ഭൗതികതയിൽ ഭ്രമിക്കുന്നവരോട്

സമീർ മുണ്ടേരി

2025 ജൂൺ 28, 1447 മുഹറം 02

പൂർണ ആരോഗ്യവാനായ ഒരു വ്യക്തി പെട്ടെന്ന് മരണപ്പെട്ടു. ചുറ്റും തടിച്ചുകൂടിയവർ പറഞ്ഞു: ‘എത്ര നല്ല ആരോഗ്യവാൻ! അയാൾക്ക് ഈ ഗതിയോ?’ ഇതു കേട്ട ഒരു ഗ്രാമീണ അറബി പറഞ്ഞു: ‘മരണം കഴുത്തിലണിഞ്ഞ് നടക്കുന്നവൻ എന്ത് ആരോഗ്യവാൻ?’

അതെ, മരണം കഴുത്തിലണിഞ്ഞ് നടക്കുന്നവരാണ് നമ്മളെല്ലാവരും. നബിﷺ തന്റെ മുന്നിൽ ഒരു കൊള്ളി നാട്ടി. അതിന്റെ അടുത്തു മറ്റൊന്നും നാട്ടി. അതിൽനിന്ന് അൽപം ദൂരെയായി വേറൊരു കൊള്ളിയും നാട്ടി. എന്നിട്ട് ചോദിച്ചു: ‘ഇത് എന്താണെന്ന് നിങ്ങൾക്കറിയുമോ?’ അവർ പറഞ്ഞു: ‘അല്ലാഹു വിനും അവന്റെ റസൂലിനും അറിയാം.’ നബിﷺ പറഞ്ഞു: ‘എന്റെ മുന്നിൽ നാട്ടിയത് മനുഷ്യൻ. അതിന്റെ തൊട്ടടുത്തുള്ളത് അവധിയാണ് (മരണം). ദൂരെയുള്ളത് പ്രതീക്ഷയാണ്. മനുഷ്യൻ പ്രതീക്ഷയിൽ മുഴുകി കഴിച്ചുകൂട്ടും. പക്ഷേ, പ്രതീക്ഷ പുലരുന്നതിനു മുമ്പ് അവനിലേക്ക് മരണം വന്നുചേരും.’

ചുറ്റിലും നടക്കുന്ന മരണങ്ങൾ

ഒരുമിച്ചാണ് ഭാര്യയും ഭർത്താവും ഉറങ്ങാൻ കിടന്നത്. പ്രഭാതത്തിൽ നിശ്ചലനായ ഭർത്താവിനെയാണ് കാണുന്നത്. മരണം അയാളെ പിടികൂടിയിരിക്കുന്നു. സ്വപ്നം കണ്ട വിവാഹ ദിവസത്തിലാണ് മണവാളന്റെ മരണം സംഭവിക്കുന്നത്. കുടുംബവുമൊത്ത് ആഹ്ലാദിക്കാനും ആഘോഷിക്കാനുമുള്ള യാത്രക്കിടയിലാണ് വാഹനാപകട രൂപത്തിൽ അവരെ മരണം തേടിയെത്തിയത്. ചുറ്റിലും നടക്കുന്ന ഏതാനും മരണ വാർത്തകൾക്ക് ഉദാഹരമാണ് മുകളിൽ നാം വായിച്ചത്. മനുഷ്യൻ പ്രതീക്ഷിക്കാത്ത, നിനച്ചിരിക്കാത്ത സമയത്ത് മരണം കടന്നുവരും. ജനിച്ചു എന്നുള്ളതാണ് മരിക്കും എന്നതിനുള്ള ഏറ്റവും വലിയ തെളിവ്.

ഭൗതികലോകത്തിന്റെ പിന്നാലെ ഓടുന്നവർ

മരണം സമീപത്തുണ്ടെന്ന് അറിഞ്ഞിട്ടും ഭൗതികതയിൽ ഭ്രമിക്കുകയാണ് പലരും. ദുൻയാവും അതിലെ സൗകര്യങ്ങളും നമുക്കുള്ളത് തന്നെയാണ്. പക്ഷേ, പരലോകത്തെ മറന്നുകൊണ്ട് ദുൻയാവിന്റെ പിറകെ നാം ഓടിയാൽ കാത്തിരിക്കുന്നത് നരകമാണ്.

ഇഹലോകത്തെ അല്ലാഹു വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: “നിങ്ങൾ അറിയുക: ഇഹലോകജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴപോലെ; അതുമൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത് (ദുർവൃത്തർക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തർക്ക്) അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (അൽഹദീദ് 20).

നശിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഒരിക്കലും നശിക്കാത്ത മറ്റൊരു ലോകം വരാനുണ്ട്. അല്ലാഹു പറയുന്നത് നോക്കൂ: “പക്ഷേ, നിങ്ങൾ ഐഹിക ജീവിതത്തിന്ന് കൂടുതൽ പ്രാധാന്യം നൽകുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനിൽക്കുന്നതും’’ (അൽഅഅ്‌ലാ 16,17).

എങ്ങനെ ജീവിക്കണം?

ദുൻയാവ് വഞ്ചിക്കുന്ന വിഭവമാണെങ്കിലും അതിനോട് സമ്പൂർണമായ വിരക്തി കാണിച്ച് ജീവിക്കുകയല്ല വേണ്ടത്. അതുകൊണ്ട് സ്വർഗം നേടിയെടുക്കണം. അല്ലാഹു പറഞ്ഞു: “ദുൻയാവിലെ നിന്റെ ഓഹരി നീ മറക്കേണ്ടതില്ല’’ (അൽഖസ്വസ്വ് 77).

ഇസ്‌ലാമിക ജീവിതം നയിക്കുന്നവൻ നല്ലതൊന്നും തനിക്കു തടയില്ല. സ്വത്ത് ദുർവ്യയം ചെയ്യില്ല. ദാനധർമങ്ങൾ പ്രതീക്ഷിച്ച് അധ്വാനിക്കാതെ ചടഞ്ഞിരിക്കില്ല. അല്ലാഹു പറഞ്ഞതു നോക്കൂ: “സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ചുതന്ന വിശിഷ്ടവസ്തുക്കളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല’’ (മാഇദ 87).

സുലൈമാൻ നബി(അ)ക്ക് അധികാരവും സമ്പത്തും കുടുംബവുമുണ്ടായിരുന്നു. മുഹമ്മദ് നബിﷺ ക്ക് ഭാര്യമാരും മക്കളുമുണ്ടായിരുന്നു. കുടുംബവും സമ്പത്തും സൗകര്യങ്ങളുമെല്ലാം പാടെ വേണ്ടെന്നു വയ്ക്കലാണ് ഭൗതിക വിരക്തി എന്നല്ല സ്വഹാബിവര്യൻമാർ മനസ്സിലാക്കിയത്.

ഇഹലോകം പരലോകത്തേക്ക് വിഭവമൊരുക്കാനുള്ള കേന്ദ്രമാണ്. ഒരു കവി ഇപ്രകാരം പറഞ്ഞത് കാണാം: “ദുൻയാവ് സ്വർഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴിയാണ്. രാത്രികൾ മനുഷ്യന്റെ കച്ചവട സ്ഥലമാണ്. പകലുകൾ അങ്ങാടികളും. ദുൻയാവിലെ ജീവിതത്തിലൂടെ അനശ്വരമായ പരലോകം നേടിയെടുക്കലാണ് നമ്മുടെ ലക്ഷ്യം.’’

ശദ്ദാദിബ്‌നു ഔസിൽ(റ)നിന്ന് നിവേദനം, നബിﷺ പറഞ്ഞു: “സ്വന്തത്തെ കീഴ്‌പ്പെടുത്തുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാൻ. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരിൽ വ്യാമോഹം വെച്ചുപുലർത്തുകയും ചെയ്തവനാണ് ദുർബലൻ’’ (അഹ്‌മദ്, തിർമുദി).

ഇമാം സുഫ്‌യാൻ ഇബ്‌നു ഉയയ്‌ന(റഹി) പറഞ്ഞു: “നന്മയും തിന്മയും മനസ്സിലാക്കിയവനല്ല ബുദ്ധിമാൻ. (യഥാർഥ) ബുദ്ധിമാൻ നന്മ കണ്ടാൽ അതിനെ പിന്തുടരും; തിന്മ കണ്ടാൽ അതിനെ ഒഴിവാക്കും.’’

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു’’ (അൽ ഹശ്ർ 18).

എന്താണ് വിരക്തി?

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറഞ്ഞു: “പരലോകത്തേക്ക് ഉപകാരപ്പെടാത്തത് ഒഴിവാക്കലാണ് സുഹ്ദ് (വിരക്തി).’’

മുഹമ്മദ് ഇബ്‌നു കഅബ് അൽക്വുറദ്വി(റഹി) പറഞ്ഞു: “അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ ദുൻയാവിന്റെ വിഷയത്തിൽ വിരക്തി നൽകും. ദീനിൽ അവഗാഹം നൽകും, അവന്റെ ന്യൂനതകൾ അവന് കാണിച്ചുകൊടുക്കും. ഇതെല്ലാം ആർക്കെങ്കിലും ലഭിച്ചാൽ അയാൾക്ക് ദുൻയാവിലെയും പരലോകത്തിലെയും നന്മകൾ ലഭിച്ചു.’’

നല്ല വസ്ത്രം ധരിക്കുക, നല്ല ഭക്ഷണം കഴിക്കുക എന്നതൊന്നും വിരക്തജീവിതത്തിന് തടസ്സമല്ല. അത്തരം കാര്യങ്ങൾ നമ്മെ പരലോകത്തെ തൊട്ട് അശ്രദ്ധമാക്കുന്നുണ്ടെങ്കിൽ നാം സൂക്ഷിക്കണമെന്നു മാത്രം. ഐഹിക വിഭവങ്ങളുടെ വർധനവ് ദൈവനിഷേധത്തിലേക്കും അധാർമിക ജീവിതത്തിലേക്കും കൊണ്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കഅ്ബ് ഇബ്‌നു ഇയാദി(റ)ൽനിന്ന് നിവേദനം: നബിﷺ പറയുന്നതായി ഞാൻ കേട്ടു: ‘ഓരോ സമൂഹത്തിനും ഓരോ വിനാശം സംഭവിച്ചിട്ടുണ്ട്. എന്റെ സമൂഹത്തിന്റെ വിനാശം സമ്പത്താണ്’ (തിർമുദി).

നബിﷺ പറഞ്ഞു: “അല്ലാഹുവിനെ തന്നയാണെ സത്യം, ഞാൻ നിങ്ങളിൽ ദാരിദ്ര്യത്തെ ഭയപ്പെടുന്നില്ല. എന്നാൽ നിങ്ങളുടെ മുമ്പുള്ളവർക്ക് ലഭിച്ചതുപോലെ നിങ്ങൾക്കും ദുൻയാവ് വിശാലമായി ലഭിക്കുന്നതാണ് ഞാൻ ഭയപ്പെടുന്നത്. അങ്ങനെ അവർ മൽസരിച്ചതുപോലെ നിങ്ങളും മൽസരിക്കുന്നതും അവർ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്’’ (ബുഖാരി).

ദുൻയാവിനോട് വിരക്തി തോന്നാനുള്ള വഴി

1. ക്വബ്ർ സന്ദർശനവും മരണചിന്തയും.

ദുൻയാവിനോടും അതിലുള്ള സൗകര്യങ്ങളോടും വിരക്തി തോന്നാൻ നമ്മുടെ മരണത്തെക്കുറിച്ചും ക്വബ്‌റിൽ കിടക്കുന്നവരെക്കുറിച്ചും ആലോചിച്ചാൽ മതി. നമ്മെക്കാൾ സമ്പന്നർ, സ്ഥാനവും അധികാരവും ഉണ്ടായിരുന്നവർ, സ്വാധീനമുണ്ടായിരുന്നവർ... പക്ഷേ, ഇന്നവർ ക്വബ്‌റിലാണ്. അവരുടെ ഇഹലോക ജീവിതം അവസാനിച്ചിരിക്കുന്നു. കർമങ്ങൾ ചെയ്യാൻ ഇനി അവർക്ക് അവസരമില്ല. കർമങ്ങളുടെ ഫലം അനുഭവിച്ച് ക്വബ്‌റിലാണ് അവരുള്ളത്. ഈ ചിന്ത നമുക്ക് ദുൻയാവിനോട് വിരക്തി സമ്മാനിക്കും.

2. ദുൻവിനോടും ജനങ്ങളുടെ അടുക്കലുള്ളതിനോടും വിരക്തി.

സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഹാഫിദ് ഇബ്‌നു ഹജറുൽ അസ്‌ക്വലാനി ഒരു സംഭവം വിശദീകരിക്കന്നുണ്ട്. അദ്ദേഹം ഒരിക്കൽ വിലകൂടിയ വസ്ത്രം ധരിച്ച് നല്ല വാഹനപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ഒരു യഹൂദിയുടെ ചോദ്യം: ‘നിങ്ങളുടെ പ്രവാചകൻ പറഞ്ഞത് എങ്ങനെ ശരിയാകും? അദ്ദേഹം പഠിപ്പിച്ചത് ദുൻയാവ് സത്യവിശ്വാസിക്ക് ജയിലും നിഷേധിക്ക് സ്വർഗവുമാണ് എന്നല്ലേ? താങ്കൾ ദുൻയാവിൽ എല്ലാ സൗകര്യങ്ങളും അനുഭവിച്ചാണല്ലോ ജീവിക്കുന്നത്. കാഫിറായ ഞാനാണെങ്കിൽ പ്രയാസത്തിലുമാണ്.’ അദ്ദേഹം പറഞ്ഞു: ‘എനിക്ക് പരലോകത്ത് അല്ലാഹു ഒരുക്കിവെച്ച സ്വർഗവുമായി ബന്ധപ്പെടുത്തി ഈ ദുൻയാവിനെ നോക്കുമ്പോൾ ഇതൊരു ജയിലാണ്. പരലോകത്തെ സുഖങ്ങളും സൗകര്യങ്ങളും വെച്ചുനോക്കുമ്പോൾ ദുൻയാവിലെ കാര്യങ്ങൾ നിസ്സാരമാണ്. അവിശ്വാസിക്ക് അല്ലാഹു പരലോകത്ത് ഒരുക്കിവെച്ച നരകത്തെ വെച്ചുനോക്കൂമ്പോൾ ഈ ദുൻയാവ് അവർക്ക് സ്വർഗമാണ്.’

അനസി(റ)ൽനിന്നും നിവേദനം: ‘നരകവാസിയായ, ദുൻയാവു കണ്ട ഏറ്റവും വലിയ സുഖലോലു പൻ അന്ത്യനാളിൽ കൊണ്ടുവരപ്പെടും. അയാൾ നരകത്തിൽ ഒന്ന് മുക്കിയെടുക്കപ്പെടും. ശേഷം പറയപ്പെടും: ‘ആദമിന്റെ പുത്രാ, നീ വല്ല നന്മയും കണ്ടിട്ടുണ്ടോ? വല്ല സമൃദ്ധിയും നിന്നിൽ കടന്നു പോയിട്ടുണ്ടോ?’ അപ്പോൾ അവൻ പറയും: ‘അല്ലാഹുവാണെ സത്യം, രക്ഷിതാവേ, ഇല്ല’ (മുസ്‌ലിം).

ഉസ്മാൻ ഇബ്‌നു അഫ്ഫാനി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ‘ആദമിന്റെ പുത്രന് ഈ കാര്യങ്ങളിലല്ലാതെ യഥാർഥത്തിൽ ഒരു അവകാശവുമില്ല; അന്തിയുറങ്ങാൻ ഒരു വീട്, നഗ്‌നത മറയ്ക്കാൻ ഒരു വസ്ത്രം, ഉണക്ക റൊട്ടി, ജലം’ (തിർമുദി).

3. അല്ലാഹു നമുക്ക് ജീവിതം സമ്മാനിച്ചത് സ്വർഗം നേടിയെടുക്കാനാണ്.

വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്നം സ്വർഗം നേടുക എന്നതാണ്. സ്വർഗം എന്താണെന്ന് പഠിക്കുക, അതിലേക്ക് കൂടുതൽ അടുക്കുക. നരകം എന്താണെന്ന് പഠിക്കുക, അതിൽനിന്ന് വിട്ടുനിൽക്കുക. അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് നന്ദികാണിച്ച് ജീവിക്കുക. അവസരങ്ങളെ ഉപയോഗപ്പെടുത്തുക.

ഇബ്‌നു സുബൈർ(റ) പറഞ്ഞു: “ആരുമറിയാത്ത ചില തിന്മകൾ നിങ്ങളുടെ ജീവിതത്തിൽ ഉള്ളതുപോലെ ആരുമറിയാത്ത ചില നന്മകളും നിങ്ങൾ കരുതിവെക്കുക.’’

മറ്റുള്ളവർ നമ്മുടെ ജീവിതത്തിലേക്ക് എത്തിനോക്കിയാൽ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടുപോകുന്ന ചില തെറ്റുകൾ ഒരുപക്ഷേ, നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. എങ്കിൽ അതുപോലെ മറ്റാരും അറിയാത്ത, നാഥനു മാത്രം അറിയുന്ന ചില നന്മകളും സമ്പാദിക്കാൻ നമുക്ക് സാധിക്കണം. തെറ്റുകൾ നൽകുന്ന ആസ്വാദനത്തെക്കാളും വലുതാണ് ആരുമറിയാത്ത ആത്മീയ ലോകത്തെ കർമങ്ങൾ ഒരാൾക്ക് നൽകുന്ന അനുഭൂതി.