ശാസ്ത്രവാദികളുടെ അശാസ്ത്രീയ പരിഷ്‌കാരങ്ങൾ
ശാഹുൽ പാലക്കാട്
2025 ജൂലൈ 05, 1447 മുഹറം 09

ചികിത്സിക്കാനറിയാത്ത ഡോക്ടർ ഏതു രോഗത്തിനും കൈയിൽ മുന്നേ കരുതിയ ഒരേ മരുന്ന് തന്നെ നൽകുന്ന പോലെയാണ് ഭരിക്കാൻ അറിയാത്ത സർക്കാർ പ്രശ്‌നങ്ങൾക്ക് കണ്ടെത്തുന്ന മിക്ക പരിഹാരങ്ങളും. അവയെല്ലാം ഒരേ കോലത്തിലുള്ളതും പ്രവർത്തിക്കാത്തതുമാകുന്നു.
തുല്യതയെന്നാൽ ജെൻഡർ വ്യതിരിക്തതകളെ ഇല്ലാതാക്കുകയും ആണും പെണ്ണും ഒരുപോലെ ന്യൂട്രൽ വസ്ത്രം ധരിക്കലാണെന്നും ചിന്തിച്ച ബുദ്ധിയില്ലായ്മ ഇപ്പോഴും സർക്കാരിനെ വിട്ടുപോയിട്ടില്ല എന്നാണ് പുതിയ നിലപാടുകളും തെളിയിക്കുന്നത്.
പെൺകുഞ്ഞുങ്ങൾ കളിക്കാൻ പാവകളെയും ആൺകുഞ്ഞുങ്ങൾ ടോയ്‌സായി തോക്കും ട്രക്കും തിരഞ്ഞെടുക്കുന്നതുമൊക്കെ സാമൂഹ്യമായ ജെൻഡർ ബോധത്തിന്റെ അടിച്ചേൽപിക്കൽ കൊണ്ടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കാര്യമായി മുൻപും വിവരക്കേട് പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വാസ്തവത്തിൽ കുരങ്ങുകളിൽ പോലും കാണുന്ന ഈ ജെൻഡർ വ്യതിരിക്തതകൾ അവരുടെ പ്രകൃതത്തിന്റെ തന്നെ സ്വഭാവമാണ്.
(Sex differences in children’s toy preferences: A systematic review, meta-regression, and meta-analysis). സകല അധ്യാപകരെയും ടീച്ചർ എന്നു മാത്രം വിളിച്ചാൽ തുല്യത കൊണ്ടുവരാം എന്നായിരുന്നു ഈയടുത്ത് ഇവർ കണ്ടെത്തിയ മറ്റൊരു സിദ്ധാന്തം. ഇവിടെയെല്ലാം ജെൻഡറുകളെയും ജീവിതത്തെയും സംബന്ധിച്ച തങ്ങളുടെ കൈയിലുള്ള മുൻധാരണ അപ്രായോഗികമാണെന്ന് ആവർത്തിച്ച് ബോധ്യപ്പെടേണ്ട സമയം കഴിഞ്ഞിട്ടും അതിലും അർഥശൂന്യമായ മറ്റൊരു നിലപാട് കൊണ്ടുവരുന്നു എന്നതാണ് സൂംബ നൃത്തം അടിച്ചേൽപിക്കുന്നതിലെ വൈരുധ്യം.
കുട്ടികൾ കൂട്ടത്തോടെ സൂംബാ ഡാൻസ് കളിച്ചാൽ ലഹരിയുപയോഗം ചെറുക്കാം എന്നതിന് തെളിവും യുക്തിയും ഇല്ല എന്നതാണ് ഒന്നാമത്തെ കാര്യം. തെളിവില്ലാത്ത ഏതു കാര്യത്തെയും തെളിവില്ലാതെ തന്നെ തള്ളാം. What can be asserted without evidence can alos be dismissed without evidence (Hitchens).
കായികവും മാനസികവുമായ ഉല്ലാസവും ഉന്മേഷവും ഉണ്ടായാൽ ആരും ലഹരിയിലേക്ക് വീഴില്ല എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ‘ന്യായം!’ നിശാ ക്ലബ്ബുകളിൽ ഇതേ ഉന്മേഷവും ഉല്ലാസവും ഡാൻസും ഒക്കെ തകൃതിയായി നടക്കുന്ന ഇടങ്ങളിലാണ് റെയ്ഡുകളിൽ സർവസാധാരണമായി മാരകലഹരി മരുന്നുകൾ പിടികൂടാറുള്ളത് എന്ന യാഥാർഥ്യം നിലനിൽക്കെ എങ്ങനെയാണ് ഇങ്ങനെ മണ്ടത്തരം പറയാൻ പറ്റുന്നത് എന്നറിയില്ല! കലയെന്ന പേരിൽ rap pop music വരികൾ ഒരു സമൂഹത്തിലെ ലജ്ജാ ബോധത്തെ ഇല്ലാതാക്കിയാണ് ഒരു ശതമാനം അമേരിക്കൻ യുവതലമുറയെ രാസലഹരിയിലേക്ക് എത്തിച്ചതെന്നാണ് ben shapiero തന്റെ porn generation എന്ന കൃതിയിൽ നടത്തുന്ന വിമർശനം തന്നെ.
ഇനി ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ തന്നെയാണ് ആവശ്യം എന്ന് തോന്നുന്നുണ്ടെങ്കിൽ അതും ഇടതു സർക്കാറിന് അത്ര ദഹിക്കുന്ന കോലത്തിലുള്ള ഒന്നല്ല.
2019ലെ Are religious people happier, healthier? എന്ന pew research പഠനം അനുസരിച്ച് ലഹരിയിൽ നിന്നും അശ്ലീലതകളിൽനിന്നും വ്യക്തികളെ മാറ്റി നിറുത്താൻ ദൈവവിശ്വാസം സഹായിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. (the actively religious are generally less likely than the unaffiliated to smoke and drink).
കൂടാതെ ലഹരിയിലേക്ക് എത്തുന്ന വലിയൊരു ശതമാനം അതിനെ കാണുന്നത് ഡിപ്രഷനുള്ള പരിഹാരമായാണ്. എന്നാൽ ഈ ഡിപ്രഷനും അർഥമില്ലായ്മക്കും പരിഹാരമാകാൻ ദൈവ വിശ്വാസത്തിന് കഴിയുന്നു എന്നതും സയന്റിഫിക് ആയ നിരീക്ഷണങ്ങളാണ്. Actively religious people are more likely than their less-religious peers to describe themselves as “very happy” എന്ന് മുകളിൽ ഉദ്ധരിച്ച pew research studyയിൽ തന്നെ കാണാം. ബഹുപൂരിക്ഷം പഠനങ്ങളെ ഉൾപ്പെടുത്തിയുള്ള meta analysis ഉം ഇതുതന്നെ പറയുന്നു. (At least 444 studies have now quantitatively examined these relationships. Of those, over 60% report less depression and faster remission from depression in those more Religious/Spiritual or a reduction in depression severity in response to an R/S intervention).
അതായത്, ‘കുറച്ച് താലിബാനികൾ’ എന്ന് ഇവർ പറയുന്ന ആളുകൾ മുന്നോട്ട് വെക്കുന്ന ജീവിത രീതിയിലാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം ശാസ്ത്രീയമായ ബദൽ പരിഹാരങ്ങളുള്ളത്!
വൈരുധ്യാധിഷ്ഠിത ഭൗതികവാദമൊക്കെ ഇപ്പോഴും ശരിയാണെന്ന് കരുതി ജീവിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാകാത്തത് പോട്ടെ എന്നു വെക്കാം. പക്ഷേ, ഒരു വിഷയത്തെ യുക്തിപരമായ തെളിവുകൾകൊണ്ട് സമർഥിക്കുന്നതിന് പകരം എതിർപക്ഷത്ത് നിൽക്കുന്നവരെ താലിബാനികൾ/തീവ്ര ചിന്താഗതിക്കാർ എന്നൊക്കെ name call ചെയ്ത് ചാപ്പ കൊടുത്താൽ പരിഹാരമാകും എന്നൊക്കെ കരുതുന്നത് എന്തുതരം വിവരമില്ലായ്മയാണ്! ഒരു വിഭാഗം യുക്തിയും സദാചാരവും ശാസ്ത്രീയ ന്യായങ്ങളും പറയുമ്പോൾ മറ്റൊരു കൂട്ടർ ചാപ്പയടിയും റദ്ദ് ചെയ്യലിന്റെ യുക്തിയുമായി പ്രതികരിക്കുന്നു.
സൂംബ ലഹരിയെ തടയും എന്ന ചിന്തതന്നെ അശാസ്ത്രീയമാണെന്ന് അതിനെ പിന്താങ്ങുന്നവർക്ക് പോലും അറിയുന്നതുകൊണ്ടാവണം ന്യായമായി പഠനങ്ങളെ ഉദ്ധരിക്കുന്നതിന് പകരം ചാപ്പ വാക്കുകളിൽ മറുപടി അവസാനിക്കുന്നത്. ശാസ്ത്രീയമായ കണ്ടെത്തലുകളെ മുൻനിർത്തി പ്രവർത്തിക്കുകയും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യമെങ്കിൽ ജീവിതത്തിന് അർഥവും ലക്ഷ്യവും കൽപിക്കുന്ന മതദർശനങ്ങളും അതിന്റെ ധാർമിക അധ്യാപനങ്ങളും ലഹരിയിൽ നിന്ന് വിട്ടുനിൽക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നു എന്ന ശാസ്ത്രീയമായ പഠനങ്ങൾ തന്നെയുണ്ട്. ഒരുഭാഗത്ത് ശാസ്ത്രീയമായി പ്രവർത്തിക്കില്ല എന്നുറപ്പുള്ള സൂംബ ഡാൻസ് ഉപയോഗിക്കാമെങ്കിൽ മറുഭാഗത്ത് ശാസ്ത്രീയമായി പ്രവർത്തിക്കും എന്നുറപ്പുള്ള മതദർശനങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ നിലപാട് എന്താണ്?
സൂംബ കളിച്ചാൽ എന്താണ് പ്രശ്‌നം എന്നതാണ് ആവർത്തിക്കുന്ന ചോദ്യങ്ങൾ. ചില കാര്യങ്ങളോട് വിട്ടുനിൽക്കാൻ അത് ആഗോള പ്രശ്‌നം തന്നെയായിരിക്കണം എന്ന് നിർബന്ധമില്ല എന്നതാണ് അത്തരം ചോദ്യക്കാർ മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ‘ഭാരതാംബ’യുടെ ചിത്രം വെച്ചു എന്ന ഒറ്റക്കാരണത്താൽ രാജ്ഭവനിലെ പ്രോഗ്രാമിൽനിന്നും ഇറങ്ങിപ്പോകുകയുണ്ടായി. അത്തരം ഒരു ചിത്രം അവിടെ ഇരിക്കുന്നതുകൊണ്ട് എന്ത് ആഗോള പ്രശ്‌നമാണ് ഉള്ളത് എന്ന് ചോദിക്കാം. എന്നാൽ സാംസ്‌കാരികമായും ആദർശപരമായും വിയോജിപ്പുള്ള ഒരു രീതിയോട് വിട്ടുനിൽക്കാനുള്ള ന്യായം മന്ത്രിക്കുണ്ട് എന്നതുപോലെ സാംസ്‌കാരികമായി വിയോജിപ്പുള്ള നൃത്തച്ചുവടുകളോട് വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നവർക്കെല്ലാം അതിനു കഴിയണം. പ്രത്യേകിച്ച് സൂംബ നൃത്തം ഒരു എക്‌സിബിഷണലിസ്റ്റിക് കൾച്ചറിന്റെയും ജീവിത രീതിയുടെയും ഉൽപന്നമാണ്. തങ്ങളുടെ appearance സംബന്ധിച്ച് ആകുലതയുണ്ടാക്കുന്നതും മറ്റുള്ളവരുമായി സൗന്ദര്യ താരതമ്യം നടത്തിയുണ്ടാക്കുന്ന മെന്റൽ സ്ട്രൈൻ ജീവിതവും ആൺ-പെൺ കൂടിക്കലരലും show off കൾചറുമായുമെല്ലാം വിട്ടുനിൽക്കാൻ താൽപര്യപ്പെടുന്ന ജനങ്ങളുണ്ട് എന്ന കാര്യം വിസ്മരിക്കാതിരിക്കുക.
കലാലയങ്ങളിൽ സ്ഥിരമായി മ്യൂസിക്കിന്റെ ബാക്ഗ്രൗണ്ടിൽ ഡാൻസ് ചെയ്ത് വളരുന്ന ഒരു സമൂഹത്തിന് കലാലയങ്ങൾക്ക് ശേഷം ആ dopamine inflation നൽകുന്ന ഇടങ്ങൾ ഡിജെ പാർട്ടികളും നിശാ ക്ലബുകളും ഒക്കെ മാത്രമാണ്. ഏറ്റവുമധികം ലഹരി ഒഴുകുന്ന ഈ ഇടങ്ങളിലേക്ക് ഒരു തലമുറയെ മുഴുവൻ വഴി നടത്തുന്ന മണ്ടൻ പ്രഖ്യാപനം ലഹരിയെ ഇല്ലാതാക്കും എന്നൊക്കെ ആത്മാർത്ഥമായി വിവരക്കേട് പറയുന്ന ആളുകൾക്ക് ആ വിവരക്കേട് സ്വന്തം മക്കളുടെ കാര്യത്തിൽ മാത്രം പ്രാക്ടീസ് ചെയ്യാവുന്നതാണ്. പൊതു സമൂഹത്തിന് മുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് നമുക്ക് പ്രശ്‌നം.
