പ്രവാചകത്വത്തെ നിഷേധിക്കുന്നവർ

ശമീർ മദീനി

2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

മനുഷ്യരുടെ ഇഹപര രക്ഷയ്ക്കായി അവരിൽനിന്നുതന്നെ പ്രവാചകന്മാരെ നിയോഗിക്കുകവഴി അല്ലാഹു വലിയ അനുഗ്രഹമാണ് ചെയ്തിരിക്കുന്നത്. എന്നാൽ ആ അനുഗ്രഹത്തെയും അതിന്റെ യാഥാർഥ്യത്തെയും നിഷേധിക്കുന്നതിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാൻ പിശാച് പല ദുർന്യായങ്ങളും അവരിലേക്ക് ഇട്ടുകൊടുക്കുകയുണ്ടായി.

(1) അത്തരത്തിലുള്ള, പിശാചിന്റെ ദുർബോധനങ്ങളിൽ ഒന്നാണ് മറ്റു പലർക്കും അറിയാത്തത് ചിലർക്ക് മാത്രം അറിയുക എന്നതിലെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാചകത്വത്തെ നിഷേധിക്കാനുള്ള ദുർബോധനം. പ്രവാചകത്വത്തെ നിഷേധിക്കാൻ പലരും ഉന്നയിച്ച ന്യായമായിരുന്നു അത്; തങ്ങളെ പോലെയുള്ള മനുഷ്യർ മാത്രമാണ് ഇവരെന്നും തങ്ങൾക്ക് അറിയാത്തത് എങ്ങനെ ഇവർക്ക് മാത്രം അറിയാൻ കഴിയുന്നു എന്നുമുളള ചോദ്യം.

“അപ്പോൾ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: ഇവൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളെക്കാളുപരിയായി അവൻ മഹത്ത്വം നേടിയെടുക്കാൻ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ (ദൂതൻമാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂർവപിതാക്കൾക്കിടയിൽ ഇങ്ങനെയൊന്ന് ഞങ്ങൾ കേട്ടിട്ടില്ല’’ (23:24). 23:33-38 വചനങ്ങളും ഇതേ കാര്യം പറഞ്ഞുതരുന്നുണ്ട്.

മറുപടി: ബുദ്ധിയും യുക്തിയും നിരത്തിക്കൊണ്ടുതന്നെ ഇതിന് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുകയാണെങ്കിൽ നമുക്ക് ബോധ്യപ്പെടുന്ന ചില സംഗതികളുണ്ട്. അതായത്, ചില വ്യക്തികൾക്ക് മറ്റു ചിലരെക്കാൾ പല പ്രത്യേകതകളും ഉള്ളതായി നമുക്ക് കാണാം. എല്ലാവർക്കും ഇല്ലാത്ത ചില സവിശേഷതകൾ മറ്റു ചിലർക്കുണ്ടാകുന്നത് സ്വാഭാവികമാണ്; അതിൽ യാതൊരു അസാംഗത്യവും ഇല്ല. ദൈവികമായ വെളിപാടുകൾ ഏറ്റെടുക്കുന്നതിന് അത്തരം സവിശേഷതകൾ ഉള്ളവരെ അല്ലാഹു തെരഞ്ഞെടുക്കുന്നു എന്നത് അല്ലാഹുതന്നെ പറഞ്ഞ സംഗതിയാണ്.

“മലക്കുകളിൽനിന്നും മനുഷ്യരിൽനിന്നും അല്ലാഹു ദൂതൻമാരെ തെരഞ്ഞെടുക്കുന്നു. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും കാണുന്നവനുമത്രെ’’(22:75).

“അവർക്ക് വല്ല ദൃഷ്ടാന്തവും വന്നാൽ, അല്ലാഹുവിന്റെ ദൂതൻമാർക്ക് നൽകപ്പെട്ടത് പോലുള്ളത് ഞങ്ങൾക്കും ലഭിക്കുന്നതുവരെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവർ പറയുക. എന്നാൽ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്റെ ദൗത്യം എവിടെയാണ് ഏൽപിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളിൽ ഏർപെട്ടവർക്ക് തങ്ങൾ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്റെ ഫലമായി അല്ലാഹുവിങ്കൽ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്’’(6:124).

മനുഷ്യരിൽ മാത്രമല്ല ചെടികളിലും കല്ലുകളിലും മണ്ണിലുമൊക്കെ ഈ സവിശേഷത നമുക്ക് ദർശിക്കാൻ കഴിയും. ചില ചെടികളുടെ ഇലകളും കായ്കളും പൂക്കളും മറ്റും പ്രത്യേകമായ അളവിലും രൂപത്തിലും ഉപയോഗിക്കുമ്പോൾ അത് രോഗപ്രതിരോധത്തിനും ചികിത്സക്കും ഒക്കെയുള്ള ഔഷധമായി മാറുന്നു എന്നത് അവയ്ക്കുള്ള സവിശേഷതകളാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?

ഒരു കവി പറഞ്ഞതുപോലെ ‘മുഹമ്മദ് ﷺ ഒരു മനുഷ്യനാണ്; എന്നാൽ മറ്റു മനുഷ്യരെ പോലെയല്ല. മരതകവും ഒരു കല്ലാണ്; പക്ഷേ, അത് മറ്റു കല്ലുകളെ പോലെയല്ലല്ലൊ.’’

മനുഷ്യരിൽനിന്നുതന്നെ ഒരു ദൂതനെ അല്ലാഹു അയച്ചു എന്നതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാ നുള്ളത്?

“എന്നാൽ അവരിൽനിന്നു തന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്ത് വന്നതിനാൽ അവർ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികൾ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു’’ (50:2).

“ജനങ്ങൾക്ക് താക്കീത് നൽകുകയും സത്യവിശ്വാസികളെ, അവർക്ക് അവരുടെ രക്ഷിതാവിങ്കൽ സത്യത്തിന്റെതായ പദവിയുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഒരാൾക്ക് നാം ദിവ്യസന്ദേശം നൽകിയത് ജനങ്ങൾക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികൾ പറഞ്ഞു: ഇയാൾ സ്പഷ്ടമായും ഒരു മാരണക്കാരൻ തന്നെയാകുന്നു’’(10:2).

ഈ സംശയങ്ങൾക്ക് ഉത്തരം പറയാൻ ചിലയാളുകൾ കണ്ടെത്തിയ വഴി ‘പ്രവാചകൻ സാധാരണ മനുഷ്യനല്ല’ എന്ന വാസ്തവ വിരുദ്ധവും വിചിത്രവുമായ ചില വാദത്തിലൂടെയാണ്. എന്നാൽ വിശുദ്ധ ക്വുർആൻ തറപ്പിച്ചു പറയുന്നു; മുഹമ്മദ് നബിﷺ ഒരു മനുഷ്യൻ തന്നെയാണ്. പക്ഷേ, മറ്റു മനുഷ്യരെപ്പോലെയല്ല എന്ന്.

“(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’’ (18:110).

“നീ പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുകയും അവനോട് നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ...’’(41:6).

നമ്മുടെ കൂട്ടത്തിൽ തന്നെ ചിലയാളുകളുടെ സംസാരവും ഇടപെടലുകളും മറ്റുചിലർക്ക് ആശ്വാസവും സമാധാനവുമാകുന്നത് നാം കാണുന്നതും അനുഭവിക്കുന്നതുമാണ്. എന്നിരിക്കെ അല്ലാഹു മനുഷ്യരുടെ ഇഹപര നന്മക്കായി അവരിൽനിന്നുതന്നെ ചിലരെ നന്മകളിലേക്ക് വഴിനടത്തുന്ന ദൂതന്മാരായി തെരഞ്ഞെടുത്തു എന്നതിൽ എന്ത് അസാംഗത്യമാണുള്ളത്?

(2) പ്രവാചകത്വത്തെ നിഷേധിക്കുന്നവരുടെ മറ്റൊരു സന്ദേഹം ഇങ്ങനെയായിരുന്നു: ‘മനുഷ്യരെക്കാൾ വിശുദ്ധരും സ്രഷ്ടാവിലേക്ക് അടുത്തവരുമായ മലക്കുകളെ പ്രവാചകന്മാരായി നിശ്ചയിക്കുകയായിരു ന്നെങ്കിൽ അതല്ലേ ഏറ്റവും നല്ലത്? കാരണം മനുഷ്യരെ സംബന്ധിച്ചിടത്തോളം പല ഭൗതിക താൽപര്യങ്ങളുമുള്ളതായി ഊഹിക്കാനും സംശയിക്കാനുമൊക്കെ ഇടയുണ്ടല്ലോ!’

മറുപടി: ഈ സന്ദേഹത്തിന് പല രീതിയിൽ മറുപടി പറയാം.

ഒന്ന്) പ്രവാചകത്വത്തിന്റെ സത്യതക്ക് തെളിവായി അവതരിപ്പിക്കുന്ന അസാധാരണമായ ദൃഷ്ടാന്തങ്ങൾ (മുഅ്ജിസത്തുകൾ) മലക്കുകളെ സംബന്ധിച്ചിടത്തോളം സാധാരണ സംഗതികളായിരിക്കും. അതിനാൽ അവരെ സംബന്ധിച്ചിടത്തോളം ‘മുഅ്ജിസത്ത്’ എന്നത് അപ്രായോഗികവും അപ്രസക്തവുമാകും. മുഅ്ജിസത്ത് എന്നത് ദുർബലനായ മനുഷ്യന്റെ കൈകളിലൂടെ വെളിപ്പെടുന്ന ദൈവികമായ അസാധാരണ സംഭവങ്ങളാണ്. അതിനു സമാനമായതു ചെയ്യാൻ മറ്റുള്ള വർക്ക് സാധിക്കുകയില്ല. അപ്പോൾ അത് ആ പ്രവാചകന്റെ പ്രവാചകത്വത്തിനുള്ള തെളിവായി നിലകൊള്ളും. എന്നാൽ മലക്കുകളാണ് പ്രവാചകന്മാരായി വരുന്നതെങ്കിൽ ഈ ഒരു സംഗതി ഇല്ലാതെയാകും.

രണ്ട്) ഓരോ വർഗവും അതേ വർഗവുമായിട്ടാണ് കൂടുതൽ ഇണക്കവും പരിചയവുമുള്ളത്. അതിനാൽ കാര്യങ്ങളുടെ സുഗമമായ കൈമാറ്റത്തിനും ആശയ വിനിമയങ്ങൾക്കും സർവോപരി മാതൃകയാകുന്നതിനും മനുഷ്യർക്ക് മനുഷ്യരിൽനിന്ന് തന്നെയുള്ള ദൂതന്മാരായിരിക്കണം ഉണ്ടാകേണ്ടത്. ഇല്ലെങ്കിൽ അത് വലിയ പ്രതിസന്ധികൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെക്കും. ഉദാഹരണത്തിന്, പകലന്തിയോളം അന്നപാനീയങ്ങൾ ഉപേക്ഷിച്ച് സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ച് വ്രതമനുഷ്ഠിക്കുക എന്നത് അന്നപാനീയങ്ങൾ ഒന്നുംതന്നെ ആവശ്യമില്ലാത്ത മലക്കുകൾ പറയുമ്പോൾ, ഇതെല്ലാം അടിസ്ഥാന ആവശ്യമായ മനുഷ്യരെ സംബന്ധിച്ചിടത്തോളം

അതിൽ മാതൃകയോ പ്രായോഗികതയോ ഉണ്ടാകുന്നില്ല. അതുപോലെതന്നെയാണ് വിവാഹം, കുടുംബം, മക്കൾ തുടങ്ങിയ കാര്യങ്ങളും. മലക്കുകളുടെയും മനുഷ്യരുടെയും പ്രകൃതങ്ങൾ വ്യത്യസ്തങ്ങളാണ്. അതിനാൽ മനുഷ്യനായ പ്രവാചകനിലാണ് മനുഷ്യന് പൂർണമായ മാതൃകയുള്ളത്.

“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (33:21).

“അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴികാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങൾ ചെന്നെത്തുന്നത്’’(42:52,53).

മൂന്ന്) മലക്കുകളുടെ യഥാർഥ രൂപത്തിൽ അവരെ കാണുവാനോ ആശയവിനിമയം നടത്തുവാനോ മനുഷ്യന് സാധ്യമല്ല. പ്രവാചകന്മാരെ അല്ലാഹു പ്രത്യേകം ശക്തിപ്പെടുത്തി പ്രാപ്തരാക്കിയതിലൂടെ അവർക്ക് അത്തരം സംഗതികൾക്ക് കഴിഞ്ഞിരുന്നെങ്കിലും മനുഷ്യൻ അതിന് അശക്തനാണ്. അതിനാൽ മലക്കുകൾ മനുഷ്യരുടെ അടുക്കലേക്കു വന്ന് വല്ല കാര്യങ്ങളും അറിയിക്കണമെങ്കിൽ മനുഷ്യരൂപത്തിൽ കോലം മാറി വരേണ്ടിവരും. അതാകട്ടെ ഫലത്തിൽ ആശയക്കുഴപ്പം വർധിപ്പിക്കുകയല്ലാതെ മേൽ സൂചിപ്പിച്ച സംഗതികൾക്ക് പരിഹാരമാകുന്നില്ല താനും. അല്ലാഹു പറയുന്നു:

“ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കിൽ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തിൽ (അപ്പോഴും) നാം അവർക്ക് സംശയമുണ്ടാക്കുന്നതാണ്’’(6:9).

എന്നാൽ മനുഷ്യർക്ക് മനുഷ്യരിൽനിന്നുതന്നെ നല്ലവരായ ആളുകളെ പ്രവാചകന്മാരായി തെരഞ്ഞെടുക്കുന്നതിലൂടെ ഈ ആശയക്കുഴപ്പങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. എന്ന് മാത്രമല്ല നിരവധി ഗുണങ്ങളും നന്മകളും നമുക്ക് ഗ്രഹിക്കുവാൻ കഴിയുകയും ചെയ്യും.

അല്ലാഹു പറയുന്നു: “തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽനിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുകവഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു’’(3:164).

അവരോട് അവരിലേക്കുള്ള ദൈവദൂതൻമാർ പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യൻമാർ തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങൾക്ക് യാതൊരു തെളിവും കൊണ്ടുവന്ന് തരാൻ ഞങ്ങൾക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികൾ ഭരമേൽപിക്കേണ്ടത്’’ (14:11).