ലഹരി: ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം

റോഷൻ പുനലൂർ

2025 മാർച്ച് 15, 1446 റമദാൻ 14

വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതര ജിവികളിൽനിന്ന് വേർതിരിക്കുന്ന പ്രധാന ഘടകം. ചിരിക്കാനും ചിന്തിക്കാനും കാര്യങ്ങളെ വേർതിരിച്ച് മനസ്സിലാക്കാനുമുള്ള മനുഷ്യന്റെ പ്രാപ്തി സ്രഷ്ടാവായ അല്ലാഹു നൽകിയ വലിയ അനുഗ്രഹമാണ്. ലോകത്തുളള സചേതനവും അചേതനവുമായ സകലതും നിങ്ങൾക്കുവേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അല്ലാഹു പ്രഖ്യാപിക്കുമ്പോൾ മനുഷ്യസൃഷ്ടിപ്പിന്റെ മഹത്തായ ലക്ഷ്യം വരച്ചുകാട്ടുകയാണ് അതിലൂടെ.

ലൗകിക ജീവിതം നശ്വരമാണെന്നും പാരത്രിക വിജയത്തിനുളള കൃഷിയിടമാണ് ഇവിടമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. നന്മയെ നന്മയായി കാണാനും തിന്മയിൽനിന്ന് മാറിനിൽക്കാനും അല്ലാഹു മനുഷ്യന് അവസരം നൽകിയിട്ടുണ്ട്. ‘ഇഖ്തിയാർ’ എന്ന് പ്രമാണങ്ങൾ പരിചയപ്പെടുത്തുന്ന, മനുഷ്യന്റെ സ്വയംനിർണയങ്ങളിൽ വരുന്ന അപാകതകളുടെ പൂർണ ഉത്തരവാദി അവൻ തന്നെയാണ്.

ഭൗതിക ജീവിതത്തിൽ ശരിതെറ്റുകളെ വേർതിരിച്ച് ജീവിക്കുന്നവനാണ് യഥാർഥ വിശ്വാസി. ജീവിതത്തിൽ സുകൃതങ്ങൾ മാത്രമെ ചെയ്യാവൂ എന്നാണ് സ്രഷ്ടാവിന്റെ കൽപന. ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന അപാകതകൾക്ക് പരിഹാരമായി കാരുണ്യവാനായ റബ്ബ് തൗബയെന്ന കാരുണ്യത്തിന്റെ കവാടം തുറന്നുവച്ചിട്ടുണ്ട്.

ലോകാവസാനത്തിലേക്ക് അടുക്കുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അതിന് കാലത്തെ പഴിച്ചതുകൊണ്ടോ സാഹചര്യങ്ങളെ ആക്ഷേപിച്ചതുകൊണ്ടോ കാര്യമില്ല. നമ്മുടെ സാമൂഹിക പരിസരത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വർത്തമാനകാലത്ത് തിന്മ ചെയാനുള്ള ത്വരയും ധാർമികമൂല്യങ്ങളോടുള്ള പുച്ഛവും ജനങ്ങൾക്കിടയിൽ വർധിച്ചു വരികയാണ്. ഒരുഭാഗത്ത് തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണം നടക്കുബോൾ മറുഭാഗത്ത് ധാർമികമൂല്യങ്ങളെ കാർതിന്നുന്ന കൊള്ളരുതായ്മകൾ കുമിഞ്ഞുകൂടുന്നു!

ലഹരിയുപയോഗം മൂലം വൈയക്തികതലം തൊട്ട് സാമൂഹികവും രാഷ്ട്രീയവും സാസ്‌കാരികവുമായ നിഖില മേഖലകളിലും വലിയ പൊട്ടിത്തെറികളാണ് ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലഹരിയോടുള്ള അഭിനിവേശം അതിവേഗത്തിൽ വളരുന്ന കാഴ്ചയാണ് നാം കാണുന്നത്.

കേവലം ആസ്വാദനമെന്നതിനപ്പുറം ലഹരിയുപയോഗംകൊണ്ട് ഒന്നും നേടുന്നില്ല എന്നും അത് മരണത്തിലേക്ക് തള്ളിവിടുമെന്നും അറിഞ്ഞിട്ടും ഇയ്യാംപാറ്റകളെ പോലെ അതിലേക്ക് പാഞ്ഞടുക്കുകയാണ് പുതുതലമുറ!

നിരന്തര ബോധവൽക്കരണം നടക്കുന്ന ഒരു മേഖലയാണിതെന്നിരിക്കെ അതിന്റെ പ്രതിഫലനം സമുഹത്തിൽ പ്രകടമാകുന്നില്ല എന്നതിന്റെ കാരണം അന്വേഷിക്കേണ്ടത് തന്നെയാണ്. വ്യക്തിതലം തൊട്ട് അന്താരാഷ്ട്രതലംവരെ ഇതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുമ്പോൾ അതിനെതിരെ ജാഗ്രത പാലിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്.

ക്വുർആനിന്റെ പ്രഖ്യാപനം കാണുക: “സത്യവിശ്വാസികളേ, മദ്യവും ചുതാട്ടവും പ്രശ്‌നംവച്ചു നോക്കാനുള്ള അമ്പുകളും പൈശാചിക മ്ലേച്ഛവൃത്തി മാത്രമാണ്. അതിനാൽ, നിങ്ങൾ അതെല്ലാം വർജിക്കുക.’’

ഇതിൽ ആദ്യം മദ്യത്തെ എടുത്തുപറഞ്ഞത് ലഹരി ഉപയോഗത്തോടുള്ള ഇസ്‌ലാമിന്റെ ശക്തമായ എതിർപ്പിനെ സൂചിപ്പിക്കുന്നു. അതിന് പൈശാചിക ദുർബോധനങ്ങൾ നിരന്തരമുണ്ടായിരിക്കുമെന്ന് സൂക്തത്തിന്റെ അടുത്ത ഭാഗങ്ങളിൽനിന്ന് മനസ്സിലാക്കാം.

മദ്യത്തിന് ക്വുർആനിലും നബിവചനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന പദം ‘ഖംറ്’ എന്നാണ്. ഇതിന്റെ അർഥം ‘മറയ്ക്കുക,’ ‘മൂടുക’ എന്നൊക്കെയാണ്. ബുദ്ധിയെ മൂടുന്നതും മറയ്ക്കുന്നതുമാണ് ലഹരി എന്നർഥം. ലഹരിപദാർഥങ്ങളുടെ ഉപയോഗം ബുദ്ധിയെ നീക്കിക്കളയുമെന്നതിൽ സംശയമില്ല. മാനസി കമായി നിലതെറ്റുന്നതോടെ ലഹരിയുപഭോക്താവിൽ സംഭവിക്കുന്ന തെറ്റുകൾക്ക് പരിധിയോ പരിമിതിയോ ഉണ്ടാകാറില്ല. ഇതിന് വർത്തമാനകാലത്തെ ഒരുപാട് സംഭവങ്ങൾ സാക്ഷിയാണ്.

ശാരീരികമായി വരുത്തുന്ന നാശം നോക്കിയാലും ലഹരിയൊരു ശാപംതന്നെ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലഹരിയുപയോഗം മൂലമാണ് ലോകത്ത് 30 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത്. കൂടാതെ ഓർമക്കുറവ്, ധൈര്യക്കുറവ്, അക്രമവാസന, വിഷാദം, വായയിലും തൊണ്ടയിലും ക്യാൻസർ, കരൾരോഗങ്ങൾ, ജലദോഷം, പ്രതിരോധ ശക്തിക്ഷയം, വിറയൽ, ഞരമ്പ് ശക്തിക്ഷയം, അൾസർ, അകാലവാർധക്യം, ഹൃദയാഘാതം, സ്തനാർബുദം, ലൈംഗികശേഷിക്കുറവ് തുടങ്ങിയ ഒരുപാട് രോഗങ്ങളും ഇതുമൂലമുണ്ടാകുന്നുണ്ട്.

സാമൂഹിക ഘടനയെത്തന്നെ മാറ്റിമറിക്കുന്ന മാറാവ്യാധിയാണ് ലഹരി. കുടുംബങ്ങളിൽ ലഹരിയുപയോഗം ഉണ്ടാക്കുന്ന വരുംവരായ്കൾ പരിശോധിക്കാം: ഇബ്‌നു അബ്ബാസ്(റ)വിൽനിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: അദ്ദേഹം പറഞ്ഞു: “പ്രവാചകൻﷺ പറയുന്നത് ഞാൻ കേട്ടു: ‘മദ്യം നീചവൃത്തികളുടെ മാതാവും വൻപാപവുമാണ്. വല്ലവനും അതുകുടിച്ചാൽ അവന്റെ മാതാവിന്റെയും പിതൃസഹോദരിയുടെയും മാതൃസഹോദരിയുടെയും മേൽ അവൻ വീണെന്നിരിക്കും.’

മദ്യപാനിയായ ഒരാൾക്ക് പരിസരബോധവും തിരിച്ചറിവും നഷ്ടപ്പെടും. അതോടെ എന്തും ചെയ്യാമെന്ന മാനസികവസ്ഥയിൽ അവൻ എത്തിച്ചേരും. അപ്പോൾ സംഭവിക്കാനിടയുള്ള ഗുരുതരമായ തെറ്റുകളാണ് നടേ സൂചിപ്പിച്ച നബിവചനം എടുത്തുപറയുന്നത്.

കേരളത്തിൽ ഏറ്റവുമധികം ആത്മഹത്യകളും വിവാഹമോചനങ്ങളും നടക്കുന്നത് ഭർത്താവിന്റെ അമിത മദ്യാസക്തി മൂലമാണെന്ന് വനിതാ കമ്മിഷൻ നടത്തിയ സർവേയിൽ പറയുന്നു.

അനസ് ഇബ്‌നു മാലികി(റ)ൽനിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “അല്ലാഹുവിന്റെ റസൂൽﷺ മദ്യത്തിന്റെ വിഷയത്തിൽ പത്തുപേരെ ശപിച്ചു; മദ്യം വാറ്റുന്നവൻ, അത് ആർക്ക് വേണ്ടി വാറ്റുന്നുവോ അയാൾ, അത് കുടിക്കുന്നവൻ, അത് വഹിക്കുവൻ, അത് ആർക്കുവേണ്ടി വഹിക്കുന്നുവോ അവൻ, അത് വിൽക്കുവൻ, അത് കുടിപ്പിക്കുവാൻ, അതിന്റെ വില തിന്നുന്നവൻ, അത് വിലയ്ക്കു വാങ്ങുന്നവൻ, ആർക്ക് വേണ്ടി വാങ്ങുന്നുവോ അവൻ.’’

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേധനം: “നിശ്ചയം നബി ﷺ പറഞ്ഞു: ‘ഒരാൾ മദ്യപിക്കുമ്പോൾ വിശ്യാസിയായിക്കൊണ്ട് അയാൾ മദ്യപിക്കില്ല.’’

ലഹരിയുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടാൽ അവന് അല്ലാഹുവിന്റെ ശാപം തീർച്ചയാണെന്ന് പ്രവാചകൻ ﷺ പറഞ്ഞു. ഒരു വിശ്വാസിക്ക് മദ്യവുമായി ബന്ധപ്പെടാൻ കഴിയില്ലെന്നും ബന്ധപ്പെട്ടാൽ അവൻ വിശ്വാസിയല്ലെന്നും ഉണർത്തുന്നു. ലഹരിയുപയോഗം ഒരാളുടെ വിശ്വാസത്തിൽ കളങ്കം ചാർത്തുതാണെന്ന് ചുരുക്കം.

മരുന്നിനുവേണ്ടി ലഹരി ഉപയോഗിക്കുതിനെയും ഇസ്‌ലാം വിലക്കിയതായി കാണാം. സുവൈദുബ്‌നു ത്വാരിഖ് എന്നയാൾ പ്രവാചകനോട് മദ്യത്തെക്കുറിച്ച് ചോദിച്ചു. അന്നേരം പ്രവാചകൻ ﷺ മദ്യം വിരോധിച്ചു. അപ്പോൾ അയാൾ പറഞ്ഞു: ‘ഞാൻ മരുന്നിന് വേണ്ടി മാത്രമാണ് അതുണ്ടാക്കിയിരുന്നത്.’ പ്രവാചകൻﷺ പറഞ്ഞു: ‘നിശ്ചയം, അത് രോഗമാണ്; രോഗശമനിയല്ല.’

നമ്മുടെ നാട്ടിലെ നിയമസംവിധാനത്തിന്റെ വീക്ഷണത്തിൽ ഒരാൾക്ക് സ്വതാൽപര്യപ്രകാരം മദ്യപിക്കാം. പക്ഷേ, ലഹരി പദാർഥങ്ങളിൽ അതിന്റെ ഭവിഷ്യത്ത് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് കുറിച്ചിടണമെന്നാണ് നിയമം. ഇത്തരം മൂഢനിയമം നിലനിൽക്കുന്ന കാലത്തോളം ഇതിനൊന്നും പരിഹാരം കണ്ടെത്താൻ കഴിയില്ല. കുറ്റകൃത്യം നടന്ന ശേഷമെ ഭൗതിക നിയമങ്ങൾ ഇനിയെന്ത് എന്ന് ചിന്തിക്കുന്നുള്ളൂ. ഇസ്‌ലാം കുറ്റകൃത്യത്തെ തടയാനുള്ള പ്രതിവിധി ആദ്യം നിർദേശിക്കുന്നു.

അടുത്തിടെ കോഴിക്കോട്ടുനിന്ന് കഞ്ചാവ് വിൽപനയ്ക്കിടെ ചിലരെ പിടികൂടി. പോലീസ് പുറത്തുവിട്ട വിവരങ്ങൾ ആരെയും ഞെട്ടിക്കുതായിരുന്നു. ഇവരുടെ കാര്യമായ വിപണി കുട്ടികൾക്കിടയിലാണ്. നഗര പരിസരത്തെ മുസ്‌ലിം കുട്ടികൾ ഭൂരിപക്ഷമുള്ള സ്‌കൂളുകളിൽ പകുതിയോളം ഇവരുടെ ഇരകളാണത്രെ. ഇത് സർവസാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

മദ്യവിൽപനയുടെ കണക്കുകൾ പുറത്തു വരുമ്പോൾ വർഷം തോറും ബീവറേജ് കോർപ്പറേഷന്റെ വിറ്റുവരവ് വർധിച്ചുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ലഹരിയുണ്ടാക്കുന്ന എന്തും ഹറാമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഇച്ഛകൾ മനുഷ്യനെ തിന്മയിലേക്ക് ക്ഷണിക്കുമ്പോൾ വഴിനടത്താൻ പൈശാചിക ദുർബോധനങ്ങളുമുണ്ടാകും. വകതിരിവ് നീങ്ങിയുള്ള ഒരാസ്വാദനവും വിശ്വാസിക്ക് അനുവദനീയമല്ല.