ദൈവനിഷേധം മനുഷ്യപ്രകൃതിക്ക് വിരുദ്ധം
മുജീബ് റഹ്‌മാൻ സ്വലാഹി
2025 മെയ് 17, 1446 ദുൽഖഅദ് 19

ലോകത്ത് ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന മതം ഇസ്‌ലാമാണെന്നത് മിത്രങ്ങളും ശത്രുകളും അവിതർക്കിതമായി അംഗീകരിക്കുന്ന വസ്തുതയാണ്. നൂറ്റാണ്ട് പതിനാലു കഴിഞ്ഞിട്ടും സർവ വിമർശനങ്ങളുടെയും കുന്തമുനകൾ തകർത്ത് ഇസ്‌ലാം അതിശീഘ്രം പ്രയാണം തുടരുന്നു എന്നത് ചിന്തനീയമാണ്; അന്വേഷണത്തിനും പഠനത്തിനും വിധേയമാക്കാൻ പേരിപ്പിക്കുന്ന കാര്യം തന്നെയാണ്.
അന്ധമായ വിരോധത്തിന്റെ കണ്ണട മാറ്റിവച്ച് മതത്തിന്റെ അടിസ്ഥാന സ്രോതസ്സുകളിൽനിന്ന് പഠിക്കാൻ ശ്രമിച്ചാൽ തെറ്റുധാരണകളുടെ മൂടൽമഞ്ഞ് നീങ്ങിപ്പോകുകതന്നെ ചെയ്യും. ഇസ്‌ലാമിനെ വിമർശിക്കുന്നവർ ഇതിനു തയ്യാറാകാറില്ലെന്നു മാത്രമല്ല; തീവ്രമായ ഇസ്‌ലാം വിരോധം വച്ചുപുലർത്തുന്നവരുടെ വിമർശന ഗ്രന്ഥങ്ങള അവലംബിക്കുകയുമാണ് ചെയ്യുന്നത്.
“അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽനിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’ (ക്വുർആൻ 5:16).
അധർമത്തിന്റെയും അനീതിയുടെയും അന്ധകാരത്തെ നീക്കം ചെയ്ത്, ധർമത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രകാശം പരത്താൻ ഇസ്‌ലാമിന്ന് സാധിക്കുന്നതിന്റെ മൗലിക കാരണം അത് ദൈവികമാണ് എന്നതാണ്. അതിന്റെ ആദർശം സമഗ്രവും അന്യൂനവും മനുഷ്യപ്രകൃതത്തോട് ഇണങ്ങുന്നതും തികച്ചും പ്രായോഗികവുമാണ്.
മനുഷ്യന്റെ ജന്മം ശുദ്ധ പ്രകൃതത്തിലായിക്കൊണ്ടാണ്. അതിലേക്ക് മടങ്ങാൻ ക്വുർആൻ ആവശ്യപ്പെടുന്നു: “ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്...’’ (30:30).
‘എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയിലായാണ് ജനിക്കുന്നത്’ എന്ന നബിവചനം ഇതിനോട് ചേർത്തു വായിക്കുക.
ആറാം നൂറ്റാണ്ടിലെ, ക്വുർആനിന്റെ പ്രഥമ അഭിസംബോധിതർക്ക് അതിന്റെ സന്ദേശത്തെ പ്രയോഗവത്കരിക്കാൻ സാധിച്ചതുപോലെ അത്യാധുനിക ലോകത്ത് ജീവിക്കുന്നവർക്കും അത് പ്രയോഗവത്കരിക്കാൻ സാധിക്കുമെന്നത് അതിന്റെ ദൈവികതയെ വിളിച്ചോതുന്നു.
ലോകത്ത് എത്രയോ മതങ്ങളും ദർശനങ്ങളും ഇസങ്ങളുമുണ്ട്. അവയിൽ മിക്കതിനും അടിസ്ഥാന പ്രമാണങ്ങളും ദാർശനിക ഗ്രന്ഥങ്ങളുമുണ്ട്. എന്നാൽ ക്വുർആനിന്റെ ആദർശം മുഴുവനായും പ്രയോഗതലത്തിൽ കൊണ്ടുവന്നതുപോലെ മറ്റൊരു ഗ്രന്ഥത്തിനും പൂർണമായി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. കുറ്റമറ്റ ഒരു മാർഗദർശനം നൽകാൻ മറ്റൊന്നിനും സാധിച്ചിട്ടില്ല.
മനുഷ്യന്ന് ഗുണകരമായ കാര്യങ്ങൾ മാത്രം ഇസ്‌ലാം അനുവദിക്കുകയും ദോഷകരമായതെല്ലാം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നുവെന്നതും ഇസ്‌ലാം ത്രികാലജ്ഞാനിയായ പ്രപഞ്ച സ്രഷ്ടാവിന്റെ സന്ദേശമാണെന്നതിന്റെ കുറിമാനമാണ്.
പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവേയുള്ളൂ, അവനെ മാത്രമെ ആരാധിക്കാവൂ എന്ന ആദർശം ഏറ്റവും സുന്ദരവും മനസ്സുകൾക്ക് ഏറെ സംതൃപ്തി നൽകുന്നതുമാണ്. പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവേയുള്ളൂ എന്നത് യുക്തിഭദ്രമായ യാഥാർഥ്യമാണ്. അവനല്ലാത്ത ആരും ഒന്നും സൃഷ്ടിച്ചിട്ടില്ല.
“അതല്ല, യാതൊരു വസ്തുവിൽനിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ?’’(52:35).
എല്ലാം സ്വയംഭൂവാണെന്നും ഒരു വസ്തുവിന്റെ സ്രഷ്ടാവ് അതുതന്നെയാണ്, അഥവാ സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ എന്നും വേണമെങ്കിൽ വാദിക്കാം. എന്നാൽ ഇതു രണ്ടും യുക്തിരഹിതവും അർഥശൂന്യവുമാണെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ട.
എല്ലാം അറിയുന്നവനും സർവശക്തനുമായ ദൈവമാണ് സർവവും സൃഷ്ടിച്ച് നിയന്ത്രിക്കുന്നത് എന്നത് തികച്ചും യുക്തിപരമാണ്. പ്രപഞ്ചത്തിലെ എല്ലാം കണിശമായ വ്യസ്ഥയ്ക്ക് വിധേയമാണെന്നത് അതിന്റെ തെളിവാണ്. വിശ്വാസം അടിച്ചേൽപിക്കുകയല്ല, മനുഷ്യധിഷണയെ തൊട്ടുണർത്തി പരമസത്യം ബോധ്യപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
സ്വന്തം ശരിരത്തിൽ പോലും സ്രഷ്ടാവ് സന്നിവേശിപ്പിച്ച ദൃഷ്ടാന്തങ്ങളെ അവഗണിച്ചുകൊണ്ടല്ലാതെ സ്രഷ്ടാവിന്റെ അസ്തിത്വത്തെ നിഷേധിക്കാൻ സാധ്യമല്ല.
“ദൃഢവിശ്വാസമുള്ളവർക്ക് ഭൂമിയിൽ പല ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്); എന്നിട്ട് നിങ്ങൾ കണ്ടറിയുന്നില്ലേ?’’ (അദ്ദാരിയാത്ത് 20-21).
ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്ന വേളയിൽ ലഭിച്ച എല്ലിൽനിന്ന് അത് 22-24 വയസ്സുള്ള ഒരു സ്ത്രീയുടെതാണെന്ന് കണ്ടെത്താനും അവൾ ഒരുതവണ പ്രസവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാനും കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഫോറൻസിക് മെഡിസിൻ വകുപ്പു മേധാവി പ്രൊഫസർ സിഡ്‌നി സ്മിത്തിന് സാധിച്ചത് സൃഷ്ടിപ്പിലെ കൃത്യതയും വ്യവസ്ഥയും വ്യക്തമാക്കുന്നു. എന്തിനേറെ, ഒരു തലമുടി മാത്രം കിട്ടിയിട്ട് അതിലൂടെ കുറ്റവാളിയെ കണ്ടെത്താൻ സാധിച്ച സംഭവം നാം കേട്ടിട്ടുണ്ട്.
ഒരു അറബി കവിയുടെ വാക്കുകൾ ഇങ്ങനെ പരിഭാഷപ്പെടുത്താം: “ഏകനായ ആരാധ്യനെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങൾ സർവ വസ്തുവിലുമുണ്ടായിരിക്കെ; അവനോട് ധിക്കാരം കാണിക്കുകയും നിഷേധിച്ച് തള്ളുകയും ചെയ്യുന്നത് എത്രമേൽ വിസ്മയിപ്പിക്കുന്ന കാര്യമാണ്!’’
ക്വുർആൻ അവതരിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളുടെ സവിശേഷത, ഒരോരുത്തരുടെയും നിലവാരത്തോട് സമരസപ്പെട്ടുപോകുന്നവ അവയിലുണ്ട് എന്നതാണ്. ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും സാഹിത്യകാരന്മാരെയും ചരിത്രകാരന്മാരെയുമൊക്കെ അത് ചിന്തിപ്പിക്കുന്നു.
“മനുഷ്യൻ വിചാരിക്കുന്നുണ്ടോ, നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരൽതുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ’’(75:3,4).
പ്രപഞ്ചനാഥനെ നിഷേധിക്കുന്നതിനെതിരെയുള്ള വിരലഗ്രത്തിന്റെ തെളിവുകളെ അവഗണിച്ചുകൊ ണ്ടല്ലാതെ നിരീശ്വരത്വത്തെ ന്യായികരിച്ച് ഒരു വാചകം കുറിക്കാൻ സാധ്യമല്ല. സ്രഷ്ടാവിനെ നിഷേധിക്കല്ലേയെന്ന പ്രകൃതിയുടെ നിശ്ശബ്ദമായ അഭ്യർഥനയെ ഗൗനിക്കാത്തവനല്ലാതെ നിഷേധത്തിനെതിരെ ഒരു വാക്കുപോലും ഉരുവിടാൻ സാധ്യമല്ല.
ഇസ്‌ലാമിക വിശ്വാസം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. സൃഷ്ടികളോടുള്ള ആരാധനയിൽനിന്ന് സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനും നിർഭയത്വം ലഭിക്കാനും അതിലൂടെ സാധിക്കുന്നു.
അല്ലാഹു പറയുന്നു: “വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരി ക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ’’(6:82).
നിയമപാലകരുടെ ദൃഷ്ടിയിൽപെട്ടാലും ഇല്ലെങ്കിലും കുറ്റകൃത്യങ്ങളിൽനിന്ന് ദൂരം പാലിച്ച് ജീവിക്കാനുള്ള സൂക്ഷ്മതാ ബോധം തൗഹീദിലൂടെ ആർജിക്കാൻ സാധിക്കുന്നു. പാപം കടന്നുവരുന്ന സകല വാതായനങ്ങളും ഭദ്രമായി കൊട്ടിയടക്കാനും തെറ്റുകൾ പ്രവേശിക്കാൻ സാധ്യതയുള്ള സൂക്ഷ്മ സുഷിരങ്ങളെ വരെ മൂടിവയ്ക്കാനും വിശ്വാസിക്ക് കഴിയും. ക്യാമറക്കണ്ണുകളിൽനിന്ന് രക്ഷപ്പെടാൻ മാത്രം താത്ക്കാലികമായി നിയമം പാലിക്കുന്ന ‘ടെമ്പററി വിശ്വാസി’യായി ജീവിക്കാൻ അവന്ന് കഴിയില്ല.

