മൗദൂദിയുടെ ‘സങ്കൽപം’ സമ്പൂർണ ഇസ്‌ലാമോ?

മൂസ സ്വലാഹി കാര

2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

ഇസ്‌ലാമിന്റെ ആത്മാവായ തൗഹീദിനെ വികലമാക്കി അവതരിപ്പിച്ചും പ്രമാണ വചനങ്ങളെ സ്വന്തം താൽപര്യമനുസരിച്ച് വ്യാഖ്യാനിച്ചും രംഗത്തു വന്ന, ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനായ മൗലാനാ മൗദൂദി സാഹിബിെൻറ നൂതനമായ ഒരു സങ്കൽപമാണ് ‘ഹുകൂമത്തെ ഇലാഹി’ ഇല്ലാതെ ഇസ്‌ലാം സമ്പൂർണമാകില്ല എന്നത്. അത് സ്ഥാപിക്കാനായി ആരാധന(ഇബാദത്ത്)യെ അനുസരണത്തിലേക്കും അടിമത്തത്തിലേക്കും പരമാവധി ഒപ്പിച്ചൊതുക്കാൻ അദ്ദേഹം ശ്രമിച്ചു.

മൗദൂദിയുടെ മാർഗത്തെ ഇന്നും പൊന്നുപോലെ ജമാഅത്തെ ഇസ്‌ലാമിക്കാർ സൂക്ഷിച്ച് പോരുന്നുണ്ട്. അവർ എഴുതിയത് കാണുക:

“മറ്റു മതങ്ങളെപ്പോലെ ആചാരാനുഷ്ഠാനങ്ങളിൽ ഒതുങ്ങുന്ന മതമാണ് ഇസ്‌ലാം എന്നാണവർ ധരിച്ചിരിക്കുന്നത്. ഖിലാഫത്തിന്റെ പതനത്തിന് ശേഷം ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ ലോകത്ത് ഇല്ലാതാവുകയും മുസ്‌ലിം സമുദായം ചില ആചാരാനുഷ്ഠാനങ്ങളിൽ മാത്രം കഴിഞ്ഞുകൂടുകയും ചെയ്ത സന്ദർഭത്തിലാണ്, സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഉള്ളടക്കങ്ങൾ തർജുമാനുൽ ഖുർആൻ എന്ന മാസികയിലൂടെ മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. തന്റെ ആശയങ്ങളല്ല, ഖുർആനിക ആശയങ്ങളായ ഹാകിമിയ്യത്തിന്റെയും ഖിലാഫത്തിന്റെയും വിശദാംശങ്ങളാണ് മൗദൂദി സാഹിബ് പ്രചരിപ്പിച്ചത്. ഇതിൽ ആകൃഷ്ടരായ എഴുപതോളം ഇസ്‌ലാമിക പണ്ഡിതന്മാർ ചേർന്നു രൂപം നൽകിയതാണ് ജമാഅത്തെ ഇസ്‌ലാമി’’ (പ്രബോധനം, 2025 ജനുവരി 24, പേജ് 6).

ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഉള്ളടക്കങ്ങൾ നൂറ്റാണ്ടുകളായി വിസ്മൃതിയിലായിരുന്നുവെന്നും ഭരണമില്ലാത്ത അപൂർണമായ, ചില ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഇസ്‌ലാമിനെയായിരുന്നു ജനങ്ങൾക്ക് പരിചയമെന്നുമൊക്കെയാണ് മൗദൂദി പറഞ്ഞുവച്ചതിന്റെ ആകെത്തുക.

ഹൂകുമത്തെ ഇലാഹിയും സമ്പൂർണ ഇസ്‌ലാമും

വ്യതിയാന വിഭാഗങ്ങളിലെ കൊടിയ വിഷമായ ഖവാരിജുകളോട് അനുനയം പുലർത്തി ഇഖ്‌വാനിസത്തെ പാലൂട്ടി വളർത്താൻ രംഗത്ത് വന്നവർക്കെല്ലാം പ്രചോദനമായ, മൗദൂദിയുടെ ‘ദൈവിക ഭരണം’ എന്ന നയത്തെ ഇസ്‌ലാമിന്റെ സമ്പൂർണതയായും അതിന് ബദലായും പ്രബോധനം അവതരിപ്പിക്കുന്നത് വായിക്കാം:

‘1940കളിൽ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക, ഉൽപതിഷ്ണു വിഭാഗങ്ങൾ തമ്മിലുള്ള തർക്കവിതർക്കങ്ങളാൽ ബഹളമുഖരിതമായ അന്തരീക്ഷത്തിലാണ് ഇസ്‌ലാമിനെ സമ്പൂർണ ജീവിതദർശനവും പ്രത്യയശാസ്ത്രവുമായി അവതരിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി സാഹിബിന്റെ ഏതാനും കൃതികളുടെ മലയാള തർജമയും വി.പി മുഹമ്മദലി സാഹിബിന്റെയും വിരലിലെണ്ണാവുന്ന സഹപ്രവർത്തകരുടെയും പ്രസംഗ പരിപാടികളും മാത്രമായിരുന്നു അന്ന് ആദർശ പ്രചാരണത്തിനുള്ള ഉപാധികൾ’’

(പ്രബോധനം സ്‌പെഷ്യൽ പതിപ്പ് 2024, പേജ് 12).

‘ആധുനിക കാലഘട്ടത്തിലെ വിവിധ ദർശനങ്ങളെ നിരൂപണാത്മകമായി വിലയിരുത്തുക, ഇസ്‌ലാമിനെ ഒരു ബദലായി അവതരിപ്പിക്കുക, പുതിയ പ്രശ്‌നങ്ങൾക്ക് ഇസ്‌ലാമിൽ നിന്നുകൊണ്ട് പരിഹാരം നിർദേശിക്കുക എന്നിവയിലായിരുന്നു പ്രബോധനത്തിന്റെ ഊന്നൽ’’ (പ്രബോധനം, 2024 ഡിസംബർ 27, പേജ് 5).

രൂപീകരണം മുതൽക്കേ പ്രമാണ വിരുദ്ധ അടിസ്ഥാനത്തിന്മേൽ അസ്തിത്വം കെട്ടിപ്പടുത്തവർ ഇസ്‌ലാമിന്റെ സമ്പൂർണതയും ബദലുമാകുന്നതെങ്ങനെയാണ്? ആദ്യകാലത്തെ അവരുടെ റിപ്പോർട്ട് ക്രോഡീകരിക്കപ്പെട്ട ‘റൂദാദ് ജമാഅത്തെ ഇസ്‌ലാമി’എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം:

“ജമാഅത്ത് അമീർ അവർകളേ, റഫീഖുകളേ, നമ്മുടെ ലക്ഷ്യവും ജീവിതോദ്ദേശ്യവും ദുൻയാവിൽ ഹുകൂമത്തെ ഇലാഹിയ്യയുടെ സംസ്ഥാപനത്തിനുള്ള ശ്രമവും പരലോകത്ത് ദൈവ പ്രീതിയാർജിക്കലുമാ ണെന്ന് നിങ്ങൾക്കറിയാവുന്നതാണല്ലോ. മനുഷ്യൻ തന്റെ വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവും നാഗരികവും സാമ്പത്തികവും മറ്റുമായ രംഗങ്ങളിലെല്ലാം റബ്ബും ഇലാഹുമായ ഒരുവന്റെ മാത്രം അടിമയായിരിക്കുക എന്നതാണ് അതിന്റെ വിവക്ഷ’’ (ഭാഗം മൂന്ന്, പേജ് 17).

പ്രവാചകന്മാർ മുഴുവനും പ്രതികളാക്കപ്പെടുന്ന വാദമാണിത്! ‘നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക’ എന്ന അവരോടുള്ള കൽപനയെ മറയാക്കിയാണ് ഇവർ തങ്ങളുടെ ഈ തെറ്റായ ചിന്തക്ക് തുണയിരിക്കുന്നത്. സംശുദ്ധമായ മതത്തെ പരിപൂർണമായി പ്രബോധനം നടത്തിയ പ്രവാചകന്മാർ എല്ലാ മേഖലകളിലും വിജയം കണ്ടവരാണ്. അവരെല്ലാവരും ‘ഹുകൂമത്തെ ഇലാഹിയ്യ’ സ്ഥാപിച്ച് വിടപറഞ്ഞവരല്ല. അതിനാൽ അവരുടെ ഇസ്‌ലാം അപൂർണമായിട്ടില്ല, അവരുടെ പ്രബോധനത്തിൽ ന്യൂനത വന്നിട്ടുമില്ല. അവരെ നേരാംവണ്ണം പിൻപറ്റുന്നവർ കൽപിക്കപ്പെട്ടത് അല്ലാഹുവിന്റെ സന്ദേശം അവനെ മാത്രം ആരാധിച്ച് സമൂഹത്തിലേക്ക് എത്തിക്കാനാണ്, അല്ലാതെ അത് അടിച്ചേൽപിക്കാനല്ല.

അല്ലാഹു പറയുന്നു: “അതായത് അല്ലാഹുവിന്റെ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്റെ നടപടി). കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി’’ (33:39).

ശൈഖ് നാസ്വിറുസ്സഅദി(റ)പറയുന്നു: “പ്രവാചകന്മാർ നിലനിർത്തിയതും നിർവഹിച്ചതുമായ കാര്യം അല്ലാഹുവിലേക്കുള്ള പ്രബോധനവും യാതൊരുവിധ ന്യൂനതയുമില്ലാതെ അവനെ മാത്രം ഭയന്ന് കൽപ്പിക്കപ്പെട്ടവ ചെയ്തും വിരോധിക്കപ്പെട്ടവ വെടിഞ്ഞും ചുമതല ഏറ്റവും നന്നായി പൂർത്തിയാക്കി എന്നതാണ്.’’

‘നവമുസ്‌ലിം’-ജമാഅത്തുകാർക്ക് ജവാബുണ്ടോ?

അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ പിന്തുടർന്ന് പോരുന്ന ആശയവും മൗദൂദി മുന്നോട്ടുവച്ചതും ഒന്നുതന്നെയാണെങ്കിൽ പിന്നെന്തിനാണ് ‘തജ്ദീദെ ഈമാൻ’ (ഈമാൻ പുതുക്കുക) എന്നതിലേക്ക് അദ്ദേഹം തിരിഞ്ഞത്? ശരിയായ പ്രബോധന പ്രവർത്തനങ്ങൾക്ക് കാർമികത്വം വഹിച്ചവർക്കൊന്നും ശഹാദത്ത് മാറ്റിച്ചൊല്ലി സമൂഹത്തിന് മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ല. അനുയായികൾ കർമോത്സുകരാകാനുള്ള മാർഗം അവർ തന്നെ എഴുതിയത് കാണുക:

“ഇപ്പോൾ നമ്മുടെ പ്രവർത്തനം ആജ്ഞയിലൂടെയല്ല നടന്നുവരുന്നത്. പ്രവർത്തകർ സ്വയം പ്രേരിതരായി കർമസജ്ജരാവുകയാണ്. ഈമാൻ പുതുക്കുക (തജ്ദീദെ ഈമാൻ) വഴി അവരുടെമേൽ വന്നുചേർന്ന ഉത്തരവാദിത്തം യഥാവിധം ഗ്രഹിച്ച് ഹൃദയസാന്നിധ്യത്തോടെ പ്രവർത്തിക്കുന്നുവോ എന്നാണ് നാം നിരീക്ഷിക്കുന്നത്’’ (റൂദാദ്, ഭാഗം മൂന്ന്, പേജ് 22).

ജമാഅത്ത് രൂപീകരിക്കാനായി 1941ൽ തെരഞ്ഞെടുക്കപ്പെട്ടർ നടത്തിയ യോഗത്തിന്റെ രണ്ടാം ദിവസം മൗദൂദിയുടെ നേതൃത്വത്തിൽ ‘നവമുസ്‌ലിം’ പ്രഖ്യാപനം നടത്തുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഹൽഖ പ്രസിദ്ധീകരിച്ച റൂദാദിന്റെ ഒന്നാം ഭാഗത്തിൽ നിന്ന് വായിക്കാം:

“അനന്തരം എഴുന്നേറ്റ് നിന്ന് അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് എന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ! നിങ്ങൾ സാക്ഷികളാവുക. ഞാനിപ്പോൾ ഒരു നവമുസ്‌ലിമാണ്. ഞാൻ ജമാഅത്തിൽ അംഗമായി ചേരുന്നു.’ പിന്നീട് മുഹമ്മദ് മൻസൂർ നുഅ്മാനി സാഹിബ് എഴുന്നേറ്റ് നിൽക്കുകയും മൗദൂദിയെപ്പോലെത്തന്നെ പുനർവിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്തു. ശേഷം സദസ്സിലുള്ളവരെല്ലാം ഈ പ്രക്രിയ ആർത്തിച്ചു. പലരുടെയും കണ്ണുകളിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഏതാണ്ടെല്ലാവരും ശഹാദത്ത് പ്രഖ്യാപിച്ചപ്പോൾ ഉത്തരവാദിത്തബോധം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. സത്യപ്രതിജ്ഞാകർമം അവസാനിച്ചതോടുകൂടി മൗദൂദി സാഹിബ് ജമാഅത്തെ ഇസ്‌ലാമി നിലവിൽവന്നതായി പ്രഖ്യാപിച്ചു’’ (പേജ് 17).

ഈ ആശയം കണ്ടെത്തും വരെയും ഇവരുടെ ഇസ്‌ലാമിന്റെ അവസ്ഥ എന്തായിരുന്നു? അതിനു മുമ്പ് ലോക മുസ്‌ലിംകളുടെയൊക്കെ ഇസ്‌ലാം അപൂർണമായിരുന്നോ? കേരള ഹൽഖ അമീർ മുതൽ കാർകുനും റുക്‌നുമെല്ലാം ഈ വിശ്വാസപ്പുതുക്കൽ രഹസ്യമായോ പരസ്യമായോ ഇപ്പോഴും നടത്തിവരുന്നുണ്ടോ? പുതുതായി ജമാഅത്തിൽ അംഗമാകുന്നവർക്ക് ഈ പുതുക്കൽ നിർബന്ധമാണോ അല്ലേ?

ജമാഅത്തുകാർക്ക് മൗദൂദി ‘ഊരാക്കുരുക്ക്’ തന്നെ!

ജമാഅത്തുകാരെ സംബന്ധിച്ചിടത്തോളം മൗദൂദിയെ തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലാണിപ്പോൾ. അവർക്ക് നേരെയുള്ള വിമർശനങ്ങളെ വടിച്ച് മാറ്റും തോറും കറങ്ങിത്തിരിഞ്ഞ് മൗദൂദി വരച്ചതിൽ തന്നെയാണവർ വന്നുചേരുന്നത്. അദ്ദേഹത്തിന്റെ വാദങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഏകദേശം എല്ലാ പുസ്തകങ്ങളും അടിത്തട്ടിലുള്ളവർ വരെ വായിച്ച് പഠിക്കൽ നിർബന്ധമാണെന്ന നിലപാട് സംവിധാനത്തിന് തകരാറിലാക്കുമെന്ന് ഉറപ്പായപ്പോൾ കുരുക്കഴിക്കാൻ പുതുമ കൂടിയ ന്യായീകരണവുമായിട്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത്:

“ജമാഅത്തെ ഇസ്‌ലാമി കേരള അമീർ മുജീബുറഹ്‌മാനും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി.ആരിഫലിയും മൗദൂദിയുടെ ആദർശത്തിൽനിന്ന് ജമാഅത്തെ ഇസ്‌ലാമി പിന്മാറിയിരിക്കുന്നു, അദ്ദേഹത്തെ തള്ളിപ്പറയുന്നു എന്ന് തുടങ്ങിയ ചർച്ചകളും പ്രചാരണങ്ങളും മാധ്യമങ്ങളിൽ പൊടിപൊടിക്കുകയാണിപ്പോൾ. ബന്ധപ്പെട്ടവർ ഈ ആരോപണം വസ്തുനിഷ്ഠമായി നിഷേധിക്കുമ്പോഴും അവാസ്തവികമായ പ്രോപഗണ്ടക്ക് കുറവില്ല. മൗദൂദിയുടെ എല്ലാ അഭിപ്രായങ്ങളോടും ജമാഅത്ത് യോജിക്കുന്നില്ല എന്ന പ്രസ്താവനയാണ് ഇവർക്കുള്ള പിടിവള്ളി’’ (പ്രബോധനം, 2025 ജനുവരി 17, പേജ് 9).

ഇത് വായിക്കുന്നവർക്ക് എന്താണ് മനസ്സിലാവുക? മൗദൂദിയുടെ ആദർശത്തിൽനിന്ന് ജമാഅത്തെ ഇസ്‌ലാമി പിന്മാറിയിരിക്കുന്നു, അദ്ദേഹത്തെ തള്ളിപ്പറയുന്നു എന്നത് ആരോപണം മാത്രമാണ് എന്നല്ലേ? മൗദൂദിയുടെ വല്ല വീക്ഷണത്തോടും ജമാഅത്തിന് എതിർപ്പുണ്ടോ? ഉണ്ടെങ്കിൽ അത് സമൂഹത്തിനു മുമ്പിൽ വിശദമാക്കാൻ തയ്യാറുണ്ടോ?