എളുപ്പത്തിൽനിന്ന് ഞെരുക്കത്തിലേക്ക്
ശമീർ മദീനി
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

( പിശാചിന്റെ ചതിക്കുഴികൾ 2)
പരിശുദ്ധ ഇസ്‌ലാമിന്റെ മതനിയമങ്ങളും ശാസനകളും പരിശോധിച്ചാൽ അവയെല്ലാം മനുഷ്യന് ഗുണവും ആശ്വാസവുമാണ് എന്ന് കാണുവാൻ കഴിയും. അവ ഓരോന്നിലും ഭൗതികവും ആത്മീയവുമായ ഒട്ടനവധി നേട്ടങ്ങളും ഗുണങ്ങളും നമുക്ക് കണ്ടെത്താനാവുന്നതാണ്. അവയിൽ ഒന്നിലും മനുഷ്യന് പ്രയാസകരമാകുന്ന കെട്ടിക്കുടുക്കുകളോ ഞെരുക്കമോ ഇല്ല എന്ന് ക്വുർആൻ ആവർത്തിക്കുന്നുണ്ട്.
“അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക. അവൻ നിങ്ങളെ ഉൽകൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാർഗമത്രെ അത്. ’’ (22:78).
അതിനാൽ മതത്തിന്റെ പേരിൽ നടക്കുന്ന ഏത് ആഭാസങ്ങളും ശരീരപീഡയും മോശവും മ്ലേഛവുമായ ആചാരങ്ങളും ഇസ്‌ലാമികമല്ല. അത്തരത്തിലുള്ള ഏതൊന്ന് മതത്തിന്റെ പേരിൽ നടക്കുന്നുണ്ടോ അതെല്ലാം പുതുനിർമിതികളായി മതത്തിൽ കടത്തിക്കൂട്ടപ്പെട്ട വൃത്തികേടുകളാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇബ്‌ലീസ് പറഞ്ഞതായി അല്ലാഹു പറയുന്നു:
“അവരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കൽപിക്കുമ്പോൾ അവർ കാലികളുടെ കാതുകൾ കീറിമുറിക്കും. ഞാനവരോട് കൽപിക്കുമ്പോൾ അവർ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും...’’(4:119).
“...വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീർച്ചയായും അവൻ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു’’ (4:119).
നബിﷺയെ കുറിച്ച് ‘വിശിഷ്ടമായ സംഗതികൾ അദ്ദേഹം അവർക്ക് അനുവദിച്ച് കൊടുക്കുകയും മ്ലേഛമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7:157) എന്ന ക്വുർആനിക പരാമർശം ശ്രദ്ധേയമാണ്.
രാത്രിയിൽ തീരെ ഉറങ്ങാതെ നമസ്‌കരിക്കാനും പകൽ മുഴുവൻ വ്രതമനുഷ്ഠിക്കാനും വിവാഹ ജീവിതം ഉപേക്ഷിക്കുവാനും തീരുമാനിച്ച അനുചരന്മാരെ തിരുത്തുകയും ശാസിക്കുകയും അതൊന്നും മോക്ഷത്തിന്റെ നേർവഴിയല്ല എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന പ്രവാചകാധ്യാപനങ്ങൾ കാണാവുന്ന താണ്.
എന്നാൽ അതിനെയെല്ലാം വിട്ട്, പിശാചിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് മറ്റു മാർഗങ്ങളിലൂടെ പോകുന്നവർ ഞെരുക്കവും പ്രയാസങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴികളിലേക്കാണ് ഇറങ്ങിത്തിരിക്കുന്നത്. ശരിയായ മതാധ്യാപനങ്ങൾ മാറ്റിവെച്ച് ആചാരാനുഷ്ഠാനങ്ങളിൽ പുതിയതായ പലതും കടത്തിക്കൂട്ടുന്ന വർ സത്യത്തിൽ അതാണ് ചെയ്യുന്നത്.
മനുഷ്യരുടെ മതത്തിലുള്ള അജ്ഞത ചൂഷണം ചെയ്ത് ഇത്തരത്തിലുള്ള പലതും അലങ്കൃതമാക്കി തോന്നിക്കുകയാണ് പിശാചിന്റെ പണി. അതിന് കുടപിടിക്കുന്ന പൗരോഹിത്യവും പിശാചിന്റെ ദുർബോധനം സ്വീകരിച്ചുകൊണ്ട് അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (അവരെ) തടയുകയും ചെയ്യുന്നു. ..’’ (9:34).
അതിനാൽ ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കുവാനുള്ള സുരക്ഷിതമായ മാർഗം മതത്തെ പ്രമാണങ്ങളിൽനിന്ന് പഠിച്ചറിഞ്ഞ് ഉൾക്കൊള്ളുക എന്നതാണ്. അത് ജീവിതത്തിൽ പ്രയോഗവത്കരിക്കുമ്പോൾ സച്ചരിതരായ മുൻഗാമികളുടെ മാതൃക കൂടി കൃത്യമായി മനസ്സിലാക്കി പിൻപറ്റുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമൂഹം വിവിധ കക്ഷികളായി വേർപിരിയുമെന്ന് മുന്നറിയിപ്പ് നൽകിയ പ്രവാചകൻﷺ രക്ഷയുടെ മാർഗമായി പഠിപ്പിച്ചത് അതാണ്.
ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ ‘ഞാനും എന്റെ അനുചരന്മാരും നിലകൊണ്ട മാർഗം പിൻപറ്റണം’ എന്നാണ് പ്രവാചകൻﷺ കൽപിച്ചത്. വിശുദ്ധ ക്വുർആനും അക്കാര്യം ഉണർത്തുന്നുണ്ട്.
“തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’’ (4:115).
പടച്ചവനിലും പരലോകത്തിലും വിശ്വാസമുള്ള പണ്ഡിതന്മാരുടെ ധർമ്മം സമൂഹത്തിന് ഇക്കാര്യം വ്യക്തമാക്കി കൊടുക്കലാണ്.
നബിﷺയെ കുറിച്ച് അവിടുന്ന് തന്നെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: ‘എന്റെയും നിങ്ങളുടെയും ഉപമ തീ കത്തിച്ചുവെച്ച ഒരു മനുഷ്യന്റെതു പോലെയാണ്. തീ കായാൻവേണ്ടി തീ കത്തിച്ച ആ മനുഷ്യന്റെ തീയിലേക്ക് പ്രാണികളും പാറ്റകളും വന്ന് വീണുകൊണ്ടിരുന്നു. അവയോട് കരുണയുള്ള ആ മനുഷ്യൻ അവയെ തീയിൽ അകപ്പെടാതിരിക്കാൻ ആട്ടിയകറ്റിക്കൊണ്ടേയിരുന്നു. പക്ഷേ, ആ തടസ്സങ്ങൾ ഭേദിച്ച് അവ തീയിൽ ചെന്ന് ചാടി കരിഞ്ഞമരുകയാണ്.’
ഇതുപോലെ, നരകത്തിലേക്ക് പോകുവാൻ സാധ്യതയുള്ള തിന്മകളിലേക്ക് മനുഷ്യർ കുതിച്ചുപായുന്നു. നബിﷺയാകട്ടെ അവരുടെ അരക്കെട്ടിൽ മുറുകെ പിടിച്ചിട്ടുണ്ട്. പക്ഷേ, ആ കൈകളിൽനിന്ന് കുതറി നരകത്തീയിലേക്ക് കുതിച്ചുപായുകയാണ് മനുഷ്യർ.
അതിനാൽ നരകമോചനം ആഗ്രഹിക്കുന്ന, സ്വർഗ പ്രവേശനത്തിനുവേണ്ടി കൊതിക്കുന്ന ആരും പ്രവാചകാധ്യാപനങ്ങളെ അവഗണിക്കുകയല്ല ചെയ്യേണ്ടത്; ആത്മാർഥമായി അത് പഠിച്ചറിഞ്ഞ് പിൻപറ്റുവാൻ പരിശ്രമിക്കുകയാണ്.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘അല്ലാഹുവാണേ സത്യം! ഈ ഭൂമുഖത്ത് ഞാൻ നശിക്കുന്നതിനെ ക്കാൾ പ്രിയങ്കരമായി ഒരാളുടെയും നാശം പിശാച് ആഗ്രഹിക്കുന്നില്ല.’ അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘എന്തുകൊണ്ടാണത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! പിശാച് വല്ല പുത്തനാചാരങ്ങളും കിഴക്കോ പടിഞ്ഞാറോ വെച്ച് ഉണ്ടാക്കും . അത് പല ആളുകളും എന്റെ അടുക്കലേക്ക് ഏറ്റിവരികയും ചെയ്യും. എന്നിലേക്ക് അതെത്തിക്കഴിഞ്ഞാൽ പ്രവാചകാധ്യാപനങ്ങൾ (സുന്നത്തുകൾ) കൊണ്ട് ഞാൻ അതിനെ തകർത്തെറിയും. അപ്പോൾ അത് അവൻ ഉണ്ടാക്കിയതുപോലെ അവനിലേക്ക് മടങ്ങും’’ (തൽബീസു ഇബ്‌ലീസ്, ഇബ്‌നുൽ ജൗസി, പേജ് 13).

