തന്ത്രവും കുതന്ത്രവും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, ഒമാൻ
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതിയും ധാർമികതയും സത്യസന്ധതയും ഉറപ്പുവരുത്തുന്ന മതമാണ്. ക്വുർആനും സ്വഹീഹായ ഹദീസുകളും അടിസ്ഥാനമാക്കി ധാർമികമായ വഴിയിൽ നല്ല ഉദ്ദേശ്യത്തോടെയാണ് തന്ത്രം ഉപയോഗിക്കേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. കുതന്ത്രത്തെ (വഞ്ചന, കാപട്യം) ഇസ്‌ലാം കർശനമായി നിരോധിക്കുന്നു.
ഇസ്‌ലാമിൽ തന്ത്രം (strategy) എന്നത് ഒരു ലക്ഷ്യം നേടുന്നതിനായി ബുദ്ധിപൂർവം ആസൂത്രണം ചെയ്യുന്ന കാര്യമാണ്. അത് ധാർമികവും ഇസ്‌ലാമിന്റെ മൂല്യങ്ങൾക്ക് അനുസൃതവുമായിരിക്കണം. തന്ത്രങ്ങളിൽ പാടുള്ളതുണ്ട്, പാടില്ലാത്തതുണ്ട്.
പ്രതിയോഗിയെ വീഴ്ത്താൻ മറഞ്ഞവഴി സ്വീകരിക്കലാണ് തന്ത്രം. അത് സ്ഥാനത്താണെങ്കിൽ നല്ലതും അസ്ഥാനത്താണെങ്കിൽ അപകടവും അനുവദനീയമല്ലാത്തതുമാണ്. ചരിത്രപ്രസിദ്ധമായ ഖന്ദക്വ് യുദ്ധം പഠനവിധേയമാക്കുമ്പോൾ തന്ത്രപ്രയോഗം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പതിനായിരത്തോളം വരുന്ന ശത്രുസേനയെ മദീനയെ തൊട്ട് ഉപരോധിക്കാൻ നബിﷺയും സ്വഹാബത്തും കിടങ്ങുകീറി പ്രതിരോധം തീർത്തതാണ് ഖന്ദക്വ് യുദ്ധം അഥവാ കിടങ്ങ് യുദ്ധം.
ആറു മീറ്റർ വീതിയിൽ ഏകദേശം മൂന്ന് കിലോമീറ്ററോളം നീളത്തിലുമാണ് കിടങ്ങ് കുഴിച്ചത്. ഒരു കുതിരപ്പടയാളിക്കുപോലും എടുത്ത് ചാടാൻ പ്രയാസകരമായ രീതിയിലായിരുന്നു അതിന്റെ നിർമാണം. സാധാരണ ആൾപ്പടക്കോ ഒട്ടകങ്ങൾക്കോ ഒരിക്കൽ പോലും അത് ചാടിക്കടക്കാൻ കഴിയില്ല.
എന്നാൽ ഈ കിടങ്ങും ചാടിക്കടന്ന് ദ്വന്ദയുദ്ധത്തിനു തയ്യാറായി വെല്ലുവിളിച്ച് വന്ന ആളാണ് അംറുബ്‌നു ബുദ്ദ് അൽആമിരി. ക്വുറൈശികളിൽ പേരുകേട്ട കുതിരപ്പടയാളിയും അരോഗ ദൃഢഗാത്രനുമായിരുന്നു അയാൾ.
ശക്തനായ അദ്ദേഹത്തിന്റെ വെല്ലുവിളിക്ക് മറുപടി നൽകികൊണ്ട് എഴുന്നേറ്റത് അലി(റ)യായിരുന്നു. പക്ഷേ, അലി(റ)യുടെ രക്തം ചിന്താൻ അയാൾക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ അലി(റ) അത് കൂട്ടാക്കിയില്ല. അംറ് അതിശക്തനായതുകൊണ്ട് നബിﷺ അലി(റ)യെ തടയാൻ ശ്രമിച്ചു. എന്നാൽ അലി(റ)യുടെ തന്ത്രം മറ്റൊന്നായിരുന്നു. ഞാൻ രണ്ടാളോട് ഏറ്റുമുട്ടാനല്ല തയ്യാറായിട്ടുള്ളത്, ഒരാളോടാണ് എന്ന് പറഞ്ഞു. അത് പറഞ്ഞപ്പോൾ ആരാണ് രണ്ടാമൻ എന്നറിയാൻ അയാൾ തിരിഞ്ഞുനോക്കി. ആ തക്കത്തിൽ അയാളെ തന്റെ ആയുധത്തിന് ഇരയാക്കാൻ അലി(റ)ക്ക് സാധിച്ചു. ഇവിടെ അലി(റ) പ്രയോഗിച്ചത് ഒരു തന്ത്രമായിരുന്നു. സ്ഥാനത്ത് പ്രയോഗിച്ച യുദ്ധ തന്ത്രം.
തന്ത്രങ്ങൾ അസ്ഥാനത്താകുമ്പോൾ അത് കുതന്ത്രമായി മാറുന്നു. അത് അപകടകരവുമാണ്. റബ്ബിന്റെ ശിക്ഷക്ക് വിധേയമാകാൻ കാരണവുമാണ്. മറ്റുള്ളവർക്ക് നേരെ കുതന്ത്രം പ്രയോഗിക്കുക എന്നത് വളരെ മോശം പ്രവർത്തിയാണ്.
നബിﷺ യുദ്ധസന്ദർഭങ്ങളിൽ തന്ത്രപരമായ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ഖന്ദക്വ് യുദ്ധത്തിൽ, ശത്രുക്കളുടെ കൂട്ടുകെട്ടിനെ ഭിന്നിപ്പിക്കാൻ നുഅയ്മ് ബിൻ മസ്ഊദി(റ)നെ അയച്ചത് ഒരു ഉദാഹരണമാണ്. ഈ തന്ത്രം മുസ്‌ലിംകൾക്ക് വിജയം നേടാൻ സഹായിച്ചു, എന്നാൽ അത് വഞ്ചനയോ അനീതിയോ ആയിരുന്നില്ല.
നബിﷺ പറഞ്ഞു: “യുദ്ധം ഒരു തന്ത്രമാണ്’’ (ബുഖാരി: 3030, മുസ്‌ലിം: 1741).
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്നതാണ് കുതന്ത്രക്കാർക്ക് സംഭവിക്കാനിരിക്കുന്നത്. സമാനമായി ക്വുർആനിൽ വന്ന പ്രയോഗം ഇപ്രകാരമാണ്.
“ദുഷിച്ച തന്ത്രം (അതിന്റെ ഫലം) അത് പ്രയോഗിച്ചവരിൽ തന്നെയാണ് വന്നുഭവിക്കുക’’(35:43).
കുതന്ത്രം (deceit, treachery) എന്നത് വഞ്ചന, കാപട്യം, അന്യായമായ മാർഗങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇത് ഇസ്‌ലാമിൽ കർശനമായി നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഇമാം മാലികി(റഹി)ന്റെ ഒരു ഫത്‌വ ഭരണപക്ഷത്തിന് എതിരാവുകയും അതിനാൽ അദ്ദേഹം പീഡിപ്പിക്കപ്പെടുകയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഊരുചുറ്റപ്പെടുകയും ചെയ്യുകയുണ്ടായി. പക്ഷേ, അത് ഭരണപക്ഷത്തിനു തന്നെ വിനയാവാൻ കാരണമായി. ഊരു ചുറ്റിക്കുന്ന സമയത്ത് അദ്ദേഹം താൻ പുറപ്പെടുവിച്ച ഫത്‌വ എല്ലാവരോടും വിളിച്ചു പറയാൻ ആ അവസരം തിരഞ്ഞെടുത്തു. ജനങ്ങൾക്ക് കാര്യം മനസ്സിലായതോടെ ഭരണപക്ഷം തോറ്റു. കുതന്ത്രത്തിന്റെ ആൾക്കാർ ഇന്നല്ലെങ്കിൽ മറ്റൊരുനാൾ ആപതിക്കും എന്ന് തീർച്ച.
അല്ലാഹു കഠിനമായി തന്ത്രം പ്രയോഗിക്കുന്നവനാണ്. ആരാണോ തന്ത്രം പ്രയോഗിച്ച് അല്ലാഹുവിന്റെ അടിയാറുകളെ കെണിയിൽ വീഴ്ത്താൻ പുറപ്പെടുന്നത്, അവരെ അല്ലാഹു അവന്റെ തന്ത്രത്തിലൂടെ ഒരു ശിക്ഷയെന്നോണം കെണിയിൽ വീഴ്ത്തും. അത് റബ്ബിന്റെ സുന്നത്തിൽ പെട്ടതാണ്.
“അവർ ഒരു(ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു’’ (27:50).
“അവർ (അവിശ്വാസികൾ) തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു’’ (3:54).
നബിﷺ കാപട്യവും വഞ്ചനയും മുസ്‌ലിമിന്റെ സ്വഭാവത്തിന് വിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്:
“ആരിൽ മൂന്ന് ഗുണങ്ങൾ കാണപ്പെടുന്നുവോ, അവൻ കപടനാണ്: അവൻ സംസാരിക്കുമ്പോൾ കളവ് പറയുന്നു, വാഗ്ദാനം ചെയ്താൽ അത് ലംഘിക്കുന്നു, അവനെ വിശ്വസിച്ചാൽ അവൻ വഞ്ചിക്കുന്നു’’ (ബുഖാരി: 33, സ്വഹീഹ് മുസ്‌ലിം: 59).
നബിﷺയെ വകവരുത്താൻ വേണ്ടി ക്വുറൈശി പ്രമുഖർ കുതന്ത്രം പ്രയോഗിക്കുകയും അവസാനം വധിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ ഹിജ്‌റ പൊയ്‌ക്കൊള്ളുവാൻ അല്ലാഹു വഹ്‌യു നൽകിക്കൊണ്ട് നബിയുടെ കിടപ്പുസ്ഥാനത്ത് അലി(റ)യെ കിടത്തിക്കൊണ്ട് രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.
ഈസാ നബി(അ)യെ യൂദാസ് പിലാത്തോസിന്റെ പടയാളികൾക്ക് അദ്ദേഹത്തെ ക്രൂശിക്കാൻ വേണ്ടി ഒറ്റുകൊടുത്തതാണ്. അതവരുടെ കുതന്ത്രമായിരുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. ഒറ്റുകൊടുത്ത യൂദാസിന് ഈസായുടെ രൂപം കൊടുത്ത് ഈസാ നബിയെ അല്ലാഹുവിലേക്ക് ഉയർത്തി. അതിനാൽ ക്രൂശീകരണം ഒറ്റുകാരനിൽതന്നെ നടന്നു. അല്ലാഹുവിന്റെ തന്ത്രം വിജയിച്ചു.
സ്വാലിഹ് നബി(അ)യുടെ സമൂദ് ഗോത്രത്തിലെ ഒമ്പത് ആളുകൾ സ്വാലിഹ് നബിയെയും കുടുംബത്തെയും രാത്രിയുടെ ഇരുട്ടിൽ കൊല്ലുന്ന കാര്യത്തിൽ എല്ലാവരും സത്യം ചെയ്യാൻ ആഹ്വാനം ചെയ്ത സന്ദർഭം. കുതന്ത്രം മെനഞ്ഞ ആ സമൂഹത്തെ അവരവരുടെ വീട്ടിലായിരിക്കെ തന്നെ അല്ലാഹു നശിപ്പിച്ചു എന്നത് ക്വുർആനിൽ കാണാവുന്നതാണ്.
യൂസുഫ് നബി(അ)യുടെ കഥയിൽ, തന്റെ സഹോദരന്മാരെ പരീക്ഷിക്കാൻ ഒരു തന്ത്രം പ്രയോഗിച്ചതായി ക്വുർആൻ വിവരിക്കുന്നു. ബിന്യാമിനെ രാജാവിന്റെ മുമ്പിൽ നിർത്താൻ യൂസുഫ്(അ) ഒരു തന്ത്രം ഉപയോഗിച്ചു. അത് നീതിയും കുടുംബ ഐക്യവും ലക്ഷ്യമാക്കിയുള്ളതായിരുന്നു:
“അവർ (സഹോദരൻമാർ) പറഞ്ഞു: ‘അവൻ മോഷ്ടിക്കുന്നെങ്കിൽ, മുമ്പ് അവന്റെ ഒരു സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്.’ എന്നാൽ, യൂസുഫ് അതു തന്റെ മനസ്സിൽ രഹസ്യമാക്കിവെച്ച്; അതിനെ (ക്കുറിച്ച്) അവരോട് (ഒന്നും) വെളിവാക്കിയതുമില്ല’’(12:77).
അല്ലാഹു കഠിനമായി തന്ത്രം പ്രയോഗിക്കുന്നവനാണ്. ഇത് മനസ്സിലാക്കാതെ പ്രവാചകന്മാരെ ഇകഴ്ത്താൻ, ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാൻ, റബ്ബിന്റെ വിശ്വാസ സംഹിതകളെ-വിധിവിലക്കുകളെ കൊഞ്ഞനം കുത്താൻ ചരിത്രത്തിന്റെ ഇന്നലെകളിൽ പലരും പണിയെടുത്തിട്ടുണ്ട്. ഇന്നും അതിൽ ഒട്ടും കുറവില്ല. ഇസ്‌ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നും ഇസ്‌ലാമിൽ സ്ത്രീകൾക്ക് അവകാശവും സ്വാതന്ത്ര്യവുമില്ല എന്നും ഇസ്‌ലാമിൽ സാമ്പത്തിക തുല്യതയും സമത്വവും നീതിയുമില്ല എന്നും, ഇസ്‌ലാമിലെ ശിക്ഷാവിധികൾ കാടത്തമാണ്, ഇസ്‌ലാം ഭീകരതയാണ്, തീവ്രതയാണ് എന്നിങ്ങനെയൊക്കെ പലരും വിമർശിച്ചുകൊണ്ടേയിരിക്കുന്നു.
സത്യത്തിൽ ഇസ്‌ലാമിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ ഭയന്നിട്ടാണ് ഇങ്ങനെയുള്ള ദുരാരോപണങ്ങൾ ഇവർ പ്രചരിപ്പിക്കുന്നത്. പക്ഷേ, ഫലം നേരെ വിപരീതമാണ്. ഇത്തരം ആരോപണങ്ങൾ കാരണം ഇസ്‌ലാമിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് ചെയ്യുന്നത്.
ഭൂമിക്കു മുകളിലുള്ള ഒരു കുടിലിലും കൊട്ടാരത്തിലും അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശം എത്താതിരിക്കില്ല. നബിﷺ ഇങ്ങനെ പ്രവചിച്ചത് ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ്. അത് പുലരുക തന്നെ ചെയ്യും. അതിന് വിമർശനങ്ങളും കാരണമായി ഭവിക്കും.
തന്ത്രവും കുതന്ത്രവും തമ്മിലുള്ള വ്യത്യാസം:
1. ഉദ്ദേശ്യം: തന്ത്രം നല്ല ഉദ്ദേശ്യത്തോടെ, നീതിപൂർവം പ്രവർത്തിക്കുന്നു; കുതന്ത്രം സ്വാർഥതയോ അനീതിയോ ലക്ഷ്യമിടുന്നു.
2. ധാർമികത: തന്ത്രം ഇസ്‌ലാമിന്റെ ധാർമിക മൂല്യങ്ങൾക്ക് അനുസൃതമാണ്; കുതന്ത്രം വഞ്ചനയും കള്ളവും ഉൾക്കൊള്ളുന്നു.
3. ഫലം: തന്ത്രം സമൂഹത്തിന് ഗുണം ചെയ്യാൻ ഉദ്ദേശിക്കുന്നു; കുതന്ത്രം മറ്റുള്ളവർക്ക് ദോഷം വരുത്തുന്നു.
ക്വുർആനിന്റെയും സ്വീകാര്യയോഗ്യമായ ഹദീസുകളുടെയും മാർഗനിർദേശങ്ങൾ പിന്തുടർന്ന്, ഒരു മുസ്‌ലിം എല്ലാ പ്രവർത്തനങ്ങളിലും സത്യസന്ധതയും നീതിയും പാലിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

