ഗസ്സ: ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രതീകം

അഹ്‌സന മലയിൽ

2025 ആഗസ്റ്റ് 09, 1447 സഫർ 15

ഗസ്സ കേവലം ഒരു ഭൂപ്രദേശമല്ല; അത് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പ്രത്യാശയുടെ യും പ്രതീകമാണ്. ഇന്ന് ലോകത്തിന്റെ കണ്ണുകൾ ഗസ്സയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിലും ഉപരോധത്തിലും അവിടത്തെ ജനജീവിതം അതീവ ദുസ്സഹമായി തുടരുമ്പോൾ, മാനുഷിക സഹായം എത്തിക്കുന്നതിനായി ലോകമെമ്പാടുമുള്ള ജനങ്ങളും സംഘടനകളും ഒരുമിച്ച് ശബ്ദമുയർത്തുകയാണ്. റഫാ അതിർത്തി തുറക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലും, വിശിഷ്യാ യൂറോപ്യൻ രാജ്യങ്ങളിലും അരങ്ങേറുന്ന പ്രതിഷേധങ്ങൾ, ഈ വിഷയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഗസ്സയിലെ ജനതയുടെ നിലനിൽപ്പിനും അവകാശങ്ങൾക്കും വേണ്ടിയുള്ള ഈ ആഗോള ഐക്യദാർഢ്യം, മനുഷ്യ മനസ്സാക്ഷിയുടെ ഉണർവിനെയാണ് അടയാളപ്പെടുത്തുന്നത്.

ഗസ്സയുടെ നിലവിലെ അവസ്ഥ

അക്രമങ്ങളെയും അനീതികളെയും ചെറുക്കുന്നത് ഓരോ സത്യവിശ്വാസിയുടെയും കടമയാണ്. ക്വുർആൻ പറയുന്നു: “നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങൾ പരിധിവിട്ട് പ്രവർത്തിക്കരുത്. പരിധിവിട്ട് പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നത് തന്നെയല്ല’’ (അൽബക്വറ: 190).

ഈ വചനം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ അംഗീകരിക്കുകയും എന്നാൽ അതിരുവിട്ട നടപടികളെ കർശനമായി വിലക്കുകയും ചെയ്യുന്നു. ഗസ്സയിലെ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ഈ കൊടിയ ഉപരോധവും നിരന്തരമായ അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുടെ അങ്ങേയറ്റമാണ്. ഭക്ഷണം, മരുന്ന്, ശുദ്ധജലം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരഹിതമായ നടപടിയായി ലോകം സാക്ഷ്യപ്പെടുത്തുന്നു

ഇസ്രായേൽ പ്രഖ്യാപിച്ച പരിമിതമായ ഇളവുകൾ പോലും ഗസ്സയിലെ ഭീകരമായ പട്ടിണി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ലെന്ന് യു.എൻ ഏജൻസികളും വിവിധ ആഗോള സന്നദ്ധ സംഘടനകളും തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദിവസവും നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുന്ന വാർത്തകൾ ലോക മനസ്സാക്ഷിയെ വേദനിപ്പിക്കുകയും കൂടുതൽ നടപടികൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ കേവലം ഒരു പ്രാദേശിക സംഘർഷമായി കാണാതെ, ആഗോള മാനുഷിക പ്രതിസന്ധിയായി പരിഗണിച്ച് ഇടപെടേണ്ടത് അത്യാവശ്യമാണ്.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളേണ്ടത് ഓരോ മുസ്‌ലിമിന്റെയും ഉത്തരവാദിത്തമാണ്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ പൊതുവായ ബാധ്യതയാണ്. അന്യായമായി ഒരാളെപ്പോലും പട്ടിണിക്കിടുന്നതും കൊല്ലുന്നതും ഇസ്‌ലാം കർശനമായി വിലക്കുന്നു. മുഹമ്മദ് നബിﷺ പറഞ്ഞു: ‘വിശപ്പുള്ളവന് ഭക്ഷണം നൽകുക, രോഗിയെ സന്ദർശിക്കുക, ബന്ധിതനെ മോചിപ്പിക്കുക.’ ഈ വചനം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെയും ദുരിതത്തിലായവരെ സഹായിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു. ഗസ്സയിലെ സഹോദരങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ റഫാ അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഈ മാനുഷിക മൂല്യങ്ങളുടെ പ്രതിഫലനമാണ്. ഇത്തരം പ്രതിഷേധങ്ങൾ വിഷയത്തിന്റെ ഗൗരവം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

മാനുഷിക സഹായത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രാധാന്യം

ദുരിതത്തിലായവരെ സഹായിക്കുന്നത് ഇസ്‌ലാമിൽ വലിയ പുണ്യകർമമാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയത് അഭിനന്ദനാർഹമാണ്. സൗദി അറേബ്യ നൽകുന്ന വലിയതോതിലുള്ള സഹായങ്ങൾ ഗസ്സയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമടങ്ങിയ ഇത്തരം സഹായങ്ങൾ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും എത്തേണ്ടതുണ്ട്.

ചില പ്രദേശങ്ങളിൽ സൈനിക നടപടികൾ നിർത്തിവെക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം ഒരു പരിധിവരെ സഹായകമാകുമെങ്കിലും, ഇതൊരു ശാശ്വത പരിഹാരമല്ല. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടുക എന്ന നയം ഇസ്രായേലിനില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നതിനിടയിലും, ഭക്ഷണത്തിനായി വരിനിന്നവർ പോലും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. നൂറു കണക്കിന് കുഞ്ഞുങ്ങൾ പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മരണ‌െപ്പട്ടുകഴിഞ്ഞു. ഈ ഇരട്ടത്താപ്പ് ലോകത്തിന് മുന്നിൽ ഇസ്രായേലിന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു.

അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തം

ഫലസ്തീൻ പ്രശ്‌നം പരിഹരിക്കൾ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. യൂറോപ്യൻ യൂണിയന്റെ ഹോറൈസൺ ഗവേഷണ ഫണ്ട് ഇസ്രായേലിന് നൽകുന്ന ത് മരവിപ്പിക്കാനുള്ള നീക്കങ്ങൾ, ഗസ്സയിൽ കൂടുതൽ സഹായം എത്തിക്കാൻ ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമാണ്. യു.എൻ രക്ഷാസമിതിയിൽ ഖത്തർ ഇസ്രായേലിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചത്, പട്ടിണിയെയും ഭക്ഷണത്തെയും യുദ്ധായുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതാണ്. ഈ വിഷയത്തിൽ അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്.

ഗസ്സയിലെ പ്രതിസന്ധിക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. വെടിനിർത്തൽ ചർച്ചകൾ ഫലപ്രദമാകണം. ഫലസ്തീനികൾക്ക് അവരുടെ സ്വന്തം മണ്ണിൽ, സമാധാനപരമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണം.

‘വിശ്വാസികൾ ഒരു കെട്ടിടം പോലെയാണ്, അതിലെ ഒരു ഭാഗം മറ്റേ ഭാഗത്തെ ശക്തിപ്പെടുത്തുന്നു’ എന്ന പ്രവാചക വചനം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഗസ്സയിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയും അവർക്ക് നീതിയും സമാധാനവും ലഭ്യമാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയും വേണം.

അല്ലാഹുവിന്റെ സഹായം എപ്പോഴും ക്ഷമിക്കുന്നവരുടെയും നീതിക്ക് വേണ്ടി നിലകൊള്ളുന്നവരുടെയും കൂടെയായിരിക്കും. ഗസ്സയുടെ മണ്ണിന് സമാധാനവും ഫലസ്തീൻ ജനതയ്ക്ക് സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു നല്ല നാളേക്കായി പ്രത്യാശയോടെ കാത്തിരിക്കാം.