ഇസ്‌ലാം;ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന മതം
ശമീർ മദീനി
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

ഏതൊരു കാര്യത്തിനും പിന്നിലെ കാരണത്തെ അന്വേഷിക്കുക എന്നത് മനുഷ്യപ്രകൃതമാണ്. തന്റെ കയ്യിലെ കളിപ്പാട്ടം പൊളിച്ചു നോക്കുന്ന കുട്ടിയുടെ മനസ്സ് മുതൽ വാനലോകത്തേക്ക് നിരീക്ഷണ യാത്രകൾ നടത്തുന്ന ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾവരെ ഇതിന്റെ ഒരു ബാഹ്യരൂപമാണ്. മനുഷ്യന്റെ ചിന്തയുടെയും അന്വേഷണത്തിന്റെയും പഠനങ്ങളുടെയുമെല്ലാം പ്രേരണകളും ചരിത്രങ്ങളും ഈയൊരു അന്വേഷണത്വരയെയും അറിയാനുള്ള ജിജ്ഞാസയെയുമാണ് അറിയിക്കുന്നത്. അത്ഭുതകരമായ, മനുഷ്യനെന്ന സൃഷ്ടിയും മനുഷ്യശരീരത്തിലെ അത്ഭുതപ്രതിഭാസങ്ങളും എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്, അതെല്ലാം താനെയുണ്ടായി, അല്ലെങ്കിൽ യാദൃച്ഛികമായി രൂപപ്പെട്ടു എന്ന മറുപടി യുക്തിഭദ്രമാണോ? യാദൃച്ഛികതയ്ക്ക് എങ്ങനെയാണ് അതിസങ്കീർണമായ സൃഷ്ടിപ്പും പ്രവർത്തനങ്ങളും സാധ്യമാവുക? അതൊരിക്കലും യുക്തിഭദ്രമോ മനുഷ്യന്റെ അന്വേഷണത്വരയെ ശമിപ്പിക്കുന്നതോ അല്ല. യുക്തിപൂർണനും സർവജ്ഞനും സർവശക്തനുമായ അല്ലാഹു സൃഷ്ടിച്ച, അവന്റെ സൃഷ്ടിയാണ് മനുഷ്യൻ എന്ന മതപരമായ ഭാഷ്യമാണ് യുക്തിഭദ്രവും മനുഷ്യ ചിന്തക്ക് തൃപ്തി നൽകുന്നതും.
ക്വുർആൻ ചോദിക്കുന്നു: “അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല’’ (52:35,36).
നമ്മൾ കുടിക്കാനും നനക്കാനും കുളിക്കാനുമൊക്കെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യവും അത്ഭുതകരമാണ്! സ്വയം കത്തുന്ന ഹൈഡ്രജനും മറ്റൊന്നിനെ കത്താൻ സഹായിക്കുന്ന ഓക്‌സിജനും കൂടിച്ചേർന്നുണ്ടാകുന്ന വെള്ളം ഒരു രസതന്ത്ര വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ആളിക്കത്തുന്ന ഉഗ്രസ്‌ഫോടന ശേഷിയുള്ള ഒരു വസ്തുവാകേണ്ടതിന് പകരം ആളിക്കത്തുന്ന തീ കെടുത്താനാണ് വെള്ളം കൊണ്ട് സാധിക്കുന്നത്! ഇതെങ്ങനെ സംഭവിച്ചു? ഇതും ഒരു യാദൃച്ഛികതയാണ് എന്ന് വിശ്വസിക്കലാണോ അതല്ല കാരുണ്യവാനും സർവശക്തനുമായ അല്ലാഹുവിന്റെ സംവിധാനമാണ് എന്ന് വിശ്വസിക്കലാണോ ബുദ്ധിപരവും യുക്തിഭദ്രവും ആയിട്ടുള്ളത്?
നാം ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും കരുതലും ജാഗ്രതയും പാലിച്ചിട്ടും ചിലപ്പോഴെങ്കിലും അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരം അപകടങ്ങളും നഷ്ടങ്ങളും കെടുതികളുമൊക്കെ യാദൃച്ഛികതയുടെ ഫലം മാത്രമാണെന്നു പറയുന്നവർക്ക് എന്ത് ആശ്വാസമാണ് ലഭിക്കുക? യുക്തിമാനും കാരുണ്യവാനുമായ അല്ലാഹുവിന്റെ വിധിയും തീരുമാനവുമാണ് എന്നും അതിൽ തനിക്കറിയാത്ത പല നന്മകളും ഉണ്ടാകുമെന്നും ആത്യന്തികമായി എന്റെ റബ്ബ് എനിക്ക് നന്മ മാത്രമെ വരുത്തുകയുള്ളൂ എന്നും അവൻ അളവറ്റ ദയാപരനും കരുണാവാരിധിയുമാണ് എന്നുമൊക്കെയുള്ള വിശ്വാസമല്ലേ മനസ്സിന് ആശ്വാസം നൽകുന്നത്?
ഇത്തരത്തിലുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ എത്രമാത്രം ആശ്വാസമാണ് ഒരു വിശ്വാസിക്ക് നൽകുന്നത്! നബിﷺ പറഞ്ഞു: “ഏതുതരത്തിലുള്ള ബുദ്ധിമുട്ടുകളും ആപത്തുകളും നിങ്ങളെ ബാധിച്ചു കഴിഞ്ഞാലും അല്ലാഹു നിർദേശിച്ച പ്രകാരം നിങ്ങൾ ഇപ്രകാരം പറയുക: ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ (തീർച്ചയായും ഞങ്ങൾ അല്ലാഹുവിന്റെതാണ്. ഞങ്ങളെല്ലാവരും അവനിലേക്ക് മടങ്ങിപ്പോകുന്നവരുമാണ്). എന്നിട്ട് ‘അല്ലാഹുവേ, ഈ ആപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും ഇതിനെക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ’ എന്നിങ്ങനെ ഒരാൾ പ്രാർഥിക്കുകയും ചെയ്താൽ തീർച്ചയായും നഷ്ടപ്പെട്ടതിനെക്കാൾ ഉത്തമമായത് അല്ലാഹു അയാൾക്ക് നൽകാതിരിക്കുകയില്ല’’ (മുസ്‌ലിം).
മതം വേണ്ട എന്നും ദൈവമില്ല എന്നുമൊക്കെ പറഞ്ഞു നടക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യുക? നിരാശരും ദുഃഖിതരുമായി മനംമടുത്ത് ഒരു മൂലയിൽ ഒതുങ്ങുകയോ ഒരുവേള ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിക്കുകയോ ചെയ്‌തേക്കും. അവിടെയാണ് സത്യവിശ്വാസികൾ തിരിച്ചറിവോടെ മനസ്സറിഞ്ഞു റബ്ബിനെ സ്തുതിച്ച് ഇപ്രകാരം പറയേണ്ടത്: ‘ഞങ്ങളെ സത്യദീനിലേക്ക് നയിച്ച അല്ലാഹുവേ, നിനക്കാകുന്നു സർവസ്തുതിയും. നീ ഞങ്ങളെ ഇതിലേക്ക് നയിച്ചില്ലായിരുന്നു വെങ്കിൽ ഞങ്ങൾക്ക് ഈ മാർഗം പുൽകുവാൻ സാധിക്കുമായിരുന്നില്ല.’

