ഇസ്‌ലാമോഫോബിയക്ക് വളം നൽകുന്ന സ്‌കൂൾ പി.റ്റി.എകൾ

ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

കേരളത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് നാം വാചാലരാവാറുണ്ട്. എന്നാൽ നമ്മുടെ വിദ്യാ ലയങ്ങളുടെ അകത്തളങ്ങളിൽ ഏതാനും നാളുകളായി നിശ്ശബ്ദമായി പടരുന്ന ഒരു അദൃശ്യവിഷമുണ്ട്. അത് കുട്ടികളുടെ മനസ്സുകളിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുന്നുണ്ട്. അടുത്ത കാലത്തായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിഷം തുപ്പുന്ന ചില പ്രസ്ഥാനങ്ങളിലൂടെയും സംഘപരിവാർ അജണ്ടകളിലൂടെയും വിദ്വേഷം കടത്തിവിടാനുള്ള ശ്രമങ്ങൾ വർധിച്ചുവരുന്നു എന്നത് ഇനിയും കാണാതെ പോകരുത്.

ഈ ഇരുണ്ട യാഥാർഥ്യത്തെ പ്രതിരോധിക്കാനുള്ള നിയമപരവും ജനാധിപത്യപരവുമായ ഇടമാണ് സ്‌കൂളുകളിലെ അധ്യാപക-രക്ഷാകർതൃ സമിതി അഥവാ പി.റ്റി.എ. എന്നാൽ രക്ഷിതാക്കളിൽ ഒരു വലിയ വിഭാഗം ഈ നിർണായക വേദിയിൽനിന്ന് അകന്നുനിൽക്കുകയും, തൽഫലമായി ഇസ്‌ലാമോഫോബിയക്ക് നിശ്ശബ്ദമായി പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നു എന്നത് വലിയൊരു പ്രതിസന്ധി തന്നെയാണ്.

വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവത്തെയും ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ രക്ഷിതാക്കളുടെ സജീവമായ ‘സാന്നിധ്യം’ ഒരു പ്രതിരോധ കവചമായി മാറേണ്ടതുണ്ട്. ഇതിനൊന്നും മെനക്കെടാതെ കേവലം മതിലിനപ്പുറത്തുനിന്നു മാത്രം ബാലിശമായ അഭിപ്രായങ്ങൾ മാത്രം തട്ടിവിടുന്ന മാതാപിതാക്കൾ യഥാർഥത്തിൽ നിയമപരമായ പോരാട്ടത്തിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവു പകരേണ്ട ഇടങ്ങൾ മാത്രമല്ല, മറിച്ച് കുട്ടികളുടെ സാമൂഹിക അവബോധവും പൗരബോധവും രൂപപ്പെടുത്തുന്ന വിളനിലങ്ങൽ കൂടിയാണവ. ഇവിടെ വർഗീയമായ ആശയങ്ങൾ കടത്തിവിടുന്നത് ഒരു തലമുറയുടെ സാമൂഹിക കെട്ടുറപ്പിനെ തകർക്കുന്ന ഗുരുതരമായ കാര്യമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് വിദ്വേഷ പ്രസ്ഥാനങ്ങൾ സ്‌കൂൾ തലങ്ങളിലേക്ക് അതീവ രഹസ്യമായി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്.

വിദ്യാർഥി സംഘടനകളിലൂടെയും ചില രക്ഷാകർതൃ കൂട്ടായ്മകളിലൂടെയും ചിലപ്പോൾ അധ്യാപകർക്കിടയിലൂടെയും ഈ അജണ്ടകൾക്ക് സ്വാധീനം നേടാൻ സാധിക്കുന്നുണ്ട്. യൂണിഫോം കോഡിന്റെ പേരിലുള്ള വസ്ത്രധാരണ നിയന്ത്രണങ്ങൾ, ഭക്ഷണക്രമവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, ചില ചരിത്രപാഠഭാഗങ്ങളോടുള്ള അനാവശ്യ എതിർപ്പുകൾ, ആഘോഷങ്ങൾ അടിച്ചേൽപിക്കൽ എന്നിവയെല്ലാം ഈ അജണ്ടയുടെ ഭാഗമായാണ് ഉയർന്നുവരുന്നത്. പള്ളുരുത്തിയിലെ സ്‌കൂളിൽ ശിരോവസ്ത്ര ധാരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഇതിന് വ്യക്തമായ ഉദാഹരണമാണ്.

ഇത്തരം സന്ദർഭങ്ങളിൽ വർഗീയ പക്ഷം തങ്ങളുടെ നിലപാടുകൾ സ്‌കൂൾ അധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്യാനും നിയമപരമായി പ്രതിരോധിക്കാനും ഒരു മറുപക്ഷം ശക്തമായി വേണ്ടതുണ്ട്.

സ്‌കൂൾ പി.റ്റി.എ. സമിതികൾക്ക് നിയമപരമായ അധികാരവും ജനാധിപത്യപരമായ ദൗത്യവുമാണ് നിർവ്വഹിക്കാനുള്ളത്. പി.റ്റി.എ എന്നത് അധ്യാപകരും രക്ഷിതാക്കളും സൗഹൃദ സംഭാഷണങ്ങൾ നടത്തി ചായ കുടിച്ച് പിരിയാനുള്ള ഒരു കേവല വേദിയല്ല. മറിച്ച്, സ്‌കൂളിന്റെ ഭരണത്തിലും നയരൂപീകരണത്തിലും നിർണായക സ്വാധീനം ചെലുത്തുന്ന നിയമപരമായ ഒരു സംവിധാനമാണ്. വിദ്യാഭ്യാസ നിയമങ്ങൾക്കനുസൃതമായി രൂപീകരിക്കപ്പെടുന്ന ഈ സമിതിക്ക് സ്‌കൂളിലെ അക്കാദമികവും അടിസ്ഥാന സൗകര്യപരവുമായ വിഷയങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കാൻ അധികാരമുണ്ട്.

ഓരോ വിദ്യാലയത്തിലെയും രക്ഷാകർത്താക്കളുടെ പൊതുസമിതിയാണ് പി.റ്റി.എ ജനറൽ ബോഡി. ഇതിൽനിന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. ഒരു വർഗീയ തീരുമാനം അഥവാ ഭരണഘടന അനുവദിക്കുന്ന ഒരു അവകാശം ചില വിഭാഗം കുട്ടികൾക്ക് നിഷേധിക്കുന്ന ഒരു തീരുമാനം സ്‌കൂളിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ പി.റ്റി.എ.എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലോ ജനറൽ ബോഡിയിലോ ഉള്ള ഒരു പ്രതിനിധിക്ക് അതിനെ ശക്തമായി ചോദ്യം ചെയ്യാനും നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാണിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും സാധിക്കണം. (വർഗീയ അജണ്ടകളുള്ളവർ അത്തരം എതിർപ്പുകൾ നേരിടാതിരിക്കാനായി പി.റ്റി.എ സമിതികളിൽ തങ്ങൾക്ക് അനുകൂലമായി നിൽക്കാൻ സാധ്യതയുള്ളവരെ മാത്രം ഉൾപെടുത്താറുണ്ട്. അതിനു തടയിടാനായി പി.റ്റി.എ സമിതികളിൽ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെടാൻ രക്ഷിതാക്കൾ തയ്യാറാകണം). ഈ പ്രതിഷേധം ‘മിനുട്‌സിൽ’ രേഖപ്പെടുത്തപ്പെടുമ്പോൾ, ആ തീരുമാനം ഏകപക്ഷീയമായിരുന്നില്ല എന്നതിന്റെ നിയമപരമായ തെളിവായി അത് മാറുകയായി.

സ്‌കൂൾ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും എല്ലാ മതസ്ഥർക്കും തുല്യത ഉറപ്പാക്കുന്നതിനും മുൻകൈയെടുക്കാൻ പി.റ്റി.എയിൽ സജീവമായ രക്ഷിതാക്കൾക്ക് സാധിക്കുന്നതാണ്.

ഇസ്‌ലാമോഫോബിക് ആയ നിലപാടുകൾക്ക് സ്‌കൂൾ മാനേജ്‌മെന്റോ അധികൃതരോ പരോക്ഷമായി പിന്തുണ നൽകുമ്പോൾ, അതിനെ ധീരമായി ചോദ്യം ചെയ്യാനും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും പി.റ്റി.എ. ഭാരവാഹിത്വമുള്ളവർക്ക് എളുപ്പത്തിൽ കഴിയുമെന്നത് അവിതർ ക്കിതമാണ്. ഈ നിയമപരമായ ശക്തിയാണ് രക്ഷിതാക്കൾ അവരുടെ ഉദാസീനതയിലൂടെ അവഗണിച്ച് കളയുന്നത്.

പി.റ്റി.എ യോഗങ്ങളിൽ പങ്കെടുക്കാതെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താതെയും സ്‌കൂളിന്റെ നയരൂപീകരണത്തിൽ ഒരിക്കലും പങ്കുചേരാതെയുമിരിക്കുക; പിന്നീട് സോഷ്യൽ മീഡിയയിലൂടെയോ ചായക്കടകളിൽ വെച്ചോ മാത്രം സ്‌കൂൾ അധികൃതരെ വിമർശിക്കുകയും ഇസ്‌ലാമോഫോബിക് ആയ ഒരു നിയമം സ്‌കൂൾ തലത്തിൽ പ്രാബല്യത്തിൽ വരുമ്പോൾ, അതിനെ എതിർക്കാൻ ‘അകത്ത്’ ഒരു ശബ്ദമില്ലാതെ പോവുന്നത്, വർഗീയ പക്ഷത്തിന്റെ വിജയമായി കണക്കാക്കപ്പെടുമെന്നതിൽമെന്നതിൽ സംശയമില്ല.

ഈ മൗനവും അസാന്നിധ്യവും ‘ഞങ്ങൾക്ക് വിരോധമില്ല’ എന്നൊരു സന്ദേശമാണ് സ്‌കൂൾ അധികൃ തർക്ക് നൽകുന്നത്. ഇത് ഇസ്‌ലാമോഫോബിക് നയങ്ങൾ നടപ്പിലാക്കുന്നവർക്ക് കൂടുതൽ ധൈര്യം നൽകുന്നു. യഥാർഥത്തിൽ ഇസ്‌ലാമോഫോബിയക്ക് അവസരം നൽകുന്നത് പുറത്ത് നിന്നുള്ള ഈ ബാലിശമായ വിമർശനങ്ങൾ മാത്രമല്ല, മറിച്ച് നിർണായക വേളകളിലെ രക്ഷാകർത്താക്കളുടെ നിസ്സംഗത കൂടിയാണ്.

രക്ഷിതാക്കളുടെ ഇത്തരം നിസ്സംഗതകൾ ഗുരുതരമായ ധാർമികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളോടുള്ള നീതികേട് തന്നെയാണ്. തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ, അതിനെ ചോദ്യം ചെയ്യാനോ പ്രതിരോധിക്കാനോ ആരുമില്ലാതാവുന്നത് കുട്ടികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. തന്റെ മാതാപിതാക്കൾ പോലും തനിക്കായി സംസാരിക്കാൻ കൂട്ടാക്കിയില്ല എന്ന ചിന്ത ഒരു കുട്ടിയുടെ മാനസികാരോഗ്യത്തെ ക്രമേണ പ്രതികൂലമായി ബാധിക്കും.

അതിലെല്ലാം ഉപരിയായി മതേതര സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ് ഈ സജീവത. മുസ്‌ലിം സമുദായം മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽനിന്ന് പിന്മാറുമ്പോൾ വർഗീയ പക്ഷത്തിന് ശക്തി ലഭിക്കുമെന്നത് കാണാതിരിക്കരുത്.

വിവേചനപരമായ ഒരു തീരുമാനത്തിനെതിരെ പിന്നീട് നിയമനടപടിക്ക് പോകുമ്പോൾ, ‘പി.റ്റി.എ. യോഗത്തിൽ പങ്കെടുത്തു, ശക്തമായി എതിർത്തു, എന്നാൽ ന്യൂനപക്ഷമായതിനാൽ ശബ്ദം തള്ളിക്കളഞ്ഞു’ എന്ന് രേഖാമൂലം തെളിയിക്കേണ്ടതുണ്ട്. യോഗത്തിൽ പങ്കെടുക്കാത്ത ഒരാൾക്ക് ഈ തെളിവ് ഹാജരാക്കാൻ കഴിയില്ല. തെളിവുകൾ ഇല്ലാത്തവർക്ക് എവിടെയാണ് വിജയിക്കാൻ സാധിക്കുക?

ഒരു പി.റ്റി.എ ഭാരവാഹിയായി സംസാരിക്കുമ്പോൾ ലഭിക്കുന്ന ആധികാരികത ഒരിക്കലും പുറത്തു നിന്ന് വിമർശിക്കുന്ന ഒരു സാധാരണ രക്ഷിതാവിന് ലഭിക്കുന്നില്ല. നിയമപരമായ പ്രതിരോധത്തിന് സജീവ സാന്നിധ്യവും ഔദ്യോഗിക പദവിയും ആവശ്യമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഈ പ്രതിസന്ധി മറികടക്കാൻ രക്ഷിതാക്കൾ സ്വീകരിക്കേണ്ട പ്രായോഗിക ചില നടപടികൾ കുറിക്കാം:

1. നിർണായക യോഗങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുക. വർഷത്തിലൊരിക്കൽ നടക്കുന്ന ജനറൽ ബോഡി മീറ്റിംഗുകളിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിലും എല്ലാ മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കുക.

2. ഭാരവാഹിത്വം ഏറ്റെടുക്കുക. സമയക്കുറവ് ഒരു പ്രശ്‌നമാണെങ്കിൽ പോലും കമ്മിറ്റികളിൽ ഒരു ‘പ്രതിരോധ ശബ്ദം’ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഭാരവാഹിത്വം വഹിക്കുവാൻ തയ്യാറാവുക. പി.റ്റി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ രക്ഷിതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ തലത്തിൽത്തന്നെ നിർദേശങ്ങളുണ്ട്. അത് പഠിച്ച് മനസ്സിലാക്കി ഉപയോഗപ്പെടുത്തുക.

3. വനിതകളുടെ സജീവതയും ഈ മേഖലയിലെ ഒരു മുഖ്യ ഘടകമാണ്. കേരളത്തിലെ പി.റ്റി.എ നിയമങ്ങൾ അനുസരിച്ച്, കമ്മിറ്റിയിൽ സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കേണ്ടതുണ്ട്. വനിതാ രക്ഷിതാക്കൾ ഇതിൽ സജീവമായി ഇടപെടുന്നത് മതപരവും ലിംഗപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൂടുതൽ കരുത്ത് നൽകും.

4. മതേതരസഖ്യം സംരക്ഷിക്കപ്പെടേണ്ടതും അനിവാര്യമാണ്. വർഗീയ നയങ്ങളെ എതിർക്കുന്ന വിവിധ മതസ്ഥരായ രക്ഷിതാക്കളുമായും അധ്യാപകരുമായും ചേർന്ന് ഒരു മതേതര സഖ്യമായി നിലകൊണ്ട് വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കൂട്ടായ നീക്കം നടത്താനും രക്ഷിതാവിന് സാധിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇസ്‌ലാമോഫോബിയ എന്നത് കുട്ടികളുടെ മതസ്വാതന്ത്ര്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന ഒരു ഗുരുതരമായ വിഷയമാണ്. പി. റ്റി.എ സമിതികളിൽ രക്ഷിതാക്കൾ സജീവമായെങ്കിൽ മാത്രമെ, വിഷം തുപ്പുന്ന വർഗീയ അജണ്ടകൾ കുട്ടികളിൽ അടിച്ചേൽപി ക്കുന്നതിൽനിന്നും സ്‌കൂൾ അധികൃതരെ തടയാൻ സാധിക്കൂ.

മതിൽക്കെട്ടുകൾക്ക് പുറത്തുനിന്ന് പ്രതിഷേധിക്കുന്നതും സോഷ്യൽ മീഡിയയിൽ രോഷം പ്രകടിപ്പിക്കുന്നതും മാത്രം ഒരു പ്രതിരോധ മാർഗമല്ല. നിയമപരമായ പ്രതിരോധത്തിന് ‘സാന്നിധ്യം’ അനിവാര്യമാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ, മതേതരത്വത്തിന്റെ വിളനിലങ്ങളായി സ്‌കൂളുകളെ നിലനിർത്താൻ, മാതാപിതാക്കൾ തങ്ങളുടെ നിസ്സംഗത ഉപേക്ഷിച്ച് പി.റ്റി.എ സമിതികളുടെ അകത്തളങ്ങളിൽ തന്റേടത്തോടെ, നിയമത്തിന്റെ പിൻബലത്തോടെ നിലയുറപ്പിക്കേണ്ടത് കാലഘട്ട ത്തിന്റെ അടിയന്തര ആവശ്യമാണ്. ഈ സാന്നിധ്യം വർഗീയതയുടെ വിഷവിത്തുകൾക്കെതിരെയുള്ള ഏറ്റവും ശക്തമായ, ജനാധിപത്യപരമായ പ്രതിരോധമായി മാറും. അതൊരു ധാർമിക ബാധ്യതയുമാണ്.