പ്രാർഥന; പ്രവാചക വചനങ്ങളിൽ
ഡോ. ടി. കെ. യൂസുഫ്
2025 മാർച്ച് 08, 1446 റമദാൻ 07

1. നബിﷺ പറഞ്ഞു: “സൂക്ഷ്‌മതകൊണ്ട് ദൈവവിധിയെ തട്ടിമാറ്റാനാവില്ല. എന്നാൽ പ്രാർഥന മനുഷ്യന് വന്നിറങ്ങിയ വിധിയിലും അല്ലാത്തതിനുമെല്ലാം പ്രയോജനപ്പെടും. അതുകൊണ്ട് അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ പ്രാർഥന അവലംബിക്കുക’’ (അഹ്‌മദ്,ത്വബ്‌റാനി).
2. നബിﷺ പറഞ്ഞു: “അല്ലാഹു ഉദാരനും ഉത്കൃഷ്ടനുമാണ്. ഒരാൾ തന്റെ കരങ്ങൾ അവനിലേക്കുയർത്തിയാൽ അവയെ ശൂന്യമായും നിരാശയോടും മടക്കാൻ അവൻ ലജ്ജിക്കുന്നു’’ (അഹ്‌മദ്, അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ).
3. നബിﷺ പറഞ്ഞു: “പ്രാർഥിക്കുന്നവർക്കെല്ലാം ഉത്തരം ലഭിക്കും. ഒന്നുകിൽ ഇഹലോകത്തു വെച്ചുതന്നെ വേഗത്തിൽ അവന് അതിന്റെ ഫലം ലഭിക്കും. അല്ലെങ്കിൽ അന്ത്യദിനംവരെ അത് താമസിപ്പിച്ച് അവിടെനിന്ന് പ്രതിഫലം നൽകും. അല്ലെങ്കിൽ അതുമൂലം അവന്റെ പാപങ്ങൾ പൊറുക്കപ്പെടും; അവൻ തെറ്റായ കാര്യത്തിനോ കുടൂംബ ബന്ധം മുറിക്കുന്നതിനോ പ്രാർഥിക്കാത്ത കാലത്തോളം, അല്ലെങ്കിൽ അവൻ ‘ഞാൻ പ്രാർഥിച്ചു, എനിക്ക് ഉത്തരം കിട്ടിയില്ല’ എന്ന് പറയാതിരിക്കുയും ചെയ്യുന്ന കാലത്തോളം’’ (തിർമുദി).
4. നബിﷺ പറഞ്ഞു: “ആപത്ഘട്ടങ്ങളിലും ദുരന്തങ്ങളിലും അല്ലാഹു പ്രാർഥനക്ക് ഉത്തരം നൽകുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ, അവൻ സുഖക്ഷേമ ഘട്ടത്തിൽ പ്രാർഥന അധികരിപ്പിക്കട്ടെ’’ (തിർമുദി, ഹാകിം).
5. നബിﷺ പറഞ്ഞു: “നിങ്ങൾ ആരെങ്കിലും പ്രാർഥിക്കുകയാണെങ്കിൽ ആദ്യം അല്ലാഹുവിനെ സ്തുതിക്കട്ടെ, പിന്നെ അവനെ വാഴ്ത്തട്ടെ. പിന്നീട് എെൻറ മേൽ സ്വലാത്ത് ചൊല്ലട്ടെ. പിന്നെ അവൻ ഉദ്ദേശിക്കുന്നത് പ്രാർഥിച്ചു കൊള്ളട്ടെ’’ (അബൂദാവൂദ്, തിർമുദി, ബൈഹക്വി).
6. നബിﷺ പറഞ്ഞു: “എന്റെയും എന്റെ കുടുബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലുന്നതുവരെ പ്രാർഥന അല്ലാഹുവിൽനിന്ന് തടയപ്പെടും’’ (അലിയ്യിൽ നിന്ന് അബൂശൈഖ് നിവേദനം).
7. നബിﷺ പറഞ്ഞു: “നിങ്ങളാരെങ്കിലും പ്രാർഥിക്കുകയാണെങ്കിൽ അവൻ തന്റെ പ്രാർഥനയുടെ മേൽ ആമീൻ ചൊല്ലട്ടെ’’ (അബൂഹുറയ്‌റയിൽനിന്ന് ഇബ്‌നു അദിയ്യ് നിവേദനം).
8. നബിﷺ പറഞ്ഞു: “ഒരു സംഘം ഒരുമിച്ച് കൂടുകയും അവരിൽ ഒരു വിഭാഗം പ്രാർഥിക്കുകയും മറ്റുള്ളവർ ആമീൻ ചെല്ലുകയും ചെയ്താൽ അല്ലാഹു അതിന് ഉത്തരം നൽകും’’ (ത്വബ്‌റാനി, ബൈഹക്വി).
9. നബിﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ നന്മക്ക് വേണ്ടിയല്ലാതെ പ്രാർഥിക്കരുത്. കാരണം മലക്കുകൾ നിങ്ങളുടെ പ്രാർഥനക്ക് ആമീൻ ചൊല്ലുന്നുണ്ട്’’ (അഹ്‌മദ്, മുസ്‌ലിം).
10. നബിﷺ പറഞ്ഞു: “അല്ലാഹു നല്ലവനാണ്, അവൻ നല്ലതല്ലാതെ സ്വീകരിക്കുകയില്ല... പിന്നീട് പറഞ്ഞു: ‘ഒരാൾ ദീർഘമായി യാത്ര ചെയ്ത് ചടക്കുകയും പൊടി പുരളുകയും ചെയ്തിരിക്കുന്നു. അവൻ തന്റെ കൈകൾ ആകാശത്തിലേക്ക് ഉയർത്തി ‘എന്റെ രക്ഷിതാവേ, എന്റെ രക്ഷിതാവേ’ എന്ന് പ്രാർഥിക്കുന്നു. അവന്റെ ഭക്ഷണം നിഷിദ്ധമായതാണ്. അവന്റെ പാനീയം നിഷിദ്ധമായതാണ്. അവന്റെ വസ്ത്രം നിഷിദ്ധമായതാണ്. നിഷിദ്ധമായതിലാണ് അവന് പോഷണം നൽകപ്പെട്ടിട്ടുളളത്. പിന്നെ എങ്ങനെയാണ് അവന് ഉത്തരം നൽകപ്പെടുക?’’ (അഹ്‌മദ്, മുസ്‌ലിം, തിർമുദി).

