ഉസ്താദിെന്റ പൊയ്‌വെടികളും അന്ധത നടിക്കുന്ന അനുയായികളും

മുജീബ് ഒട്ടുമ്മൽ

2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

പ്രവാചക കേശം കൊണ്ടുവെച്ചതിനെക്കാൾ അര സെന്റീമീറ്റർ വലുതായി’-കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ, വ്യാജ കേശത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അവകാശവാദമാണിത്. അതോടെ സമൂഹമാധ്യമങ്ങൾ ട്രോളുകൾ കൊണ്ട് ആറാടുകയാണ്. മതപരമായ വിഷയങ്ങളിൽ കളവു പറയാനും പ്രചരിപ്പിക്കാനും യാതൊരു സങ്കോചവുമില്ലാതെയാണ് കാന്തപുരം സമുഹത്തിൽ നിറഞ്ഞ് നിൽക്കുന്നത്. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് കലർത്തിയ മദീന വെള്ളവും റൗദയിൽനിന്ന് വടിച്ചടുത്ത പൊടികലക്കിയ വെളളവും പ്രവാചകന്റെ വിരൽ കുത്തിയപ്പോൾ നിർഗളിച്ച ജലവും ചേരുവയായി കൂട്ടിക്കലക്കിയ നീരും തന്റെ കൈവശമുണ്ട് എന്ന അവകാശവാദവുമുണ്ട്.

കേവലം ഭൗതികമായ താൽപര്യങ്ങളും മീഡിയാ റീച്ചും ലക്ഷ്യമാക്കി മഹാവിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാനുള്ള ചർമകാഠിന്യം തനിക്കുണ്ടെന്ന് അദ്ദേഹം പലകുറി തെളിയിച്ചിട്ടുണ്ട്. ജീവിതത്തിന്റെ സായാഹ്ന സമയങ്ങളിലെങ്കിലും സമുദായത്തെ ചൂഷണോപാധിയാക്കുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കുമെന്നു പ്രതീക്ഷിച്ചവരെ നിരാശരാക്കിയാണ് പുതിയ ജൽപനങ്ങളുമായി അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നത്.

പ്രവാചകന്റെ കേശമാണ് മർകസിലേത് എന്നു തെളിയിക്കാൻ കാന്തപുരത്തിന് കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ലോകത്ത് പ്രശസ്തരും പ്രഗത്ഭരുമായ ധാരാളം ഇസ്‌ലാമിക പണ്ഡിതൻമാരും മക്കയിലെയും മദീനയിലെയും ഇമാമുമാരും ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒരവകാശവാദവുമായി അവരാരും ഇതുവരെ രംഗത്തു വന്നിട്ടില്ല. പ്രമാണ വചനങ്ങളെ ദുർവ്യാഖ്യാനിക്കാനും ഇല്ലാക്കഥകൾ മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കാനും യാതൊരു മടിയും കാണിക്കാത്ത കാന്തപുരത്തിന്റെ കൈയിൽ തന്നെ പ്രവാചക കേശം വന്നത് ആത്മീയ ചൂഷണത്തിന്റെ സാമുദായിക മാർക്കറ്റ് രൂപപ്പെടുത്തുന്നതിന്റെ മാർഗമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ‘കാന്തപുരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട നുണകൾ’ എന്ന പേരിൽ ഒരു സമസ്തക്കാരൻ പുസ്തകം തന്നെ രചിച്ചിട്ടുണ്ടെന്ന കാര്യം ഇതിനോട് ചേർത്തു വായിക്കുക.

പ്രവാചക കേശത്തിന് നിഴലുണ്ടാവില്ലെന്ന യാഥാസ്തിക വാദമനുസരിച്ച് പരിശോധിച്ച് നോക്കി യാഥാർഥ്യം മനസ്സിലാക്കാം. വ്യാജ കേശം പ്രദർശിപ്പിക്കുന്ന വീഡിയോകളിൽ പോലും അതിന്റ നിഴൽ വ്യക്തമായി കാണുന്നുണ്ട്. കത്തുകയില്ലെന്നതാണ് മറ്റൊരു വാദം. കത്തിച്ച് നോക്കി അതും പരിശോധിക്കാവുന്നതാണ്.

യാഥാർഥ്യം മറച്ചുവച്ച് ആത്മീയ ദാഹമുള്ളവരെ സാമ്പത്തികമായി ചൂഷണം ചെയ്യുവാനാണ് ‘ഉസ്താദി’ന്റെ ശ്രമം. പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം ആഗതമായ സാഹചര്യത്തിൽ വലിയ മാർക്കറ്റ് മൂല്യമാണ് ഈ വ്യാജ മുടിക്ക് കാന്തപുരം സ്വപ്നം കാണുന്നത്. 10 വർഷം കൊണ്ട് അര സെന്റീ മീറ്റർ വർധിച്ചുവെങ്കിൽ 1400 വർഷങ്ങളിലേറെ പഴക്കമുള്ള കേശത്തിന് എത്ര വളർച്ചയുണ്ടാകുമായിരുന്നു! കേരളത്തിലെ മലയാളി പ്രബുദ്ധതക്കിടയിൽ വിലപ്പോകില്ലെങ്കിലും ഇത്തരം വ്യാജവർത്തമാനങ്ങൾ കെട്ടിയിറക്കാനുള്ള ധൈര്യം ലഭിച്ചത് സ്വന്തം അനുയായികളുടെ ബുദ്ധിപരമായ അടിമത്തത്തെക്കുറിച്ചുള്ള ധാരണ കൊണ്ടാവാം. പൊതുജനങ്ങളിലേക്ക് കൂടി ഇത് ഇറക്കുമതി ചെയ്യാനുള്ള ശ്രമം മലയാളി പ്രബുദ്ധതയെ പരിഹസിക്കുന്ന പ്രവർത്തനമാണ്. നരബലിയും, ജീവൻ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് മയ്യിത്തിന് കാവലിരുന്നതും, പിതാവിനെ ജീവനോടുകൂടി സമാധിക്കിരുത്തിയതും, ചെന്താമരയുടെ നീണ്ടമുടി സ്ത്രീ വിശ്വാസവും കൊലപാതകങ്ങളുമെല്ലാം നടന്നതും മലയാളീ പ്രബുദ്ധതയ്ക്കിടയിലാണെന്നതിനാൽ കാന്തപുരത്തിന്റെ വ്യാജ മുടിയും അതിലേക്ക് ചേർത്തുവയ്ക്കാവുന്ന ഒന്നാണ്.

പ്രവാചകന്റെ പേരിൽ കളവ്

ഇസ്‌ലാം ചൂഷണമുക്തമായ മതമാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചൂഷണങ്ങൾക്കുള്ള പഴുത് എവിടെയും കാണാൻ സാധ്യമല്ല. മതത്തെ ദുർവ്യാഖ്യാനിച്ചും പ്രവാചകനെ കുറിച്ച് കളവ് പ്രചരിപ്പിച്ചും സാമ്പത്തിക ചൂഷണങ്ങൾക്ക് മതത്തിൽ ഇടം കണ്ടെത്തിയയാളാണ് കാന്തപുരം. അദ്ദേഹം കൊണ്ടുവന്ന ഈ വ്യാജമുടിയും അനുബന്ധമായി അദ്ദേഹം കെട്ടിയുയർത്തിയ സൗധങ്ങളും സാമ്പത്തിക വളർച്ചയും മാത്രം അന്വേഷിച്ചാൽ തന്നെ ഒരു തിരിച്ചറിവ് നമുക്ക് ലഭിക്കും.

പ്രവാചകനെ കുറിച്ച് കളവ് പറയുന്നതും കള്ളം കെട്ടിച്ചമയ്ക്കുന്നതും ഗുരുതരമായ പാപമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകൻﷺ പറഞ്ഞു: “ആരെങ്കിലും എന്റ പേരിൽ മനഃപൂർവം കളവ് പറഞ്ഞാൽ നരകത്തിൽ ഒരു ഇരിപ്പിടം അവൻ ഉറപ്പിച്ചുകൊള്ളട്ടെ’’ (ബുഖാരി).

പ്രവാചകനെയും മതത്തെയും പരിഹസിക്കുന്നത് വലിയ പാതകമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നിഷേധം സംഭവിക്കുന്നതും മതത്തിൽനിന്ന് പുറത്ത് പോകുന്നതുമായ വലിയ പാപമാണത്. അല്ലാഹു പറയുന്നു: “നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാൽ അവർ പറയും: ഞങ്ങൾ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങൾ ഒഴിവുകഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങൾ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തിന് നാം മാപ്പുനൽകുകയാണെങ്കിൽ തന്നെ മറ്റൊരു വിഭാഗത്തിന് അവർ കുറ്റവാളികളായിരുന്നതിനാൽ നാം ശിക്ഷ നൽകുന്നതാണ്’’ (ക്വുർആൻ 9:65,66).

ശൈഖ് ഹമദ് ബിൻ അതീഖ്(റഹി) പറയുന്നു: “അറിയണം, തീർച്ചയായും അല്ലാഹുവിനെയും റസൂലിനെയും വിശുദ്ധ ഗ്രന്ഥത്തെയും ആരെങ്കിലും പരിഹസിച്ചാൽ അവൻ സത്യനിഷേധിയായി.’’

പ്രവാചകന്റെ ഉമിനീര്, മുടി, വിരലിൽനിന്ന് നിർഗളിച്ച വെള്ളം തുടങ്ങിയവ കാന്തപുരത്തിന്റ അടുത്തുണ്ടെന്ന വാദം ശുദ്ധമായ കളവാണെന്ന് മാത്രമല്ല ക്രൂരമായ പരിഹാസവുമാണ്. പ്രവാചകൻﷺ ജീവിച്ച് മരണപ്പെട്ടുപോയ രാജ്യവും അവിടുത്തെ ഭരണാധികാരികളും പണ്ഡിതൻമാരും ഇമാമുമാരും അവിടെയുള്ള ചരിത്ര മ്യൂസിയങ്ങളുമെല്ലാം നിലനിൽക്കെ അവർക്കൊന്നും ലഭിക്കാത്ത, പ്രവാചകന്റെ ആസാറുകൾ കോഴിക്കോട്ടെ അബൂബക്കർ മുസ്‌ലിയാർക്ക് ലഭിച്ചുവെന്ന് അവകാശപ്പെടുന്നത് മതത്തോടുള്ള നിന്ദ്യതയും പരിഹാസവുമാണെന്ന് വ്യക്തമാണ്. പ്രവാചക വേർപാടിന്റെ ഒന്നാം നൂറ്റാണ്ടിൽ തന്നെ അവിടുത്തെ ആസാറുകളും നഷ്ടമായിട്ടുണ്ട്. പ്രവാചക ആസാറുകൾ കൊണ്ട് ബറകത്ത് എടുത്ത സ്വഹാബികൾ അവരുടെ മരണത്തോടെ കഫൻ പുടവകളിൽ ചേർത്തുവച്ചും നെഞ്ചിൽ തുന്നിച്ചേർത്ത് കഫൻ ചെയ്തും ക്വബറടക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അനസ് ഇബ്‌നു മാലിക് (റ) ആണ് അതിലെ അവസാനത്തെ കണ്ണിയെന്നും ചരിത്രം വ്യക്തമാക്കിയിരിക്കെ പിന്നെ ഇവ കാന്തപുരത്തിന്റെ അടുത്തെത്തിയെന്ന് പറയുന്നതിലെ വിഡ്ഢിത്തം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. പ്രവാചക കേശം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കാന്തപുരത്തിന് അതിന്റെ പരമ്പരയോ ശരിയായ സ്രോതസ്സോ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. കേരളത്തിൽ അതേക്കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. അപകടമെന്ന് തോന്നിയ കാന്തപുരം സമർഥമായി അതിൽനിന്ന് പിന്തിരിയാനാണ് ശ്രമിച്ചത്.

നിമിഷപ്രിയ; ഇടപെടലും വ്യാജം

യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളിയായ നഴ്‌സിനെ രക്ഷപ്പെടുത്താൻ കാന്തപുരം ഇടപെട്ടുവെന്ന വാർത്തയാണ് മാധ്യമങ്ങൾ വ്യാപകമായി പ്രസിദ്ധീകരിച്ചത്. അവധാനതയോടെ യാഥാർഥ്യം അന്വേഷിക്കുന്നതിന് മുമ്പായി വാർത്ത പ്രസിദ്ധികരിക്കാനുള്ള മാധ്യമങ്ങളുടെ ധൃതിക്കു പിന്നിൽ ‘ഗാന്ധിത്തല’യുടെ കനമായിരിക്കുമെന്ന് അരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

മതമുള്ളവനും മതമില്ലാത്തവനും വിശ്വസിക്കും അന്ധവിശ്വാസിക്കുമെല്ലാം ഒരുപോലെ തിരിച്ചറിയാവുന്ന വിധമാണ് ഈ വിഷയത്തിലെ കാന്തപുരത്തിന്റെ പൊയ്‌വെടി. നിമിഷപ്രിയ വിഷയത്തിലെ ആക്ഷൻ കമ്മിറ്റിയും കൊല്ലപ്പെട്ട തലാലിന്റെ സഹോദരങ്ങളുമെല്ലാം ഇങ്ങനെയൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഒരു മലയാളി നഴ്‌സിന്റെ ജീവൻ രക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ അതൊരു സത്യമായിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന മലയാളികളുടെ മാനസിക നിലയെ പോലും ‘ശൈഖുന’ തന്റെ പ്രശസ്തിക്കും റീച്ചിനും ഉപയോഗപ്പെടുത്തിയെന്നതാണ് യാഥാർഥ്യം. അന്താരാഷ്ട്ര തലങ്ങളിൽ ഇടപെടാനും സ്വാധീനം ചെലുത്താനും തനിക്ക് സാധിക്കുമെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഇത്തരം വ്യാജവർത്തമാനങ്ങളുമായി ജനങ്ങൾക്ക് മുന്നിൽ അയാൾ കടന്നുവരുന്നത്. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ കാന്തപുരം ഇടപെടണമെന്ന അനുയായികളുടെ പ്രസ്താവന അത്രമേൽ അന്ധത ബാധിച്ചവരായി മാറിയതിന്റെ നേർചിത്രമാണ്. അവസരങ്ങളുപയോഗപ്പെടുത്തുന്നതിലെ കാന്തപുരത്തിന്റെ സാമർഥ്യം ഒന്ന് വേറെത്തന്നെയാണ്. പരപ്പനങ്ങാടിയിലെ ജവാൻ ഷൈജൽ ലഡാക്കിൽ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനാഥരായ കുട്ടികളെ ദത്തെടുത്തുവെന്ന പ്രചാരണം ഓർമ വന്നു. അതിർത്തി കാക്കുന്ന ഇന്ത്യൻ ജവാന്റ അനാഥ മക്കളെ സംരക്ഷിക്കുന്നുവെന്ന വാർത്ത പ്രചരിപ്പിച്ച് മറ്റൊരു നാട്ടിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്നറിഞ്ഞ ഷൈജലിന്റ കുടുംബത്തിലെ കാരണവർ വേദനയോടെ, അത് നിറുത്തിവെക്കണമെന്നും ആ കുട്ടികളെ പരിരക്ഷിക്കാനുള്ള കഴിവ് ഞങ്ങളുടെ കുടുംബത്തിനുണ്ടെന്നും വിറയാർന്ന സ്വരത്തോടെ പറഞ്ഞത് ഓർക്കുന്നു.

‘ഉസ്താദി’ന്റ രാഷ്ട്രീയം

സാമ്പത്തിക ശേഷിയുള്ള സംഘപരിവാര വിരുദ്ധരായ രാഷ്ട്രീയ-മത നേതൃത്വത്തിലുള്ള സകലരെയും ഇഡിയും ഐടിയും തേടിപ്പോകാറുണ്ട്. ബിജെപി വിരുദ്ധരായവരെ വിരട്ടാനുള്ള ഉപകരണമായാണ് സർക്കാർ അത് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ കാന്തപുരത്തെയും സ്ഥാപനങ്ങളെയും ഇഡി ഒഴിവാക്കി നിറുത്തിയതിലെ രാഷ്ട്രീയം പ്രത്യേകം ശ്രദ്ധേയമാണ്. മർക്കസിലെ ഒരു പ്രോഗ്രാമിൽ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി മോഡിയെ വിമർശിച്ച് സംസാരിച്ചപ്പോൾ അതിനെ വിലക്കിയത് സാക്ഷാൽ കാന്തപുരമായിരുന്നു. ന്യൂനപക്ഷ വിരുദ്ധ ബില്ലുകൾ പാസ്സാക്കിയും എൻആർ സി നടപ്പാക്കിയുമെല്ലാം മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന സംഘരാഷ്ട്രീയത്തിനെ തിരെ ഉരിയാടാൻ ‘ഉസ്താദി’ന് സാധിക്കാത്തതെന്തുകൊണ്ടെന്നതും പഠനത്തിന് വിധേയമാക്കണം. മംഗലാപുരത്തും ലക്ഷദ്വീപിലും മറ്റു സ്ഥലങ്ങളിലും ബിജെപി കാവിരാഷ്ട്രീയ പ്രചാരണത്തിന് സഖാഫിമാരും സംഘടനാ നേതാക്കളും നേതൃത്വം നൽകിയതിലുള്ള രാഷ്ട്രീയവും ചർച്ചയാക്കണം. 2016 മാർച്ച് 17ന് ഡൽഹിയിൽ വെച്ച് നടന്ന ലോക സൂഫി സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരുന്നു. അതിന്റെ സംഘാടകർ ആർഎസ്എസ് ആയിരുന്നുവെന്ന് അറിയപ്പെടുന്ന ബറേൽവി നേതാവ് തൗഖീർ റസാഖാൻ അന്നത്തെ പത്രസമ്മേളനത്തിലൂടെ സമ്മതിക്കുകയുണ്ടായി.

അദ്ദേഹം പറയുന്നു: “മുസ്‌ലിംകൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിന് വേണ്ടിയുള്ള കളിയാണ് ഈ സമ്മേളനം. സൂഫി സമ്മേളനത്തിന്റെ സംഘാടകർ മറക്ക് പിന്നിൽനിന്നും പുറത്തുവന്ന് പരസ്യമായി അവരുടെ രാഷ്ട്രീയം പയറ്റുകയാണെങ്കിൽ പ്രശ്നമുണ്ടായിരുന്നില്ല. മുഴുവൻ സുന്നിസത്തെയും ആർഎസ്എസ്സിന് അവർ പണയപ്പെടുത്തിയത് മുസ്‌ലിംകൾ സഹിക്കുകയില്ല. ഇന്ന് ഒരാളെയും വിഡ്ഢിയാക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. സമ്മേളനത്തിന് പിന്നിലെ കളികളെ കുറിച്ച് എല്ലാവർക്കും അറിയാം. സൂഫികളുടെ വാതിൽക്കൽ രാജാക്കൻമാർ തലകുനിച്ചതിന് ചരിത്രം സാക്ഷിയാണ്. ഒരു സൂഫിയും രാജാവിന്റെ വാതിലിൽ മുട്ടിയിട്ടില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സൂഫികൾ പ്രധാനമന്ത്രിയുടെയും ആർഎസ്എസിന്റെയും സഹായം സ്വീകരിക്കുന്നത്. ഗുജറാത്തിൽ 3000 മുസ്‌ലിംകളെ കൊലപ്പെടുത്തതിൽ ആരോപണ വിധേയനായ വ്യക്തിയാണ് പ്രധാനമന്ത്രി. സൂഫിസത്തിന്റെ പേരിൽ കച്ചവട മനസ്സുള്ള ചിലർ തങ്ങളുടെ ബോധം വിറ്റിരിക്കുകയാണ്. മുസ്‌ലിംകൾ അത്തരക്കാരോട് പൊറുക്കില്ല.’’

ബറേൽവി നേതാക്കൾ പോലും തള്ളിപ്പറഞ്ഞ ഈ സമ്മേളനത്തിൽ കേരളത്തിൽനിന്ന് കാന്തപുരവും ബുഖാരി തങ്ങളുമാണ് പങ്കെടുത്തത്. നരേന്ദ്രമോഡിയുടെ അധികാരമുറപ്പിക്കാൻ, ദർഗകൾ നടത്തുന്ന ചില മുസ്‌ലിം നാമധാരികളെ ആർഎസ്എസ് പാളയത്തിലെത്തിക്കാൻ ആസൂത്രിതമായ കരുനീക്കങ്ങൾ നടത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോഡിക്ക് അധികാരത്തിലേക്ക് കടന്നുവരാൻ ബൗദ്ധികമായ കരുനീക്കങ്ങൾ നടത്തിയ വിവേകാനന്ദ ഇന്റർനാഷണലിന്റെ സ്ഥാപക ഡയറക്ടറായ അജിത് ഡോവലും മധ്യപ്രദേശുകാരനായ ഐപിഎസ് ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറുമായിരുന്ന സൈദ് ആസിഫ് ഇബ്രാഹിമുമാണ് ഈ സമ്മേളനത്തിന് പിന്നിലെ ബുദ്ധികൾ. ഗുജറാത്തിലെ ഇസ്‌റത്ത് ജഹാൻ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ചർച്ച ചെയ്ത സാഹചര്യത്തിൽ മോഡിയെയും അമിത്ഷയെയും സമർഥമായി രക്ഷപ്പെടുത്തിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിവനാണ് സൈദ് ആസിഫ് ഇബ്രാഹിം.

ആർഎസ്എസ് ബുദ്ധികേന്ദ്രം ഇങ്ങനെയൊരു സമ്മേളനം വിളിച്ചുകൂട്ടിയതിൽ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. മുസ്‌ലിംകൾക്കെതിരെയുള്ള പ്രലോഭനവും ഭീഷണിയുമാണതിന്റെ ഒരു ലക്ഷ്യം. ഗുജറാത്തിലെ ചില പ്രവിശ്യകളിൽനിന്നുള്ള മുസ്‌ലിം വോട്ടുകൾ ഭീഷണി കൊണ്ട് ബിജെപി നേടിയെടുക്കാറാണ് പതിവ്. മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുകയെന്നത് സമ്മേളനത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. അന്നത്തെ ബീഹാർ തെരെഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ തരംഗം ഉണ്ടാകാൻ മുസ്‌ലിംകൾ കാരണമാകുമോ എന്ന ആശങ്കയാണ് ഈ ഭിന്നിപ്പിക്കൽ തന്ത്രം ആർഎസ്എസ് മെനഞ്ഞത്. അതിനു കുടപിടിക്കാനും ആർഎസ്എസിന്റെ ഉൻമൂലന രാഷ്ട്രീയത്തിന് കൂട്ടുകൂടാനും കാന്തപുരം തയ്യാറായത് മലയാളികൾ ഓർക്കണം. സ്വാതന്ത്ര്യസമരകാലത്തെ ചേക്കുട്ടിമാരും ഒറ്റുകൊടുപ്പുകാരുമായി നിലകൊണ്ടവരുടെ പാരമ്പര്യം സംഘപരിവാര രാഷ്ട്രീയത്തിലും ആവർത്തിക്കുന്നുവെന്നതാണ് വർത്തമാനകാല സാഹചര്യം വ്യക്തമാക്കുന്നത്. സമുദായത്തിലെ ഇത്തരം ഇത്തിക്കണ്ണികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നതിൽ സംശയമില്ല.