ജനാധിപത്യവിരുദ്ധമീ ഭരണകൂട നിലപാടുകൾ

ദുൽക്കർഷാൻ അലനല്ലൂർ

2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമാണ് ജനാധിപത്യഭരണകൂടം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം ജനങ്ങളുടെ എല്ലാവിധ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടത് ചെയ്യണം, സംരക്ഷണം നൽകണം. എന്നാൽ ഇന്ന് ഭാഗികമായേ ഇതെല്ലാം നടക്കുന്നുള്ളൂ. ജനാധിപത്യത്തിന്റെ മറവിൽ ഏകാധിപത്യം നടപ്പിലാക്കുകയാണെന്ന് തോന്നിപ്പോകും വിധമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തെക്കാൾ ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമത്തിനാണ് പ്രാധാന്യം നൽകിക്കാണുന്നത്.

സ്വാതന്ത്ര്യത്തിന്റെ മേഖല ചുരുങ്ങുന്നുവോ?

ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്. മതനിരപേക്ഷത ഈ രാജ്യത്തിന്റെ കാതലാണ്. മത-ഭാഷ വൈവിധ്യങ്ങൾ നാടിന്റെ സൗന്ദര്യമാണ്. ഈയൊരു ബഹുസ്വരത തന്നെയാണ് മറ്റുരാജ്യങ്ങളിൽ നിന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ വ്യതിരിക്തമാക്കുന്നതും. ഇവിടെ എല്ലാവർക്കും തങ്ങൾ ഉൾക്കൊള്ളുന്ന ആദർശം പ്രബോധനം നടത്താനും തങ്ങളുടെതായ അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഈ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി നിയമഭേദഗതികൾ പോലും നടത്തിക്കൊണ്ടിരിക്കുന്നു.

ചിലർക്ക് എന്ത് ആഭാസവും അക്രമവും കാണിക്കാം, മറ്റു ചിലർക്ക് ഒന്നും പറയാൻ പാടില്ല; അഥവാ ഞങ്ങൾ പറയും, നിങ്ങൾ കേൾക്കണം; ഞങ്ങൾ ചെയ്യും, നിങ്ങൾ കാണണം എന്ന സ്വേഛാധിപത്യത്തിന്റെയും പക്ഷപാതിത്വത്തിന്റെയും ശൈലി ഭരണകൂടം സ്വീകരിക്കുന്നു. കേന്ദ്രവും സംസ്ഥാനവും ഒരേ ശൈലിയിലാണ് പ്രവർത്തിക്കുന്നത്.

ഒരാൾ ഒരു പൊതുവിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അതിലെ ശരിയും തെറ്റും നോക്കിക്കാണാൻ ശ്രമിക്കാതെ അയാളുടെ പേരും മതവും നോക്കി ആക്ഷേപിക്കുന്നു. അയാൾ ഉൾക്കൊള്ളുന്ന സമൂഹത്തെ അപമാനിക്കുന്നു.

നിയമം നടപ്പിലാക്കുന്നതിൽ ഇരട്ടത്താപ്പ് കാണിക്കൽ ഭരണകൂട നെറികേടാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന ചിലർക്ക് പൂമാലയും അഭിനന്ദനവും നൽകുന്നു. അവരെ സംസ്‌കാരത്തിന്റെ കാവൽക്കാരായി പാടിപ്പുകഴ്ത്തുന്നു. എന്നാൽ സർക്കാരിന്റെ ഒരു തീരുമാനത്തിലെ അപാകത ചൂണ്ടിക്കാണിച്ച, തന്റെതായ അഭിപ്രായം പറഞ്ഞ അധ്യാപകനെ 24 മണിക്കൂറിനുള്ളിൽ സസ്‌പെൻഷൻ ചെയ്യാൻ ഓർഡർ ഇറക്കുന്നു. കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിലെ പ്രതി ആരാണെന്ന് വ്യക്തമായ തെളിവ് കിട്ടിയിട്ടും അധ്യാപകനായ അദ്ദേഹത്തിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിരന്തരം വർഗീയ പ്രസംഗം നടത്തുന്ന ഒരു ടീച്ചറുണ്ട് നമ്മുടെ നാട്ടിൽ. അവർക്കെതിരിൽ ഒരു ചെറുവിരൽ അനക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല.

പുതുതലമുറയെ കുത്തഴിഞ്ഞ ലൈംഗികതയിലേക്കും സംസ്‌കാരശൂന്യതയിലേക്കും നയിക്കുന്ന LGBTQ+ എന്ന അസംബന്ധ ആശയത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നു. അമേരിക്ക പോലും നിരസിച്ച ആശയത്തെയാണ് നമ്മൾ വാരിപ്പുണരാൻ ശ്രമിക്കുന്നത്. കള്ള് കിട്ടാതെ ആരും വിഷമിക്കാതിരിക്കാൻ മദ്യഷാപ്പുകൾക്ക് യഥേഷ്ടം പെർമിഷൻ നൽകുന്നു. അപ്പുറത്ത് ലഹരിക്കെതിരെ കുട്ടികളെക്കൊണ്ട് സൂംബ ഡാൻസ് കളിപ്പിക്കുന്നു!

ചാനൽ ചർച്ചകളിലെ സ്ഥിരം മുഖങ്ങൾ

ഇസ്‌ലാമുമായും മുസ്‌ലിം സംഘടനകളുമായും ബന്ധപ്പെട്ട വിഷയത്തിൽ നടക്കുന്ന ചാനലുകളിലെ ചർച്ചകൾ ശ്രദ്ധിക്കുക; അവയിൽ സ്ഥിരമായി ക്ഷണിക്കപ്പടുന്ന, മുസ്‌ലിം നാമധാരികളായ കടുത്ത ഇസ്‌ലാം വിമർശകരെ കാണാം. പ്രാമാണികമായും വസ്തുനിഷ്ഠമായും വിഷയം കൈകാര്യം ചെയ്യാനറിയുന്നവരെ ചർച്ചക്ക് വിളിക്കാൻ അപൂർവമായേ ചാനലുകൾ തയ്യാറാകാറുള്ളൂ.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇസ്‌ലാമിക നിയമങ്ങളെയുമൊക്കെ പരിഹസിച്ചും ഇകഴ്ത്തിയും സംസാരിക്കുന്നവർക്ക് സമയം വാരിക്കോരി നൽകുന്ന ചാനൽ ആങ്കർമാർ അതിനു മറുപടി പറയാൻ മറുപക്ഷത്തുള്ളവർക്ക് സമയം നൽകുന്നതിൽ വല്ലാതെ പിശുക്കു കാണിക്കുകയും ചെയ്യും.

പുതുതലമുറയെ ചേർത്തു പിടിക്കുക

നന്മക്കെതിരെ വെറുപ്പിന്റെ വിത്ത് ഉത്പാദിപ്പിക്കുന്നവർ നിറഞ്ഞാടുന്ന വർത്തമാനകാലത്ത് വിശ്വാസികൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇസ്‌ലാമികാദർശം കൃത്യമായി പഠിപ്പിക്കാനും പ്രചരിപ്പിക്കാനും വിശ്വാസികൾ തയ്യാറാവണം. ഇസ്‌ലാമിനെ ഭീകരതയുടെ മതമായി തെറ്റുധരിച്ചവർക്ക് അത് സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മതമാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കണം. ലഹരിയുടെ ലോകത്തേക്ക് പാഞ്ഞടുക്കുന്ന പുതുതലമുറയെ വിവേകത്തോടെ അതിൽനിന്ന് പിന്തിരിപ്പിക്കാനാവണം. മൂല്യനിരാസത്തിന്റെ പടുകുഴിയിൽ അവർ ആപതിക്കാതിരിക്കാൻ നാം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം ഭയാനകമായിരിക്കും.