വിദ്യാർഥികൾ, സംഘടനകൾ: അജണ്ടകൾ മാറ്റിയെഴുതണം
നബീൽ പയ്യോളി
2025 മാർച്ച് 22, 1446 റമദാൻ 21

കഴിഞ്ഞ കുറെ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങൾ ചർച്ചചെയ്ത റാഗിംഗ് ക്രൂരത കേരളത്തെ വല്ലാതെ നാണംകെടുത്തുന്നതായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട വിദ്യാർഥികൾ സഹപാഠിയെ മനുഷ്യത്വരഹിതമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടുതീർക്കാൻ ആർക്ക് സാധിക്കും? കൈകാലുകൾ ബന്ധിച്ച,് കോമ്പസുകൊണ്ട് ശരീരമാസകലം വരഞ്ഞ് മുറിവേൽപിച്ച്, ആ മുറിവിൽ ലോഷൻ പുരട്ടി പരമാവധി വേദനിപ്പിക്കാൻ ശ്രമിച്ച സഹപാഠികളെ മനുഷ്യർ എന്ന് വിളിക്കാൻ മടി തോന്നുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർഥികളാണ് ഈ ക്രൂരക്രത്യം നടത്തിയതെന്ന് കൂടി കേൾക്കുമ്പോഴാണ് മനസ്സ് വല്ലാതെ പിടയുന്നത്. മനുഷ്യരെ വേദനകളിൽനിന്നും രക്ഷിക്കാനും ആശ്വാസം പകരാനും പഠിക്കുന്ന നേഴ്‌സുമാർ ആർദ്രതയുടെയും അലിവിന്റെയും സഹജീവി സ്‌നേഹത്തിന്റെയും പ്രതീകങ്ങൾ കൂടിയാണ് സമൂഹത്തിന്റെയും നിയമത്തിന്റെയും കണ്ണിൽ.
നേഴ്‌സുമാർ തങ്ങളുടെ ജോലിയിൽ അശ്രദ്ധയും അലംഭാവവും കാണിച്ചാൽ പലർക്കും ജീവൻ തന്നെ നഷ്ടമായേക്കും. അതുകൊണ്ടാണ് ആ ക്രൂരകൃത്യം ചെയ്തവർ ഒരിക്കലും ആ വിദ്യാഭ്യാസ ത്തിനോ ജോലിക്കോ അർഹരല്ലെന്ന് സമൂഹം ഒന്നടങ്കം പറയുന്നത്.
സ്ഥാപനമേധാവികളിൽ വന്ന ഗുരുതരമായ വീഴ്ച പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. പ്രതികളെ വേഗം അറസ്റ്റ് ചെയ്തതും അവരുടെ തുടർപഠനം തന്നെ സാധ്യമല്ലാത്തവിധം നിയമപരമായി എല്ലാ നടപടികളും ഉണ്ടാകുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പും സമൂഹത്തിന് ആശ്വാസം നൽകുന്നതായി. സർക്കാർ സ്ഥാപനങ്ങൾ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ താവളങ്ങളാകുന്നത് ഗുരുതരമായ പ്രശ്‌നമായി മനസ്സിലാക്കണം. പാവപ്പെട്ട മിടുക്കരായ വിദ്യാർഥികളായിരിക്കും പലപ്പോഴും സർക്കാർ സ്ഥാപനങ്ങളിലെ പഠിതാക്കൾ. അവരെ അക്രമിക്കാനോ ചൂഷണം ചെയ്യാനോ ഉള്ള സാഹചര്യം ഉണ്ടാകാവതല്ല. ഈ നേഴ്സിങ് വിദ്യാർഥികൾ പഠനത്തോടൊപ്പം ഇന്റേൺഷിപ്പിന്റെ ഭാഗമായി അഭിമുഖീകരിക്കേണ്ടതും പരിചരിക്കേണ്ടതുമായ രോഗികളും പാവങ്ങളായിരിക്കുമല്ലോ. അത്കൂടി കണക്കിലെടുത്ത് ശക്തമായ നിരീക്ഷണവും ജാഗ്രതയും മാതൃകാപരമായ നടപടികളും അനിവാര്യമാണ്.
കഴിഞ്ഞ മാസമാണ് എറണാകുളം ജില്ലയിലെ മെഹറിൻ എന്ന വിദ്യാർഥിയുടെ ജീവൻ നഷ്ടമാവും വിധം നടത്തിയ ക്രൂരമായ റാഗിംഗ് അനുഭവങ്ങൾ കുട്ടിയുടെ മാതാവ് സമൂഹത്തെ അറിയിച്ചത്. സ്‌കൂൾ അധികാരികളും സഹപാഠികളും ചേർന്ന് ഒരു ജീവനെ ഇല്ലാതാക്കിയതിന്റെ ദുരനുഭവം നെഞ്ച് തകർക്കുന്നതായിരുന്നു. കേട്ടാലറക്കുന്ന വിക്രിയകളാണ് റാഗിംഗ് എന്ന പേരിൽ ആ കൗമാരക്കാരന് നേരെ സഹപാഠികൾ അഴിച്ചുവിട്ടത്. കൃത്യമായ അന്വേഷണം നേട്ടത്തി മെഹ്‌റിന് നീതി ലഭ്യമാക്കണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നും ഉയർന്നുവന്ന ക്യാമ്പയിനാണ് പൊതുജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിക്കാൻ സഹായിച്ചത്; സർക്കാർ അന്വേഷണ കമ്മീഷനെ നിയമിക്കുകയും സ്‌കൂൾ അധികാരികളിൽനിന്നുണ്ടായ വീഴ്ചയടക്കം അന്വേഷിച്ച് ആവശ്യമായ നടപടികൾ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകുന്ന സാഹചര്യം ഉണ്ടായത്.
വിദ്യാർഥി സംഘടനകളും പുരോഗമനവും
വിദ്യാർഥി സംഘടനകൾ അക്രമവും അനീതിയും പ്രോത്സാഹിപ്പിക്കുന്ന അപരിഷ്‌കൃത സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാട് സ്തംഭിപ്പിക്കലും കൈയൂക്ക് കാണിക്കലും അക്രമികളെ സംരക്ഷിക്കലുമല്ല വിദ്യാർഥി സംഘടനകളുടെ കടമ, നല്ല നാളേക്ക് വേണ്ടിയുള്ള സക്രിയമാണ് ഇടപെടലാണ്. അതിന് വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താനും തള്ളിക്കളായാനും അക്രമികളെ ഒറ്റപ്പെടുത്താനും അനിവാര്യമായ ശിക്ഷ ലഭ്യമാക്കാനുമുള്ള ഇടപെടലുകളുമാണ് ഉണ്ടാവേണ്ടത്. ഡീസോൺ കലോത്സവത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ നടന്ന അക്രമങ്ങളും വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ കൊലപാതകവും ആ പ്രതികൾ ക്യാമ്പസിലേക്ക് തിരിച്ചെത്തിയതും നീതിലഭിച്ചില്ലെന്ന അവന്റെ മാതാപിതാക്കളുടെ രോദനവുമെല്ലാം വിദ്യാർഥി സംഘടനകളുടെ കണ്ണ് തുറപ്പിക്കണം. വിദ്യാർഥിസമൂഹത്തെ സ്വന്തത്തിനും നാടിനും സമൂഹത്തിന് പൊതുവിലും വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രതിഭാധനരാക്കി മാറ്റാൻ പണിയെടുക്കണം. അവിവേകകളും അക്രമകാരികളും വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുഖം കെടുത്തരുത്.
അറിവിനൊപ്പം വിവേകവും
വിദ്യാഭ്യാസം എന്നത് കേവലം അറിവ് സമ്പാദിക്കുന്ന പ്രക്രിയല്ല; അതോടൊപ്പം സംസ്‌കാരവും രൂപപ്പെടുത്തുന്ന പ്രക്രിയയാണ്. ഒരു കുട്ടിയുടെ ബുദ്ധിയും വിവേകവും വിജ്ഞാനവും വ്യക്തിത്വവുമെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമായി മെച്ചപ്പെടേണ്ടതുണ്ട്. അറിവുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം സാംസ്‌കാരികമായും മാനവികമായുമൊക്കെയാണ്. ഉന്നത വിദ്യാഭ്യാസം നേടി ക്രൂരതകൾ അഴിച്ചുവിടുന്നവർ രൂപപ്പെടുന്നത് മാനവികമൂല്യങ്ങളെ തമസ്‌കരിച്ചുള്ള വിദ്യാസമ്പാദനത്തിന്റെ ബാക്കിപത്രമായിക്കൂടിയാണ്.
മനുഷ്യനെന്ന സാമൂഹിക ജീവിക്ക് ഒറ്റക്ക് നിലനിൽപില്ല. നിരവധിപേരെ ആശ്രയിച്ചാണ് എല്ലാവരും ജീവിക്കുന്നത്. രാവിലെ ഉണരുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ നൂറുകണക്കിനാളുകളുടെ വിയർപ്പും അധ്വാനവും കഴിവും അറിവും... അങ്ങനെ അനവധി നന്മകളുടെ ഉപഭോക്താക്കളായിട്ടാണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും അവഗണിക്കാനോ ഞാനെന്ന ഭാവം നടിക്കാനോ വിവേകമതികൾക്ക് സാധ്യമല്ല.
ചുറ്റുപാടുകളെ അറിയാനും ചേർത്തുപിടിക്കാനും ചേർന്നുനിൽക്കാനും വിദ്യാർഥികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയണം. സ്വന്തത്തോടോ കുടുംബത്തോടോ സാമൂഹത്തോടോ നാടിനോടോ യാതൊരു ബാധ്യതയും കടമയുമില്ലെന്ന് വിശ്വസിക്കുന്നവർ സാമൂഹിക വിരുദ്ധരായിത്തീരും. ഞാനല്ല നമ്മളാണ് ജീവിക്കുന്നതെന്ന ബോധ്യം നല്ല മനുഷ്യനെയാണ് രൂപപ്പെടുത്തുന്നത്. അത് ദയയും അനുകമ്പയും സഹജീവി സ്‌നേഹവുമൊക്കെ രൂപപ്പെടുത്താൻ സാഹചര്യമൊരുക്കും. സ്വശരീരത്തിൽ മുള്ള് തറച്ചാൽ വേദനിക്കുമെന്ന് അറിയുന്നവൻ എങ്ങനെ മറ്റുള്ളവരുടെ നെഞ്ചിൽ കഠാര കുത്തിയിറക്കും? എങ്ങനെ സഹപാഠികളെ കെട്ടിയിട്ട് ക്രൂരമായി മർദിക്കും? എങ്ങനെ അവരുടെ വേദനയിൽ ആനന്ദിക്കുകയും അവരുടെ മരണത്തിൽ സന്തോഷിക്കുകയും ചെയ്യും?
സ്വബോധത്തോടെ ഇതൊക്കെ ചെയ്യുന്നവർ സംസ്‌കാര ശൂന്യന്മാരെന്ന് പറയുന്നവർ, സ്വബോധത്തെ അടിമേൽ മറിക്കുന്ന മദ്യവും മയക്കുമരുന്നുകളും വ്യാപിക്കുന്നത് കൂടി സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് എന്നു പറയാൻ തയ്യാറാവണം. കേരളത്തിൽ പുതിയ മദ്യനിർമാണ ശാലയും പുതിയ മദ്യകേന്ദ്രങ്ങളും തുറക്കാൻ സർക്കാർ അത്യുത്സാഹം കാണിക്കുന്നത് ഒരു സമൂഹത്തെ മുഴുവൻ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും മാനവികവിരുദ്ധ സാഹചര്യങ്ങളിലേക്കും നയിക്കാൻ കാരണമാവും.
നിയമപാലകരെ വെല്ലുവിളിച്ചും അക്രമിച്ചു നഗരവീഥികളിൽ അഴിഞ്ഞാടുന്ന ലഹരിവാഹകർ സമൂഹത്തിന്റെ സ്വസ്ഥതകൂടിയാണ് ഇല്ലാതാക്കുന്നത്. വിദ്യാഭ്യാസവും സാംസ്‌കാരിക മുന്നേറ്റവും മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിലാവണം. അനീതിയും അക്രമവും അരക്ഷിതാവസ്ഥയും പുരോഗതിക്ക് തടസ്സമാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് എൽജിബിടി ആക്ടിവിസവും മയക്കമരുന്നിന്റെ വ്യാപനവുമൊക്കെ പ്രധാന പ്രതിസന്ധിയായി അവതരിപ്പിച്ചത് അടുത്തതലമുറ നശിച്ചുകൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഏതൊരു സമൂഹത്തിന്റെയും ഏറ്റവും പ്രധാന റിസോഴ്സ് എന്നത് കരുത്തുറ്റ യൗവനമാണ്. അതില്ലാതാവുന്നത് നാടിന്റെ നാശത്തിന്റെ സൂചനകയാണ്. അത് മിക്ക അമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങളിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ നാടും അങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണാധികാരികൾ മയക്കം വിട്ട് എഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

