ഇസ്‌ലാമിനു വേണ്ടി ഒരിറ്റു കണ്ണുനീർ
മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

ആമുഖം
പ്രമുഖ ഈജിപ്ഷ്യൻ സാഹിത്യകാരനായ മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വിയുടെ മനോഹരമായ ഈ ലേഖനം പ്രമുഖന്മാരായ നിരവധി പണ്ഡിതന്മാർ അവരുടെ രചനകളിൽ അതേപടി ഉദ്ധരിക്കുകയും പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. സൗദിഅറേബ്യയിലെ മതകാര്യ മന്ത്രാലയം ഈ ലേഖനത്തെ പ്രത്യേകം കാറ്റലോഗായി അച്ചടിച്ച് ഇസ്‌ലാമിക പ്രചാരണാർഥം പൊതുജനങ്ങൾക്കു വിതരണം ചെയ്യുന്നുമുണ്ട്. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ക്വബ്ർ പൂജക്കെതിരിൽ മൻഫലൂത്വിയുടെ ലളിതമാനോഹ ഭാഷയിലും ശൈലിയിലുമുള്ള വാക്കുകൾ മഹത്തായ രോഷത്തിൽനിന്നും ഉടലെടുത്തതാണ്. ഭൂമുഖത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൈപേറിയ ഒരു യാഥാർഥ്യത്തെക്കുറിച്ചുള്ള വിവരണവും അതിലുണ്ട്. അല്ലാഹുവിന്റെ ഏറ്റവും മഹത്തായ അവകാശത്തിനുവേണ്ടിയുള്ളതാണ് ‘അന്നദ്വറാത്’ എന്ന ഗ്രന്ഥത്തിലെ മൻഫലൂത്വിയുടെ ആ രോഷമെന്നു പണ്ഡിതന്മാരെല്ലാം വിലയിരുത്തിയിട്ടുമുണ്ട്.
‘ദുഃഖകരമായ ഈ കാഴ്ചയ്ക്ക് മുന്നിൽ, ഒരു തുള്ളി കണ്ണീരെങ്കിലും തന്റെ കൺതടങ്ങളിൽനിന്ന് ഒഴുക്കിക്കളയാതിരിക്കാൻ ഏതു കണ്ണിനാണ് സാധിക്കുക? മുസ്‌ലിം സമൂഹത്തിന്റെ കാഴ്ചയാണിത്! ക്വബ്‌റിന്റെ പടിവാതിൽക്കൽ റുകൂഉം സുജൂദുമായി അവർ കാത്തുനിൽക്കുന്നു. ഒരുപക്ഷേ, ആ ക്വബ്‌റിൽ കിടക്കുന്ന വ്യക്തിയെക്കാൾ ഉത്തമനായവൻ ആ പ്രണാമം അർപ്പിക്കുന്നവരുടെ കൂട്ടത്തിൽ ജീവിച്ചിരിപ്പുണ്ടാവാം, മരണാനന്തരവും അങ്ങനെയുണ്ടാവുക എന്നത് എത്രയോ വലിയ സത്യമാണ്.
ഏകദൈവ വിശ്വാസത്തിന്റെ അനുയായികളായ മുസ്‌ലിംകൾ, ബഹുദൈവവിശ്വാസികളെക്കാൾ അല്ലാഹുവിൽ പങ്കുചേർക്കുന്നവരും ദൈവങ്ങളുടെ എണ്ണത്തിലും ആരാധനാമൂർത്തികളുടെ ബാഹുല്യത്തിലും അവരെക്കാൾ വിശാലമായ വൃത്തമുള്ളവരുമായി കാണപ്പെടുമ്പോൾ, ഒരു നിമിഷമെങ്കിലും തന്റെ നെഞ്ചിൻകൂട്ടിൽ അടങ്ങിയിരിക്കാൻ ഏത് ഹൃദയത്തിനാണ് സാധിക്കുക? വേദനകൊണ്ട് അത് പറന്നുപോകാതിരിക്കുമോ?

എന്തിനാണ് മുസ്‌ലിംകൾ ക്രിസ്ത്യാനികളുടെ ത്രിയേകത്വത്തെ കുറ്റപ്പെടുത്തുന്നതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അവർ മൂന്ന് ദൈവങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ ഈ ബഹുത്വത്തിന്റെ വിചിത്രതയും യുക്തിഹീനതയും അവർക്ക് ബോധ്യമുണ്ട്. അതിനാൽ അവരതിന് വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ആ മൂന്നും ഒന്നാണെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ മുസ്‌ലിംകളാകട്ടെ ആയിരക്കണക്കിന് നേർച്ചക്കാരിൽ വിശ്വസിക്കുന്നു. അവയിൽ മിക്കതും മരക്കുറ്റികളും അജ്ഞാത മൃതശരീരങ്ങളും പാറക്കെട്ടുകളുമാണ്. എന്നാൽ മുസ്‌ലിം സമൂഹമാകട്ടെ തങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ബോധവാന്മാരുമല്ല.
മൻഫലൂത്വിയുടെ വാക്കുകൾ ഇപ്രകാരം വായിക്കാം:
“ഇന്ത്യക്കാരനായ ഒരു പണ്ഡിതൻ എനിക്കൊരു കത്തെഴുതി. അതിൽ അദ്ദേഹം പറഞ്ഞിരുന്നത്, മദ്രാസിന്റെ തെക്ക് ഭാഗത്തുമുള്ള നാഗൂരിൽ താമസിക്കുന്ന, ഇന്ത്യക്കാർ സംസാരിക്കുന്ന തമിഴ് ഭാഷയിൽ, പുതുതായി ഇറങ്ങിയ ഒരു പുസ്തകം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നാണ്. സയ്യിദ് അബ്ദുൽ ക്വാദിർ ജീലാനിയുടെ ജീവിത ചരിത്രവും അദ്ദേഹത്തിന്റെ മഹത്ത്വങ്ങളും കറാമത്തുകളും പ്രതിപാദിക്കുന്നതായിരുന്നു ആ ഗ്രന്ഥം.
അതിൽ സയ്യിദ് അബ്ദുൽ ക്വാദിറിനെ വിശേഷിപ്പിക്കാനും അഭിസംബോധന ചെയ്യാനും ഉപയോഗിച്ചിട്ടുള്ള ചില പദവികളും സ്ഥാനപ്പേരുകളും അല്ലാഹുവിന്റെ സ്ഥാനത്തിന് കൂടുതൽ യോജിച്ചതാണെന്നും പ്രവാചകത്വത്തിനോ ഔലിയാ പദവിക്കോ പോലും ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ‘ആകാശഭൂമികളുടെ നേതാവ്,’ ‘ഉപകാരിയും ഉപദ്രവകാരിയും,’ ‘പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവൻ,’ ‘സൃഷ്ടികളുടെ രഹസ്യങ്ങൾ അറിയുന്നവൻ,’ ‘മരിച്ചവരെ ജീവിപ്പിക്കുന്നവൻ,’ ‘കുഷ്ഠരോഗികളെയും അന്ധരെയും കാഴ്ചയില്ലാത്തവരെയും സുഖപ്പെടുത്തുന്നവൻ,’ ‘അദ്ദേഹത്തിന്റെ കൽപന അല്ലാഹുവിന്റെ കൽപ്പനയാണ്,’ ‘പാപങ്ങൾ മായ്ക്കുന്നവൻ,’ ‘വിപത്തുകളെ തടയുന്നവൻ,’ ‘ഉയർത്തുന്നവനും താഴ്ത്തുന്നവനും,’ ‘ശരീഅത്തിന്റെ ഉടമ,’ ‘സമ്പൂർണമായ അസ്തിത്വത്തിന്റെ ഉടമ’ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങൾ അതിലുണ്ടായിരുന്നു.
ആ ഗ്രന്ഥത്തിൽ, സയ്യിദ് അബ്ദുൽ ക്വാദർ ജീലാനിയുടെ ക്വബ്‌റിടം സന്ദർശിക്കേണ്ട രീതി വിവരിക്കുന്ന ഒരു അധ്യായമുണ്ടെന്നും ആ എഴുത്തുകാരൻ പറഞ്ഞു. അതിൽ പറയുന്നതനുസരിച്ച്, സന്ദർശകൻ ആദ്യം നല്ല രീതിയിൽ വുദൂഅ് ചെയ്യണം, പിന്നീട് ഭക്തിയോടെ രണ്ട് റക്അത്ത് നമസ്‌കരിക്കണം, ശേഷം ആ മഹത്തായ കഅ്ബക്ക് സമാനമായ ക്വബ്‌റിടത്തിന് നേരെ തിരിയണം. ആ ക്വബ്‌റിന്റെ ഉടമക്ക് സലാം പറഞ്ഞ ശേഷം ഇങ്ങനെ പറയണം:
‘ഓ! രണ്ട് ലോകങ്ങളുടെയും നേതാവേ, എന്നെ സഹായിക്കണേ. എന്റെ ആവശ്യങ്ങൾ നിറവേറ്റാനും ദുരിതങ്ങൾ നീക്കാനും എന്നെ പിന്തുണക്കണേ, എന്നെ സഹായിക്കണേ. ഓ! മുഹ്‌യിദ്ദീൻ അബ്ദുൽ ക്വാദിർ, എന്നെ സഹായിക്കണേ. ഓ! വലിയ്യ് അബ്ദുൽ ക്വാദിർ, എന്നെ സഹായിക്കണേ. ഓ! സുൽത്താൻ അബ്ദുൽ ക്വാദിർ, എന്നെ സഹായിക്കണേ. ഓ! ബാദ്ഷാ അബ്ദുൽ ക്വാദിർ, എന്നെ സഹായിക്കണേ. ഓ! ഖോജ അബ്ദുൽ ക്വാദിർ, ഓ! നിത്യനായ രക്ഷകന്റെ സാന്നിധ്യമേ, ഓ! എന്റെ നേതാവേ, അബ്ദുൽ ക്വാദിർ ജീലാനീ, ഞാൻ അങ്ങയുടെ ദാസനും മുരീദും ദുർബലനും ദുരിതമനുഭവിക്കുന്നവനും അങ്ങയെ ദീനിലും ദുൻയാവിലും ആഖിറത്തിലും എല്ലാ കാര്യങ്ങളിലും ആശ്രയിക്കുന്നവനുമാകുന്നു.’
കൂടാതെ, ഇന്ത്യയിലെ നാഗൂർ പട്ടണത്തിൽ ‘ശാഹുൽ ഹമീദ്’ എന്ന് പേരുള്ള ഒരു ക്വബ്‌റിടമുണ്ടെന്നും അദ്ദേഹം സയ്യിദ് അബ്ദുൽ ക്വാദിറിന്റെ മക്കളിലൊരാളാണെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ ആ ക്വബ്‌റിന് മുന്നിൽ അല്ലാഹുവിന് ചെയ്യുന്നതുപോലെ സുജൂദ് ചെയ്യുകയാണെന്നും, ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സയ്യിദ് അബ്ദുൽ ക്വാദിറിന്റെ ക്വബ്‌റിനെ പ്രതിനിധീകരിക്കുന്ന ആരാധനാലയങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടങ്ങളിലെ മുസ്‌ലിംകൾ തിരിയുന്ന ക്വിബ്‌ലയും അവരുടെ ആവശ്യങ്ങളിലും ദുരിതങ്ങളിലും അഭയം തേടുന്ന സ്ഥലവും അതാണ്. അതിന്റെ നടത്തിപ്പുകാർക്കും പരിപാലകർക്കും അതിന്റെ ആഘോഷങ്ങൾക്കും മറ്റുമായി അവർ ചെലവഴിക്കുന്ന പണം ലോകത്തിലെ മുഴുവൻ ദരിദ്രർക്കും വീതിച്ചു നൽകിയിരുന്നെങ്കിൽ അവരെല്ലാം ധനികരായി മാറുമായിരുന്നു!
ഇതായിരുന്നു ആ എഴുത്തുകാരൻ എനിക്കയച്ച കത്ത്. ആ കത്ത് ഞാൻ വായിച്ചുതീർന്നപ്പോൾ, ദുഃഖവും സങ്കടവും കാരണം ലോകം എന്റെ കണ്ണുകൾ ഇരുണ്ടുപോയെന്ന് അല്ലാഹുവിന് അറിയാം. ഇസ്‌ലാമിന്റെ അവസ്ഥ ഇങ്ങനെയായി മാറിയതിലുള്ള ദുഃഖത്താൽ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല. ഇസ്‌ലാമിനെ അറിഞ്ഞതിന് ശേഷം അവരതിനെ നിഷേധിച്ചു. ഉയർത്തിയതിന് ശേഷം താഴ്ത്തി. അതിനെ പുതിയ വഴികളിലേക്ക് കൊണ്ടുപോയി. അത് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല.
മരിച്ച ഒരാളുടെ ക്വബ്‌റിന് മുന്നിൽ റുകൂഉം സുജൂദും ചെയ്യുന്ന ആ മുസ്‌ലിംകളുടെ ഈ അവസ്ഥ കാണുമ്പോൾ, ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ഒരു കണ്ണും എങ്ങനെ അവശേഷിക്കും? ഒരുപക്ഷേ ആ മരിച്ച വ്യക്തിയെക്കാൾ ജീവിതത്തിൽ മഹാനായ ഒരാൾ ആ കൂട്ടത്തിലുണ്ടായിരിക്കും, അദ്ദേഹത്തിന്റെ മരണശേഷം അങ്ങനെയായിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്!
ഏകദൈവവിശ്വാസികളായ മുസ്‌ലിംകൾ ബഹുദൈവവിശ്വാസികളിൽ വെച്ച് ഏറ്റവും കൂടുതൽ ബഹുദൈവത്വം വെച്ചുപുലർത്തുന്നവരും, ദേവന്മാരുടെയും ആരാധനാമൂർത്തികളുടെയും എണ്ണത്തിൽ ഏറ്റവും വലിയ വൃത്തം സൃഷ്ടിക്കുന്നവരും ആയിരിക്കുന്നത് കാണുമ്പോൾ, ഏത് ഹൃദയമാണ് മിടിക്കാതെയും ദുഃഖം കൊണ്ട് പിടക്കാതെയും ഒരു നിമിഷം പോലും അതിന്റെ ഉടമസ്ഥന്റെ നെഞ്ചിൽ അടങ്ങിയിരിക്കുക?
മുസ്‌ലിംകൾ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോട് ത്രിത്വത്തെക്കുറിച്ച് നീരസം കാണിക്കുന്നത്? എന്തുകൊണ്ടാണ് ത്രിത്വത്തെക്കുറിച്ച് അവരോട് മനസ്സിൽ അത്രയും വെറുപ്പും വിദ്വേഷവും വെച്ച് പുലർത്തുന്നത്? എന്തിനാണ് അവരുമായി സംവാദ-സമരങ്ങളിൽ ഏർപ്പെടുന്നത്? അവർ അല്ലാഹുവിനോടുള്ള ശിർക്കിൽ മുസ്‌ലിംകൾ എത്തിച്ചേർന്ന അത്രയും എത്തിച്ചേർന്നിട്ടില്ല, അവരതിൽ അത്രയധികം മുങ്ങിയിട്ടുമില്ല.
ക്രിസ്ത്യാനികൾ മൂന്ന് ദൈവങ്ങളെയാണ് ആരാധിക്കുന്നത്. പക്ഷേ, ഈ ബഹുത്വവും യുക്തിക്ക് നിരക്കാത്തതാണെന്ന് അവർക്ക് തോന്നുന്നതിനാൽ അവർ അതിനെ ഭംഗിയാക്കി പറയുന്നു; മൂന്നാണെങ്കിലും അത് ഒന്നാണെന്ന്. എന്നാൽ മുസ്‌ലിംകളോ, ആയിരക്കണക്കിന് ദൈവങ്ങളെ ആരാധിക്കുന്നു. അതിൽ മിക്കതും മരത്തടികളും മരിച്ചവരുടെ ജഡങ്ങളും കല്ലുകളും ആണെന്ന് അവർ അറിയുന്നില്ല!
(തുടരും)
