സകാത്ത്; സമ്പത്തിലെ പരീക്ഷണം
കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ
2025 മാർച്ച് 01, 1446 റമദാൻ 01

എല്ലാ സമുദായത്തിന്നും ഒരു പരീക്ഷണം ഉണ്ടാകുമെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബി ﷺ പറഞ്ഞു. സത്യവിശ്വാസത്തിലെ ആത്മാർഥതയും അച്ചടക്കവും പരീക്ഷണ വിധേയമാകുമെന്നും ഈ പരീക്ഷണത്തിൽ പരാജയപ്പെടുന്നവർ ശിക്ഷിക്കപ്പെടുമെന്നും സാരം. നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), മൂസാ(അ) തുടങ്ങിയ നബിമാരുടെ സമൂഹം പരീക്ഷണ വിധേയരായതും ഈ ലോകത്തുനിന്നുതന്നെ ശിക്ഷക്ക് വിധേയരായതും ഏവർക്കും അറിയുന്ന ചരിത്രമാണ്. ഇത് പോലൊരു പരീക്ഷണമാണ് സമ്പത്തുകൊണ്ട് വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുന്നത്. അത് എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ ചെലവഴിക്കുന്നു, ധൂർത്തും പിശുക്കുമുണ്ടോ, സത്യസന്ധമായി ക്രിയവിക്രയം ചെയ്യുന്നുണ്ടോ തുടങ്ങിയവയാണ് ആ പരീക്ഷണങ്ങൾ. അധികപേരും പരാജയപ്പെടുന്ന മേഖലയും ഇതാണ്. മറ്റെല്ലാ ആരാധനാനുഷ്ഠാനങ്ങളും ശ്രദ്ധിക്കുന്നവർ പോലും ഈ പരീക്ഷണത്തിൽ പരാജയപ്പെടുന്നു. സത്യസന്ധത ഒട്ടുമില്ലാത്ത വ്യാപാര-വ്യവസായങ്ങൾ, ധൂർത്തടിക്കൽ, മതത്തിന്റെ പേരിലുള്ള സമ്പത്തിക ചുഷണങ്ങൾ, കൈക്കൂലി, പലിശ, അന്യായമായ സമ്പാദ്യരീതി, സകാത്ത് കൊടുത്ത് ശുദ്ധീകരിക്കാത്ത ധനം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള നിസ്സാരമനോഭാവവും അതോടൊപ്പം മതത്തിന്റെ മറ്റുകാര്യങ്ങളിലെ സൂക്ഷ്മതയും പൊതുവെ കണ്ടുവരുന്നു. ഇത് പരീക്ഷണമല്ലാതെ മറ്റെന്താണ്?
ഇസ്‌ലാം മനുഷ്യർക്ക് നിശ്ചയിച്ചു തന്ന അനുഷ്ഠാന കാര്യങ്ങൾ പരിശോധിച്ചാൽ അവയിലെല്ലാം പൊതുവായി സ്വയം സമർപ്പണത്തിന്റെയും വിനയപൂർവമുള്ള പ്രാർഥനയുടെയും അടിസ്ഥാന ആശയം നിലനിൽക്കുന്നതായി കാണാം. അതിനു പുറമെ, വ്യക്തിയുടെ മാനസിക, ശാരീരികാരോഗ്യം, ജീവിതനിഷ്ഠ, സാമൂഹ്യബന്ധം, സാമ്പത്തികവിശുദ്ധി എന്നീ ഘടകങ്ങളും ഈ ആരാധനാനുഷ്ഠാനങ്ങളിൽ കൂടി ഇസ്‌ലാം ലക്ഷ്യമാക്കുന്നു. തനിക്കു ചുറ്റുമുള്ള പരശ്ശതം ജനങ്ങളിൽ വേറിട്ടുനിൽക്കുന്ന ഒരു വ്യക്തിത്വമാണ് രണ്ട് ശഹാദത്തിൽ കൂടി ഒരു വിശ്വാസി സ്വയം പ്രഖ്യാപിക്കുന്നത്. മാനസിക ശുദ്ധിയോടൊപ്പം ശാരീരിക-പരിസര ശുദ്ധി, സമയനിഷ്ഠ, അവധാനത, മനഃശാന്തി, സംഘബോധം തുടങ്ങിയ ഗുണങ്ങൾ കൂടി നമസ്‌കാരത്തിൽ കൂടി നേടാൻ കഴിയും. ഇതുപോലെ അന്നപാനിയങ്ങളും ആശാസ്യമല്ലാത്ത വാക്കുകളും പ്രവൃത്തികളും ബോധപൂർവം ഉപേക്ഷിച്ചു നോമ്പനുഷ്ഠിക്കുന്നതും, താൻ അധ്വാനിച്ചുനേടിയ സമ്പത്തിൽനിന്നും തനിക്കു ലഭിച്ച ഭൂവിളകളിൽനിന്നും ഒരു നിശ്ചിത ഓഹരി സാധുക്കൾക്ക് നൽകുന്ന സകാത്തും, മാനവിക സമത്വത്തിന്റെ പ്രതീകമായി ത്യാഗപൂർവം നിർവഹിക്കേണ്ട ഹജ്ജും മുഖേന ആത്മീയ ശുദ്ധിക്കു പുറമെ ഭൗതിക ജീവിതത്തിന്നു വേണ്ട നിലപാടും കാഴ്ചപ്പാടും മനുഷ്യർക്കു ലഭ്യമാക്കുന്നുണ്ട്.
ഈ അനുഷ്ഠാന കാര്യങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത കൂടുതൽ തെളിഞ്ഞുകാണുന്ന സകാത്തിനെപ്പറ്റിയാണ് ഈ ലേഖനത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
നല്ലതു മാത്രമെ ഭക്ഷിക്കാവൂ എന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നുണ്ട്. ഒരു വസ്തു നല്ലതാവുന്നത് (ത്വയ്യിബ്) എപ്പോഴാണ്? ഒന്ന്, അല്ലാഹു മനുഷ്യർക്ക് നിരോധിച്ചവ ഒഴിവാക്കുമ്പോൾ. ഉദാ: ശവം, പന്നിമാംസം, കൊള്ളചെയ്തത് എന്നിവ. ഇതൊന്നുമല്ലാത്ത, നല്ലതും മാന്യവുമാണെന്ന് ബാഹ്യദൃഷ്ടിയിൽ വിചാരിക്കുന്ന വസ്തുക്കൾ തന്നെ, സകാത്ത് കൊടുത്തു തീർക്കാത്തതാണെങ്കിൽ ആ സമ്പാദ്യം ത്വയ്യിബല്ല. അത് തിന്നുന്നതും മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും തീറ്റിക്കുന്നതും ഉടുപ്പിക്കുന്നതും നിഷിദ്ധമാണ്.
നബിﷺ പറയുന്നത് നോക്കുക: “നിഷിദ്ധമായ സമ്പാദ്യം കൊണ്ട് പോഷണം ലഭിച്ച ശരീരത്തിന്ന് സ്വർഗപ്രവേശനമില്ല.’’ ഈ അർഥത്തിൽ ധാരാളം നബിവചനങ്ങൾ ഉദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്വുർആൻ സൂറതു ത്തൗബ 34ാം വചനവും ഈ ആശയം ശരിവെക്കുന്നുണ്ട്:
“സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരി ക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക.’’
ശുദ്ധീകരണം
അപ്പോൾ നമ്മുടെ സമ്പത്ത് എത്രയായാലും നാം തന്നെ ശുദ്ധീകരിച്ചേ പറ്റൂ. ഈ ശുദ്ധീകരണ പ്രവർത്തനമാണ് സകാത്ത് മുഖേന നടക്കുന്നത്. ജീവിതഗന്ധിയായ ഒരു ഉപമയിൽ കൂടി നമുക്കിത് ഗ്രഹിക്കാം. ഗൾഫിൽ നിന്ന് നട്ടിലേക്ക് വരുന്ന നമ്മുടെ ലഗേജിൽ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് തന്റെ കുട്ടികൾക്കു കൊടുക്കാനായി ഒരു പെട്ടി ചോക്കലേറ്റ് തന്നയച്ചു എന്ന് സങ്കൽപിക്കുക. നമ്മുടെ പെട്ടി നിറയെ നമ്മുടെ കുടുംബത്തിന്നു മാത്രമുള്ള സാധനങ്ങളാണ്. ഒരു ചെറിയ പാക്കറ്റ് മാത്രം മറ്റൊരു കുടുംബത്തിന്റെതും. അതും കൂടി നാം അവർക്കുകൊടുക്കാതെ നമ്മുടെ മക്കൾക്ക് എടുത്തുകൊടുക്കുന്നത് എത്രയധികം അന്യായമാണ്! അല്ലാഹു മനുഷ്യർക്ക് നൽകിയ സമ്പാദ്യം ചെറിയൊരു വിഹിതമൊഴിച്ച് ബാക്കി നമുക്ക് മാത്രമാണ്. രണ്ടരശതമാനം, അഞ്ച് ശതമാനം, പത്ത് ശതമാനം എന്നിങ്ങനെ സമ്പാദ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള വിഹിതം നമ്മുടെ ബന്ധുക്കളിലും അയൽപക്കത്തും സമൂഹത്തിലുമുള്ള അഗതികൾക്കും ദരിദ്രർക്കും തിരിച്ചു കൊടുക്കാൻ വേണ്ടി അല്ലാഹു നമ്മെ ഏൽപിച്ചതാണ്. അത് കൊടുക്കാതിരിക്കുന്നത്, അല്ലെങ്കിൽ കൊടുക്കേണ്ട വിഹിതത്തിൽ കുറവു വരുത്തുന്നത് എന്തൊരപരാധമാണ്! കൃത്യമായി സകാത്ത് കൊടുക്കാതെ അല്ലാഹു നൽകിയ സമ്പത്ത് സ്വയം ഉപയോഗിക്കുന്നവൻ എത്ര അധമനാണ്! ‘സകാത്ത്’ എന്ന പദത്തിന്റെ അർഥം ‘ശുദ്ധീകരണം’ എന്നാണ്. പാവങ്ങളുടെ അവകാശം കൊടുത്തുതീർത്ത് ശുദ്ധീകരിക്കുക എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്.
സകാത്ത് സമ്പത്തിന്റെ വളർച്ച
സകാത്ത് കൊടുത്താൽ അത്രയും സമ്പാദ്യം കുറഞ്ഞുപോകുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒന്നു നാം മനസ്സിലാക്കണം; സമ്പത്ത് നൽകുന്നവനും പിൻവലിക്കുന്നവനും അല്ലാഹുവാണ്. അല്ലാഹു നൽകിയതിന്റെ ഒരംശം അവന്റെ നിശ്ചയ പ്രകാരം നൽകിയില്ലെങ്കിൽ അതവന്ന് തിരിച്ചെടുക്കാൻ കഴിയുമെന്ന് നാം ഭയപ്പെടേണ്ടതല്ലേ? നമ്മിൽനിന്ന് സകാത്ത് ലഭിക്കാനർഹരായ പാവങ്ങളുടെ ദുരിതം കാണാതെ നാം അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതുമൂലം അവരുടെ ശാപപ്രാർഥനക്ക് നാം ഇരകളാവില്ലേ? അല്ലാഹു നൽകിയ സമ്പത്തിൽ നാം നന്ദിചെയ്താൽ അത് വർധിപ്പിച്ചുതരുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. മാത്രമല്ല ധർമം നൽകുന്നവർക്ക് അതിന്റെ കുറവ് നികത്തിക്കൊടുക്കുവാൻ മലക്കുകൾ പ്രാർഥിച്ചുകൊണ്ടിരിക്കുമെന്ന് നബിﷺ പഠിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് ചിന്തിക്കാൻ ഇതിലധികം എന്തുവേണം?
സമ്പത്ത് ചലനാത്മകമാവുമ്പോഴാണ് അതിന്റെ ഗുണഫലം സമൂഹത്തിന്ന് ലഭിക്കുന്നത്. ഒരാൾ തന്റെ സമ്പാദ്യം കെട്ടിപ്പൂട്ടി വെക്കുമ്പോൾ അത് തനിക്കോ സമൂഹത്തിനോ പ്രയോജനപ്പെടാതെ നിർജീവമാവുന്നു. എന്നാൽ അത് വ്യാപാര വ്യവസായമായും ധർമമായും സമൂഹത്തിലേക്കിറങ്ങുമ്പോൾ അതിന്റെ പ്രയോജനം എല്ലാവരും അനുഭവിക്കുന്നു. തന്നിമിത്തം സമൂഹത്തിന്റെ എല്ലാവിഭാഗങ്ങൾക്കിടയിലും സമ്പത്ത് വിന്യസിക്കപ്പെടുന്നു. ഇത് ഉപയോഗം വർധിപ്പിക്കുന്നു. അതുകാരണം വർധനവുണ്ടാവുന്നു. സകാത്തിന്ന് സമ്പത്തിന്റെ വളർച്ച എന്നു കൂടി അർഥമുള്ളത് ശ്രദ്ധേയമാണ്.
സംഘടിത സകാത്ത് സംവിധാനം
മേൽപറഞ്ഞ സാമ്പത്തിക ക്രമക്കേടുകളിൽ ഒരു വ്യക്തിയുടെ വിശ്വാസത്തെ (ഈമാനിനെ) ചോദ്യംചെയ്യുന്ന, അഥവാ മുസ്‌ലിം എന്ന് പൂർണാർഥത്തിൽ അവകാശപ്പെടാനുള്ള അർഹത നഷ്ടപ്പെടുന്ന വലിയ കുറ്റമാണ് സകാത്തിലെ വീഴ്ച. ഇസ്‌ലാം സകാത്തിനെ മുസ്‌ലിം സമൂഹത്തിന്റെ നിലനിൽപിന്റെ ഭാഗമായാണ് ഗണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിന്റെ അഞ്ചുസ്തംഭങ്ങളിൽ ഒന്നാണത്. നബിﷺയുടെ നേതൃത്വത്തിൽ സാമൂഹ്യസംരംഭമായിട്ടാണ് സകാത്ത് നടത്തിപ്പിന്റെ ആരംഭം. പിന്നീട് രാജ്യത്തെ ഭരണവ്യവസ്ഥ രൂപപ്പെട്ടപ്പോൾ സകാത്ത് ഭരണകർത്താവിന്റെ ചുമതലയിലായി. സകാത്ത് കൊടുക്കാൻ വിസമ്മതിച്ചവരോട് ഖലീഫ അബൂബക്ർ(റ) യുദ്ധം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
മുസ്‌ലിം സമൂഹത്തിൽ ഭരണകർത്താവിന്റെ മേൽനോട്ടത്തിൽ നടന്നിരുന്ന പല സാമൂഹ്യകാര്യങ്ങളും ഭരണം ഇല്ലാതെതന്നെ നിലനിന്നുവന്നു. എന്നാൽ കാലക്രമേണ സകാത്ത് എന്നത് ധനികന്മാർ പിച്ചപ്പാത്രത്തിൽ എറിഞ്ഞുകൊടുക്കുന്ന ‘ചക്കാത്ത്’ ആയി തരംതാഴ്ത്തപ്പെട്ടു. പുണ്യനാളിൽ പോലും കൂടുതൽ യാചകന്മാരെ സൃഷ്ടിക്കാനേ പിൽക്കാലത്ത് ഇത് പ്രയോജനപ്പെട്ടുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വന്നുതുടങ്ങിയത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ഫലമായാണ്. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവർ, അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുന്നവർ എല്ലാവരും ഒന്നുചേർന്ന് ഈ രംഗത്ത് ഒരു മാറ്റത്തിന്ന് ശ്രമിക്കണം.
മുസ്‌ലിം സമൂഹത്തിൽ സകാത്ത് കൊടുക്കാൻ ബാധ്യസ്ഥരായ എത്രയോ പേരുണ്ട്. അവരുടെ പക്കൽ പണവുമുണ്ട്. അതിന്റെ അവകാശികൾ അതിന്റെ അത്യാവശ്യക്കാരായി നാട്ടിലും ധാരാളമുണ്ട്. ഇവിടെ പറയാതെ വയ്യ; ധനികന്മാർ സകാത്തായി ധാരാളം പണം കൊടുക്കുന്നുണ്ട്. അവ പക്ഷേ, സമൂഹത്തിലെ ദരിദ്രരുടെ പുനരധിവാസ മാർഗത്തിലല്ല എത്തുന്നത്, മറ്റു പലവഴിക്കും ചൂഷണം ചെയ്യപ്പെടുകയാണ്. സംഘടിത സകാത്ത് കാര്യക്ഷമമായി നടപ്പിൽ വന്നാൽ ഇടനിലക്കാരായ ചൂഷണക്കാർക്ക് കുറെ നഷ്ടപ്പെടാനുണ്ട്. അത് കൊണ്ട് സംഘടിത സകാത്ത് സംഭരണ-വിതരണം എതിർക്കപ്പെടുന്നുമുണ്ട്.
മറ്റൊന്ന്, നബിﷺയുടെ കാലത്തിൽ നിന്ന് വ്യത്യസ്തമായി സമ്പത്തിന്റെ രൂപവും ഘടനയും, ആദാന മാർഗങ്ങളും അളവുതൂക്കങ്ങൾവരെ ഇന്ന് മാറിയിട്ടുണ്ട്. അതിനാൽ ഇവ്വിഷയകമായി സംശയങ്ങളും ഭിന്നവീക്ഷണങ്ങളും സ്വാഭാവികമാണ്. എന്നാൽ സകാത്ത് കൊടുക്കണമെന്നതിൽ ആർക്കും തർക്കമില്ല. സംഘടിതമായി ചെയ്യണമെന്നഭിപ്രായമുള്ളവർക്ക് ഒന്നിക്കാം. ഈ വിഷയത്തിൽ ബോധവൽകരണം അനിവാര്യമാണ്.

