വിയോജിപ്പിന് ജനാധിപത്യത്തിൽ ഇടമില്ലേ?

ഡോ. ആഷിക് ഷൗക്കത്ത്

2025 ജൂലൈ 05, 1447 മുഹറം 09

If Muslim morality feels ‘extreme’ to your liberal secularism, perhaps the deficiency lies not in the morality but in the superficiality of your secularism..

സുംബ നൃത്തത്തോടുള്ള മുസ്‌ലിം വിമർശനം ആൺ- പെൺ ഇടകലരൽ, ഹിജാബ് വിരുദ്ധ വസ്ത്രം, ദൃശ്യത, തൽക്ഷണ തൃപ്തി/അമിതാഘോഷ സംസ്‌കാരത്തോടുള്ള വിയോജിപ്പ് തുടങ്ങി പല മതപരമായ കാരണങ്ങൾ ഉൾക്കൊള്ളുന്നതാണ്. പൊതുയിടമായ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്‌ലിംകൾ ഇത്തരം ഏർപ്പാടുകളിൽ നിയമപരമയോ പൊതുബോധസംബന്ധമായോ നിർബന്ധിക്കപ്പെടുന്നതിന്റെ ആശങ്കയാണ് മുസ്‌ലിം സംഘടനാ നേതാക്കൾ പങ്കുവയ്ക്കുന്നത്.

സുംബ നൃത്തം മുഷിപ്പായി (boring) അനുഭവപ്പെടുന്നതിനാലോ, അങ്ങനെ ഒന്ന് ആളുകളുടെ മുന്നിൽ ചെയ്യുന്നതിലുള്ള നാണത്താലോ അതിൽനിന്ന് വിട്ടുനിൽക്കാൻ അവകാശമുള്ളത് പോലെത്തന്നെ മതപരമായ കാരണം കൊണ്ട് അതിൽനിന്ന് വിട്ടുനിൽക്കാനുള്ള അവകാശവും ഉണ്ടാകണം. മതപരമായ വിലക്കിന്റെ യുക്തി ഇന്ന് പൊതുബോധത്തെ നിർണയിക്കുന്ന ലിബറൽ യുക്തിക്ക് സ്വീകര്യമാണോ അല്ലേ എന്നത് ഇവിടെ പ്രസക്തമല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വര ഭരണവ്യവസ്ഥയുടെ പരിധിയിൽ വരുന്നതാണിത്. അതിനെ ഇല്ലാതാക്കുന്ന നിർബന്ധങ്ങൾ സാംസ്‌കാരിക ആധിപത്യത്തിന്റെ ഒരു രാഷ്ട്രീയ പദ്ധതിയായാണ് മനസിലാക്കേണ്ടത്. ‘മതേതര’ വിദ്യാഭ്യാസത്തെ ആയുധമാക്കി നടത്തുന്ന ലിബറൽ തീവ്രവാദമാണിത്.

മതപരമായ കാരണങ്ങൾ ഉണ്ട് എന്നതുകൊണ്ട് അതല്ലാത്ത കാരണങ്ങൾ കൂടെ ഉണ്ടാവില്ല എന്ന് വരില്ല. മതപരമായ വിലക്ക് ഭൗതിക വ്യവഹാരങ്ങൾ കൂടെ ഉൾക്കൊള്ളുന്നതാണ് താനും. ആ അർഥത്തിലാണ് ഇതിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുന്നത്. അതല്ല, അത് ചോദിക്കാൻ മാത്രം പാടില്ലാത്ത നിലക്ക് പരിമിതമാണോ ഇന്നത്തെ അഭിപ്രായ സ്വാതന്ത്ര്യവും ശാസ്ത്ര ബോധവുമൊക്കെ?

അതിന് പുറമെ ഇതിനോട് വിമുഖത കാണിക്കുന്ന വിദ്യാർഥി- അധ്യാപകരെ, അവർ പൊതു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ആണ് എന്നതിന്റെ പേരിൽ നിർബന്ധിക്കുക വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ജീവരാഷ്ട്രീയ (biopolitical) നിയന്ത്രണ മേഖലകളാക്കി മാറ്റുകയാണ്. ആഘോഷം/ ആസ്വാദനം/ ഉല്ലാസം എന്നിവയുടെ മറ കൊണ്ട് മറയ്ക്കുന്ന ഈ നിർബന്ധം പുരോഗമനപരമായ ഭാവനകൾക്കുള്ളിലെ ഈ അധിനിവേശത്തെയാണ് വെളിപ്പെടുത്തുന്നത്.

സുംബാ നർത്തനത്തെ എതിർക്കുന്നവരെ ‘ലഹരിയെക്കാൾ മാരകമായ വിഷം’ എന്ന് വിദ്യാഭ്യാസമന്ത്രി വിശേഷിപ്പിക്കുകയുണ്ടായി. എതിർക്കുന്നവർ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുപകരം വർഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നൽകുകയുമാണത്രെ ചെയ്യുന്നത്! പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൊണ്ടുവരുന്ന എല്ലാ പരിഷ്‌കാരങ്ങളെയും വിമർശനരഹിതമായി സ്വീകരിക്കണമെന്നുണ്ടോ? ഇല്ലായെങ്കിൽ പിന്നെ, ഒരു എതിർപ്പിനെ അതിന്റെ യുക്തിപരമായ അടിത്തറ പരിഗണിക്കാതെ തന്നെ ‘മാരകമായ വിഷം പകർന്നു,’ ‘വർഗീയതയ്ക്ക് വളം നൽകി’ എന്നൊക്കെയുള്ള കടുത്ത വാക്കുകളാൽ നേരിട്ടത് എന്തിനാണ്? ഇത്തരം ആരോപണങ്ങൾക്ക് സർക്കാർ തന്നെ നേതൃത്വം നൽകുകയാണെങ്കിൽ, അത് ഈ സമുദായത്തിനെതിരായ നിലവിലുള്ള ഹിംസാത്മക പ്രവണതകൾക്ക് ഊർജം പകരുകയല്ലേ ചെയ്യുക?

‘RTE പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകന് ബാധ്യതയുണ്ട്’ എന്ന പ്രസ്താവന സാങ്കേതികമായി ശരി തന്നെയാണ്. ഇതുപ്രകാരം, ഇനി സർക്കാരിന് അതിന്റെ ideological താൽപര്യത്തിനനുസരിച്ച് ‘പഠന പ്രക്രിയകളിൽ’ എന്ന വ്യാജേന ഏത് പോളിസിയും അടിച്ചേൽപിക്കാൻ കഴിയും; അത് ഇവിടെയുള്ള അതിന്റെ അപരരായ സമുദായത്തിന് എത്ര പ്രശ്‌നമുള്ളതായാലും. പഠന പ്രക്രിയയിൽ പുതുതായി ഉൾപ്പെടുത്തുന്ന കാര്യം, വിദ്യാഭ്യാസ പ്രക്രിയയിൽ പങ്കാളികളായ മാതാപിതാക്കൾ, വിദ്യാർഥി

(കൾ)സംഘടനകൾ, അധ്യാപകർ എന്നിവരെ തെര്യപ്പെടുത്താതെ ചെയ്യുന്നത് ശരിയാണോ? ഇത് ഭരണഘടന ഉറപ്പ് നൽകുന്ന അറിവോടെയുള്ള തീരുമാനമെടുക്കാനുള്ള അവകാശത്തിനെതിരാണ് (right to informed decision-making).

മറ്റൊരു കാര്യം ‘മാന്യമല്ലാത്ത വസ്ത്രം നിർദേശിച്ചിട്ടില്ല’ എന്ന പ്രസ്താവനയാണ്. വ്യത്യസ്ത മാധ്യമ ചർച്ചകളിലും ഇത് കണ്ടിരുന്നു. ഇതിനർഥം വസ്ത്രധാരണത്തിൽ ഒരു പ്രത്യേക ‘സാദാചാര’ (decency) മാനദണ്ഡം ഊന്നിപ്പറയുന്നു എന്നാണ്. ഈ മാനദണ്ഡം നിഷ്‌കർഷിക്കുന്നത് എങ്ങനെ? നിയമം പരിമിതപ്പെടുത്തിയത് അടിസ്ഥാനമാക്കിയാണെന്ന് വാദിക്കാം. എന്നാൽ പൊതുമണ്ഡലത്തിൽ (വ്യത്യസ്ത സ്ഥലങ്ങളിലും സന്ദർഭങ്ങളിലും) നിയമം അനുവദിച്ചതിനെയും നാം ഇങ്ങനെ വിളിക്കാറുണ്ട്. അതിനർഥം പൊതുവെ അംഗീകരിക്കപ്പെട്ട ഒരു സദാചാരബോധത്തിന് അനുസൃതമായാണ് നമ്മൾ വസ്ത്രം ധരിക്കുന്നത് എന്നാണ്.

ഒരു സമുദായത്തിന് അതിന്റെതായ സദാചാരബോധമുണ്ടാകുന്നതിൽ എന്തു തെറ്റ്? ഈ ചോദ്യം ഇവിടെ അത്യന്താപേക്ഷിതമാണ്. ഒരു സമുദായത്തിന് അതിന്റെ സാംസ്‌കാരികമൂല്യങ്ങളും ആചാരബോധവും സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു. സുംബാ നർത്തനത്തിന്റെ വസ്ത്രധാരണത്തിനെതിരായുയർന്നുവരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, ഈ സാംസ്‌കാരിക സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ ഉറപ്പാണ് കേന്ദ്രീഭവിക്കുന്നത്.