ശെയ്ഖ് റബീഉബിൻ ഹാദി അൽമദ്ഖലി യാത്രയായി

ഇ. യൂസുഫ് സാഹിബ് നദുവിഓച്ചിറ

2025 ആഗസ്റ്റ് 09, 1447 സഫർ 15

ലോകപ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ.റബീഉബിൻ ഹാദി ബിൻ മുഹമ്മദ് ഉമൈർ അൽമദ്ഖലി കഴിഞ്ഞ ജൂലൈ 9ന് ബുധനാഴ്ച വൈകിട്ട് ഈ ലോകത്തോട് വിടപറഞ്ഞു. മരണപ്പെടുമ്പോൾ 92 വയസ്സ് പ്രായമുണ്ടായിരുന്ന ശൈഖവർകൾ ഏറെ നാളുകളായി മദീനയിൽ വിശ്രമജീവിതത്തിലായിരുന്നു.

പ്രവാചകചര്യയുടെ കലർപ്പില്ലാത്ത പ്രചാരകനും സുന്നത്തു നിഷേധികളുടെ പേടിസ്വപ്നവുമായിരുന്ന ശൈഖവർകളുടെ വിട്ടുവീഴ്ചയില്ലാത്തതും അണുവിട വ്യതിചലിക്കാത്തതുമായ നിലപാടുകളാണ് ഇതര പണ്ഡിതന്മാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഇതിന്റെ പേരിൽ മിത്രങ്ങളെപ്പോലെതന്നെ നിരവധി ശത്രുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായ ബ്രദർഹുഡ്, ശിയാക്കൾ, ബറേലവി-സൂഫികൾ ഇവരെല്ലാം അദ്ദേഹത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പരാജയപ്പെട്ട് പിന്മാറിയവരാണ്.

പരാജയത്തിന്റെ കൈപ്പുനീർ രുചിച്ച് പിന്മാറിയവർ ശൈഖിന്റെ മരണത്തെ ഒരു വലിയ ആഘോഷമാക്കി മാറ്റുന്നതാണ് പിന്നീട് നാം കണ്ടത്. ഇസ്‌ലാമിന്റെ സമഗ്ര മാനവികതയും സാഹോദര്യവും മരണപ്പെട്ടവരോടുള്ള ആദര-ബഹുമാനങ്ങളും പുറപ്പുറത്തുകയറി ഉച്ചത്തിൽ അട്ടഹസിക്കുന്ന ചില പകൽമാന്യന്മാർ പോലും ശൈഖിന്റെ മരണത്തിൽ സന്തോഷിച്ച് ഫേസ്ബുക്കിൽ തുള്ളിച്ചാടുന്നതിന് മലയാളക്കര സാക്ഷ്യംവഹിച്ചു. കലർപ്പില്ലാത്ത നബിചര്യയും സലഫുകളുടെ രീതിശാസ്ത്രവും മുഖ്യ പ്രചാരണമായി സ്വീകരിച്ച എല്ലാവർക്കും അനുഭവിക്കുകയും നേരിടേണ്ടിയുംവന്ന പരീക്ഷണങ്ങളാണ് ശെയ്ഖ് അവർകൾക്കും അഭിമുഖീകരിക്കേണ്ടിവന്നത്. ഇതിൽ പുതുമയില്ലായെന്നതാണ് സത്യം.

തൊട്ടടുത്ത ദിനം വ്യാഴാഴ്ച പ്രഭാത നമസ്‌കാരത്തിന് ശേഷം ആയിരങ്ങളുടെ ഭക്തിനിർഭരമായ പ്രാർഥനകളോടെ മദീനയിലെ അൽബഖീഉൽ ഗർഖദ് ക്വബ്ർസ്ഥാനിൽ അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുങ്ങി. മഹാനവർകൾ എതൊരാദർശത്തിനുവേണ്ടിയാണോ തന്റെ ജീവിതത്തെ വിനിയോഗിച്ചത്, അതേ ആദർശവും വിശ്വാസവും ആത്മാർഥമായി കാത്തുസൂക്ഷിച്ച ഉത്തമരിൽ അത്യുത്തമരായ പൂർവസൂരികളുടെ ചാരത്തുതന്നെ അദ്ദേഹത്തിനും അന്ത്യവിശ്രമമൊരുക്കപ്പെട്ടു.

ശെയ്ഖ് അവർകളുടെ വിയോഗം മുസ്‌ലിം സമൂഹത്തിന് ആകമാനം ഒരു തീരാനഷ്ടം തന്നെയെന്നതിൽ അഹ്‌ലുസ്സുന്നയുടെ ബന്ധുക്കൾക്ക് സംശയമില്ല. ആദർശബന്ധിതമായി ജീവിതം നയിക്കുകയും തിരുസുന്നത്തിനെതിരിലിലുള്ള ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കുകയും സത്യസന്ധമായി ഇസ്‌ലാമിക പ്രചാരണം നിർവഹിക്കുകയും ചെയ്യുന്ന പണ്ഡിതശിരോമണികളുടെ വിയോഗം ലോകത്തിനുതന്നെ തീരാനഷ്ടമാണെന്നാണ് പ്രവാചകൻﷺ യുടെ മഹത് വചനങ്ങൾ സൂചിപ്പിക്കുന്നത്.

പ്രായഭേദമന്യെ ആയിരക്കണക്കിന് വിജ്ഞാനദാഹികളുടെയും ലോകത്തിന്റെ വിവിധകോണുകളി ലുള്ള പണ്ഡിതരുടെയും ഒരു മുഖ്യ റഫറൻസായിരുന്നു ശെയ്ഖ് അവർകൾ. ദീനീവിജ്ഞാനം സമ്പാദിക്കുന്നതിനും വിശ്വാസത്തെ സംസ്‌കരിക്കുന്നതിനും കലർപ്പില്ലാത്തതും തനതായതുമായ നബവീ ചര്യകളുടെ പ്രചാരകനുമായി ജീവിതം നയിക്കുന്നതിനൊപ്പം, ഇസ്‌ലാമിന്റെ പരോക്ഷ ശത്രുക്കളായ സുന്നത്ത് നിഷേധികളോടും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ രാഷ്ട്രീയ ലക്ഷ്യത്തിൽ ഇസ്‌ലാമിന്റെ മുഖംമൂടിയണിഞ്ഞു പ്രവർത്തിക്കുന്നവരോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പ്രമുഖ പണ്ഡിതനെന്ന നിലയിലുമാണ് അദ്ദേഹം ശ്രദ്ധേയനായത്.

മുഹമ്മദ് നബിﷺയുടെ മഹനീയ ചര്യകളെ പൂർവസൂരികളായ സലഫുസ്സ്വാലിഹുകൾ മനസ്സിലാ ക്കിയ നിലയിൽതന്നെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതേപടിതന്നെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന അദ്ദേഹത്തിന്റെ കർക്കശനിലപാട് ദുർവ്യാഖ്യാനക്കാർക്കും സൂഫികൾക്കും രാഷ്ട്രീയ അട്ടിമറി ഇസ്‌ലാം വക്താക്കൾക്കും അംഗീകരിക്കാൻ സാധ്യമായില്ല. പക്ഷേ, അതിന്റെ പേരിൽ അദ്ദേഹം അൽപം പോലും പിന്നോട്ടുമാറാനോ തന്റെ നിലാപടുകളെ അൽപം മയപ്പെടുത്താണോ തയ്യാറായില്ല.

ലോകപ്രശസ്തരും പ്രമുഖന്മാരുമായ പല പണ്ഡിത വേഷധാരികൾക്കും അദ്ദേഹത്തിന്റെ അതിരൂക്ഷമായ നിരൂപണത്തിന്റെ കൈപ്പുനീർ കുടിച്ചിറക്കേണ്ടിവന്നിട്ടുണ്ട്. ഏറെ ഭദ്രമെന്ന് കരുതുകയും നിരവധി നെറ്റുവർക്കുകളിലൂടെ ലോകമാസകലം വലവിരിച്ച് ഇരയെ കാത്തിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കൾക്കായിരുന്നു ശെയ്ഖ് അവർകളുടെ സാന്നിധ്യം ഏറെ അസ്വസ്ഥതകൾ സൃഷ്ടിച്ചത്. ശൈഖിന്റെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച ശിയാ-സൂഫി-ബറേലവികളെക്കാളും ഒരുപടി മുന്നിട്ടുനിന്നത് ആഹ്ലാദ പ്രകടനത്തിൽ രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായിരുന്നു. ശെയ്ഖിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ കലപ്പില്ലാത്ത നിലപാടുകളും പ്രചാരണവും ഇവർക്ക് എത്രമാത്രം അസ്വസ്ഥതകൾ പകർന്നുവെന്നതിന്റെ മുഖ്യതെളിവുകൂടിയാണ് ഈ കോലാഹലങ്ങൾ. പ്രമുഖ കമ്യൂണിസ്റ്റുകളുടെയും മതനിരാസക്കാരുടെയും വിയോഗത്തിൽ സോഷ്യൽ മീഡിയയിൽ ആത്മാർഥമായി ഖേദവും ദുഃഖവും പ്രകടിപ്പിക്കുന്ന ഇവരുടെ തൂലികകൾക്ക് ശെയ്ഖിന്റെ വിയോഗം പകരുന്ന സന്തോഷവും ആഹ്ലാദവും എത്രമാത്രമുണ്ടെന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!.

സംഘടനകളെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിരൂപണം ചെയ്യുന്ന നിരവധി വൈജ്ഞാനിക രചനകൾ അദ്ദേഹം ഈ സമൂഹത്തിനായി സമർപ്പിച്ചു. അതിസൂക്ഷ്മവും ഭദ്രവുമായ ഈ രചനകൾ ലോകത്തിന്റെ വിവിധകോണുകളിലുള്ള വിജ്ഞാനദാഹികൾക്കും നബിചര്യയുടെ പ്രചാരകർക്കും ഒരു മുഖ്യ റഫറൻസായി അവശേഷിക്കുന്നു. ഒട്ടനവധി ഭാഷകളിലേക്ക് ഈ രചനകൾ മൊഴിമാറ്റപ്പെടുകയും ചെയ്തു. മുസ്‌ലിം ബ്രദർഹുഡ് നേതാവും ക്വുർആൻ വ്യാഖ്യാതാവുമായ ഈജിപ്തിലെ സയ്യിദ് ക്വുതുബിന്റെ രചനകളെയും നിലപാടുകളെയും നിരൂപണം ചെയ്യുന്ന ‘അൽഅവാസ്വിം മിമ്മാഫീ കുതുബി സയ്യിദ് ഖുതുബ് മിനൽഖവാസ്വിം,’ ‘അത്തൻകീൽ ബിമാഫീ തൗളീഹിൽ മലബാരി മിനൽഅബാത്വീൽ’ തുടങ്ങിയവ ഇതിൽ ഏറ്റവും ശ്രദ്ധേയമായവയാണ്.

ബനാറസ് ജാമിഅ സലഫിയ്യയും ശെയ്ഖ് റബീഉം

ഇന്ത്യയിലെ ഇസ്‌ലാമിക സംരംഭങ്ങളുമായി ഏറെ അടുത്ത് ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ശെയ്ഖ് റബീഅ്; പ്രത്യേകിച്ചും ഉത്തർപ്രദേശിലെ ബനാറസ് ജാമിഅ സലഫിയ്യയും അതിന്റെ സ്ഥാപക നേതാക്കളായ പ്രമുഖ സലഫി പണ്ഡിതനേതാക്കളുമായി ഏറെ സുദൃഢമായ ബന്ധമായിരുന്നു അദ്ദേഹത്തിന്. ബനാറസിലെ ജാമിഅ സലഫിയ്യയെ എല്ലാ അർഥത്തിലും അദ്ദേഹം പിന്തുണക്കുകയും അവർക്കാവശ്യമായ എല്ലാ ഉപദേശനിർദേശങ്ങളും നൽകുകയും ചെയ്തു. അതിനൊപ്പം സ്ഥാപനത്തിന്റെ സിലബസിൽ ആവശ്യമായ പരിഷ്‌ക്കരണങ്ങൾ നടത്തി യഥാർഥ സലഫീ രീതിശാസ്ത്രത്തിന്റെ മാർഗത്തിലേക്ക് പ്രസ്തുത കലാലയത്തെയും അവിടുത്തെ നേതാക്കളെയും പഠിതാക്കളെയും വഴിനടത്തിയതിൽ അദ്ദേഹത്തിനുള്ള സ്ഥാനം വാക്കുകൾക്കും വരികൾക്കും അതീതമാണ്.

അല്ലാമാ അശ്ശൈഖ് ഇബ്‌നുബാസ്(റഹ്) അവർകൾ മദീനയിലെ ഇസ്‌ലാമിക സർവകലാശാലയുടെ തലവനായിരിക്കെ ശെയ്ഖ് റബീഅ് അവർകൾ ബനാറസിലെ ജാമിഅ സലഫിയ്യയിൽ അധ്യാപകനായി നിയോഗിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിന്റെ പ്രത്യേക നിർദേശമായിരുന്നു ഈ നടപടിക്ക് പിന്നിൽ. 1968ജൂലൈ 27മുതൽ 1970 സെപ്തംബർ 19 വരെയുള്ള രണ്ടുവർഷക്കാലം ശെയ്ഖ് റബീഅ് ഈ സ്ഥാപനത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബി(റഹ്)ന്റെ കിതാബുത്തൗഹീദ്, സ്വഹീഹ് മുസ്‌ലിം, ഇമാം ജ്വർജാനിയുടെ ദലാഇലുൽ ഇഅ്ജാസ് തുടങ്ങിയ പ്രമുഖ ഗ്രന്ഥങ്ങൾ അദ്ദേഹം വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തു. അതിനൊപ്പം വൈകുന്നേരങ്ങളിൽ ശറഹ് അക്വീദത്തുൽ വാസ്വിതിയ്യയും പ്രത്യേകം പഠിപ്പിച്ചു.

ഇന്ത്യൻ സമൂഹത്തിലെ അറിവുകേടുകളുടെ നിജസ്ഥിതി മനസ്സിലാക്കാതെ എല്ലാം ശരിയെന്ന നിലപാടിൽ മൗനം ഭജിച്ച് കഴിഞ്ഞുവന്നിരുന്ന വിദ്യാർഥികൾക്കും ആധ്യാപകർക്കും പ്രമുഖന്മാരായ സലഫി നേതാക്കൾക്കും പ്രവർത്തകർക്കും ശെയ്ഖ് അവർകളുടെ അക്കാലയളവിലെ സാന്നിധ്യം ഏറെ ആർജവവും നവോന്മേഷവും പകർന്നുവെന്നതിൽ സംശയമില്ല. സലഫീ രീതിശാസ്ത്രവുമായി ബന്ധമില്ലാതെ കേവലം നാമമാത്രമായ ‘സലഫിയ്യത്തിൽ’ അഭിരമിച്ചിരുന്ന ഒരു സമൂഹത്തെ സലഫുസ്സ്വാലിഹുകളുടെ യഥാർഥ മാർഗത്തിലേക്കും ചിന്തകളിലേക്കും വൈജ്ഞാനിക സരണിയിലേക്കും വഴിനടത്തിയതിൽ അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യവും ജാമിഅ സലഫിയ്യയിലെ സേവനവും അനിഷേധ്യമാണ്.

ബനാറസ് ജാമിഅ സലഫിയ്യയിലെ പ്രമുഖന്മാരായ അധ്യാപകനിരയെ സലഫി രീതിശാസ്ത്രത്തിനനുസരിച്ച് പരിവർത്തിപ്പിക്കാൻ ആവശ്യമായ മുഖ്യപരിശീലനം ലഭ്യമായത് ശെയ്ഖ് റബീഇന്റെ ഈ സാന്നിധ്യത്തോടെയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിത പ്രമുഖനും ജാമിഅ സലഫിയ്യയുടെ മുഖ്യ കാര്യദർശിയുമായ ശെയ്ഖ് മുഹമ്മദ് മുസ്തഖീം സലഫി, ശെയ്ഖ് റബീഇന്റെ ഇന്ത്യൻ ശിഷ്യന്മാരിൽ പ്രമുഖനാണ്. 1968ൽ ഫൈസൽ രാജാവിന്റെ നിർദേശമനുസരിച്ച് ജാമിഅ സലഫിയ്യയിൽ അധ്യാപകനായി നിയോഗിക്കപ്പെട്ട് ബനാറസിൽ എത്തിയ ശെയ്ഖ് അവർകൾ ആദ്യം അന്വേഷിച്ചത് അക്വീദ(വിശ്വാസം)യുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ സ്ഥാപനത്തിൽ സിലബസിലുള്ള ഗ്രന്ഥത്തെ സംബന്ധിച്ചാണ്. സഅദുദ്ദീൻ തഫ്താസാനിയുടെ ‘ശറഹു അക്വാഇദുന്നസഫിയ്യ’ എന്ന രചനയായിരുന്നു അക്വീദയുടെ സംരക്ഷണത്തിനായി അക്കാലംവരെയും വിദ്യാർഥികൾക്കായി സിലബസിൽ ഉൾപ്പെടുത്ത പ്പെട്ടിരുന്നത്. ‘മാത്തുരീദിയൻ’ സരണിയിലൂടെ അല്ലാഹുവിന്റെ അസ്മാഉസ്വിഫാത്തുകളെ വ്യാഖ്യാനിച്ച് ഒപ്പിക്കുന്ന ശൈലിയിലുള്ള രചനകൾ ഉപയോഗിച്ച് അക്വീദയെ സംരക്ഷിക്കാൻ പഠിപ്പിക്കുന്ന ഇന്ത്യൻ സലഫികളുടെ ശൈലി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.(1)

പിന്നീട് അദ്ദേഹത്തിനുമുന്നിൽ ഹാജരാക്കപ്പെട്ടത് ‘അൽമസാമിറ; ശറഹുൽ മസായിറ’ എന്ന പേരിലുള്ള ഇബ്‌നു അബീശരീഫ് അൽമഖ്ദിസിയുടെ മറ്റൊരു രചനയായിരുന്നു.(൨) വിശ്വാസത്തിന്റെ സംരക്ഷണത്തി നെന്നപേരിൽ അറിവില്ലായ്മകൊണ്ട്, പ്രമുഖ സലഫീ സ്ഥാപനത്തിൽ പഠിപ്പിക്കപ്പെടുന്ന ഇത്തരം പാഠ്യപദ്ധതിയിൽ അദ്ദേഹത്തിന് ഏറെ അമർഷവും ഖേദവുമുണ്ടായി. തുടർന്ന് ജാമിഅ സലഫിയ്യയുടെ സിലബസ് പരിഷ്‌ക്കരിക്കുക എന്ന ദൗത്യത്തിൽ അദ്ദേഹം ഏർപ്പെട്ടു. ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബി(റഹ്)ന്റെ കിതാബുത്തൗഹീദ്, ശെയ്ഖ് മുഹമ്മദ് ഖലീൽ ഹറാസി(റഹ്)ന്റെ ശറഹ് അക്വീദത്തുൽ വാസിത്വിയ്യ, ശാഹ് ഇസ്മാഈൽ അദ്ദഹ്‌ലവി(റഹ്)യുടെ തക്വ്‌വിയ്യതുൽ ഈമാൻ തുടങ്ങിയ ആധികാരിക രചനകൾ സ്ഥാപനത്തിന്റെ സിലബസിൽ സ്ഥാനംപിടിച്ചു.

ഷാഹ് ഇസ്മാഈൽ അദ്ദഹ്‌ലവി(റഹ്)യുടെ തക്വ്‌വിയ്യതുൽ ഈമാനിനെക്കുറിച്ച് എപ്പോഴും പ്രകീർത്തിച്ച് സംസാരിക്കുന്നത് ശെയ്ഖ് റബീഇന്റെ പതിവായിരുന്നു. കിതാബുത്തൗഹീദിനെക്കാളും മികച്ച രചനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബനാറസിലെ തന്റെ ജീവിതത്തിനിടയിൽ ഇസ്‌ലാമിക വിശ്വാസം, ഹദീസ് വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം കൂടുതൽ ക്ലാസുകൾ സംഘടിപ്പിച്ചു, പ്രത്യേകിച്ചും ഓരോ നമസ്‌കാരത്തിനും ശേഷവും ജുമുഅ ഖുതുബയിലൂടെയും. ബനാറസിലെ മദൻപുര എന്ന പ്രദേശത്ത് കുടുംബസമേതമായിരുന്നു ശെയ്ഖിന്റെ താമസം. വിജ്ഞാനം പഠിക്കാനായി തന്നെതേടിയെ ത്തുന്ന വിദ്യാർഥികളെയും വിജ്ഞാനദാഹികളെയുംകൊണ്ട് അദ്ദേഹത്തിന്റെ ഭവനം എപ്പോഴും നിറഞ്ഞുകവിഞ്ഞു. തന്റെ ശിഷ്യന്മാരോട് ഏറെ കാരുണ്യത്തിലും കരുണയിലും വർത്തിച്ചിരുന്ന ശെയ്‌ഖ്‌ അവർകൾ അവർക്കുവേണ്ടി പലപ്പോഴും സ്‌പെഷ്യൽ വിരുന്നുസൽക്കാരങ്ങൾ ഒരുക്കാനും തയ്യാറായി. തന്റെ ഭവനത്തിൽ എത്തുന്നവരെയെല്ലാം ഹാർദമായി സ്വാഗതംചെയ്ത ശെയ്ഖ് അവർകൾ അവർക്കുവേണ്ടി വീട്ടിലും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു. സലഫുകളുടെ രീതിശാസ്ത്രത്തെ കലർപ്പില്ലാത്ത നിലയിൽ, അതിന്റെ തനതായ ശൈലിയിലും പ്രാധാന്യത്തിലും ഇന്ത്യൻ സമൂഹത്തിന് പകർന്നുനൽകുന്നതിൽ ശെയ്ഖ് റബീഅ് ബിൻ ഹാദി അൽമദ്ഖലി വഹിച്ച പങ്കാളിത്തം ഏറെ വലുതാണ്.

(തുടരും)


1. ഹിജ് റ 537ൽ മരണപ്പെട്ട നജ്മുദ്ദീൻ ഉമർ അൽനസഫി എന്ന വ്യക്തി രചിച്ചതും സഅദുദ്ദീൻ അൽതഫ്താസാനി (മരണം:ഹി.793) വ്യാഖ്യാനമെഴുതിയതുമായ ‘അൽഅക്വാഇദുന്നസഫിയ്യ’ എന്ന ഗ്രന്ഥം യുക്തിയെയും തത്ത്വചിന്തയെയും അടിസ്ഥാനമാക്കി ഇസ് ലാമിക വിശ്വാസശാസ്ത്രം പഠിപ്പിക്കുവാൻ ഉപയോഗിക്കുന്നു. ഇസ് ലാമിക വിജ്ഞാന ശാഖയിലെ ആധികാരിക ഗ്രന്ഥമായി ഇതിനെ പലരും മനസ്സിലാക്കിവരുന്നുണ്ട്. എന്നാൽ വ്യക്തമായി, പൊതുവായി പറഞ്ഞാൽ, ‘അക്വാഇദുന്നസഫിയ്യ’യും അതിന്റെ തഫ്താസാനിയുടെ വ്യാഖ്യാനവും സലഫുസ്സാലിഹുകളുടെ മൻഹജിനെ പൂർണമായി പ്രതിനിധീകരിക്കുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നില്ല. കാരണം സലഫി മൻഹജ് പ്രധാനമായും അടിസ്ഥാനമാക്കുന്നത് ക്വുർആനിനെയും സുന്നത്തിനെയുമാണ്. ക്വുർആനും സുന്നത്തും ആധാരമാക്കിയുള്ള തെളിവുകളാണ് സലഫികളുടെ രീതിശാസ്ത്രത്തിൽ ആധികാരികത. വിശ്വാസകാര്യങ്ങൾ സ്ഥാപിക്കുന്നതിൽ ക്വുർആനിന്റെയും നബിചര്യയുടെയും വാചകങ്ങളെ പൂർണമായി ആശ്രയിക്കുക, അവയെക്കാൾ ബുദ്ധിയോ തത്ത്വ ചിന്താപരമായ വ്യാഖ്യാനങ്ങളോ മുന്നോട്ട് വയ്ക്കാതിരിക്കുക എന്നതും അടിസ്ഥാന തത്ത്വമാണ്. മതപരമായ പ്രമാണങ്ങളിൽ വന്ന കാര്യങ്ങളെ അതേപടി വിശ്വസിക്കുക, അവ ‘എങ്ങനെ’ എന്നതിനെക്കുറിച്ചോ ‘രൂപീകരണത്തെ’ക്കുറിച്ചോ ആഴത്തിൽ ചിന്തിക്കാതിരിക്കുക എന്നതും ഇതിന്റെ ഭാഗമാണ്. ഗ്രീക്ക് തത്ത്വചിന്തയും യുക്തിയും ഉപയോഗിച്ച് രൂപപ്പെടുത്തപ്പെട്ട ‘ഇൽമുൽകലാം’ വിശ്വാസപരമായ വിഷയങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് നാം ജാഗ്രത പാലിക്കുക. കാരണം അത് സംശയങ്ങളിലേക്കും വഴികേടുകളിലേക്കും നയിച്ചേക്കാം. ‘അക്വാഇദുന്നസഫിയ്യ’യും അതിന്റെ വ്യാഖ്യാനവും മാതുരീദിയ്യ ചിന്താധാരയെയാണ് പിന്തുടരുന്നത്. ഇത് മതപ്രമാണങ്ങളെയും ബുദ്ധിയെയും സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യേകമദ്ഹബാണ്. ഇത് സലഫി മൻഹജിൽനിന്ന് പലതുകൊണ്ടും പലകാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് അല്ലാഹുവിന്റെ ഗുണങ്ങളെയും ക്വദറിന്റെ വിഷയങ്ങളെയും സമീപിക്കുന്ന രീതിയിൽ നിരവധി ഇസ് ലാമിക സ്ഥാപനങ്ങളിൽ ഇത് പഠിപ്പിക്കുന്നുണ്ടെ ങ്കിലും, വിശ്വാസകാര്യങ്ങൾ സ്ഥാപിക്കുന്നതിൽ ഇതിനെ പൂർണമായി ആശ്രയിക്കുന്നത് സ്വഹാബികളും താബിഉകളും പിന്തുടർന്ന ശരിയായ മൻഹജിൽ നിന്ന് വ്യതിചലിക്കാൻ ഇടയാക്കുമെന്ന് സലഫി പണ്ഡിതന്മാർ കരുതുന്നു.


2. ഇബ് നു അബീശരീഫ് അൽമഖ്ദിസി (മരണം ഹി: 815) ഒരു അശ്അരി പണ്ഡിതനായിരുന്നു. അശ്അരി മദ്ഹബ്, അല്ലാഹുവിന്റെ ചില വിശേഷണങ്ങളെ, (ഉദാ: കൈ, കാൽ, മുഖം പോലുള്ളവ) അവയുടെ പ്രത്യക്ഷാർഥത്തിൽ എടുക്കാതെ വ്യാഖ്യാനിക്കാൻ തുനിയുന്നു. അല്ലാ ഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഇത് ചെയ്യു ന്നതെന്ന് അവർ വാദിക്കുന്നു . എന്നാൽ സലഫി മൻഹജ് ഈ വിശേഷണങ്ങളെ അല്ലാ ഹുവിന്റെ മഹത്ത്വത്തിന് യോജിച്ച രൂപത്തിൽ, എങ്ങനെയാണെന്ന് രൂപീകരിക്കുകയോ
സാമ്യപ്പെടുത്തുകയോ നിഷേധിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യാതെ സ്ഥിരീകരിക്കുന്നു. മേൽ പരാമർശിക്കപ്പെട്ട ഗ്രന്ഥം അശ്അരീ ചിന്താധാരയെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. അതിനാൽ, ഇത് സലഫി മൻഹജിനെ അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥമല്ല. സലഫി പണ്ഡിതന്മാർ സാധാരണയായി ഈ ഗ്രന്ഥങ്ങളെ വിശ്വാസകാര്യങ്ങളിൽ ഒരു റഫറീസായി ഉപയോഗിക്കാറില്ല, മറിച്ച് അവരുടെ പഠനങ്ങളിൽ അക്വീദയുടെ വിഷയങ്ങളിൽ സലഫി മൻഹജിനെ പിന്തുടരുന്ന ഗ്രന്ഥങ്ങൾക്കാണ് മുൻഗണന നൽകുന്നത്.