അശ്അരികൾ അഹ്‌ലുസ്സുന്നക്ക് അകത്തോ പുറത്തോ?

മുഹമ്മദ് ജാസിൽ ജാഫർ ജാമിഅ അൽഹിന്ദ്

2025 ജനുവരി 18, 1446 റജബ് 18

ഈയിടെ തബ്‌ലീഗ് ജമാഅത്തിന്റെ വികലവും വിചിത്രവുമായ വാദങ്ങളും ശിർക്കൻ മുഖംമൂടിയും ‘പ്രൂഫ് പോയിന്റ്’ചർച്ചയിൽ സലഫികൾ അനാവരണം ചെയ്യുകയുണ്ടായി. അതോടെ ചില തബ്‌ലീഗ് സുഹൃത്തുക്കൾ അവരുടെ പിഴച്ച ആദർശത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ്. അതിനായി ചെരുപ്പിനൊത്ത് കാൽ മുറിക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.

ദയൂബന്ദീ ഉലമാക്കൾ അഖീദയെന്നോണം അശ്അരിയത്തും മാതുരീദിയത്തും സലഫിയ്യത്തും പഠിപ്പിക്കുന്നു എന്നാണ് ഇവർ പറയുന്നത്. അതിനെ ആധാരമാക്കി ഈ മൂന്ന് വിശ്വാസധാരകളും അഹ്‌ലുസ്സുന്നയുടെ അകത്താണെന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്. അതിനാൽ എന്താണ് അശ്അരിയ്യത്ത് എന്നും എന്താണ് അതിനെക്കുറിച്ച് അഹ്‌ലുസ്സുന്നയിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ വീക്ഷണമെന്നും നമുക്കൊന്ന് അന്വേഷിക്കാം.

എന്താണ് അശ്അരിയ്യത്ത്?

അലിയ്യ് ബിൻ ഇസ്മാഈൽ ബിൻ അബീ ബിശ്ർ അൽഅശ്അരി അൽബസ്വരി എന്ന വ്യക്തിയിലേക്ക് ചേർത്താണ് അശ്അരിയ്യത്ത് എന്ന് അറിയപ്പെടുന്നത്.

പ്രസിദ്ധ ചരിത്രകാരനായ ഇമാം മക്‌രീസി(റഹി) പറയുന്നു: “ജുബ്ബാഇയിൽനിന്ന് ഇഅ്തിസാൽ വീക്ഷണം സ്വീകരിക്കുകയും പിന്നീട് അത് പിഴച്ചതാണെന് ബോധ്യപ്പെടുകയും ഒഴിവാക്കുകയും ചെയ്യുന്നു. തുടർന്ന് അബ്ദുല്ലാഹ് ഇബ്‌നു കുല്ലാബിന്റെ പാത സ്വീകരിക്കുന്നു. സ്വിഫാത്തിലും ക്വദ്‌റിലും അദ്ദേഹം സ്വീകരിച്ച വിശ്വാസം അംഗീകരിക്കുന്നു. ശേഷക്കാരായ ആളുകൾ അബുൽ ഹസൻ അൽഅശ്അരിയെ അവലംബമാക്കുകയും അങ്ങനെ അശ്അരിയ്യത്ത് ഇറാഖിലും പിന്നീട് ശാമിലും പ്രചുരപ്രചാരം നേടുകയും ചെയ്തു. രാജാവായ ബനൂ അയ്യൂബ് ആളുകളെ നിർബന്ധപൂർവം അശ്അരിയ്യത്തിലേക്ക് പ്രേരിപ്പിക്കുന്നു. അങ്ങനെ ഇസ്‌ലാമിക പട്ടണങ്ങളിലേക്ക് എത്തപ്പെടുന്നൂ. ഹിജ്‌റ 324ന് അബുൽ ഹസൻ അൽഅശ്അരി മരണപ്പെടുന്നു.’’

അശ്അരികൾ അല്ലാഹുവിന്റെ സ്വിഫാത്തുകളിൽ ഏഴെണ്ണം മാത്രം അംഗീകരിക്കുകയും ബാക്കിയെല്ലാം നിഷേധിക്കുകയും ചെയ്യുന്നു. ബുദ്ധിയെയാണ് അവർ അതിന്ന് ആസ്പദമാക്കുന്നത്. അശ്അരികളുടെ പ്രധാനപ്പെട്ട പണ്ഡിതന്മാർ ബാകില്ലാനി, ജുവൈനി, ഈജി, റാസി എന്നിവരാണ്.

എന്താണ് അഹ്‌ലുസ്സുന്നയിലെ പ്രഗത്ഭരായ പണ്ഡിതന്മാർ അശ്അരിയ്യത്തിനോട് വെച്ചുപുലർത്തുന്ന നിലപാടെന്ന് പരിശോധിക്കാം.

ഇമാം അഹ്‌മദ് ബിൻ ഹമ്പൽ: ഹാരിസ് അൽമുഹാസിബി തന്റെ സംസാരത്തിൽ ഇൽമുൽ കലാം ചേർത്തപ്പോൾ ഇമാം അഹ്‌മദ്(റഹി) അദ്ദേഹത്തെ ഒഴിവാക്കുകയുണ്ടായി.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) പറയുന്നു: ഹാരിസുൽ മുഹാസിബി ഇബ്‌നു കുല്ലാബിലേ ക്ക് ചേർക്കപ്പെടുന്നതുകൊണ്ടാണ് ഇമാം അഹ്‌മദ് (റഹി) അദ്ദേഹത്തെ ഒഴിവാക്കിയത്. ഇബ്‌നു കുല്ലാബിൽ നിന്നും അദ്ദേഹത്തിന്റെ അനുയായികളിൽനിന്നും മറ്റുള്ള ആളുകളെ ഇമാം അഹ്‌മദ് വിലക്കാറുണ്ടാ യിരുന്നൂ.’’

ശൈഖുൽ ഇസ്‌ലാം, പണ്ഡിതന്മാരുടെ ഇമാം എന്നിങ്ങനെയുള്ള അപരനാമത്തിൽ പ്രസിദ്ധനായ ഇബ്‌നു ഖുസൈമ(റഹി) കുല്ലാബിയാക്കളെ നഖശിഖാന്തം എതിർത്തിട്ടുണ്ട്.

അശ്അരികൾ പ്രകടമായ അന്നുമുതൽ തന്നെ പണ്ഡിതന്മാർ അവരുടെ പിഴവുകളെ ചൂണ്ടിക്കാണിക്കുകയും അവർ അഹ്‌ലുസ്സുന്നയുടെ സരണിയിൽനിന്ന് തെറ്റിപ്പോയ അഹ്‌ലുൽ ബിദ്അത്തിന്റെ കൂട്ടത്തിലാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇബ്‌നു തൈമിയ്യ(റഹി)ക്ക് മുമ്പ് അശ്അരികൾ അഹ്‌ലുസ്സുന്നക്ക് പുറത്താണെന്ന് പ്രസ്താവിച്ചവർ:

1) മാലികീ പണ്ഡിതനായ മുഹമ്മദ് ബ്ൻ ഖുവെസ് മന്ദാദ് അൽമാലികീ. (ഹിജ്‌റ വർഷം 390ൽ മരണപ്പെട്ടു).

“ഇമാം മാലികിന്റെ അടുത്തും നമ്മുടെ മദ്ഹബിലെ ഉലമാക്കളുടെ അടുത്തും ദേഹേച്ഛയുടെ ആളെന്നു പറഞ്ഞാൽ കലാമിന്റെ ആളുകളാണ് (ഇൽമുൽ കലാമിന്റെ). കലാമിനെ അവലംബിക്കുന്ന എല്ലാ ആളുകളും ദേഹേച്ഛയുടെയും ബിദ്അത്തിന്റെയും ആളുകളാണ്. അവർ അശ്അരികളോ അല്ലാത്തവരോ ആകട്ടെ, അവരുടെ സാക്ഷ്യം ഇസ്‌ലാമിൽ പരിഗണനീയമല്ല.’’

2) ഇബ്‌നു ഹസം (ഹിജ്‌റ വർഷം 401ന് മരണപ്പെട്ടു).

“അശ്അരികൾ ഉണ്ടാക്കിവെച്ചത് പറയുകയാണെങ്കിൽ വായനിറയെ പറയാനുണ്ട്. അവർ പറഞ്ഞു വെച്ചത് നിമിത്തം മുസ്‌ലിംകളുടെ രോമം പോലും വിറകൊള്ളും. അത്രയും ഗുരുതരമായ വാദങ്ങളാണ് ഇസ്‌ലാമിന്റെ പേരിൽ വെച്ചുകെട്ടിയത്. അവർ പറഞ്ഞു: ‘ഒരാളുടെ ഇസ്‌ലാമും സ്വീകാര്യമല്ല; അവർ പ്രായപൂർത്തിയായത്തിന് ശേഷം അല്ലാഹുവിൽ സംശയാലുക്കളാവാതെ!’’

അവിശ്വാസത്തിലേക്ക് എത്തിക്കുന്ന, ഇസ്‌ലാമിന്റെ വൃത്തത്തിൽനിന്ന് പുറത്താക്കുന്ന വാക്കാണിതെന്നതിൽ സംശയമില്ല.

3) ഇമാം ഹറവി(റഹി) (ഹിജ്‌റ 481ൽ മരണപ്പെട്ടു).

തന്റെ ‘ദമ്മുൽ കലാം’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അഹ്‌മദ് ബിൻ നസ്വ്ർ അൽമാലീനിയിൽനിന്ന് ഞാൻ കേട്ടു: ‘മിസ്‌റിലുള്ള അംറുബിൻ ആസ്വ് എന്ന സ്ഥലത്തേക്ക് ഞാനും എന്റെ അനുയായികളും യാത്രപോയി. അവിടെ ഇരുന്നപ്പോൾ ഒരു പണ്ഡിതൻ വരികയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു : നിങ്ങൾ ഖുറാസാൻകാരും അഹ്‌ലുസ്സുന്നയുമാണ്. എന്നാൽ ഇത് അശ്അരിയാക്കളുടെ ഇടമാണ് ഇവിടെ. നിങ്ങൾ ഇരിക്കരുത്.’’

അഹ്‌ലുൽ കലാമിന്റെ മാർഗം സ്വീകരിച്ചു പോരുന്ന പ്രത്യയശാസ്ത്രത്തെ ജനങ്ങൾ ഒഴിവാക്കുകയും വിട്ടുനിൽക്കുകയും ചെയ്തു. അബീ അസ്‌റൂൻ എന്ന അശ്അരീ പണ്ഡിതനിൽനിന്ന് ആളുകൾ അകന്ന് നിന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: ‘നിങ്ങൾ എന്തിനാണ് എന്നിൽനിന്ന് വിട്ടു നിൽക്കുന്നത്, എന്നോട് ബന്ധം വിച്ഛേദിക്കുന്നത്?’ അപ്പോൾ അവർ പറഞ്ഞു: ‘ജനങ്ങൾ പറയുന്നു, നീ അശ്അരിയാണെന്ന്.’ അദ്ദേഹം പ്രതികരിച്ചു: ‘അല്ലാഹുവാണേ സത്യം, ഞാൻ അശ്അരിയല്ല.’

4) അബുന്നസ്വ‌്‌ർ അബ്ദുല്ലാഹ് അസ്സജ്‌സി (ഹിജ്‌റ വർഷം 444).

“നിങ്ങൾ അറിയുക; അല്ലാഹു നിങ്ങളെയും എന്നെയും നേരായ മാർഗത്തിലേക്ക് നയിക്കട്ടെ. ഉമ്മത്തിന്റെ ഇടയിൽ ഛിദ്രതയും ഭിന്നതയുമുണ്ടായത് ഇബ്‌നു കുല്ലാബും കലാനിസിയും സ്വാലിഹിയും അശ്അരി യുമൊക്കെ വന്നതോടെയാണ്. പ്രത്യക്ഷത്തിൽ അവർ മുഅ്തസിലി വിഭാഗത്തെ എതിർക്കുന്നുണ്ടെങ്കി ലും പരോക്ഷമായ നിലയ്ക്ക് അവർ മുഅ്തസിലീ വിഭാഗത്തെക്കാളും പിഴച്ച ചിന്താഗതികൾ വെച്ചുപുലർ ത്തുന്നവരാണ്. മുഅ്തസിലി വിഭാഗം പിഴച്ച വിശ്വാസങ്ങൾ പേറി നടക്കുന്നവരാണെങ്കിലും അഹ്‌ലുസ്സുന്നയിലെ സാധാരണക്കാർക്ക് അശ്അരികൾ ഉണ്ടാക്കുന്ന അത്ര പരിക്ക് മുഅ്തസലി വിഭാഗം ഉണ്ടാക്കിയിട്ടില്ല.’’

5) ഇബ്‌നുൽ ജൗസി(റഹി).

“ജനങ്ങൾ ഭിന്നിപ്പിലായത് അലിയ്യ് ബിൻ ഇസ്മാഈൽ അൽഅശ്അരിയുടെ വരവോടെയാണ്. ആദ്യം മുഅ്തസലിയത്ത് പറഞ്ഞ് നടക്കുകയും പിന്നിട് ക്വുർആൻ കലാമുന്നഫ്‌സിയാണെന്ന പുതിയ വാദം ഉന്നയിക്കുകയും ചെയ്തു. ഇവരുടെ ഈ വാദം ക്വുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിന് ബലം നൽകുന്നതാണ്.’’

ആദ്യത്തെ ചില ഉദ്ധരണികളിലൂടെ തന്നെ അശ്അരികൾ അഹ്‌ലുസ്സുന്നയല്ല എന്നും അഹ്‌ലുൽ ബിദ്അത്തിൽ പെട്ടവരാണെന്നും വ്യക്തമാണ്. അശ്അരികൾ കലാമിന്റെ ആളുകളാണെന്നും കലാമിന്റെ ആളുകൾ അഹ്‌ലുൽ ബിദ്അത്തിന്റെ ഗണത്തിലാണെന്നും മദ്ഹബിന്റെ പ്രഗത്ഭരായ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആശയങ്ങൾ അഹ്‌ലുസ്സുന്നയുടെ അടിസ്ഥാനങ്ങൾക്ക് എതിരായതാണ്. ഇതിനാലാണ് പണ്ഡിതന്മാർ ഇവരെ അഹ്‌ലുൽ ബിദ്അത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്.