ജെൻഡർ പൊളിറ്റിക്‌സിന്റെ നീരാളിക്കൈകൾ
അജ്മൽ ഫൗസാൻ
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

ഏതാനും വർഷങ്ങൾക്കു മുമ്പാണ് കേരളത്തിൽ പ്രൈഡ് മാർച്ചുകൾ തുടങ്ങിയത്. പിന്നീട് സർക്കാർ തന്നെ ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കാൻ ശ്രമിച്ചു. ഒരു മന്ത്രി തന്റെ ട്വിറ്റിൽ സ്ത്രീയും പുരുഷനും തമ്മിൽ ഇണചേരുന്ന എതിർവർഗ ലൈംഗികസ്വാഭാവികതയെ തച്ചുതകർക്കലാണ് ഇതിന്റെയൊക്കെ ലക്ഷ്യമെന്ന് പരസ്യമായി എഴുതി. ജെൻഡർ സാമൂഹ്യനിർമിതിയാണെന്ന് മറ്റൊരു മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു. കുടുംബശ്രീ വഴിയും മറ്റുമൊക്കെ ജെൻഡർ പൊളിറ്റിക്‌സ് അടിച്ചേൽപിക്കാൻ സർക്കുലർ നൽകി.
പല സിനിമകളിലൂടെയും പരിപാടികളിലൂടെയും ജെൻഡർ പൊളിറ്റിക്‌സ് ഒളിഞ്ഞും തെളിഞ്ഞും കടത്തി. ജെൻഡർ പൊളിറ്റിക്‌സിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തെളിവ് സഹിതം വിവരിക്കുമ്പോൾ പെണ്ണുങ്ങൾ പാന്റ്‌സ് ധരിക്കുന്നതിൽ കയറിപ്പിടിച്ച് ചർച്ച മർമത്തിൽ തൊടാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു. കേരളീയ സമൂഹത്തിൽ അത്രയ്‌ക്കൊക്കെ അങ്ങ് കടന്നു ചിന്തിക്കണോ എന്ന് ചോദിക്കുന്ന ആങ്കർമാരുണ്ടായി.
സമൂഹത്തിന് കെട്ടുറപ്പ് നൽകുന്ന വിവാഹം, കുടുംബം എന്നീ സംവിധാനങ്ങളെയെല്ലാം പിന്തിരിപ്പനായും പുരോഗതിക്ക് വിലങ്ങുതടിയായും അവതരിപ്പിച്ചു. സ്വയം ആണായും പെണ്ണായും പട്ടിയായും പൂച്ചയായും ഒക്കെ ഐഡന്റിഫൈ ചെയ്യുന്ന ആളുകളും കമ്മ്യൂണിറ്റികളും ലോകത്ത് വളർന്നു. ഇതൊക്കെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ ‘ബിഗ് ബോസ്’ എന്ന ഷോയിടെ ഒരു മത്സരാർഥി ലെസ്ബിയൻ ജീവിതത്തെക്കുറിച്ച് തന്റെതായ അഭിപ്രായം പറഞ്ഞതിനെതിരെ ആ ഷോയുടെ ‘ബോസ്’ ആയ നടൻ നടത്തിയ ആക്രോശം ഏറെ ചർച്ച ചെയ്യപ്പെട്ടതിന് കേരളം സാക്ഷിയായി.
സിനിമ എന്ന വ്യവസായമേഖല അകമെ അത്ര മാന്യമല്ലെന്നത് അനുദിനം പുറത്തുവന്നുകൊണ്ടിരി ക്കുന്ന, ആ രംഗത്തു തന്നെയുള്ളവർ നടത്തുന്ന തുറന്നു പറച്ചിലുകൾ വ്യക്തമാക്കുന്നു. എന്നാൽ ആ രംഗത്തെ ചില ‘താരങ്ങൾ’ക്ക് മാന്യതയുടെയും മര്യാദയുടെയുമൊക്കെ ഒരു പരിവേഷമുണ്ട്. ചിലർക്ക് അവർ ‘ആരാധ്യ’രാണ്.
ആ പ്രിവിലേജിന്റെ ബലത്തിലായിരിക്കാം ബിഗ് ബോസിൽ ആ ‘താരം’ ഒരാളോട് അഭിപ്രായം ചോദിച്ചിട്ട് അയാൾ തന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിനെതിരെ കയർത്തതും ‘ഇതൊക്കെ എല്ലാവരും അംഗീകരിച്ചതാണ്, ലോകം മുഴുവൻ അംഗീകരിച്ചതാണ്’ എന്നൊക്കെ പറഞ്ഞ് തന്റെ നിലപാടിനെ ന്യായീകരിക്കാൻ ശ്രമിച്ചതും.
LGBTQIA+ എന്ന അനന്തമായി നീളുന്ന സ്‌പെക്ട്രത്തിന്റെ ചുവടുപിടിച്ചു വരുന്ന സകല ആഭാസങ്ങളെയും രതിവൈകൃതങ്ങളെയും എല്ലാവരുമങ്ങ് നിർബന്ധമായും അംഗീകരിച്ചുകൊള്ളണം എന്ന് വാശിപിടിക്കുന്നത് സ്വതന്ത്രവാദികൾക്ക് ചേർന്നതാണോ? അഭിപ്രായ സ്വാതന്ത്ര്യവും തങ്ങളുടെ കുത്തകയാണ് എന്നാണോ?
ഷോയിലെ ആ സ്ത്രീ പറഞ്ഞത് ‘ഒരു അമ്മ എന്ന നിലയിൽ തന്റെ മക്കൾ കൂടി കാണുന്ന ഷോയിൽ ഇത്തരം കാര്യങ്ങളെ പ്രമോട്ട് ചെയ്യുന്നതും നോർമലൈസ് ചെയ്ത് അവതരിപ്പിക്കുന്നതും തനിക്ക് ഇഷ്ടമല്ല’ എന്നാണ്. കേരളത്തിലെ ബഹുഭൂരിഭാഗം മാതാപിതാക്കളും ഈ അഭിപ്രായമുള്ളവർ തന്നെയായിരിക്കും. പല രക്ഷിതാക്കളും തങ്ങളുടെ മക്കൾ ഈ ഷോ കണ്ടിട്ട് ഇതൊക്കെ എന്താണെന്ന് ചോദിച്ചാൽ എന്തു മറുപടി പറയും എന്ന ആശങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കാണാം.
നാളെ ആ നടന്റെ മകൻ ‘ഞാൻ ഒരു സ്ത്രീയാണ്, അച്ഛൻ ഇനി എന്നെ മകളേ എന്നു വിളിക്കണം’ എന്നോ, ‘ഞാനൊരു സ്വവർഗാനുരാഗിയാണ്, എനിക്ക് ഇണയായി ഒരു പുരുഷൻ മതി’ എന്നോ പറഞ്ഞു വന്നാൽ അയാൾക്ക് കുഴപ്പമില്ലായിരിക്കും. പക്ഷേ, അതിൽ കുഴപ്പമുള്ള ആളുകൾ ഇവിടെയുണ്ട്. ലോകം മുഴുവൻ ഇത്തരം വൈകൃതത്തെ അംഗീകരിച്ചാലും ഒരാൾക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അയാൾക്ക് അതിനുള്ള സ്വാതന്ത്ര്യം വകവച്ചു കൊടുക്കേണ്ടേ?
ലോകത്ത് ജെൻഡർ പൊളിറ്റിക്‌സ് അതിന്റെ നീരാളിപ്പിടുത്തം മുറുക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുക, ഇത്തരത്തിലുള്ള പരിപാടികളിലൂടെയും മറ്റും ഇതിനെ നോർമലൈസ് ചെയ്ത് അവസാനം അതിനോട് പ്രതികൂലാഭിപ്രായമുള്ളവർക്ക് ഒന്ന് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിക്കുക.
അമേരിക്കൻ സൈക്യാട്രി അസോസിയേഷന്റെ APA), DSM (Diagnostic and Statistical Manual of Mental Diosrders) അഥവാ മനോരോഗ പട്ടികയിൽനിന്ന് എങ്ങനെയാണ് സ്വവർഗലൈംഗികതയെ മാറ്റേണ്ടിവന്നത് എന്നത് പഠിക്കുന്നത് നല്ലതാണ്. ഇവർ Greatest Gay victory എന്ന് അഭിമാനപൂർവം പറയുന്ന ഈ മാറ്റം ആരംഭിക്കുന്നത് Stonewall Inn എന്ന ന്യൂയോർക്കിലെ ഒരു ഗേ ബാറിൽ നിന്നാണ്. 1969 ജൂൺ 28ന് അവിടെ നടത്തിയ ഒരു റെയ്ഡിൽനിന്നുണ്ടായ പ്രക്ഷോഭങ്ങളാണ് പിന്നീട് APAയുടെ പരിപാടികൾ തടസ്സപ്പെടുത്തുന്നതിലേക്കും പൊളിറ്റിക്‌സ് കളിച്ച് അവരെ സമ്മർദ്ദത്തിലാക്കി ലിസ്റ്റ് തിരുത്തുന്നതിലേക്കും എത്തിക്കുന്നത്.
അവസാനം 1973ൽ APA അംഗങ്ങൾ വോട്ടിനിട്ടാണ് സ്വവർഗലൈംഗികതയെ ലിസ്റ്റിൽ നിന്ന് പുറത്തേക്ക് തട്ടിയത്. ശാസ്ത്രീയ പഠനങ്ങൾക്കനുസരിച്ചല്ലാതെ വോട്ടിനിട്ട് ഒരു മനോരോഗം രോഗമല്ല എന്നു പറയേണ്ടിവരുന്ന അവസ്ഥ. Stonewall riots എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ ഇതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.
ഈ മഴവിൽ പൊളിറ്റിക്‌സ് കൊണ്ടുള്ള കളിക്കിടയിൽ നഷ്ടം ആർക്കാണ്? രാജ്യത്തെ സുപ്രധാന വാർത്തകളിൽ ഒന്നായ, രാഹുൽഗാന്ധി നയിക്കുന്ന ‘വോട്ട് ചോരി’യെ ‘വോട്ട് ചൊറി’ അല്ലെങ്കിൽ ‘വട്ടച്ചൊറി’ എന്നൊക്കെ വായിക്കുന്ന സ്ട്രീമർമാർക്ക് ലക്ഷക്കണക്കിന് കുട്ടി ഫോളോവേഴ്‌സ് ഉള്ള നാടാണിത്. ഈ കുട്ടികളുടെയൊക്കെ മുമ്പിൽ എന്തോ വലിയ സംഭവമായി ഇത്തരം കാര്യങ്ങളൊക്കെ അവതരിപ്പിച്ചാൽ സമീപഭാവിയിൽ കേരളം കാണാൻ പോകുന്ന മഴവിൽ വിളയാട്ടത്തിന്റെ പ്രത്യാഘാത ങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല.
അവസാനം ഒരു തലമുറ മുഴുവൻ രതിവൈകൃതങ്ങളും മാറാരോഗങ്ങളും ബാധിച്ച്, സ്വന്തം ഐഡന്റിറ്റിയിൽ പോലും സംശയം ബാധിച്ച് ജീവിക്കേണ്ടിവരുമ്പോൾ അതിനൊന്നും പരിഹാരം കാണാൻ നമുക്ക് സാധിക്കില്ല എന്ന് തിരിച്ചറിയണം.
ഈ പൊളിറ്റിക്‌സിനൊക്കെ കുട പിടിച്ചുകൊടുത്ത് അവസാനം പെരുവഴിയിലായി, ഇപ്പോൾ ഇതൊക്കെ നിരോധിക്കാനും പരിഹരിക്കാനും ശ്രമിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പഠനങ്ങളും വാർത്തകളും ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി ഇതിന്റെ അപകടം മനസ്സിലാക്കാൻ.
HPV, HSV, HIV, സിഫിലിസ് ഗുണേറിയ ക്ലമീഡിയ പോലുള്ള ലൈംഗികരോഗങ്ങൾ ഏറ്റവും കൂടുതൽ വ്യാപിക്കുന്നത് LGBTQ സമൂഹങ്ങൾക്കിടയിലാണ്. 2022ൽ അമേരിക്കയിൽ ഗവൺമെന്റ് തന്നെ നടത്തിയ പഠനത്തിൽ പുതുതായി HIVബാധിച്ചവരിൽ 71% ശതമാനവും ഗേകളോ അല്ലെങ്കിൽ ബൈ സെക്ഷ്വലുകളോ ആയിരുന്നു.
ഇത്തരം വാർത്തകളും പരിപാടികളും മൂലം കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ സമീപഭാവിയിൽ ഉണ്ടാകാൻ പോകുന്നത് ‘ജെൻഡർ ഡിസ്‌ഫോറിയ’ (താൻ ആണാണോ പെണ്ണാണോ എന്ന സംശയം) ആയിരിക്കും. 2017നും 2021നും ഇട
യിൽ അമേരിക്കയിൽ കുട്ടികൾക്കിടയിലെ ജെൻഡർ ഡിസ്‌ഫോറിയ കേസുകൾ വളർന്നത് 15,172 ൽനിന്ന് 42,167 ലേക്കാണ്.
ഇതത്ര നിസ്സാരമാണ് എന്ന് വിചാരിക്കരുത്. ജെൻഡർ ഡിസ്ഫോറിയ ബാധിക്കുന്ന കുട്ടികളിൽ പകുതിയിലധികം കുട്ടികളും (52.7%) anxiety, depression, സ്വയം ദേഹോപദ്രവം ഏൽപിക്കുക പോലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. ആത്മഹത്യ ചെയ്യാനുള്ള പ്രവണതയുളളവർ 61% ശതമാനമാണ്. 30% ശതമാനം പേരും ഒരുതവണയെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചവരുമാണ്.
പ്രത്യേകിച്ച്, പ്രായപൂർത്തി എത്തുന്ന സമയത്ത് ഗുരുതരമായ മാനസിക സംഘർഷങ്ങൾക്കായിരിക്കും കുട്ടികൾ അടിമപ്പെടുക. താൻ യഥാർഥത്തിൽ ഈ ലിംഗത്തിൽ ആയിരുന്നില്ല ജനിക്കേണ്ടിയിരുന്നത് എന്നും എത്രയും വേഗം ഈ ശരീരത്തിൽനിന്നും മുക്തിനേടണം എന്നുമുള്ള ചിന്തകൾ ശക്തി പ്രാപിക്കും. ഏതാനും ദിവസം മുമ്പാണല്ലോ പെൺകുട്ടിയാകാൻ വേണ്ടി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വിദ്യാർഥിയുടെ വാർത്ത നമ്മൾ വായിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ സ്വയം എഡ്യൂക്കേറ്റ് ചെയ്യുക. ഇതുപോലുള്ള ഷോകൾ, വീഡിയോകൾ, സിനിമകൾ, കണ്ടെന്റുകൾ എന്നിവ തിരിച്ചറിഞ്ഞ് നമ്മുടെ ഫീഡിൽനിന്നും നീക്കം ചെയ്യുക. വരുംതലമുറ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക. വിസ്ഡം Spotlightലെ ഒരു ചർച്ചാവിഷയം ഇതായിരുന്നു. അത് മുഴുവനായി കാണുന്നത് നല്ലതാണ്.
ഇതൊക്കെ പറയുമ്പോൾ പതിവായി കേൾക്കാറുള്ള ചോദ്യമാണ്; ‘പിന്നെ ഇവരെയൊക്കെ കൊല്ലണം, ഇല്ലാതാക്കണം എന്നാണോ പറയുന്നത്, സമൂഹത്തിൽ ജീവിക്കാൻ ഇവർക്കും അവകാശമില്ലേ’ എന്നതൊക്കെ. അതെ, ഉണ്ട്! ആരും ആരെയും കൊല്ലണമെന്നും ഇല്ലാതാക്കണമെന്നും പറയുന്നില്ല. എല്ലാവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ സമൂഹത്തിന്റെ നിലനിൽപിനെയും ആരോഗ്യത്തെയുമൊക്കെ മൊത്തത്തിൽ ബാധിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുവാനുള്ള സ്വാതന്ത്ര്യമില്ല. നിങ്ങൾക്കിത് നോർമലായിരിക്കാം, ഞങ്ങൾക്കിത് അബ്‌നോർമൽ തന്നെയാണ്.
