ഇസ്‌ലാമും ബലികർമവും

മെഹബൂബ് മദനി

2025 മെയ് 24, 1446 ദുൽഖഅദ് 22

ഇസ്‌ലാം സൽകർമമായി പരിചയപ്പെടുത്തിയ കാര്യങ്ങളെല്ലാം കഴിവിന്റെ പരമാവധി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നത് വിശ്വാസികളുടെ ബാധ്യതയാണ്. പുണ്യങ്ങൾ അധികരിപ്പിക്കുന്നതിലൂടെ നമുക്ക് നാഥനുമായി കൂടുതൽ അടുക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരുണത്തിൽ നമ്മുടെ ഈമാനിനെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന ഏറെ ശ്രേഷ്ഠമായ സൽകർമമാണ് ബലി. മറ്റു കർമങ്ങളുടേതുപോലെത്തന്നെ സ്രഷ്ടാവിന്റെ പ്രീതി മാത്രമായിരിക്കണം ബലികർമത്തിൽനിന്നും വിശ്വാസികൾ ലഭ്യമാക്കേണ്ടത്.

നമസ്‌കാരത്തിലെ പ്രാരംഭ പ്രാർഥനയിലൂടെ നാം പ്രഖ്യാപിക്കാൻ കൽപിക്കപ്പെട്ടതും അതുതന്നെയാണല്ലോ: “ആകാശഭൂമിയുടെ സ്രഷ്ടാവിലേക്ക് വിനയത്തോടെയും ഋജുമനസ്‌കനായിക്കൊണ്ടും ഞാനെന്റെ മുഖത്തെ തിരിച്ചുനിർത്തിയിരിക്കുന്നു. ഞാനൊരിക്കലും ബഹുദൈവ വിശ്വാസികളിൽ പെട്ടവനല്ല. എന്റെ നമസ്‌കാരവും ബലികർമവും ജീവിതവും മരണവുമെല്ലാം ലോകരകഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. അപ്രകാരമാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിൽ പെട്ടവനാകുന്നു.’’

ഈ പ്രഖ്യാപനം നടത്തുന്ന വിശ്വാസികൾക്കൊരിക്കലും അല്ലാഹു അല്ലാത്തവരുടെ പ്രീതിക്ക് വേണ്ടി ബലിയോ നേർച്ചയോ നടത്തുവാൻ സാധിക്കുകയില്ല.

വിശുദ്ധ ക്വുർആനിലെ ഏറ്റവും ചെറിയ അധ്യായമായ ‘അൽകൗഥറി’ലും ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്: “തീർച്ചയായും നിനക്ക് നാം ധാരാളമായി നൽകിയിരിക്കുന്നു. ആകയാൽ നീ നിന്റെ രക്ഷിതാവിനുവേണ്ടി നമസ്‌കരിക്കുകയും ബലിയർപിക്കുകയും ചെയ്യുക. തീർച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ)’’ (108:1-3).

ഇന്ന് മുസ്‌ലിം സമൂഹത്തിൽ അല്ലാഹു അല്ലാത്തവരുടെ പ്രീതി കാംക്ഷിച്ചുകൊണ്ട് ധാരാളം മൃഗബലി നടക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. ദർഗകളിലും ജാറങ്ങളിലും നടക്കുന്ന ഉറൂസുകളുടെയും നേർച്ചകളുടെയും മുഖ്യചടങ്ങ് അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന വലിയ്യിന്റെ പേരിലുള്ള മൃഗബലിയാണ്. അതുപോലെ കെട്ടിടനിർമാണ വേളകളിലും വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടന സമയങ്ങളിലും പല മഹാത്മാക്കളുടെയും പ്രീതിക്കുവേണ്ടി മൃഗബലി നടത്തപ്പെടുന്നു. ഇതെല്ലാം ഇസ്‌ലാമിൽ ഹറാമാണ്. അല്ലാഹു അല്ലാത്തവരുടെ പേരിലും പ്രീതിക്കും വേണ്ടി അറുക്കപ്പെട്ടത് മുസ്‌ലിമിന് നിഷിദ്ധമാണ്.

അല്ലാഹു പറയുന്നു: “ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’’ (ക്വുർആൻ 05:03).

ഇവിടെ ഒരു സംശയമുണ്ടാകാനിടയുണ്ട്. ദർഗകളിലും ജാറങ്ങളിലുമെല്ലാം ബലികർമം നിർവഹിക്കുന്നത് ബിസ്മി ചൊല്ലിക്കൊണ്ട് തന്നെയാണല്ലോ. പിന്നെയങ്ങനെ അത് അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടതാവും? ഉത്തരം വ്യക്തമാണ്. ഇത്തരം സന്ദർഭങ്ങളിൽ ബിസ്മി ചൊല്ലാറുണ്ടെങ്കിലും അവർ ഉദ്ദേശിക്കുന്നത് അവിടെയുള്ള വലിയ്യിന്റെ പ്രീതിയാണ്. അതുകൊണ്ട് തന്നെ അനുവദനീയമല്ല. അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കുവേണ്ടി ചെയ്യുന്ന കർമങ്ങളെല്ലാം ഇസ്‌ലാമിൽ നിഷിദ്ധമാണ്.

അല്ലാഹു അല്ലാത്തവരുടെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ബലിയറുത്താൽ അതുകൊണ്ട് റബ്ബിന്റെ ശാപമുണ്ടാകുമെന്ന് നബിﷺ പഠിപ്പിച്ചു. അലി(റ)യിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “അല്ലാഹു അല്ലാത്തവർക്കു വേണ്ടി ബലിയറുക്കുന്നവരെയും മാതാപിതാക്കളെ ശപിക്കുന്നവരെയും മതത്തിലില്ലാത്ത പുതിയ കാര്യങ്ങൾ ചെയ്യുന്നവരെയും ഭൂമിയുടെ അതിർത്തികൾ മാറ്റുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു’’ (മുസ്‌ലിം).

ഇസ്‌ലാമിൽ നിർബന്ധമായും അതല്ലാതെ പുണ്യകർമമെന്ന നിലയിലും നിശ്ചയിക്കപ്പെട്ട ബലികർമങ്ങളുണ്ട്. തമത്തുഅ് ആയ രീതിയിൽ ഹജ്ജിൽ പ്രവേശിച്ചവർക്ക് മൃഗബലി നിർബന്ധമാണ്. ആദ്യം ഉംറ നിർവഹിച്ചതിന് ശേഷം ഇഹ്‌റാമിൽ നിന്നൊഴിവാകുകയും, പിന്നീട് ഹജ്ജ് കർമത്തിന് വേണ്ടി രണ്ടാമത് ഇഹ്‌റാമിൽ പ്രവേശിക്കുകയും ചെയ്യുന്ന രീതിക്കാണ് ‘തമത്തുഅ്’ എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നവരോടുള്ള, റബ്ബിന്റെ കൽപന കാണുക: “അപ്പോൾ ഒരാൾ ഉംറ നിർവഹിച്ച് ഹജ്ജുവരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (പ്രായച്ഛിത്തമായി) ബലി നടത്തേണ്ടതാണ്’’ (ക്വുർആൻ 2:196).

ഹജ്ജിലെ ഏതെങ്കിലും കർമം നിർവഹിക്കാൻ കഴിയാതെ വരികയോ, ചെയ്തതിൽ അപാകത സംഭവിക്കുകയോ ചെയ്താലും മൃഗബലി നിർബന്ധമാണ്. അല്ലാഹു പറയുന്നു:

“നിങ്ങൾ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂർണമായി നിർവഹിക്കുക. ഇനി നിങ്ങൾക്ക് ഹജ്ജ് (നിർവഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയർപിക്കേണ്ടതാണ്)’’ (ക്വുർആൻ 12:196).

പുണ്യകർമമാക്കപ്പെട്ട ബലികളും ഇസ്‌ലാമിലുണ്ട്. ഇവ നിർബന്ധമുള്ളതല്ല. അക്കൂട്ടത്തിൽ പെട്ടതാണ് അക്വീക്വ. കുഞ്ഞ് ജനിച്ചാൽ അതിന്റെ സന്തോഷത്തിൽ അല്ലാഹുവിന് നന്ദിയർപ്പിച്ച് നടത്തുന്ന ബലികർമമാണിത്. കുഞ്ഞ് ജനിച്ച് ഏഴാം ദിവസം ഈ കർമം ചെയ്യുന്നത് പ്രത്യേകം പുണ്യമുള്ളതാണ്.

ഇതേപോലെ സുന്നത്താക്കപ്പെട്ട മറ്റൊരു ബലികർമമാണ് ഉദുഹിയ്യത്ത്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ കർമം ഏറെ ശ്രേഷ്ഠകരമാണ്. ഇതിന് പിന്നിലുള്ള ചരിത്ര സംഭവം അല്ലാഹു വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

“അദ്ദേഹം ഇബ്‌റാഹീം(അ) പറഞ്ഞു: തീർച്ചയായും ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് പോവുകയാണ്. അവൻ എനിക്ക് വഴികാണിക്കുന്നതാണ്. എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോൾ സഹനശീലനായ ഒരു ബാലനെപറ്റി നാം അദ്ദേഹത്തിന് സന്തോഷ വാർത്ത അറിയിച്ചു. എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന് സ്വപ്നത്തിൽ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്. അവൻ പറഞ്ഞു: എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷാമശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവർ ഇരുവരും (കൽപനക്ക്) കീഴ്‌പ്പെടുകയും, അവനെ നെറ്റിമേൽ ചെരിച്ചുകിടത്തുകയും ചെയ്ത സന്ദർഭം! നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു! ഹേ ഇബ്‌റാഹീം, തീർച്ചയായും നീ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു. തീർച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്. തീർച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു’’ (ക്വുർആൻ 37:99-107).

ബലിപെരുന്നാളിലെ ബലികർമം ഈ സംഭവത്തെ ഓർമിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി എന്തും സമർപ്പിക്കുവാനുള്ള ത്യാഗസന്നദ്ധതയാണ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തിൽനിന്ന് നമുക്കുള്ള പാഠം.

ബലികർമത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: “അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമനിഷ്ഠയാണ് അവങ്കൽ എത്തുന്നത്. അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾക്ക് അവന്റെ മഹത്ത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക് കീഴ്‌പെടുത്തി തന്നിരിക്കുന്നു. (നബിയേ) സദ്‌വൃത്തർക്ക് നീ സന്തോഷവാർത്ത അറിയിക്കുക’’(ക്വുർആൻ 22:37).