വിശുദ്ധ ക്വുർആൻ; അമൂല്യമായ അനുഗ്രഹം
അബ്ദുല്ലാഹ് ബിൻ സിറാജ്
2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

ഓരോ നിമിഷവും അല്ലാഹുവിന്റെ അപാരമായ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, മറ്റൊന്നും പകരം വെക്കാനാകാത്തവിധത്തിലുള്ള അനുഗ്രഹങ്ങൾ അനുഭവിച്ചും ആസ്വദിച്ചുമാണ് നാമെല്ലാം ജീവിക്കുന്നത്.
“അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല’’ (ക്വുർആൻ 16:18).
അതിവിശാലമാണ് അല്ലാഹുവിന്റെ കാരുണ്യം. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളിൽ ഒന്നുതന്നെ ‘അർറ്വഹ്‌മാൻ’ എന്നാണ്. വിശുദ്ധ ക്വുർആനിലെ ഒരു അധ്യായത്തിന്റെ പേര് ‘അർറ്വഹ്‌മാൻ’ (പരമ കാരുണികൻ) എന്നാണ്. അതിലെ ഒന്നാമത്തെ സൂക്തം ‘അർറ്വഹ്‌മാൻ’ എന്നതാണ്.
അല്ലാഹുവിന്റെ കരുണയെ വിളിച്ചോതുന്ന ‘അർറ്വഹ്‌മാൻ’ എന്ന നാമത്തോട് ചേർന്നുകൊണ്ട് രണ്ടാമത്തെ സൂക്തത്തിൽ പറയുന്നത് ‘ഈ ക്വുർആൻ പഠിപ്പിച്ചു’ എന്നാണ്. അഥവാ, പരമകാരുണികന്റെ ഏറ്റവും മഹത്തായ അനുഗ്രഹമായ ക്വുർആനിനെ കുറിച്ചാണ്.
“നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി’’ (38:29).
ക്വുർആൻ മനുഷ്യനെ നന്മയും തിന്മയും വേർതിരിച്ചറിയാൻ സഹായിക്കുന്നു. നിഷിദ്ധങ്ങൾ ഒഴിവാക്കി അനുവദനീയമായത് സ്വീകരിക്കാനും, ദേഹച്ഛകൾക്ക് അടിമപ്പെടാതെ വിജയത്തിലേക്കെ ത്താനും, നരകത്തിൽ അകപ്പെടാതിരിക്കാനും സ്വർഗത്തിലെത്താനും, പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും കെണികളിൽനിന്നും കുതറിമാറാനും ക്വുർആൻ വഴികാട്ടുന്നു.
ഇങ്ങനെ ഐഹികവും പാരത്രികവുമായ വിജയത്തിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ചെയ്തുതന്ന അല്ലാഹു മാത്രമാണ് സർവസ്തുതികൾക്കും യഥാർഥ അവകാശി.
‘സ്തുതി’ എന്നതിന് അറബിയിൽ ‘ഹംദ്’ എന്നാണ് പറയുക. ‘അൽഹംദു’ എന്ന് തുടങ്ങുന്ന, ക്വുർആനിലെ ഒരു അധ്യായമാണ് ‘അൽകഹ്ഫ.് തൊട്ടുടനെ എന്തുകൊണ്ടാണ് അല്ലാഹു സ്തുതിക്കപ്പെടേണ്ടവനാകുന്നത് എന്ന് വ്യക്തമാക്കുന്നു. ‘തന്റെ ദാസന്റെ മേൽ വേദഗ്രന്ഥമവതരിപ്പിച്ചു’ എന്നതാണ് അത്. ക്വുർആൻ എന്ന അനുഗ്രഹത്തിന്റെ മഹത്ത്വമാണ് ഇതും മനസ്സിലാക്കിത്തരുന്നത്.
അല്ലാഹുവിന്റെ അതിമഹത്തായ ഒരു അനുഗ്രഹമാണ് വെള്ളം. ക്വുർആൻ ‘അവതരിപ്പിച്ചു’ എന്നതിന് അല്ലാഹു ഉപയോഗിച്ച പദമാണ് ‘അൻസല’ എന്നത്. ആകാശത്തുനിന്ന് വെള്ളം ഇറക്കി എന്നു പറയുന്നേടത്തും അല്ലാഹു ‘അൻസല’ എന്ന് പ്രയോഗിച്ചതായി കാണാം. ജീവിക്കുവാൻ വെള്ളം എത്രമാത്രം അനിവാര്യമാണോ അതുപോലെ തന്നെ മനുഷ്യന്റെ പരലോക വിജയത്തിന് ക്വുർആൻ അനിവാര്യമാണ് എന്നു സാരം.
വെള്ളമില്ലെങ്കിൽ ജീവൻ ഇല്ലല്ലോ. വെള്ളം എന്ന അനുഗ്രഹം ഇഷ്ടംപോലെ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യന് അതിന്റെ മൂല്യം വേണ്ടത്ര തിരിച്ചറിയാൻ കഴിഞ്ഞുകൊള്ളണമെന്നില്ല.
അല്ലാഹു പറയുന്നു: “പറയുക: നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാൽ ആരാണ് നിങ്ങൾക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നു തരിക?’’ (67:30)
ഒരു അനുഗ്രഹം നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയറിയൂ. ജന്മനാ കാഴ്ചയുള്ള ഒരാൾക്ക് ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അന്ധത ബാധിക്കുമ്പോഴായിരിക്കും അയാൾ കണ്ണ് എന്ന അനുഗ്രഹത്തെ കുറിച്ച് ചിന്തിക്കുക.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കുറിച്ച് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യർക്കിടയിൽ പൊതുവെ കുറവാണ്. ഇല്ലായ്മകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യും.
അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക’’ (93:8).
നമ്മുടെ ഭൗതിക ശരീരത്തിന്റെ വളർച്ചക്കും നിലനിൽപിനും വെള്ളവും ഭക്ഷണവും എത്രത്തോളം അനിവാര്യമാണോ അത്രത്തോളം തന്നെ അനിവാര്യമാണ് ആത്മാവിന്റെ വളർച്ചയ്ക്ക് ക്വുർആനും. ക്വുർആനും പ്രവാചകാധ്യാപനങ്ങളുമാണ് യഥാർഥത്തിൽ ആത്മസംസ്‌കരണത്തിന്റെ ഭക്ഷണം.
കാലാതിവർത്തിയാണ് ക്വുർ ആൻ. ഏറ്റവും ഉത്തമമായതിലേക്ക് നയിക്കുന്ന, മനുഷ്യമനസ്സിനോട് സംവദിക്കുന്ന ഗ്രന്ഥം. മനുഷ്യന്റെ മനസ്സറിയുന്ന ഒരു സ്രഷ്ടാവിൽനിന്നല്ലാതെ ഇങ്ങനെയൊന്ന് ഉണ്ടാവുകയില്ല.
“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (17:9).
ധാർമികമായി അധഃപതനത്തിൽ അമർന്നിരുന്ന ഒരു സമൂഹത്തെ കേവലം 23 വർഷങ്ങൾക്കുള്ളിൽ ഉത്തമ സമൂഹമാക്കി നബിﷺ മാറ്റിയെടുത്തത് ക്വുർആൻ കൊണ്ടാണ്.
ക്വുർആനിന്റെ ആളുകൾ ആയിത്തീരുക എന്നത് അഭിമാനാർഹമായ കാര്യമാണ്. ക്വുർആനെ ജീവിതത്തിന്റെ വഴികാട്ടിയായി സ്വീകരിക്കുമ്പോഴാണ് നാം അതിന്റെ ആളുകളായി മാറുക. നമ്മുടെ ധർമാധർമങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ദിവസത്തിൽ നമുക്ക് അനുകൂലമോ പ്രതികൂലമോ ആയി സാക്ഷി പറയുന്ന ഗ്രന്ഥമാണ് ക്വുർആൻ. അനുകൂലമാകണമെങ്കിൽ അതിനോടുള്ള അടുപ്പം നാം വർധിപ്പിക്കണം.
