മതവിമർശകരും ഇസ്‌ലാമും; ലോക വീക്ഷണങ്ങളുടെ വ്യത്യാസം

റോഷൻ പുനലൂർ

2025 ആഗസ്റ്റ് 16, 1447 സഫർ 22

മതവിമർശകർ ഇസ്‌ലാമിനെ മാത്രം ഉന്നംവയ്ക്കുന്നതിന്റെ കാരണം ഇസ്‌ലാമോഫോബിയ മാത്രമാണോ? ഇത്തരം സംശയമുള്ളവർ മുസ്‌ലിംകൾക്കിടയിൽ തന്നെയുണ്ട്. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യമെടുക്കാം, ഇതിന് എങ്ങനെയൊക്കെ ഉത്തരം പറഞ്ഞാലും ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ല. കാരണം, ചോദ്യം വരുന്നത് ഒരു ലോക വീക്ഷണത്തിൽനിന്നും ഉത്തരം പറയുന്നത് മറ്റൊരു ലോകവീക്ഷണത്തിൽ നിന്നുമാണ്. രണ്ട് കാര്യങ്ങളാണ് ഈ ചോദ്യത്തിൽ അന്തർലീനമായിരിക്കുന്നത്; പുരോഗമനവും വ്യക്തിസ്വാതന്ത്ര്യവും. ഒരാശയം പ്രാകൃതമാണോ ആധുനികമാണോ എന്നതിന്റെ അടിസ്ഥാനത്തിൽ അത് ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കുന്നതിന്റെ യുക്തിയെന്താണ്? പ്രാകൃതമായ ശരികളും അത്യാധുനിക മണ്ടത്തരങ്ങളും ഉണ്ടാകാം. എഡി 500കളിൽ ഉദയംകൊണ്ട ജനാധിപത്യം എന്ന ആശയത്തെ ഇപ്പോഴും മഹത്തായ ജനാധിപത്യം എന്ന് തന്നെയല്ലേ പറയുന്നത്? ഒന്നും ഒന്നും രണ്ടാണ് എന്ന ഉത്തരം പ്രാകൃതമാണ്, അതിൽ പുരോഗമനപരമായ മാറ്റം വേണം എന്ന് ആരെങ്കിലും പറയുമോ?

ആവശ്യങ്ങൾ അന്നും ഇന്നും ഒന്നുതന്നെ; ഭക്ഷണം, വസ്ത്രം, സുരക്ഷ, പാർപ്പിടം, പങ്കാളി, ചികിത്സ, സന്തോഷം, സമാധാനം, ആശയവിനിമയം, ട്രാൻസ്‌പോർടേഷൻ തുടങ്ങിയവ. പ്രശ്‌നങ്ങളുടെ കാരണങ്ങൾ; സമ്പത്തിനോടും അധികാര സ്ഥാനമങ്ങളോടുമുള്ള അത്യാഗ്രഹം, അഹംഭാവം, അസൂയ, പക, വിദ്വേഷം, തുടങ്ങിയവയും. ഇതൊക്കെ നേടാനും ചെയ്യാനുമുള്ള മാർഗങ്ങൾ മാത്രമാണ് പുരോഗമിച്ചത്. പണ്ട് കൃഷി ചെയ്തും വേട്ടയാടിയുമാണ് ഭക്ഷണം കണ്ടെത്തിയിരുന്നത്. ഇന്ന് സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങുന്നു. അന്ന് പ്രാവിന്റെയും പരുന്തിന്റെയും കാലിൽ കെട്ടി കത്തയച്ചിരുന്നു. ഇന്ന് വാട്‌സാപ്പിലും ജിമെയിലിലും അയക്കുന്നു. അമ്പെയ്തും കുന്തമെറിഞ്ഞും കൊന്നിരുന്നത് മാറി ഇപ്പോൾ ബോംബിട്ടും വെടിവച്ചും കൊല്ലുന്നു. അടിസ്ഥാനപരമായി മനുഷ്യനിൽ എന്ത് പുരോഗമനമാണുണ്ടായത്? പാരമ്പര്യമായതെല്ലാം അല്ലെങ്കിൽ നമ്മെക്കാൾ മുമ്പ് ജീവിച്ചവരൊക്കെ നമ്മെക്കാൾ മോശപ്പെട്ടവരാണെന്ന ആശയം എവിടെനിന്നാണ് വന്നത്? ആരാണതിന്റെ ഗുണഭോക്താക്കൾ?

‘നമ്മൾ സമ്പൂർണ സ്വതന്ത്രരാണ്, നമ്മുടെ പൂർണമായ ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും നമുക്ക് തന്നെയാണ്. നമ്മളാണ് നമ്മുടെ പരമമായ യജമാനൻ. My body my rights! മറ്റുള്ളവരെ പ്രത്യക്ഷത്തിൽ ഉപദ്രവിക്കാത്തതെല്ലാം ധാർമികമായി ശരിയാണ്’ തുടങ്ങിയ ലിബറൽ പുരോഗമന സ്വതന്ത്ര ചിന്തയുടെ അടിസ്ഥനമായ ഇൻഡിവിജ്വലിസ്റ്റിക് ആശയങ്ങൾ സമൂഹത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു.

സ്വന്തം ജനനത്തിലോ സൃഷ്ടിപ്പിലോ യാതൊരു പങ്കുമില്ലാത്ത നമുക്ക് ഏതുനിമിഷം മുതലാണ് നമ്മുടെ പൂർണ ഉടമസ്ഥാവകാശാവും സ്വാതന്ത്ര്യവും ലഭിച്ചത്? ആരിൽനിന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്? എത്രയാണ് അതിന്റെ അളവ്? ആരാണത് തീരുമാനിച്ചത്? ശരിക്കും നമുക്കെത്രത്തോളം സ്വാതന്ത്ര്യമുണ്ട്? നമുക്ക് ടാക്‌സ് കൊടുക്കാതിരിക്കാനോ അധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ സ്ഥലം വാങ്ങാനോ ആ സ്ഥലത്ത് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നമ്മുടെ ഇഷ്ടത്തിന് വീട് വെക്കാനോ സ്വാതന്ത്ര്യമുണ്ടോ? ആത്മാവില്ലാത്ത കേവല ഭൗതിക വസ്തുവായ മനുഷ്യന് സ്വതന്ത്ര ഇച്ഛയുണ്ടോ? സ്വതന്ത്ര ഇച്ഛയില്ലാത്ത മനുഷ്യന് എന്തിനാണ് സ്വാതന്ത്ര്യം?

ഈ പ്രപഞ്ചത്തിനും നമുക്കും ഒരു സ്രഷ്ടാവുണ്ടെന്നും, എല്ലാറ്റിന്റെയും ഉടമസ്ഥൻ ദൈവമാണെന്നും, മനുഷ്യനെ ഒരു പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തിനായി സൃഷ്ടിച്ചതാണെന്നും വിശ്വസിക്കുന്ന, സ്വന്തം ദേഹേച്ഛകൾക്കതീതമായി ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിക്കാൻ പ്രതിജ്ഞയെടുത്ത് അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരെയാണ് മുസ്‌ലിമെന്ന് പറയുന്നത്. ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിക്കാൻ പ്രതിജ്ഞയെടുത്ത് അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിമിന് ദൈവത്തിന്റെ ഇച്ഛക്ക് വിരുദ്ധമായി, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടോ? ഇതെന്ത് ചോദ്യമാണ്? ഇന്ത്യൻ പൗരനായ ഒരാളോട് നിങ്ങൾക്ക് ഇന്ത്യൻ നിയമങ്ങൾ അംഗീകരിക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണത്. ഒരു വ്യത്യാസം, ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്. ഇല്ലെങ്കിൽ അകത്തിടും. എന്നാൽ ഇസ്‌ലാം ഒരാൾ സ്വയം സ്വീകരിക്കുന്നതാണ്. ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള കരാറാണ്. ഒരാൾക്ക് അതിൽ വിശ്വാസമില്ലാതായാൽ, അത് ശരിയല്ലെന്ന് തോന്നിയാൽ പിന്നെ അയാളിൽ ഇസ്‌ലാമില്ല.

ഈ ഇസ്‌ലാമിക വിശ്വാസിത്തിനു നേരെ വിരുദ്ധമായ ഒന്നാണ് ഇൻഡിവിജ്വലിസം. ഒരു മുസ്‌ലിം ഇൻഡിവിജ്വലിസം അംഗീകരിച്ചാൽ പിന്നെ അയാളിൽ ഇസ്‌ലാമില്ല. ഒരു മുസ്‌ലിമിന് സ്വന്തം സമ്പാദ്യം ഇഷ്ടത്തിന് ചെലവഴിക്കാൻ കഴിയുമോ? ഇല്ല! എല്ലാ വർഷവും 2.5% സകാത്ത് കൊടുക്കണം, കുടുംബത്തിന്റെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റണം. അനുവദനീയമല്ലാത്ത ഒന്നിനും ചെലവഴിക്കാൻ പാടില്ല. ഞാൻ മുസ്‌ലിമാണെന്നും അതോടൊപ്പം ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം എനിക്കിഷ്ടമുള്ളതു പോലെ ചെലവഴിക്കുമെന്നും പറയൽ വിരുദ്ധ നിലപാടുകളാണ്. ഇത് രണ്ടും ഒരാളിൽ ഒരുമിക്കുക സാധ്യമല്ല. വിരുദ്ധ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് ലോകവീക്ഷണങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിത്. പക്ഷേ, ചർച്ചകൾ മിക്കപ്പോഴും വൈകാരിക മണ്ഡലത്തിന്റെ തൊലിപ്പുറത്താണ് അരങ്ങേറുന്നത്.

സെക്യൂലറിസം മതത്തെ നിർവചിക്കുന്നത് ഒരാളുടെ ആത്മീയവും സ്വകാര്യവുമായ ഒന്നായാണ്. പക്ഷേ, യഥാർഥത്തിലത് പറയുന്നത് നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളത് വിശ്വസിച്ച് നടന്നോളൂ, ഇവിടുത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ എങ്ങനെയാവണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാമെന്നാണ്. ക്രിസ്ത്യാനിറ്റിക്കോ ഹിന്ദുയിസത്തിനോ ബുദ്ധമതത്തിനോ അതിലൊരു പരിഭവമുണ്ടാകാനിടയില്ല. കാരണം അവ മനുഷ്യരുടെ ആത്മീയ മണ്ഡലത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയോ ഒതുങ്ങിപ്പോയതോ ആണ്. ഇസ്‌ലാമിനെ ഈയൊരു ചട്ടക്കൂടിൽ ഒതുക്കി നിർത്തുക അസാധ്യമാണ്. പുരോഗമന സെക്യൂലർ ഭൗതിക പ്രത്യയശാസ്ത്രങ്ങൾ മതത്തിന് അനുവദിച്ചുകൊടുക്കാത്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെല്ലാം ഇസ്‌ലാമിന് നിലപാടുകളുണ്ട്. ആത്മീയതിയിലൂന്നിയാണ് ഈ ഭൗതിക വ്യവഹാരങ്ങളെയെല്ലാം ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. ഭൗതിക പ്രത്യയശാസ്ത്രങ്ങളെല്ലാം മനുഷ്യനെ കാണുന്നതും വിശകലനം ചെയ്യുന്നതും പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതും പരിഹാരം കണ്ടെത്തുന്നതും മനുഷ്യനെ ഒരു കേവല ജൈവിക ഭൗതിക വസ്തുവായി മാത്രം പരിഗണിച്ചുമാണ്.

സമൂഹത്തിന്റെ നന്മയെക്കാളും വ്യക്തിഗത സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൽപിക്കുന്ന ഇൻഡിവിജ്വലിസമാണ് ഇന്ന് നിലവിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ആന്തരിക തത്ത്വം. ഇതിന്റെ രാഷ്ട്രീയ പതിപ്പാണ് ലിബറലിസം. സാമ്പത്തിക പതിപ്പാണ് ക്യാപിറ്റലിസം. ഇതനുസരിച്ചാണ് ആത്മഹത്യയും അബോർഷനും സ്വവർഗരതിയും ഇൻസെസ്റ്റും മൃഗരതിയും ശവരതിയുമെല്ലാം അവകാശവും സ്വാതന്ത്ര്യവുമാകുന്നത്.

മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹിക ജീവിയാണ്. ചരിത്രത്തിലെന്നും മനുഷ്യൻ ഓരോ കൂട്ടമായും സമൂഹമായുമാണ് നിലനിന്നിരുന്നത്. സുദൃഢമായ കുടുംബബന്ധങ്ങളാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. മുകളിൽ പറഞ്ഞ ഇൻഡിവിജ്വലിസ്റ്റിക് അവകാശവും സ്വാതന്ത്ര്യവുമെല്ലാം കട പുഴക്കുന്നത് സമൂഹത്തിന്റെ ആണിക്കല്ലിനെയാണ്. പാശ്ചാത്യൻ സംസ്‌കാരങ്ങളിലേക്ക് പാഞ്ഞടുക്കാനാണ് സ്വതന്ത്ര ചിന്തകരുടെ ‘പുരോഗമന’ വിപ്ലവങ്ങൾ. അതിന്റെ വിദൂര ഭാവിയിലുള്ള അപകടങ്ങളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ സ്വതന്ത്രമായി ചിന്തിക്കാത്തതുകൊണ്ട് മാത്രമാണത്. ഇതിനു നേരെ വിരുദ്ധമായ, വ്യക്തികളെക്കാൾ സമൂഹത്തിന്റെ താൽപര്യങ്ങളും അവകാശങ്ങളും പുരോഗമനവും ലക്ഷ്യം വെക്കുന്ന ആശയങ്ങളാണ് Collectivism/Socialism. വ്യക്തിക്ക് പ്രത്യേക അവകാശങ്ങളോ പരിഗണനയോ ഉടമസ്ഥാവകാശമോ അവയിൽ ഇല്ല.

ഈ ഭൗതിക പ്രത്യയശാസ്ത്രങ്ങളെല്ലാം ഒരു സാമൂഹികക്രമം രൂപപ്പെടു ത്തിയെടുക്കുന്നത് ഒരു അധികാര കേന്ദ്രം നടപ്പിലാക്കുന്ന നിയമ ങ്ങളിലൂടെയും കൃത്യമായ നിരീക്ഷ ണങ്ങളിലൂടെയുമാണ്(Top down hierarchy). അധികാരകേന്ദ്രം അനുവദിച്ചുതരുന്ന സ്വാതന്ത്ര്യം മാത്രമാണ് നമുക്കുണ്ടാകുക. നിയമവാഴ്ച തടസ്സപ്പെട്ടാൽ, അധികാരകേന്ദ്രം തകർന്നാൽ സമൂഹം താറുമാറാകും. അധികാര കേന്ദ്രം നീതിയും ന്യായവും നടപ്പിലാക്കിയില്ലെങ്കിലും വ്യവസ്ഥിതി അലങ്കോലമാകും. മരണത്തോടെ എല്ലാം അവസാനിക്കുന്ന, അക്രമിക്കപ്പെട്ടവനും അക്രമിയും ഒരുപോലെ ചീഞ്ഞളിഞ്ഞ് മണ്ണായി അവസാനിക്കുന്ന ഭൗതികവാദ വീക്ഷണത്തിൽ അധികാരവും ശക്തിയുമുള്ളവർക്ക് നീതിന്യായം നടപ്പിലാക്കാൻ ധാർമിക ഉത്തരവാദിത്തമൊന്നുമില്ല. അതൊക്കെ ചെയ്യുന്നതിനെക്കാൾ നല്ലത് സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കുന്നതാണെന്ന് തോന്നിയാൽ ചെയ്യാതിരിക്കാൻ കാരണങ്ങളൊന്നുമില്ല. ചെയ്യാൻ ധരാളം കാരണങ്ങളുമുണ്ട്.