തീവ്രവാദത്തിന്റെ വേരുകൾ തേടുമ്പോൾ

റോഷൻ പുനലൂർ

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

ലോകത്തുള്ള ഏകദേശം എല്ലാ രാഷ്ട്രങ്ങളിലും പലതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ചരിത്രാധീനകാലം മുതൽ ഇത്തരം പ്രതിവിപ്ലവ പ്രവർത്തനങ്ങൾ എല്ലായിടങ്ങളിലും നടന്നതായാണ് ചരിത്രം. ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനം ഖലിസ്ഥാനായി കിട്ടുന്നതിനുവേണ്ടി നടത്തിയ അക്രമപ്രവർത്തനങ്ങൾ നമുക്കറിയാവുന്നതാണ്. സുവർണ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന, പഞ്ചാബിനെ ഖലിസ്ഥാൻ എന്ന പേരിലുള്ള രാജ്യമായി അംഗീകരിക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്ന തീവ്രവാദ സംഘടയായിരുന്നു ഭിന്ദ്രൻവാല നേതൃത്വം കൊടുത്ത ‘അകാൽതക്ക്.’ ‘ബ്ലൂസ്റ്റാർ’ ഓപ്പറേഷനിലൂടെ അവരെ നേരിട്ടതിന്റെ പ്രതികാരമായാണ് അവർ ഇന്ദിരാഗാന്ധിയെ വധിച്ചത്.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആനന്ദ മാർഗികൾ തലയോട്ടികൾ കൊണ്ട് അമ്മാനമാടുന്നവരാണ്. വധത്തെ മതത്തിന്റെ ഭാഗമായി അവർ കാണുന്നു. ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളെയും ആനന്ദമാർഗികൾ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, ഹൈന്ദവദർശനമാണ് അവരുടെ മാർഗദർശനം എന്നാണ് അവർ അവകാശപ്പെടുന്നത്.

ആസാമിലെ ഉൾഫ, ബീഹാറിലെ നക്‌സലൈറ്റുകൾ, ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പ്, ഡാർജിലിങ്ങിലെ ബോഡോ, കാശ്മീരിലെ വിവിധ ഗ്രൂപ്പുകൾ... ഇവരൊക്കെ ഈ ഗണത്തിൽ പെടുന്നവരാണ്. മതത്തിന്റെ മറവിലാണിവർ അറിയപ്പെടാനാഗ്രഹിക്കുന്നത്. കാമറൂശ്, തെമൂർ, അഫ്ഘാൻ, സോമാലിയ, ഖുർദിശ്, നൈജർ, ലാറ്റിനമേരിക്കൻ നാടുകൾ, കൊസോവോ, സുഡാൻ, അൾജീരിയ, ഫലസ്തീൻ, ഇസ്രായേൽ, ചെച്‌നിയ, ഫിലിപ്പീൻസ്, മ്യാൻമർ, ഹൈതീ തുടങ്ങിയ നാടുകളിലൊക്കെ തീവ്രവാദ അക്രമ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഫിജിയിലെ തോമസ്, ശ്രീലങ്കയിലെ പ്രഭാകരൻ എന്നിവർ ഭാഷയെയും നേഷണലിസത്തെയും മതകീയമാക്കുവാൻ ശ്രമിച്ചവരാണ്.

പല വിപ്ലവങ്ങളും നാമ്പിടുന്നത് കടുത്ത അടിച്ചമർത്തൽ കാരണമോ, വ്യക്തമായ നീതി നിഷേധങ്ങൾ കാരണമോ, ഭരണകൂടത്തിന്റെ അസ്ഥിരത, അതിക്രമം എന്നിവ കാരണമോ ആണ്. ലോകത്ത് ഇത്തരം രീതികൾ സ്വീകരിക്കുന്ന മുസ്‌ലിം നാമധാരികളെ മാത്രം തീവ്രവാദികളെന്ന് മാധ്യമലോകം പരിചയപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമാണ്.

സെർബ് തീവ്രവാദികളെ ക്രിസ്ത്യൻ തീവ്രവാദികളെന്ന് പരിചയപ്പെടുത്തുന്നില്ല. തമിഴ് പുലികളെയോ, ആനന്ദമാർഗികളെയോ ഹിന്ദു തീവ്രവാദികളെന്ന് പറയുന്നില്ല. മൊസാദിന്റെ പിന്നിലുള്ളവരെ ജൂത ഭീകരവാദികളെന്നു വിളിക്കുന്നില്ല. തൈമൂറിലെ, മ്യാൻമറിലെ വർഗീയവാദികളെ ക്രൈസ്തവ, ബുദ്ധ മതത്തിലേക്ക് ചേർത്ത് മാധ്യമ ലോകം പറയുന്നില്ല. എന്നാൽ ഹമാസും ജെയ്‌ശെ മുഹമ്മദുമൊക്കെ ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളായി വിലയിരുത്തപ്പെടുന്നു!

ഇസ്‌ലാം ഒരു തുറന്ന ദർശനമാണ്. അതിന് രഹസ്യ അജണ്ടകളില്ല. വിശുദ്ധ ഇസ്‌ലാമിന്റെ ആദർശവും ലക്ഷ്യവും വിശദീകരിക്കുന്നത് വിശുദ്ധ ക്വുർആനാണ്, പ്രവാചക വചനങ്ങളാണ്. മുസ്‌ലിം സമുഹത്തിന്റെ രീതികളെന്തൊക്കെയാവണമെന്ന് പ്രസ്തുത പ്രമാണങ്ങൾ പറഞ്ഞുതരുന്നുണ്ട്. തിന്മകളോട് ഇസ്‌ലാം ഒരു ഘട്ടത്തിലും രാജിയാകുന്നില്ല. നന്മയെ മാത്രമെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുള്ളൂ.

തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുവാനാണ് ക്വുർആൻ അനുശാസിക്കുന്നത്. യുദ്ധ രംഗത്തുപോലും മനുഷ്യാവകാശങ്ങൾ സമ്പൂർണമായി മാനിക്കപ്പെടണമെന്ന് ഇസ്‌ലാം കർശനമായി കൽപിക്കുന്നു. സായുധ സംഘർഷം അനിവാര്യ ഘട്ടത്തിലേ സാധുവാകുന്നുള്ളൂ. പ്രവാചക കാലഘട്ടത്തിലെ യുദ്ധങ്ങൾക്കൊന്നും ഭൗതിക താൽപര്യങ്ങളുണ്ടായിരുന്നില്ല. പ്രാണന് നേരെ ഉയർന്ന കൈകളെ തട്ടിമാറ്റുക എന്ന അനിവാര്യമായ പ്രതിരോധം മാത്രം. പ്രബോനാർഥം വിവിധ രാജ്യങ്ങളിലെത്തിയ പ്രവാചകാനുയായികളാരും വാളുകൊണ്ട് മതം മാറ്റിയ ചരിത്രമില്ല. ‘നിങ്ങൾക്ക് വിരോധമുള്ളവർക്ക് അതിന്റെ പേരിൽ നീതി നിഷേധിക്കുവാൻ പാടില്ല’ എന്നാണ് ക്വുർആൻ വിശ്വാസികൾക്ക് നൽകിയ മാർഗദർശനം.

ലോകത്ത് ഇന്ന് ഏറ്റവും വലിയ മാധ്യമവേട്ടക്ക് ഇരയാവുന്നത് ഇസ്‌ലാമും മുസ്‌ലിംകളുമാണ്. അഫ്ഘാനിസ്ഥാനിലെ ഗോത്ര സംസ്‌കാരത്തിന്റെ സകല ജീർണതയും ഇസ്‌ലാമിന്റെ തലയിൽ എന്തിനു കെട്ടിവെക്കണം? മതകീയ പശ്ചാത്തലമുള്ള ഒരു സമൂഹത്തിൽ അതിനെക്കാൾ ആഴത്തിൽ വേരോടിയ ജാതീയ, വിഭാഗീയ സംസ്‌കാരങ്ങളാണ് അഫ്ഘാനികളിലെ യുദ്ധപ്രഭുക്കളെ സൃഷ്ടിച്ചത്. ഇസ്‌ലാമിന്റെ മറവിൽ ചിലർ കാണിക്കുന്നതെന്തും മതത്തിന്റെ പേരിൽ വരവു വെക്കേണ്ടതില്ല.

ലോകസമൂഹത്തിൽ നിർണായക സ്വാധീനം നേടിയ മതമാണ് ഇസ്‌ലാം. മനുഷ്യസമൂഹത്തെ സംസ് ്കരിക്കുന്നതിൽ ഇസ്‌ലാം വഹിച്ചുപോരുന്ന പങ്ക് നിഷേധിക്കാൻ പറ്റില്ല. മനുഷ്യരാശിക്ക് വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ മഹത്തായ സംഭാവനകൾ നൽകിയ മതമാണ് ഇസ്‌ലാം.

ഇസ്‌ലാം ലക്ഷ്യമാക്കുന്ന് ശാന്തിയാണ്, ക്ഷേമമാണ്. അത് കുറ്റവാളികളെ പടക്കുന്നില്ല. ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളൊന്നും മുസ്‌ലിംകളായിരുന്നില്ല. അഡോൾഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, മാവോ സേ തുംഗ്, ചെസസ്‌ക, പോൾപോട്ട് ഡ്രൂമാൻ, മോശെദയാൻ തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രം. വാട്ടർ ഹൈറ്റിലൂടെ കുപ്രസിദ്ധനായ നിക്‌സണും, ഫിലിപ്പീൻസിലെ മാർക്കോസുമൊക്കെ ക്രൈസ്തവരായിരുന്നു.

നല്ല മനുഷ്യരെയാണ് ഇസ്‌ലാം വാർത്തെടുക്കുന്നത്. അവരുടെ കൈകളിൽ പേനക്കും ഗ്രന്ഥങ്ങൾക്കുമാണ് സ്ഥാനം, എ.കെ. 47 റൈഫിളിനല്ല. ഇസ്‌ലാമിക സമൂഹത്തെ നാണം കെടുത്താൻ ചില അവിവേകികൾ നടത്തുന്ന ദുഷ്പ്രവൃത്തികൾക്ക് ഇസ്‌ലാം ഉത്തരവാദിയല്ല.

എല്ലാ തീവ്രവാദികളും എങ്ങുമെത്താത്ത പാത തീർക്കുന്ന വിഡ്ഢികളാണ്. വൃഥാ പാഴാകുന്ന ജീവിതങ്ങൾ. സമാധാന കാംക്ഷികളായ എല്ലാ വിഭാഗം ജനങ്ങളും അവരെ വെറുക്കുന്നു. മുസ്‌ലിംകൾ എന്നും എപ്പോഴും എവിടെയും അവരെ എതിർക്കുന്നതിൽ മുന്നിലാണ്.