അന്തിമവിജയം സത്യത്തിന്

ശമീർ മദീനി

2025 ആഗസ്റ്റ് 23, 1447 സഫർ 29

സർവശക്തനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും യുക്തിഭദ്രവും വിസ്മയകരവുമാണ്. സത്യത്തിന്റെ സന്ദേശം ആളുകൾക്ക് വ്യക്തമായി ബോധ്യപ്പെടാനുള്ള തെളിവുകളും സാഹചര്യങ്ങളും അവൻ പലപ്പോഴായി മനുഷ്യർക്കുമുമ്പിൽ തുറന്നിട്ടുകൊടുക്കും. ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന സത്യാന്വേഷികളായ ആളുകൾക്ക് അത് വളരെ ഉപകരിക്കുകയും ചെയ്യും.

ചരിത്രത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങൾ കാണാം. ഉദാഹരണത്തിന്, മൂസാ നബി(അ)യും ഹാറൂൻ നബി(അ)യും അല്ലാഹുവിന്റെ നിർദേശപ്രകാരം സത്യസന്ദേശത്തിന്റെ പ്രബോധന ദൗത്യവുമായി ഫിർഔനിന്റെ അടുക്കലേക്ക് പുറപ്പെട്ടു. തങ്ങളുടെ നിസ്സഹായതയും ഭയാശങ്കകളുമൊക്കെ റബ്ബിന്റെ മുമ്പിൽ എടുത്തുപറഞ്ഞ് ധൈര്യത്തിനും ദൗത്യത്തിന്റെ വിജയത്തിനും വേണ്ടി അവർ റബ്ബിനോട് പ്രാർഥിച്ചു.

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്’’ (20:25-28).

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അവർ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു. എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാൽ ഹാറൂന് കൂടി നീ സന്ദേശം അയക്കേണമേ. അവർക്ക് എന്റെ പേരിൽ ഒരു കുറ്റം ആരോപിക്കാനുമുണ്ട്. അതിനാൽ അവർ എന്നെ കൊന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു’’ (26:12-14).

റബ്ബിൽ എല്ലാം ഭരമേൽപിച്ചിറങ്ങിയ അവർക്ക് അല്ലാഹുവിന്റെ അത്ഭുതകരമായ ഇടപെടലുകളും അളവറ്റ സഹായങ്ങളും തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്നു. മൂസാ നബി(അ)യും ഹാറൂൻ നബി(അ)യും മാത്രം പരിശ്രമിച്ചാൽ ഒരിക്കലും എത്താൻ കഴിയാത്ത തലങ്ങളിലേക്കും ആളുകളിലേക്കും അവരുടെ പ്രബോധന ദൗത്യം അല്ലാഹു എത്തിച്ചു.

“അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു. ജനങ്ങളോട് ചോദിക്കപ്പെട്ടു: നിങ്ങൾ സമ്മേളിക്കുന്നുണ്ടല്ലോ?’’ (26:38,39).

ക്വുർആൻ വ്യാഖ്യാതാക്കൾ പറയുന്നതനുസരിച്ച് പതിനായിരത്തിലധികം ജാലവിദ്യക്കാർ വിവിധ പ്രദേശങ്ങളിൽനിന്ന് അവിടെ ഹാജരായി. അതിലും എത്രയോ ഇരട്ടി മറ്റുള്ളവരും ഉണ്ടായിരി രുന്നിരിക്കണം!

അവസാനം സത്യവും അസത്യവും തമ്മിൽ ഏറ്റുമുട്ടി. തെളിവുകൾ മാറ്റുരക്കപ്പെട്ടു. ന്യായവും അന്യായവും തമ്മിൽ പോരാടി. ഒടുവിൽ സത്യം അസത്യത്തെ കീഴ്പ്പെടുത്തി. ധർമത്തിന്റെ വിജയവും ന്യായത്തിന്റെ പ്രകാശവും അവിടമാസകലം പരന്നു. അതാണ് സത്യത്തിന്റെ ആവർത്തിക്കുന്ന വിജയ ചരിത്രവും. സത്യവും അസത്യവും ഏറ്റുമുട്ടിയാൽ സത്യം വിജയിക്കും. അസത്യത്തെ അത് കീഴ്‌പ്പെടുത്തും. വിശ്വാസവും (ഈമാൻ) അവിശ്വാസവും (കുഫ്ർ) ഏറ്റുമുട്ടുമ്പോൾ വിശ്വാസം ഗരിമയോടെ വിജയക്കൊടി പാറിക്കും.

അല്ലാഹു പറയുന്നു: “എന്നാൽ നാം സത്യത്തെ എടുത്ത് അസത്യത്തിന്റെ നേർക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകർത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങൾ (അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങൾക്ക് നാശം’’ (21:18).

“സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്നും നീ പറയുക’’ (17:81).

ലിബറലിസം പലപല രൂപങ്ങൾ സ്വീകരിച്ച് സമൂഹത്തിൽ അഴിഞ്ഞാടിക്കൊണ്ടിരുന്നു. പല മുസ്‌ലിം കുടുംബങ്ങളിലേക്കടക്കം അത് കയറി വന്ന് നിറഞ്ഞാടിയപ്പോൾ പലർക്കും അതിന്റെ അപകടങ്ങളെ കുറിച്ചും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചും വേണ്ടത്ര അറിവുണ്ടായിരുന്നില്ല. മതനിരാസത്തിലേക്കും നിരീശ്വര, സ്വതന്ത്ര ചിന്ത, ആശയങ്ങളിലേക്കും പുതിയ തലമുറയെ റാഞ്ചിയെടുക്കുന്ന പലതരം കെണികളും സമൂഹത്തിൽ വലവിരിച്ച് കാത്തിരുന്നപ്പോൾ എന്തു ചെയ്യണം, എവിടെ തുടങ്ങണം, എങ്ങനെ നേരിടണം എന്ന് ആലോചിച്ച് പകച്ചുനിന്ന, ഇതിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞ വളരെ ചുരുക്കം ചിലയാളുകൾ; അവസാനം ജെൻഡർ ന്യൂട്രൽ ആശയങ്ങളും സൂംബാ ഡാൻസും ഒക്കെയായി പുതിയ പുതിയ രൂപങ്ങളിൽ ലിബറൽ അധിനിവേശം കടന്നുവന്നപ്പോൾ വിയോജിപ്പിന്റെ ശബ്ദമുയർത്തി. അല്ലാഹുവിന്റെ അത്ഭുതകരമായ ഇടപെടലുകളും അപാരമായ സഹായങ്ങളുമാണ് പിന്നീട് നാം കണ്ടത്.

ലിബറലിസം പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടു. പലരുടെയും കണ്ണുതുറപ്പിക്കാൻ അതുവഴി സാധിച്ചു. ചാനലുകളിൽ തുടർച്ചയായ ചർച്ചകളും അഭിമുഖങ്ങളും നടന്നു. സത്യം അറിയേണ്ടവർക്കൊക്കെ അറിയാൻ പറ്റിയ അസുലഭ അവസരങ്ങളായി മാറി അവയെല്ലാം. അവസാനം ലിബറലിസ ത്തിന്റെ അപകടങ്ങളും സാംസ്‌കാരിക അധിനിവേശവുമൊക്കെ ചർച്ചയായപ്പോൾ ചാനൽ അഭിമുഖത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന ആദർശമായ തൗഹീദും അതിന്റെ മർമമായ കാര്യകാരണ ബന്ധവും ഭൗതികം അഭൗതികം എന്നീ സംജ്ഞകളും വിശകലനം ചെയ്യപ്പെട്ടു. അമുസ്‌ലിംകൾ അടക്കം പലർക്കും അത് ഹൃദ്യവും വൈജ്ഞാനികവുമായ ചർച്ചയായി അനുഭവപ്പെട്ടുവെന്ന് അവരിൽ പലരും തുറന്നു പറഞ്ഞു. എങ്കിലും ചില രോഗമുള്ള മനസ്സിന്റെ ഉടമകൾക്ക് വെറുപ്പും വിദ്വേഷവും കലിപ്പും അസൂയയും ഒക്കെ കൊണ്ട് പരിസരം മലിനമാക്കാനേ അത് ഉപകരിച്ചുള്ളൂ. ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം!’

അല്ലാഹു പറയുന്നു: “അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂർണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും’’ (9:32).