ എംപിമാരെ ഡൽഹിയിലെത്തിച്ചു. അതേസമയം സർക്കാർ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഇന്ത്യ വിടേണ്ടി വന്ന പ്രിയങ്ക ഗാന്ധിക്ക് ബിൽ അവതരണ ദിവസം ഹാജരാകാൻ സാധിച്ചില്ല.

അളന്നുമുറിച്ച പ്രതിപക്ഷ തന്ത്രങ്ങൾ

ആരെല്ലാം സംസാരിക്കണം, എന്തെല്ലാം സംസാരിക്കണം തുടങ്ങിയ കാര്യങ്ങളിൽ പോലും പ്രതിപക്ഷ കക്ഷികൾക്കിടയിൽ ധാരണയുണ്ടായിരുന്നു. രാഹുൽ ഗാന്ധി എഴുന്നേൽക്കുമ്പോഴേക്ക് ബഹളം സൃഷ്ടിച്ച് സമയം കളയുക എന്ന ട്രഷറി ബെഞ്ചിന്റെ സ്ഥിരം പരിപാടിക്ക് പോലും പ്രതിപക്ഷം പ്രതിവിധി കണ്ടെത്തി. മാർച്ച് 26ന് രാഹുൽ ഗാന്ധിയെ വളരെ മോശമായ വിധത്തിൽ ശകാരിച്ചും ഉപദേശിച്ചും സംസാരിച്ച സ്പീക്കർ ഓം ബിർള അദ്ദേഹത്തെ വാ തുറക്കാൻ പോലും അനുവദിക്കാത്തവിധം പെരുമാറിയതിന് ലോക്‌സഭ സാക്ഷിയായിരുന്നതാണ്.

ഇത് മനസ്സിലാക്കിക്കൊണ്ടാണ് കോൺഗ്രസും പ്രതിപക്ഷ കക്ഷികളും വക്വ‌്‌ഫ് ബിൽ അവതരണ ദിവസം കാര്യങ്ങൾ നീക്കിയത്. വക്വ‌്‌ഫ് ബില്ലിന്റെ ഏറ്റവും വലിയ നാവായി പാർലമെന്റിൽ ഉണ്ടായിരുന്ന നോർത്ത് ഈസ്റ്റുകാരനായ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജുവിന്റെ വാദങ്ങളെ അക്കമിട്ട് ഖണ്ഡിക്കുവാൻ നോർത്ത് ഈസ്റ്റിൽ നിന്നുതന്നെയുള്ള പ്രതിപക്ഷ ഉപനേതാവ് ഡോ. ഗൗരവ് ഗൊഗോയിയെ ഇറക്കിയത് ഭരണപക്ഷം പ്രതീക്ഷിച്ചതായിരുന്നില്ല. ഗോഗോയ് തുടങ്ങിവച്ച അത്യുജ്വല ഭാഷണത്തിന്റെ ഒഴുക്ക് ഇ.ടി മുഹമ്മദ് ബഷീർ, കെ.സി വേണുഗോപാൽ, അഖിലേഷ് യാദവ്, കല്യാൺ ബാനർജി, എ. രാജ, കനിമൊഴി, കെ. രാധാകൃഷ്ണൻ എന്നിവരിലൂടെ തുടർന്നപ്പോൾ അതൊരു മഹാ പ്രവാഹമായി. ഓരോ പ്രസംഗവും ഒന്നിനൊന്ന് മെച്ചമായി ഭരണപക്ഷത്തിന്റെ കർണ്ണപുടങ്ങളിൽ പ്രതിധ്വനിച്ചു.

രാജ്യസഭയിലാവട്ടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് ഡോ. സയ്യിദ് നസീർ ഹുസൈൻ, ഹാരിസ് ബീരാൻ (മുസ്‌ലിംലീഗ്), തിരുച്ചി ശിവ (ഡിഎംകെ), മുഹമ്മദ് നദീമുൽ ഹഖ് (തൃണമൂൽ), സഞ്ജയ് സിംഗ് (എഎപി), പ്രൊഫ.മനോജ്കുമാർ (ആർജെഡി), സഞ്ജയ് റാവുത്ത് (ശിവസേന-ഉദ്ദവ്), റാം ഗോപാൽ യാദവ് (എസ്.പി), ഡോ ഫൗസിയ ഖാൻ (എൻസിപി-ശരദ് പവാർ), ജോൺ ബ്രിട്ടാസ് (സിപിഎം) എന്നിവരും സർക്കാരിന്റെ വർഗീയ നിലപാടിനെതിരെ അതിശക്തമായി ആഞ്ഞടിച്ചു.

രാഹുൽ എവിടെ, പ്രിയങ്ക എവിടെ?

വിഷയത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വിഷമിച്ച ഭരണപക്ഷം ‘രാഹുൽ എവിടെ,’ ‘പ്രിയങ്ക എവിടെ’ എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. ഈ ചോദ്യത്തിൽ മതേതരവിശ്വാസികളിൽ പെട്ട ചില സാധാരണക്കാരും വീണുപോയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷക്കാലമായി പത്തിവിടർത്തിയാടിയിരുന്ന നരേന്ദ്രമോദിയുടെയും അമിത്ഷാ-യോഗി പ്രഭൃതികളുടെയും വർഗീയ വിധ്വംസക പ്രവർത്തനങ്ങളെ പിടിച്ചുകെട്ടുന്നതിൽ കൈമെയ് മറന്ന്, ചൂടും തണുപ്പും വകവെക്കാതെ രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലും സഞ്ചരിച്ച് മതനിരപേക്ഷതയെ തിരിച്ചുപിടിക്കാനും മുസ്‌ലിം ന്യൂനപക്ഷത്തോട് ചേർന്നുനിന്ന് അവരിലൊരാളായി പ്രവർത്തിക്കാനും ആർജവം കാണിച്ച നേതാവാണ് രാഹുൽഗാന്ധി. മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി ആത്മാർഥമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ പാർലമെന്റിന്റെ ഭിത്തികളിൽ പ്രകമ്പനം കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയുമായി കൂടെ നിന്ന് സഹോദരിയായും സഹപ്രവർത്തകയായും പ്രവർത്തിച്ച പ്രിയങ്ക മതന്യൂനപക്ഷങ്ങൾക്ക് സമ്മാനിച്ച ആശ്വാസം ചെറുതൊന്നുമല്ല. ഇതെല്ലം തിരിച്ചറിഞ്ഞവരാണ് രാജ്യത്തെ മതനിരപേക്ഷസമൂഹം. അവരെ സംശയത്തോടെ കാണുകയും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് വലിയ നന്ദികേടായിരിക്കും. രാഹുലിന്റെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് സിപിഎം ജനറൽ സിക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞ മറുപടി പ്രസക്തമാണ്. ലോകസഭക്കകത്തും പുറത്തും വക്വ‌്‌ഫ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് രാഹുലെന്നും അദ്ദേഹത്തെ സംശയിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് ഇന്ത്യാ മുന്നണിയുടെ ഇക്കാര്യത്തിലുള്ള ഏകോപനത്തിന്റെ ശക്തിയെയാണ് വിളിച്ചോതുന്നത്.

ഭരണപക്ഷത്തെ വിള്ളലുകൾ

ഭരണപക്ഷത്തെ ഘടകകക്ഷികളും അവരോട് ആഭിമുഖ്യം പുലർത്തുന്ന മറ്റു കക്ഷികളും കേന്ദ്രസർക്കാറിനെ ഇക്കാര്യത്തിൽ പൂർണമായും പിന്തുണച്ചില്ല എന്ന കാര്യം പ്രതീക്ഷ നൽകുന്നതാണ്. ബിജു ജനതാദൾ, ഐ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ വക്വ‌്‌ഫ് ബില്ലിനെതിരെ പാർലമെന്റിൽ നിലപാട് സ്വീകരിച്ചത് ബിജെപി കേന്ദ്രങ്ങളിൽ വലിയ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ജെ.ഡി.യുവും ടി.ഡി.പിയും വലിയ സമ്മർദത്തിനൊടുവിൽ മാത്രമാണ് വക്വ‌്‌ഫ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം അതിന്റെ പേരിൽ ജെ.ഡി.യുവിൽ ഉണ്ടായ പ്രതിസന്ധി വളരെ വലുതാണ്. ബീഹാറിലെ അവരുടെ പല മുതിർന്ന നേതാക്കളും രാജിവെച്ചു. ടി.ഡി.പി ആവട്ടെ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തെങ്കിലും ജെ.പി.സി.യിലും പാർലമെന്റിലും പുറത്തും ബില്ലിലെ പല വകുപ്പുകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

ജനാധിപത്യം തിരിച്ചുവരട്ടെ

മൃഗീയ ഭൂരിപക്ഷത്തോടെ സർക്കാറിന് ബിൽ ചുട്ടെടുക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, പ്രതീക്ഷിച്ച വോട്ടുകൾ പോലും അവർക്ക് കിട്ടിയില്ല. ലോകസഭയിൽ 56 വോട്ടുകൾക്കും രാജ്യസഭയിൽ 33 വോട്ടുകൾക്കും മാത്രമാണ് ബില്ലുകൾ പാസായത് എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പരാജയമാണ്. ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽനിന്ന് എക്കാലത്തേക്കും അന്യം നിന്നുപോവില്ലെന്നുള്ളതിന്റെ സൂചനയാണിത്. ഈ നിയമങ്ങളെയെല്ലാം ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ സംമൂഹിക സാഹചര്യം രാജ്യത്ത് തിരിച്ചെത്തുമെന്നുതന്നെയാണ് മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളുടെയും പ്രതീക്ഷ.